Wednesday, November 26, 2014

തൊണ്ടയിലെ മീന്‍മുള്ള്‌ എളുപ്പം എടുക്കാനുള്ള 5 വഴികള്‍



എം.എസ്‌ ബനേഷ്‌

തൊണ്ടയിലെ മീന്‍മുള്ള്‌ 

പണക്കാരന്‍,
ഞാലിപ്പൂവന്‍ പഴം
ജീവനോടെ വിഴുങ്ങിനോക്കും.
കോഴിക്കോടന്‍ ഹല്‍വ
ശക്തിയോടെ ഇറക്കിനോക്കും.
നൂലാമാലകളില്‍പെട്ട്‌
വിട്ടുപോരട്ടെ എന്ന്‌
ന്യൂഡില്‍സ്‌ കഴിക്കും.
കുടുംബ ഡോക്ടറെ വരുത്തി
വാ പിളര്‍ത്തിയിരിക്കും.

പാവപ്പെട്ടവന്‍,
പഴഞ്ചോറുണ്ട്‌ തോറ്റും
പൊട്ടക്കണ്ണാടിയില്‍
അകത്തൊണ്ട നോക്കിയും
തഴമ്പന്‍ വിരലിട്ട്‌ ഛര്‍ദ്ദിച്ചും
സ്വന്തം വിഫലതയില്‍
വായടച്ച്‌
കാലത്തിന്‌ കാത്തിരിക്കും.

മുള്ള്‌ അപ്പോഴും
ഇരുതൊണ്ടകളിലെയും
ഉമിനീര്‍പ്പുഴയില്‍
മുക്കാല്‍ഭാഗം പുറത്തായി
ജലജീവിതത്തിന്റെ
പൂര്‍വ്വ സ്‌മരണകളില്‍
ആറാടുകയാവുമോ?


(2007ല്‍ ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച 'നെഞ്ചുംവിരിച്ച്‌ തലകുനിക്കുന്നു' എന്ന കവിതാ സമാഹാരത്തില്‍ നിന്ന്‌ )






Monday, November 24, 2014

മരണനേരത്തെ ഉദ്ധാരണം പെണ്‍ഭാവനയോ?

      ഴയ നിയോണ്‍ ബള്‍ബുകളാല്‍ അരണ്ടുചുവന്ന രാത്രിവെളിച്ചത്തില്‍, പശ്ചിമബംഗാളിലെ ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിനെതിര്‍വശത്തുള്ള, കമ്പിയഴികള്‍ കൊണ്ട്‌ വേര്‍തിരിക്കപ്പെട്ട പാത, പതുക്കെ പിന്നിലേക്ക്‌ നീങ്ങുകയാണ്‌. ഒരു വളവുതിരിയുമ്പോള്‍, ജയിലിനോട്‌ ചേര്‍ന്ന തെരുവിലൂടെ, ചുവപ്പുചായം പൂശിയ ജയില്‍ഭിത്തികളും പിറകിലേക്ക്‌ മറഞ്ഞുകൊണ്ടിരുന്നു. സംഘര്‍ഷഭരിതവും ഉദ്വേഗജനകവുമായ ഒരു നിശിതസംഗീതത്തിന്റെ, പരോളുപോലുള്ള അകമ്പടി ഉയര്‍ന്നുകേള്‍ക്കാം. പിന്നിലേക്ക്‌ നീങ്ങുന്ന തടവുഭിത്തികള്‍ക്കരികില്‍ നിന്നു മാര്‍ച്ച്‌ ചെയ്യുന്ന സൈന്യത്തിന്റെയോ പോലീസിന്റെയോ എന്നു തോന്നിപ്പിക്കുന്ന ബൂട്ടടിശബ്‌ദങ്ങള്‍ പടരുന്നുണ്ട്‌. ഈ ബൂട്ടുരകള്‍ കേട്ടുകൊണ്ട്‌ നോക്കുമ്പോള്‍, നമ്മള്‍ക്കും കാണാം, പിറകിലേക്ക്‌ നീങ്ങുന്ന ചെങ്കല്‍ചുവപ്പുള്ള കെട്ടിടത്തിന്റെ നിറുകയിലെ പേര്‌: ആലിപ്പൂര്‍ ജയില്‍. 

ജയില്‍ കെട്ടിടത്തിനകത്ത്‌ പ്രകാശിക്കുന്ന ട്യൂബ്‌ ലൈറ്റുകളെയും, ഓഫീസ്‌ മുറികളില്‍ അപ്പോഴും ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന ചിലരെയും റൂട്ട്‌ മാര്‍ച്ചിന്റെ ഈ ഘനസ്വരങ്ങള്‍ക്കിടയിലും അവ്യക്തമായി കാണാം. ആഴത്തില്‍ വലിച്ചുതുറക്കുന്ന ഇരുമ്പുവാതിലുകളുടേതെന്ന്‌ തോന്നിപ്പിക്കുന്ന മറ്റൊരുതരം ഖരസംഗീതത്തോടെ വീണ്ടും ഒരു വളവുതിരിയുമ്പോള്‍, നഗരത്തിലെ നീണ്ടുകിടക്കുന്നൊരു തെരുവും അതിനരികില്‍ ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മറ്റൊരു എടുപ്പും അരണ്ടുനില്‍ക്കുന്നുണ്ട്‌. ആളൊഴിഞ്ഞുകൊണ്ടിരിക്കുന്ന നിഴല്‍ത്തെരുവിലൂടെ ഏതോ ഒരു സ്‌ത്രീ ഇരുകൈകളിലും ഓരോ പ്ലാസ്റ്റിക്‌ സഞ്ചിയുമായി ജയിലിനോട്‌ ചേര്‍ന്ന്‌ നടന്നുപോയി; കുറച്ചുപിന്നിലൂടെ മറ്റൊരാളും; എതിരെ, ജയിലിലെ കടുവെളിച്ചം തെരുവില്‍ വരച്ച സ്വന്തം നിഴലുമായി ഒരു സൈക്കിള്‍ യാത്രക്കാരനും. ഏതോ അപകടത്തിലേക്ക്‌ ആര്‍ത്തുവിളിക്കുന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ ആള്‍ക്കൂട്ടത്തിന്റേതോ എന്ന്‌ പരിഭ്രമിപ്പിക്കുന്ന സംഗീതമായിരുന്നു ഇത്രനേരം കേട്ടിരുന്നത്‌.

 പെട്ടെന്ന്‌, ഒരു നിശ്ചലചിത്ര കാമറയില്‍ നിന്നെന്ന പോലെ ഒരു വെള്ളിവെളിച്ചം മിന്നിമാഞ്ഞു. തൊട്ടുപിന്നാലെ കടുപ്പമുള്ള ഒരു മണിമുഴക്കത്തോടെ ഇരുട്ടില്‍ തെളിയുകയാണ്‌ വലിയൊരാള്‍ക്കൂട്ടത്തിന്റെ ശിരസ്സുകള്‍. എതിരെ, രാത്രിയെ വെളുപ്പിച്ചുകൊണ്ട്‌ ആ ശിരസ്സുകള്‍ക്കുമേല്‍ ഉയര്‍ന്നുപ്രകാശിക്കുന്നുണ്ട്‌ ഏതോ ടെലിവിഷന്‍ ചാനലിന്റേതെന്ന്‌ തോന്നിപ്പിക്കുന്ന, കാമറയോടൊപ്പമുള്ള കട്ടിവെളിച്ചം. മണിമുഴക്കത്തിനു പിന്നാലെ, പ്രാചീനമായ ഘട ഘടികാരത്തില്‍ നിന്നെന്ന പോലെയുള്ള ടിക്‌ ടക്‌ ശബ്‌ദങ്ങളും ഈ ആള്‍ക്കൂട്ടത്തിന്‌ മിടിപ്പ്‌ നല്‍കുന്നുണ്ട്‌. അതൊരു ചാനല്‍കാമറയുടെ സൂര്യപ്രകാശമാണെന്നും കാമറ കണ്ടുള്ള ആള്‍ക്കൂട്ടത്തിന്റേതാണ്‌ ശിരസ്സുകളെന്നും, തൊട്ടടുത്ത നിമിഷം മറ്റൊരു മണിമുഴക്കത്തോടെ നമ്മള്‍ക്ക്‌ മുന്നില്‍ ഇംഗ്ലീഷില്‍ തെളിയുന്ന ലൈവ്‌ എന്ന നാലക്ഷരങ്ങള്‍ മനസ്സിലാക്കിത്തരും. ബ്രൗണ്‍ നിറമുള്ള ഏതോ പത്രത്തില്‍ നിന്നുള്ള, ലൈവ്‌ എന്ന അക്ഷരങ്ങളെയാവാം ഏറ്റവുമടുത്ത്‌ നിന്ന്‌ നമ്മള്‍ കണ്ടത്‌. ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിനോട്‌ ചേര്‍ന്നുതന്നെയുള്ള തെരുവാവാം ഇത്‌. മെല്ലെ വീണുതുടങ്ങുന്ന മഞ്ഞ്‌ മെനയുന്ന നിറഭേദങ്ങളാല്‍, കാമറയിലെ ലൈററ്‌ ഇപ്പോള്‍ വലിയൊരു 
സൂര്യനെപ്പോല ആള്‍ക്കൂട്ടത്തിനുമേല്‍ അപ്രമാദിത്വത്തിന്റേതായ ഒരു കിരീടം പോലെ വൃത്താകൃതിയില്‍ പടരുകയാണ്‌. ആള്‍ക്കൂട്ടത്തിനോട്‌ ചേര്‍ന്ന്‌ രാത്രിയിലെ അവസാന വില്‌പനയും കഴിഞ്ഞ്‌ ഒന്നോ രണ്ടോ ബംഗാളി കച്ചവടക്കാര്‍ തലയില്‍ ഭാണ്ഡങ്ങളുമായി നീങ്ങി. ഇടവിട്ടുളള ടിക്‌ ടക്കുകള്‍ക്കിടെ മറ്റൊരു മണിമുഴക്കത്തോടെ ലൈവ്‌ എന്ന അക്ഷരങ്ങളുടെ അതേ വലിപ്പത്തില്‍ ഇപ്പോള്‍ ഒരു ഇംഗ്ലീഷ്‌ പത്രക്കട്ടിംഗിലെ ശീര്‍ഷകം ഒരു ചോദ്യചിഹ്നവുമായി ഇങ്ങനെ തെളിഞ്ഞുമായുകയാണ്‌: തൂക്കിക്കൊല്ലുക?

ടിക്‌ ടക്‌ പശ്ചാത്തലപ്പെരുക്കങ്ങള്‍ക്കിടെ, ഇടംകയ്യില്‍ സ്വന്തം ചാനലിന്റെ മുദ്രയുള്ള മൈക്ക്‌ ചുണ്ടോട്‌ ചേര്‍ത്ത്‌ പിടിച്ച്‌, വലംകൈകൊണ്ട്‌ സ്റ്റുഡിയോയില്‍ നിന്നുള്ള വാര്‍ത്താ അവതാരകന്റെ ചോദ്യം കൃത്യമായി കേള്‍ക്കാനെന്ന വണ്ണം ഇയര്‍ഫോണ്‍ ഊരിപ്പോകാതെ അമര്‍ത്തിപ്പിടിച്ച്‌, ജാഗ്രതയോടെ നില്‍ക്കുകയാണ്‌ ആള്‍ക്കൂട്ടത്തിന്‌ നടുവില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍. കയ്യിലെ മൈക്ക്‌ അയാള്‍ സീ ന്യൂസിന്റെ റിപ്പോര്‍ട്ടറാണെന്ന്‌ മനസ്സിലാക്കിത്തരുന്നു. ഒരു ചാനലിന്‌ തത്സമയം പ്രത്യക്ഷപ്പെട്ട്‌ വാര്‍ത്ത നല്‍കാനൊരുങ്ങുന്ന റിപ്പോര്‍ട്ടറുടെ മുഖത്തെ ഔത്സുക്യവും ഗൗരവവും, കൂട്ടംകൂടിനില്‍ക്കുന്ന നാട്ടുകാരുടെ മുഖങ്ങളിലും സംക്രമിക്കുന്നുണ്ട്‌. അയാള്‍ എന്താണ്‌ പറയുന്നതെന്ന്‌ കാണാന്‍ കഴിയുംമുമ്പ്‌ നമ്മള്‍ക്കുമുന്നില്‍ ഏതോ പത്രത്തില്‍ നിന്നുള്ള ഒരു യുവാവിന്റെ മുഖത്തിന്റെ ഫോട്ടോ തെളിയുന്നു. ഒരു വാഹനത്തില്‍ സ്റ്റിയറിംഗിന്‌ തൊട്ടടുത്തുള്ള സീറ്റിലിരുന്ന്‌ ഇങ്ങോട്ട്‌ നോക്കുകയാണ്‌ അയാള്‍. നെറ്റിയില്‍ വൃത്തത്തിലുള്ള ഒരു പൊട്ടുണ്ട്‌. തുടരുന്ന ടിക്‌ ടക്‌ ഉലച്ചിലുകള്‍ക്കിടെ ആ ചിത്രത്തില്‍ നിന്ന്‌ കാമറ താഴേക്കിറങ്ങുമ്പോള്‍ പത്രം അയാളെക്കുറിച്ച്‌ അക്കമിട്ട്‌ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ വായിക്കാം:

'ധനഞ്‌ജയിന്റെ ഫയല്‍ ചിത്രം. 

1990 മാര്‍ച്ച്‌ 5.
ബിര്‍ഭുമിലെ കുളുദിഹി ഗ്രാമത്തിലെ ധനഞ്‌ജയ്‌ എന്ന ലിഫ്‌ട്‌ ഓപ്പറേറ്റര്‍, ഹേതല്‍ പ്രകാശ്‌ എന്ന പതിനാലുകാരിയെ ലാന്‍സ്‌ഡൗണ്‍ റോഡിലെ അവളുടെ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കായിരിക്കെ ബലാത്സംഗം ചെയ്‌ത്‌ കൊല്ലുന്നു.

1991 ഓഗസ്റ്റ്‌ 12.
ആലിപ്പൂര്‍ സെഷന്‍സ്‌ കോടതി ധനഞ്‌ജയിന്‌ ബലാത്സംഗക്കുറ്റത്തിന്‌ ജീവപര്യന്തവും കൊലപാതകക്കുറ്റത്തിന്‌ വധശിക്ഷയും വിധിക്കുന്നു.

1992.
ശിക്ഷ ഹൈക്കോടതി ശരിവയ്‌ക്കുന്നു.

1994 ജനുവരി.
ശിക്ഷ നടപ്പാക്കുന്നത്‌ സുപ്രീംകോടതി നീട്ടിവയ്‌ക്കുന്നു.

1994 ഫെബ്രുവരി 2.
വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ദയാഹര്‍ജി ഗവര്‍ണ്ണര്‍ തള്ളുന്നു.

1994 ഫെബ്രുവരി 24.
ഹൈക്കോടതിയില്‍ നിന്ന്‌ ധനഞ്‌ജയ്‌ ഇടക്കാല ഉത്തരവ്‌ നേടുന്നു.

1994-2003.
നടപടികള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു.

2003. 
വധശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട്‌ ധനഞ്‌ജയ്‌ ചാറ്റര്‍ജി കോടതിയെ സമീപിക്കുന്നു. പക്ഷേ ആ ഹര്‍ജി ഹൈക്കോടതി തള്ളുന്നു. നടപടി വൈകുന്നതില്‍ ചാറ്റര്‍ജിയും സംസ്ഥാനസര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്ന്‌ ഹൈക്കോടതി. 

2004.
പുന:പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ട്‌ സുപ്രീംകോടതി ദയാഹര്‍ജി ഗവര്‍ണ്ണറുടെ പുന:പരിശോധനയ്‌ക്കായി തിരിച്ചയയ്‌ക്കുന്നു.

ജൂണ്‍ 2004.
ഗവര്‍ണര്‍ ദയാഹര്‍ജി തള്ളുന്നു.

2004 ജൂണ്‍ 25.
വധശിക്ഷയ്‌ക്കുള്ള തിയ്യതി'.

ധനഞ്‌ജയ്‌ ചാറ്റര്‍ജിയെ തൂക്കിക്കൊല്ലാനുള്ള തിയ്യതി ജൂണ്‍ ഇരുപത്തഞ്ചാണെന്ന വാര്‍ത്തയോടെ ബ്രൗണ്‍ പത്രക്കട്ടിംഗ്‌ മുകളിലേക്ക്‌ അപ്രത്യക്ഷമാകുമ്പോള്‍, ബാക്കിയാകുന്നത്‌ നിമിഷങ്ങളോളം തുടരുന്ന ഇരുട്ടും, ചതയ്‌ക്കപ്പെട്ട ഏതോ നാവില്‍ നിന്ന്‌ വീഴുന്നതുപോലുള്ള സംഗീതവും മാത്രം. ആ ഇരുളില്‍ വെളുത്ത അക്ഷരങ്ങളില്‍ ഇപ്പോള്‍ നമ്മള്‍ക്ക്‌ കാണാം, നാം കണ്ടുകൊണ്ടിരിക്കുന്ന സിനിമയുടെ പേര്‌:

'ആരാച്ചാരുടെ ജീവിതത്തില്‍ നിന്ന്‌ 
ഒരു ദിവസം'

ചതയ്‌ക്കപ്പെട്ട നാവില്‍ നിന്നെന്നതു പോലുള്ള സംഗീതത്തുടര്‍ച്ചയില്‍ പശ്ചിമബംഗാളിലെ ഏതോ തെരുവിലൂടെ പായുകയാണ്‌ മഞ്ഞച്ചായമടിച്ച ഒരു തനത്‌ ബംഗാളി അംബാസഡര്‍ ടാക്‌സി. പിറകിലൂടെ മറ്റൊരു വാഹനത്തിലിരുന്ന്‌ ഇളകിക്കൊണ്ട്‌ ആ ടാക്‌സിയെയും പൊതുനിരത്തിലെ വെളളവരകളെയും കണ്ടുകൊണ്ട്‌ പിന്തുടരുമ്പോള്‍, നമ്മള്‍ കേട്ടുതുടങ്ങുന്നു, ഒരു പുരുഷന്റെ മുഴങ്ങുന്ന പശ്ചാത്തലമൊഴികള്‍: 

'ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ ഒരു വധശിക്ഷ നടപ്പാക്കപ്പെടുകയാണ്‌. മധ്യകാല യൂറോപ്പില്‍ പൊതുസ്ഥലങ്ങളില്‍ നടപ്പാക്കപ്പെട്ട വധശിക്ഷകള്‍ സൃഷ്ടിച്ച ആവേശത്തിന്‌ സമാനമാണ്‌ ശക്തമായ മാധ്യമശ്രദ്ധയിലൂടെ ഈ തൂക്കിക്കൊല നടപ്പാക്കാനൊരുങ്ങുന്ന ആരാച്ചാര്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഞങ്ങള്‍ ആ ആരാച്ചാരോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ തീരുമാനിച്ചു.' 

നാം കണ്ട മഞ്ഞ ടാക്‌സി തെരുവിന്റെ അങ്ങേയറ്റത്ത്‌ മറയാനൊരുങ്ങുമ്പോള്‍, പിന്തുടര്‍ന്നിരുന്ന വാഹനം, ഒരു പക്ഷേ ഈ പശ്ചാത്തലവിവരണം പുറപ്പെടുവിച്ചയാള്‍ ഇരിക്കുന്നുവെന്ന്‌ കരുതാവുന്ന വാഹനം, പതുക്കെ പാതയ്‌ക്ക്‌ സമാന്തരമായ എതിര്‍ദിശയിലുള്ള റോഡ്‌ മറികടന്ന്‌ ഒരു വളവ്‌ തിരിയാന്‍ ശ്രമിക്കുകയാണ്‌. ഒരു ബംഗാളി സൈക്കിള്‍ റിക്ഷയും ഒരുപറ്റം ഓട്ടോകളും വലിയൊരു പോലീസ്‌ വാനും ചീറിപ്പാഞ്ഞതിന്‌ പിന്നാലെ, ദേശീയപാത മുറിച്ചുകടന്ന്‌ അല്‌പം ഇടുങ്ങിയ മറ്റൊരു റോഡിലേക്ക്‌ മെല്ലെയാത്ര. സ്വാഭാവികമായും അത്‌ ധനഞ്‌ജയ്‌ ചാറ്റര്‍ജിയെ തൂക്കാന്‍ തയ്യാറെടുക്കുന്ന ആരാച്ചാരുടെ വീട്ടിലേക്കാവണം. 

മുഷിഞ്ഞ ഒരു തെരുവ്‌. അതിന്റെ തുടക്കത്തിലെ മൂലയില്‍ ചുമ്മാ ഇരിക്കുന്ന നാലുപേര്‍. പിറകിലെ മതിലില്‍ കരികൊണ്ട്‌ വരച്ച അരിവാള്‍ ചുറ്റിക നക്ഷത്രം. നീണ്ട ആ തെരുവിന്റെ ഇങ്ങേയറ്റത്തുനിന്ന്‌ മുന്നേറുമ്പോള്‍ എണ്‍പതുകളിലേതെന്ന്‌ തോന്നിപ്പിക്കുന്ന സ്വരസ്ഥായിയില്‍ ഏതോ റേഡിയോയില്‍ നിന്ന്‌ ഒരു ഹിന്ദി സിനിമാഗാനം. നീളുന്ന ആ തെരുവ്‌ മായുമ്പോള്‍, ഇരുളില്‍ വെളുത്തുതെളിയുന്ന അക്ഷരങ്ങള്‍ നമ്മള്‍ക്ക്‌ ഇങ്ങനെ 'കാല'ബോധം തരും:

ജൂണ്‍ 24, 2004, രാവിലെ 09.30. 

ഈ അക്ഷരങ്ങള്‍ക്കുമേലെ വീണ്ടും നേരത്തേ കേട്ട റേഡിയോ ചലച്ചിത്രഗാനത്തിന്റെ ഇടര്‍മൊഴികള്‍. ഒപ്പം ചതയ്‌ക്കപ്പെട്ട നാവില്‍ നിന്നുള്ളതുപോലുള്ള സംഗീതത്തിന്റെ കീഴ്‌സ്ഥായികളും. റേഡിയോ സ്റ്റേഷന്‍ മാറ്റി ട്യൂണ്‍ ചെയ്യുമ്പോളെന്ന പോലെ ഇപ്പോള്‍ മറ്റൊരു പാട്ട്‌ കേള്‍ക്കാം. 'കോയി മില്‍ ഗയാ' എന്ന ആ പാട്ടിന്റെ ഇടവരികളോടൊപ്പം ഇപ്പോള്‍ ഇതാ ആദ്യമായി നാം ആരാച്ചാരെ കാണുന്നു. അരണ്ട ചുവന്ന വെളിച്ചമുള്ള ഒരു മുറിയുടെ മൂലയിലെ തലയിണകള്‍ക്കടിയില്‍ എന്തോ പരതിയ ശേഷം കട്ടിലിലാണെന്ന്‌ തോന്നുന്നു ഇരിക്കുകയാണയാള്‍. കറുത്ത ബലിഷ്‌ഠമായ ഉടലും അതിനേക്കാള്‍ കടുപ്പമുള്ള വലിഞ്ഞുമുറുകിയ മുഖവും എണ്‍പതോ മറ്റോ വയസ്സ്‌ തോന്നിപ്പിക്കുന്നത്ര ഇടതൂര്‍ന്ന ഇരുവശത്തേക്കും ചീകിവച്ച വെള്ളിമുടിയും പഴുതാരമട്ടില്‍ രേഖീയമായ കൃത്യതയുളള വെള്ളിമീശയും. അലക്ഷ്യം ആരെയോ നോക്കിയശേഷം കയ്യിലെ സിഗരറ്റ്‌ പാക്കില്‍ നിന്ന്‌ ഒന്നെടുത്ത്‌ ഇരുവശവും കൂട്ടില്‍ത്തന്നെ രണ്ടുതട്ടുതട്ടി വലിക്കുകയാണയാള്‍. ഉടുത്തിരിക്കുന്ന നരച്ച കള്ളിമുണ്ടിന്റെ അരയോടുചേര്‍ന്നുള്ള ചുരുട്ടിവയ്‌ക്കല്‍ശൈലിയും കുപ്പായമിടാത്ത ചെറിയ കുടവയറും, കയ്യിലെ സ്റ്റീല്‍ വാച്ചും അയാളെ എന്നെന്നേക്കുമായി നമ്മള്‍ക്ക്‌ പരിചയപ്പെടുത്തിത്തരുന്നുണ്ട്‌. ഇതിനിടയില്‍ത്തന്നെ സ്വസ്ഥതയില്ലാതെ അലക്ഷ്യം തിരിയുന്ന അയാളുടെ തിരിച്ചിലുകള്‍ക്കൊപ്പം തിരിയേണ്ടിവരുന്ന കാമറ ആ മുറിയിലെ ഭിത്തികളില്‍ തൂക്കിയിട്ടിരിക്കുന്ന ഫ്രെയിം ചെയ്‌ത്‌ വച്ചിരിക്കുന്ന നിരവധി പത്രക്കട്ടിംഗുകള്‍ കാണിച്ചുതരുന്നുണ്ട്‌. സ്വാഭാവികമായും അത്‌ മാധ്യമശ്രദ്ധ നേടിയ ഈ ആരാച്ചാരെക്കുറിച്ചുതന്നെയാവാം. തുടരുന്ന റേഡിയോഗാനങ്ങള്‍ക്കൊപ്പം ആ മുറിയുടെ വാതില്‍ക്കലോ മററിടങ്ങളിലോ ആരൊക്കെയോ കൂട്ടംകൂടി 
നില്‍ക്കുന്നുണ്ടെന്നതുപോലുള്ള ശബ്‌ദങ്ങള്‍. മച്ചിലേക്ക്‌ ഇടക്കിടെ തലയുയര്‍ത്തി നോക്കുകയും പിന്നെ തലതാഴ്‌ത്തുകയും ചെയ്‌ത്‌ ആഞ്ഞാഞ്ഞ്‌ പുകവലിക്കുകയാണ്‌ ആരാച്ചാരുടെ ശിരസ്സ്‌. ഇതാ പൊടുന്നെ റേഡിയോഗാനത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ആ മുറിയില്‍ നിന്നുയരുന്ന ഏതോ ഫോണിന്റെ റിംഗ്‌ റിംഗ്‌ കേട്ട്‌ ഞെട്ടുകയാണയാള്‍. ഒരു ഫോണല്ല, ഒരായിരം ഫോണുകളില്‍ നിന്നുള്ള നൂറായിരം റിംഗ്‌ ടോണുകള്‍ ആ മുറിയില്‍ ഏറ്റുമുട്ടുകയാണ്‌. എവിടെനിന്നാണ്‌ ഓരോന്നും എന്നവണ്ണം മുറിയുടെ ഓരോ മുകള്‍മൂലയിലേക്കും ഞെട്ടിത്തിരിഞ്ഞ്‌ നോക്കുന്നുണ്ട്‌ ദ്രുതം ചലിക്കുന്ന ഒരു ഇരുള്‍ശില്‌പമെന്നപോലെ ആരാച്ചാരുടെ ശിരസ്സ്‌. നിമിഷങ്ങളോളം തുടരുന്ന ഈ ഫോണ്‍കോലാഹലങ്ങളാല്‍ ഇറുക്കപ്പെട്ട്‌ പുകവലിച്ചുകൊണ്ട്‌ ഇപ്പോള്‍ അയാള്‍ മുറിയിലുള്ള ആരോടോ സംസാരിച്ചുതുടങ്ങുന്നു: 

'ഞാനേയ്‌, പരവേശം കൊണ്ട്‌ ആകെ വലഞ്ഞിരിക്കുകയാ. ഇന്നലെ മൊതല്‍ തൊടങ്ങിയതാ കഴുത്തിലും തലേലുമെല്ലാം ഭയങ്കര വേദന. രാത്രി ഒരു തുള്ളി ഒറങ്ങീട്ടില്ല. മുഴ്വന്‍ നേരോം ഒണര്‍ന്നിരിക്കുവാരുന്നു. ഇനീപ്പോ, ഇന്നു രാത്രീം ഇതുതന്നെ സ്ഥിതി. നാളെ കാലത്ത്‌ മൊതല്‍ ഞാന്‍ ഇഷ്ടം പോലെ കുടിക്കും കൊറേ നേരം കെടക്കും, വയറ്‌ നെറച്ചും കുടിക്കും. കൊറേ ഒറങ്ങും, ഒരൊറ്റയാളോടും മിണ്ടില്ല, ഒരു മൂന്ന്‌ ദെവസത്തേക്കെങ്കിലും.' 

കട്ടിലിനോട്‌ ചേര്‍ന്ന ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഫ്രെയിം ചെയ്‌ത സ്വന്തം വാര്‍ത്ത വന്ന രണ്ട്‌ പത്രക്കട്ടിംഗുകള്‍ക്കിടയില്‍ പുക വലിച്ചിരിക്കുന്ന ആരാച്ചാരുടെ പാര്‍ശ്വമുഖം ഇപ്പോള്‍ കാണാം. ഒരു കവിള്‍ പുക പൊടുന്നനെ പുറന്തള്ളിക്കൊണ്ട്‌ ആരാച്ചാര്‍ തുടര്‍ന്നു:

'ഈ പണിണ്ടല്ലോ, അതിന്റെ ചൊരുക്ക്‌ എന്റെ തലേല്‍ കിരുകിരുക്കും. ദെവസം മുഴ്വേനും സ്വസ്ഥത പോവും. പണി കഴിഞ്ഞാല്‍ ഞാന്‍ വിചാരിക്കും ശാന്തീം സമാധാനൊക്കെ തിരിച്ചുകിട്ടുംന്ന്‌. എവിടെക്കിട്ടാന്‍. കൊറച്ച്‌ ദെവസംകൂടെ ഇത്‌ തന്നെ അവസ്ഥ. പിന്നെ, പതുക്കെപ്പതുക്കെ, അതൊക്കെ മറക്കാന്‍ ഞാന്‍ ദൂരെ എവടേക്കെങ്കിലും പോവും. വേറെ എന്തെങ്കിലും വിഷയങ്ങള്‌ പറയും. ഇക്കാര്യമൊന്നും ആരും പറയാന്‍ എടയില്ലാത്ത തരത്തിലുള്ള സ്ഥലത്തേക്കാവും പോവുക.'

വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരറ്റുമായി, കൈകള്‍ ചുറ്റുപാടുകളിലേക്കും ചലിപ്പിച്ച്‌, നാടകീയമായ ഒരു സ്വഗതാഖ്യാനപ്രസംഗത്തിന്റെ എരിവുള്ള ശരീരഭാഷയായി ആരാച്ചാര്‍ മാറുമ്പോള്‍, കാമറ ആ ഉലയുമുടലിനൊപ്പിച്ച്‌ ചിതറുകയും ആരാച്ചാരെ ഒരു ബൃഹദ്‌ രൂപമായി പ്രതിഷ്‌ഠിക്കുംവിധം അയാളെ തറനിരപ്പിലിരുന്ന്‌ നോക്കുകയുമാണ്‌. മുറിയുടെ മറ്റൊരു കോണും ഭിത്തിയിലെ മററ്‌ പത്രക്കട്ടിംഗ്‌ ചട്ടക്കൂടുകളും ഇപ്പോള്‍ ആരാച്ചാരുടെ പശ്ചാത്തലത്തില്‍ കാണാം.: 

' ഇതിങ്ങനെ ചര്‍ച്ചയും മറ്റുമായാല്‍, എന്റെ തലേലെ പെരുപ്പ്‌ കൂടും. എന്ത്‌ ചെയ്യാനാ. ജോലി അങ്ങനെ ആയിപ്പോയില്ലേ. വര്‍ഷങ്ങളായി ചെയ്യുന്ന പണിയല്ലേ. അതോണ്ട്‌, പറ്റില്ലാന്ന്‌ പറയാന്‍ പറ്റില്ല.' 

ഇപ്പോള്‍ നേരേ നമ്മളെത്തന്നെ നോക്കിയാണ്‌ ആരാച്ചാര്‍ അയാളുടെ അര്‍ധനഗ്നമായ ഇരുളുടലുമായി സംസാരിച്ചത്‌. ഇടയ്‌ക്ക്‌ ആ വീട്ടിലെ ആരോ ഏതോ കുട്ടികളെ ശകാരിക്കുന്നതിന്റെ ബംഗാളി വാമൊഴികള്‍ കേള്‍ക്കാം. വാശിപിടിച്ച്‌ കരയുന്ന ഒരു കുട്ടിയുടെ ചെറുചീറലും പടരുന്നുണ്ട്‌. നീണ്ട ഒരു പുകയെടുപ്പിനുശേഷം ആരാച്ചാര്‍ ഇപ്പോള്‍ സ്വന്തം ജീവിതസിദ്ധാന്തം പ്രഖ്യാപിക്കുന്ന ഒരു ദാര്‍ശനികമുഖം കൈക്കൊള്ളുകയാണ്‌: 

'എന്റെ ജീവിതത്തിന്റെ കഥയും, എന്റെ പടവുമൊക്കെ, മരണശേഷം ഭാരതം മുഴുവനും വിദേശത്തുമൊക്കെ അമരത്വം നേടും. ഇപ്പോ, ലണ്ടനീന്ന്‌ ഒരു സാഹിബ്‌ ഇവ്‌ടെ വന്നിരുന്നു. അര മണിക്കൂറേ സംസാരിച്ചൊളളൂ. എന്നെ സന്തോഷിപ്പിച്ചുവിട്ടു അയാള്‌.'

എങ്ങനെയുണ്ട്‌ ഞാന്‍ എന്ന അഭിമാനപരതയില്‍ ഒന്നുനിര്‍ത്തി ആഞ്ഞൊന്ന്‌ ഒറ്റക്കവിള്‍ പുകയെടുത്ത്‌, കട്ടിലിന്‌ താഴെയിരിക്കുന്ന നമുക്ക്‌ കാണാന്‍ കഴിയാത്ത ആരെയോ നോക്കുകയാണ്‌ ആരാച്ചാര്‍. ശബ്‌ദങ്ങള്‍ കൊണ്ട്‌, മുറിയില്‍ പലരും വന്നിരിക്കുന്നുവെന്ന്‌ തോന്നുന്നു. വാച്ചുകെട്ടിയ ഇടംകയ്യില്‍ എരിസിഗരറ്റുമായി, ആ കൈ ഇടംകാല്‍മുട്ടില്‍ വച്ച്‌, വലംകൈ വലംകാല്‍മുട്ടില്‍ വിടര്‍ത്തിവച്ചുള്ള ആരാച്ചാരുടെ കാരണവതുല്യമായ ഇരിപ്പിലേക്ക്‌ കാമറ ഒരു കീഴ്‌നോട്ടം നടത്തുന്നു. നേരത്തേ പറഞ്ഞുനിര്‍ത്തിയ, തന്നെ സന്തോഷിപ്പിച്ച ആ സാഹിബിനെക്കുറിച്ചുതന്നെയാണ്‌ ആരാച്ചാരുടെ ഓര്‍മ്മ. തൊട്ടപ്പുറത്തെ മുറിയിലുള്ള ആരെയോ വിളിക്കുകയാണ്‌ ആരാച്ചാര്‍: 

'മഹാദേവ്‌, അദ്ദേഹത്തിന്റെ കാര്‍ഡ്‌ നിന്റെ കയ്യിലില്ലേ. ആ സാഹിബിന്റെ.'

ഉത്തരം നമ്മള്‍ക്ക്‌ കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കിലും സ്വന്തം തലയ്‌ക്കടിച്ചുകൊണ്ട്‌ ആരാച്ചാര്‍ പ്രതികരിക്കുന്നതില്‍ നിന്ന്‌ മറുപടി എന്തായിരുന്നുവെന്ന്‌ വ്യക്തം:

'ഛെ. എന്ത്‌ പണിയാ നീ കാണിച്ചത്‌.' 

ആരാച്ചാര്‍ ഇപ്പോള്‍, വശത്തേക്ക്‌ നോക്കി സംസാരിക്കുകയാണ്‌. സ്വാഭാവികമായും അത്‌, ആരാച്ചാരോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ തീരുമാനിച്ചവരോടാകാം:

'ആ സാഹിബുണ്ടല്ലോ, ഒരരമണിക്കൂര്‍ കൊണ്ട്‌ ഇന്റര്‍വ്യൂ ഫിനിഷാക്കി. എന്നിട്ട്‌ നേരേ അയാളുടെ വണ്ടിയില്‍ കയറി, എനിക്ക്‌ പണം തന്നു, എന്നിട്ട്‌ സ്ഥലം കാലിയാക്കി'

ആരാച്ചാരുടെ മുഖത്തിന്റെ സമീപദൃശ്യമാണിപ്പോള്‍. മുറിയുടെ രണ്ട്‌ ചുമരുകള്‍ ഒന്നിക്കുന്ന മേല്‍ക്കോണിന്റെ പശ്ചാത്തലത്തില്‍, അയാളെക്കുറിച്ചുള്ള മറ്റുചില പത്രക്കട്ടിംഗുകളും ഫ്രെയിം ചെയ്‌ത ഫോട്ടോകളും കാണാം. അരമണിക്കൂര്‍ കൊണ്ട്‌ ഇന്റര്‍വ്യൂവും നടത്തി പണവും തന്ന്‌ പെട്ടെന്നുതന്നെ സ്ഥലംവിട്ട്‌ സന്തോഷിപ്പിച്ച ലണ്ടന്‍സാഹിബിനെക്കുറിച്ച്‌ പറഞ്ഞുതീരുംമുമ്പ്‌, ആരാച്ചാരോട്‌ തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ്‌. ചോദിക്കുന്നയാളുടെ ശബ്‌ദം കൊണ്ട്‌, അത്‌ ഈ ചിത്രത്തില്‍ നേരത്തേ പശ്ചാത്തലവിവരണം നല്‍കിയ ഘനശബ്‌ദത്തിനുടമയും സംവിധായകനുമായ ജോഷി ജോസഫാണെന്ന്‌ അത്യാവശ്യം മനസ്സിലാക്കാം:

'ഇന്ന്‌ രാത്രി ഉറക്കം വരുമോ?'



ഉള്ളിലേക്കെടുത്ത പുക ആഞ്ഞു വമിപ്പിച്ചുകൊണ്ട്‌ കൃത്യമറുപടി: 

'ഒറപ്പായിട്ടും ഒറക്കം വരില്ല. ഇന്ന്‌ രാത്രി ഞങ്ങള്‍ക്ക്‌ അവിടെ പോണം. എന്റെ കൂടെയൊള്ള പയ്യന്മാര്‌ ഭക്ഷണം കഴിച്ച്‌ ഒറങ്ങാന്‍ പോകും. 
ഞാന്‍ ചെലപ്പോ എന്തെങ്കിലും ഒരു കടി കഴിച്ചേക്കും. ചെറുതായെന്തെങ്കിലും കുടിക്കും. രാത്രി മുഴ്വേനും ജയിലറുടെ കൂടെ, ജയില്‍ സൂപ്രണ്ടിന്റെ കൂടെ, ഡിഐജിയുണ്ടെങ്കില്‍ അദ്ധേഹത്തിന്റെ കൂടെയൊക്കെയായിരിക്കും. ഞങ്ങള്‌ പല തരത്തിലൊള്ള ചര്‍ച്ചകളൊക്കെ നടത്തും. ഞാനേയ്‌, പല വിവരങ്ങളും ചോദിച്ചുവെക്കും. കുറ്റവാളിയുടെ കണക്ഷന്‍ എന്താണെന്ന്‌, അയാള്‍ടെ അവസ്ഥയെന്താണെന്ന്‌, ഇപ്പോ എന്ത്‌ ചെയ്യുകയാണെന്ന്‌, അങ്ങനെയങ്ങനെ പിന്നേം പിന്നേം ഞാന്‍ ചോദിക്കും.'

'അതെന്തിനാ?' 

'എന്തിനാണെന്ന്‌ വച്ചാ, പലപ്പോഴും കുറ്റവാളി നെര്‍വസായിപ്പോകും. നെര്‍വസായിട്ടെയ്‌, അവന്‍ ചെലപ്പോ സ്വന്തം തല ചൊമരിലിട്ട്‌ ഇടിക്കും. ചെലപ്പോ അലറിക്കരയും ഞാന്‍ പോവൂല, ഞാന്‍ പോവൂല എന്ന്‌ പറഞ്ഞിട്ട്‌. ആര്‍ക്കാ എന്നെ കൊണ്ടുപോകാന്‍ ധൈര്യമൊളളത്‌, എന്നെ പിടിക്കാന്‍ വന്നാ ഞാന്‍ കാണിച്ചുതരാം, ഇങ്ങനെയൊക്കെയാവും അവന്റെ പെരുമാററം. അതുകൊണ്ടാണ്‌ ഞാന്‍ അവനെപ്പറ്റി പിന്നെയും പിന്നെയും ചോദിക്കുന്നത്‌.'

ആവേശപൂര്‍വ്വം, നാടകസംഭാഷണങ്ങള്‍ പോലെ, തൂക്കപ്പെടാന്‍ പോകുന്നയാളുടെ ഭയമൊഴികള്‍ ഉച്ചരിച്ചുകൊണ്ടിരുന്ന ആരാച്ചാരുടെ മുഖം ഇപ്പോള്‍ അതേ മുറിയുടെ മറ്റൊരു പശ്ചാത്തലത്തില്‍ കാണാം. ഇപ്പോള്‍ അത്‌ പാര്‍ശ്വമുഖമാണ്‌. അല്‌പമൊന്ന്‌ ആലോചിച്ച്‌, ചിറികള്‍ തുടച്ചിട്ട്‌ ജയിലിലെ വധക്രമം എങ്ങനെയാണെന്ന്‌ ആരാച്ചാര്‍ വീണ്ടും വിശദീകരിച്ചുതുടങ്ങി:

'രാത്രി ഒരു രണ്ട്‌ രണ്ടര മണി ആവുമ്പോ, തൂക്കാനുള്ള തറയിലേക്ക്‌ ഞാനും എന്റെ പയ്യന്മാരും പോയി നില്‍ക്കും. ആ സമയത്ത്‌, അവര്‍ പുള്ളിയെ കുളിപ്പിക്കാന്‍ തൊടങ്ങുകയായിരിക്കും.' 

'ഏത്‌ സമയത്ത്‌?'

'രാത്രി രണ്ട്‌ രണ്ടര മണിക്ക്‌ അവര്‌ കുളിപ്പിക്കാന്‍ തൊടങ്ങും. അയാള്‍ക്കപ്പോ പൂജ ചെയ്യണംന്ന്‌ തോന്നിയാല്‍, അത്‌ സമ്മതിക്കും, പൂവും മറ്റുമൊക്കെ റെഡിയായിരിക്കും. ഗംഗാജലം കൊടുക്കും. 
അയാള്‌ പൂജ ചെയ്യും. ഇനി, അയാള്‍ക്കതൊന്നും വേണ്ടങ്കില്‌ പത്ത്‌ മിനിറ്റ്‌ മുമ്പ്‌ അവര്‌ അയാളുടെ കൈകള്‌ പെറകിലേക്ക്‌ കെട്ടും.' 

'അതാരാ ചെയ്യുക?'

'പോലീസ്‌ ജയിലിലെ ശിപ്പായിമാര്‌. നാലഞ്ച്‌ ശിപ്പായിമാരുണ്ടാവും അവര്‌ അവനെ പിടിച്ചിട്ട്‌ കൈകള്‌ കെട്ടും.'

തൂക്കപ്പെടാനൊരുങ്ങുന്ന മനുഷ്യന്റെ കൈകള്‍ അവസാനമായി കെട്ടുന്നത്‌, സ്വാഭാവികമായ മെയ്‌ വഴക്കത്തോടെ അഭിനയിച്ചുകാണിച്ചുകൊണ്ടും, തൂക്കുതട്ടിലേക്ക്‌ അയാളെ പതുക്കെ കയറ്റുന്നത്‌ എരിയുന്ന സിഗരറ്റിന്റെ ഉയരുന്ന പുകപ്പാമ്പുകള്‍ പിണയുന്ന കൈകളാല്‍ ആവിഷ്‌കരിച്ചും നിരന്തരമായി നമ്മള്‍ കണ്ടുകൊണ്ടേയിരിക്കുന്ന ആരാച്ചാര്‍ ആ മുറിയെ ഇപ്പോള്‍ ഒരു തൂക്കുപലകയാക്കുകയാണ്‌: 

'കൈകള്‌ കെട്ടിയിട്ട്‌ നേരേ ഇങ്ങനെ, തൂക്കുപലകയിലേക്ക്‌ കൊണ്ടുവരും. എന്നിട്ട്‌ ഇവ്‌ടെ നിര്‍ത്തും. ഞങ്ങള്‌ ദാ ഇവിടെ, ഇവിടെ ഇവിടെ ഇങ്ങനെ ഒരു ലൈനായി നില്‍ക്കും. ആളെ കൊണ്ടുവന്നാല്‍ ഞങ്ങള്‌ പിടിക്കും. എന്നിട്ട്‌ തിരിച്ചുനിര്‍ത്തും, എവിടെയാണോ വീഴേണ്ടത്‌ കൃത്യമായും അവിടെ. നിര്‍ത്തേണ്ടിടത്ത്‌ നിര്‍ത്തിക്കഴിഞ്ഞാല്‍ ഒരാള്‍ കാലുകള്‍ കൂട്ടിക്കെട്ടും. മറ്റൊരാള്‍ തോളുകളിലൂടെ കയറിട്ട്‌ കെട്ടും. അപ്പോ ഞാന്‍ ഉടന്‍ അയാളുടെ തല തൊപ്പി കൊണ്ട്‌ മൂടും. കഴുത്തില്‍ ഞാന്‍ കുരുക്കിടും.'

ആരാച്ചാരുടെ കാല്‍ക്കീഴില്‍ നിന്ന്‌ അയാളുടെ ഉടലിലേക്ക്‌ നോക്കുകയാണിപ്പോള്‍ കാമറ. മുന്നിലെ അദൃശ്യമായ കൊലക്കയര്‍ ഇട്ട ശേഷം വലംകൈ കൊണ്ട്‌ ലിവര്‍ വലിക്കാന്‍ തയ്യാറായി ഇടംകൈ ഉയര്‍ത്തിപ്പിടിച്ച്‌ അയാള്‍ വധശിക്ഷയുടെ ഒരു തെയ്യമാവുകയാണിപ്പോള്‍:

'പിന്നെ ഞാന്‍ ഈ ഹാന്‍ഡിലില്‍ ഇങ്ങനെ വലിക്കാന്‍ പാകത്തിന്‌ കൈ വയ്‌ക്കും. എന്നിട്ട്‌ ഈ കൈ ഇങ്ങനെ പൊക്കിപ്പിടിക്കും.'

ആരാച്ചാരുടെ ഉദ്ധൃതമായ മുഖം മാത്രമാണ്‌ ഇപ്പോള്‍ മുന്നില്‍. ആ ശിരസ്സിന്‌ മുകളില്‍ മുറിയുടെ മേല്‍ഭിത്തിയിലെ പരമശിവന്റെയും മറ്റും ഫോട്ടോകള്‍ കാണാം.

'അവിടെ നിന്ന്‌ ജയില്‍ സൂപ്രണ്ട്‌ എനിക്ക്‌ ഒരു സിഗ്നല്‍ തരും. ഉടന്‍ ഞാന്‍ ഹാന്‍ഡില്‍ വലിക്കും. പ്ലേററുകള്‍ തെന്നിമാറും. അയാള്‌ താഴേക്ക്‌ വീഴും. പൊറത്ത്‌ നിക്കുന്ന ആര്‍ക്കും പിന്നെ അയാളെ കാണാന്‍ പറ്റില്ല. കയറില്‍ പിടിക്കുമ്പോള്‍ എനിക്ക്‌ അയാളെ അറിയാന്‍ കഴിയും.'

മുറിക്ക്‌ പുറത്ത്‌ ചിതറിച്ചിലയ്‌ക്കുന്ന ഒരു പക്ഷിയുടെ ശബ്‌ദം ആരാച്ചാരുടെ ഈ മൃത്യുഭാഷണങ്ങള്‍ക്കിടയില്‍ ഇടകലരുന്നുണ്ട്‌. സങ്കല്‌പത്തില്‍ കൊലക്കയര്‍ പിടിച്ചിരിക്കുന്ന ആരാച്ചാരുടെ പ്രകമ്പനം കൊള്ളുന്ന ബലിഷ്‌ഠകരം ഇപ്പോള്‍ മുന്നിലുണ്ട്‌.

'വീണ്‌ ഒരു മിനിറ്റിനുള്ളില്‍ ആള്‌ തീരും. അയാളുടെ ശരീരത്തിന്റെ ചെറു വെറയലുകള്‌ പോലും ഇങ്ങേയറ്റത്തെ ഈ കയറിലൂടെ എനിക്കറിയാനാവും. വെറ തീര്‍ന്ന്‌ ശാന്തമാവാന്‍ ഒരു പത്തുപതിനഞ്ചുമിനിറ്റെടുക്കും. കയറ്‌ വെറച്ച്‌ വെറച്ച്‌ പഴയതുപോലെയാകുമ്പോള്‍, ഞാന്‍ ഡോക്ടറെ വിളിക്കും, ഡോക്ടര്‍ സാറേ, വരൂ, നോക്കിക്കേ എന്ന്‌.'

സങ്കല്‌പത്തോളം യാഥാര്‍ത്ഥ്യമായ കയര്‍ പിടിച്ച കരം ഇപ്പോള്‍ വിമുക്തമാക്കിക്കൊണ്ട്‌ ശേഷക്രിയകളുടെ ബാക്കിപത്രം അവതരിപ്പിക്കുകയാണ്‌ വീണ്ടും ആരാച്ചാര്‍:

'ഡോക്ടര്‍സാറ്‌ അകത്ത്‌ പോവും, കൈ പിടിച്ച്‌ പള്‍സ്‌ നോക്കും. എന്നിട്ട്‌ ഓകെ എന്ന്‌ പറഞ്ഞിട്ട്‌, താഴേക്ക്‌ എറക്കാന്‍ പറയും. രണ്ട്‌ പേര്‌ ചേര്‍ന്ന്‌ കുരുക്ക്‌ മാറ്റും. വേറെ രണ്ടുപേര്‌ അപ്പോഴേക്കും ഒരു സ്‌ട്രച്ചറുമായി വന്നിട്ടുണ്ടാകും. കാലില്‍ പിടിച്ചിട്ട്‌ ദാ ഇങ്ങനെ പതുക്കെ കയറ്റും. തൂക്കുതറയ്‌ക്കരികില്‍ തന്നെ ഒരു മുറിയുണ്ട്‌. അവ്‌ടേയ്‌ക്ക്‌ സ്‌ട്രച്ചറില്‍ ഇങ്ങനെ കൊണ്ടുപോകും. ഡോക്ടറ്‌ അകത്ത്‌ പോയിട്ട്‌ കുരുക്ക്‌ മുറുകിയതിന്റെ പാട്‌ കഴ്‌ത്തിലുണ്ടോന്ന്‌ നോക്കും. ചെലപ്പോ അയാള്‍ക്ക്‌ തോന്നിയാ ഒരു പോസ്റ്റ്‌മോര്‍ട്ടോം ചെയ്‌തേക്കും. ഞങ്ങടെ ജോലി അതോടെ തീരും.'

ആരാച്ചാരുടെ മുഖത്തിന്‌ മുകളില്‍ മേല്‍ക്കൂരയിലെ ആസ്‌ബറ്റോസ്‌ ഷീറ്റുകള്‍ കാണാന്‍ കഴിയാവുന്നത്ര താഴെ നിന്നാണ്‌ ഇപ്പോള്‍ കാമറയുടെ നോട്ടം:

'പിന്നെ ഞങ്ങള്‌ ഓഫീസ്‌ മുറീല്‌ പോകും. കടലാസിലൊക്കെ ഒപ്പിട്ട്‌ കൊടുക്കും. ഓഫീസര്‍മാരോട്‌ കാര്യങ്ങളൊക്കെ പറയും. അപ്പോത്തന്നെ ഞങ്ങള്‍ക്ക്‌ കാശ്‌ തരില്ല. രണ്ടുമൂന്ന്‌ ദെവസം കഴിഞ്ഞേ തരൂ..സാധാരണ അവര്‌ ചെക്കാണ്‌ തരാറ്‌. ഇത്തവണ കാശായിട്ട്‌ തന്നെ തരണംന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. എന്താ അവര്‌ ചെയ്യുന്നതെന്ന്‌ നോക്കട്ടെ. ചെറിയ ചെറിയ ചെലവുകള്‍ക്കൊള്ള പൈസ അവര്‌ കാശായിട്ട്‌ തന്നെയാ തരുക. ചെക്ക്‌ റെഡിയായി കാശായാല്‍ രണ്ടുമൂന്നുദെവസത്തിനകം ജയില്‍ശിപ്പായികള്‌ അത്‌ വീട്ടീക്കൊണ്ടുത്തരും. അല്ലേപ്പിന്നെ അവര്‌ പറയണ സമയത്ത്‌ ഞാന്‍ അവ്‌ടെ പോയി വാങ്ങണം.'

'എത്ര രൂപ തരും?' 

'അതൊരു രണ്ടുമൂന്നു ദെവസത്തിനകം' 

'അതല്ല, എത്ര രൂപയാണ്‌ അവര്‍ തരുക?' 

പത്ത്‌ വിരലുകളും നിവര്‍ത്തിക്കൊണ്ട്‌, 'പതിനായിരം രൂപ'.

'നിങ്ങളുടെ പേരക്കിടാവിനും ഇതേ തുക കിട്ടണമെന്നല്ലേ നിങ്ങള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.'? 

ഈ ചോദ്യം കേള്‍ക്കുമ്പോള്‍, ആഞ്ഞുപുകവലിക്കുകയായിരുന്ന ആരാച്ചാര്‍ അവസാനപുകയുമെടുത്ത്‌ കുറ്റി അടുത്തെവിടെയോ ഇട്ടുകൊണ്ടാണ്‌ മറുപടി പറഞ്ഞുതുടങ്ങുന്നത്‌. ആ പറച്ചിലിനുമേല്‍, പുറത്തുനിന്ന്‌ ഏതോ പക്ഷിയുടെ ചിതറുന്ന ചീറലൊച്ച ഇടിച്ചുകേറുന്നുണ്ട്‌: 

'കൊറേ ദെവസമായിട്ട്‌ പലരും വിചാരിക്കുന്നത്‌ ഞാനങ്ങനെ ചോദിച്ചുകൊണ്ടിരിക്കയാണെന്നാ.'

ഇപ്പോള്‍, ഉത്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ആരാച്ചാരെ സുതാര്യമായ ഒരു നിഴല്‍ പോലെയേ നമ്മള്‍ക്ക്‌ കാണാനാകുന്നുളളൂ. ഒപ്പം, നാട്ട മല്ലിക്ക്‌ എന്ന ഈ ആരാച്ചാര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്ന ഡിമാന്‍ഡുകളെക്കുറിച്ചുള്ള വാര്‍ത്തയുള്ള ഒരു ബംഗാളി പത്രത്തിന്റെ കട്ടിംഗ്‌ മെല്ലെ ഇടത്തോട്ട്‌ നീങ്ങുന്നത്‌ കാണാം. സംസാരിക്കുന്ന ആരാച്ചാരെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍തന്നെ, ഒരു ഇംഗ്ലീഷ്‌ പത്രംകൂടി ഇങ്ങനെ തെളിയുന്നു: 'കല്‍ക്കത്ത, ജൂണ്‍ 20, വധശിക്ഷയ്‌ക്ക്‌ ഇനി 4 ദിവസം, നാട്ട വിലപേശുന്നു.' ഈ പത്രക്കട്ടിംഗ്‌ കാണുമ്പോള്‍തന്നെ നാം ആരാച്ചാരില്‍ നിന്ന്‌ കേള്‍ക്കുന്ന വാക്കുകള്‍ ഇങ്ങനെ:

'എല്ലാമൊന്നും നടന്നിട്ടില്ല. പക്ഷേ അവരെനിക്കൊരു സര്‍ക്കാര്‍ ജോലി തന്നു. ഗവണ്‍മെന്റ്‌ ഇനീം എന്റെ രണ്ട്‌ ആവശ്യങ്ങള്‍ കൂടി നടപ്പാക്കാനുണ്ട്‌. ഒന്നാമത്തെ ആവശ്യംന്ന്‌ പറയുന്നത്‌, ഒരു മനുഷ്യനെക്കൊണ്ട്‌ ഒറ്റയ്‌ക്ക്‌ ഒരാളെ തൂക്കിക്കൊല്ലാന്‍ കഴിയൂല എന്നതാ'.

ഇപ്പോള്‍, മറ്റൊരു ബംഗാളി പത്രത്തില്‍, ഇടതുവശത്തിരിക്കുന്ന ആരാച്ചാരുടെ മകന്‍ മഹാദേവിനെയും നടുക്ക്‌ ആരാച്ചാരെയും വലതുവശത്ത്‌ ആരാച്ചാരുടെ പേരക്കിടാവിനെയും കാണാം. പിന്നെ പേരക്കിടാവിന്റെ സമീപമുഖവും, ഈ പറയുന്ന കാര്യങ്ങള്‍ നിറഞ്ഞ ഒരു ഇംഗ്ലീഷ്‌ പത്രവും കാണാം. ആ ചിത്രത്തിന്‌ മുകളിലൂടെ വളരെ മെല്ലെ ഏതോ റേഡിയോ സിനിമാഗാനവും വളരെ ഉച്ചത്തില്‍ ആരാച്ചാരുടെ അനുബന്ധ സംഭാഷണവും ഇങ്ങനെ കേള്‍ക്കാം:

'ഓരോ ആരാച്ചാരുടേം കൂടെ ഒന്നോ രണ്ടോ ഹെല്‍പ്പര്‍മാര്‌്‌ വേണം. കാരണം, ഈ കുറ്റവാളിയെ നല്ല മുറുക്കത്തില്‌ വേണം പിടിക്കാന്‍, അയാളുടെ കൈകള്‌ കെട്ടണം, എല്ലാംകൂടി ഒരൊറ്റമിനിറ്റുകൊണ്ട്‌ ചെയ്‌തുതീര്‍ക്കണം.'

ഇപ്പോള്‍ തീര്‍പ്പ്‌ എങ്ങനെയാവണം എന്ന്‌ കണിശമായും വ്യക്തമാക്കുന്ന ആരാച്ചാരെ നാം പഴയതുപോലെ കണ്ടുതുടങ്ങുന്നു. വിശദാംശങ്ങളുടെ നാടകീയപ്രകടനം മറ്റൊരുരീതിയില്‍ അയാള്‍ തുടരുന്നു. പശ്ചാത്തലത്തില്‍ ആരാച്ചാര്‍തന്നെ ഫ്രെയിംചെയ്‌തുവച്ച സ്വന്തം പത്രക്കട്ടിംഗുകളും:

'കുറ്റവാളിയെ അവ്‌ടേക്ക്‌ കൊണ്ടുവന്നിട്ട്‌, ഞങ്ങള്‍ എത്താന്‍ ലേറ്റായെന്ന്‌ വിചാരിക്കുക. കയറും തൂക്കുതറയും എല്ലാം കാണുമ്പോ അയാള്‌ കൊഴഞ്ഞുവീഴും. അയാളവിടെ വേറെ വല്ലതും ചെയ്‌തുപോയേക്കും. അതോണ്ട്‌, ഒന്നും ലേറ്റാകരുത്‌, ചെല്ലുന്നു, പടപടേന്ന്‌ റെഡിയാക്കുന്നു, ഹാന്‍ഡില്‍ വലിക്കുന്നു, ആള്‌ വീഴുന്നു. അതോണ്ടാ പറയുന്നത്‌ ഹെല്‍പ്പര്‍ നിര്‍ബന്ധമായും വേണമെന്ന്‌. സര്‍ക്കാരിനോട്‌ എനിക്ക്‌ ആവശ്യപ്പെടാനുള്ളത്‌ എന്റെ പേരക്കിടാവിന്‌ ഒരു സ്ഥിരം ജോലി കൊടുക്കണമെന്നാ. എന്റേത്‌ സ്ഥിരം ജോലിയാ. ഇപ്പോ എന്റേ പേരക്കിടാവിനെക്കൊണ്ട്‌ അവര്‌ ഒരു ബോണ്ട്‌ ഒപ്പിടീച്ചിട്ടുണ്ട്‌. ഭാവിയില്‌ ആവശ്യം വന്നാല്‌, അവനും എന്നെപ്പോലെ ഈ ജോലി ചെയ്യും. അതോണ്ടാ ഞാന്‍ പറയണത്‌, ഇതൊന്നും ഒറ്റയ്‌ക്ക്‌ ചെയ്യാന്‍ പറ്റില്ലാന്ന്‌. ഒരു ഹെല്‍പ്പറ്‌ നിര്‍ബന്ധമായും വേണം. ഹെല്‍പ്പറില്ലാതെ തൂക്കിക്കൊല ബുദ്ധിമുട്ടാ. ഹെല്‍പ്പര്‍ക്കേയ്‌, സര്‍ക്കാര്‌ ഒരു ഐഡന്റിറ്റി കാര്‍ഡ്‌ കൊടുക്കണം. ശമ്പളമായിട്ടല്ലെങ്കിലും മാസംതോറും ഒരലവന്‍സെങ്കിലും കൊടുക്കണം, ഇന്നത്തെക്കാലത്ത്‌ ഒരാള്‍ക്ക്‌ ജീവിക്കാന്‍ വേണ്ട തുക, അത്‌ ഗവണ്‍മെന്റ്‌ കൊടുക്കണം. ഒരു ഹെല്‍പ്പറും മുതിര്‍ന്ന ഒരു ആരാച്ചാരും വേണം. ഇവര്‌ രണ്ടുപേരും സ്ഥിരം സര്‍ക്കാരുദ്യോഗസ്ഥരാവണം. നമ്മുടെ രാജ്യത്ത്‌ വധശിക്ഷ തുടരുന്നിടത്തോളം ഇവര്‌ ആവശ്യമല്ലേ.'

ഇപ്പോള്‍ ഒരു പ്രവാചകരൂപത്തില്‍ ആരാച്ചാര്‍ കൈകള്‍ വിടര്‍ത്തിനില്‍ക്കുന്നത്‌ നേരേമുമ്പില്‍ താഴെനിന്ന്‌ കാണുംവിധമാവുന്നു നമ്മുടെ നോട്ടം:



'വധശിക്ഷാരീതി എടുത്തുകളയണോ വേണ്ടയോ എന്നതൊക്കെ സര്‍ക്കാരിന്റെ കയ്യിലാണ്‌. ഞങ്ങള്‌ ഞങ്ങടെ ഡ്യൂട്ടിയാ ചെയ്യുന്നത്‌. ഞങ്ങളുടെ ഡ്യൂട്ടിയുണ്ടല്ലോ, അത്‌ ശരിക്കും പോലീസുകാരുടേതുപോലെയാ. കഴിഞ്ഞ രാത്രി മൊതല്‍ ഞങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കാന്‍ വന്ന പോലീസുകാരെപ്പോലെ. രാത്രി മുഴ്വേനും അവര്‌ കാവലുണ്ട്‌. ഞാന്‍ എവിടെ പോയാലും അവരും കൂടെ വരും. എന്നെ സംരക്ഷിക്കാന്‍ സര്‍ക്കാര്‌ അവരോട്‌ ഓര്‍ഡറിട്ടിരിക്കുകയാ. എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‌ ഇവര്‌ ഫോണ്‍ ചെയ്‌ത്‌ മേലാവില്‍ ചോദിക്കും, ഷൂട്ട്‌ ചെയ്യാനാണ്‌ ഉത്തരവെങ്കില്‍ ഇവര്‍ക്ക്‌ വെടിവെക്കേണ്ടിയും വരും.'

ഇപ്പോള്‍ ഷോലെ സിനിമയിലെ ഗബ്ബര്‍സിംഗിനെപ്പോലെ ചെറുനിമിഷം ആരാച്ചാരുടെ ഇരുകൈകളിലെയും വിരലുകള്‍ പോലീസ്‌ തോക്കിന്റെ ബയണറ്റുപോലെ കൂര്‍ക്കുന്നുണ്ട്‌:

'ഇവര്‌ വെടിവച്ചാല്‌ നല്ലവനായാലും ചീത്തയായാലും ആരെങ്കിലും ചാവും. വെടി വെയ്‌ക്കുന്ന പോലീസുകാരന്‍ തെറ്റുകാരനല്ല, അയാള്‍ രാജ്യത്തെ സേവിക്കുകയാണ്‌. അതേ പോലെ ഞാന്‍ ഒരാളെ തൂക്കാന്‍ പോവുകയാണ്‌. ആ മനുഷ്യന്‌ ഇനി ഈ ലോകത്തില്‍ ജീവിക്കാനുള്ള അര്‍ഹതയില്ല. ഒരു തരത്തിലുള്ള മനുഷ്യത്വവും അയാളിലില്ല. അവനേയ്‌, വീട്ടില്‌ ഭാര്യേം കുട്ടികളുമൊക്കെയുണ്ടായിരുന്നിട്ടും ഇങ്ങനെ ചെയ്‌തില്ലേ. മറ്റേ കുടുംബത്തിന്‌ വേണ്ടി അവന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പണി ചെയ്‌ത്‌, അവരുടെ ഉപ്പും ചോറും തിന്നിട്ട്‌ അവന്‍ എന്താ ചെയ്‌തത്‌. അവനെ വിശ്വസിച്ച്‌ ആ മാര്‍വാഡിയും ഭാര്യയും ദൂരെപ്പോയി. അവര്‍ക്കൊരു കൊച്ചുമോളുണ്ടായിരുന്നു. പതിനാല്‌ വയസ്സുപോലും തികഞ്ഞിരുന്നില്ല അവള്‍ക്ക്‌. അവളെ പീഡിപ്പിച്ചില്ലേ അവന്‍. അത്രയും ക്രൂരമായ രീതിയില്‍ ദ്രോഹിച്ചില്ലേ അവന്‍. അതുംകഴിഞ്ഞ്‌ അവളെ കൊന്നില്ലേ അവന്‍. പിന്നെ എന്തായി, നോക്ക്‌, ഇതെല്ലാമറിഞ്ഞപ്പോ, ആ കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്‌തില്ലേ'.

ആരാച്ചാര്‍ പറഞ്ഞുതീര്‍ന്നിട്ടില്ല. ഇനിയും അയാള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ ഇനിയുള്ള സംഭാഷണങ്ങള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ അതിദ്രുതം ഒരു മണിയൊച്ച നിര്‍ത്താതെ കിലുങ്ങുന്നുണ്ട്‌. ഒപ്പം, വിഭ്രമമാത്മകമായ ആവേശബാധയിലെന്നവണ്ണം നാം കാണുന്ന ആരാച്ചാരുടെ ദൃശ്യങ്ങള്‍ ഇടക്കിടെ ചലിക്കാതെ ഉറഞ്ഞും വീണ്ടും ചലിച്ചും പിന്നെ ഉറഞ്ഞും വീണ്ടും ചലിക്കുന്നുമുണ്ട്‌. ആ ദൃശ്യങ്ങള്‍ക്കുമേല്‍ നമ്മള്‍ക്ക്‌ അപ്പോളത്തെ സമയം വെളുത്ത അക്ഷരങ്ങളില്‍ ഇങ്ങനെ കാണാം: 

രാവിലെ 9.46

'ആ പെണ്‍കുട്ടിയുടെ അമ്മയ്‌ക്ക്‌ ഭ്രാന്ത്‌ പിടിച്ചില്ലേ, നോക്ക്‌, എത്രയധികം കുറ്റങ്ങളാണ്‌ ഈ ധനഞ്‌ജയ്‌ ചാറ്റര്‍ജി ചെയ്‌തിരിക്കുന്നതെന്ന്‌. മറ്റുള്ളവരുടെ കുടുംബം മാത്രമല്ല, സ്വന്തം കുടുംബോം കൂടി അവന്‍ നശിപ്പിച്ചില്ലേ'.
ഇത്രയുമാകുമ്പോളേക്ക്‌ ബാക്കിയുള്ള സംഭാഷണങ്ങളെ അതിക്രമിച്ചുകൊണ്ട്‌ സംവിധായകന്റെ പശ്ചാത്തലവിവരണം ആരാച്ചാരുടെ ഇടയ്‌ക്ക്‌ നിശ്ചലവും ഇടയ്‌ക്ക്‌ ചലനാത്‌കമവുമാക്കപ്പെട്ട ദൃശ്യങ്ങളെ കാണിച്ചുതന്നുകൊണ്ട്‌ ഇങ്ങനെ ഇടപെടുന്നുണ്ട്‌:

'ഒരു തൂക്കിക്കൊലയ്‌ക്ക്‌ മുന്നോടിയായി പശ്ചിമബംഗാള്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ആരാച്ചാര്‍ തന്റെ വാമിംഗ്‌ അപ്‌ എക്‌സര്‍സൈസ്‌ ആരംഭിച്ചിരിക്കുകയാണ്‌. കുറ്റവാളിയെ പൈശാചികവത്‌കരിക്കുന്ന തരത്തിലുള്ള ഒരു കഥാപ്രകടനത്തിലൂടെ.'

ആരാച്ചാരുടെ പ്രകടനം പഴയപടി തുടരുകയാണ്‌, എഴുന്നേറ്റുനിന്നുകൊണ്ട്‌, ഇടയ്‌ക്ക്‌ കൂപ്പുകൈകളോടെ, മുറിയിലെ ഏതോ മൂലയിലുള്ള റേഡിയോയിലെ ഗാനമന്ത്രണ അകമ്പടികളോടെ:

'രാജാവിന്റെ മകനാണെങ്കില്‍ പോലും ഒരേ നിയമത്തിന്‍കീഴില്‍ അവനും വധശിക്ഷ നല്‍കണം. ഇതൊരു വലിയ അപരാധമാണ്‌. നമ്മുടെ ഈ ലോകത്തും, എല്ലാ രാജ്യങ്ങളിലും നരമേധങ്ങള്‍ തുടരുന്നുണ്ട്‌. കൊല്ലും കൊലയും എവിടെയുമുണ്ട്‌. പക്ഷേ, ഇത്ര ബീഭത്സവും ക്രൂരവുമായ കൊല നമ്മുടെ രാജ്യത്ത്‌ ആരും ചെയ്‌തിട്ടുണ്ടാവില്ല. എന്റെ ദേശവാസികളോട്‌ ഞാന്‍ അപേക്ഷിക്കുകയാണ്‌, ദയവുചെയ്‌ത്‌ ആരും ഇത്തരത്തിലൊരു കാര്യം ഇനി ചെയ്യരുതെന്ന്‌..'

കൂപ്പുകൈ മാറ്റി കട്ടിലില്‍ വീണ്ടും ഇരിക്കുന്ന ആരാച്ചാരുടെ കാല്‌പാദങ്ങള്‍ വേഗത്തില്‍ ആട്ടപ്പെടുന്നുണ്ട്‌. താഴെ തറയില്‍ നീലയും വെള്ളയും നിറങ്ങളിലുള്ള രണ്ട്‌ വള്ളിച്ചെരുപ്പുകള്‍. ഉലയുന്ന കാലുകള്‍ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സംവിധായകന്റെ ചോദ്യം:

'ഈ പണി സമ്മര്‍ദ്ദമുള്ളതാണോ?' 

ഉത്തരം, ആരാച്ചാരുടെ പ്രവാചകതുല്യമെന്ന്‌ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന കറുത്ത മുഖത്തില്‍ നിന്നാണ്‌. ഇടയ്‌ക്ക്‌ ഉള്ളംകയ്യില്‍ മറുകയ്യിലെ പെരുവിരല്‍ കുത്തി അയാള്‍ നടത്തുന്ന 

സോദാഹരണമുദ്രകളിലേക്കും കാമറ വ്യാകരണം നോക്കാതെ നീങ്ങുന്നുണ്ട്‌:

'ജീവിതവും മരണവുമൊക്കെ ഭഗവാന്റെ കൈകളിലാണ്‌. മോളിലുള്ള ആളുടെ കയ്യില്‍. ഒരുത്തനെ കൊല്ലുകാന്നൊക്കെ പറയുന്നത്‌ നമ്മടെ കയ്യില്‍ നിക്കണ കാര്യമല്ല. മരിക്കാനുള്ളവരെല്ലാം ഇപ്പോത്തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു. ചെയ്‌ത തെറ്റിന്‌ മരണം രേഖപ്പെടുത്തപ്പെട്ടവന്റെ കാര്യവും അങ്ങനെതന്നെ. അവനാണ്‌ ഇന്ന്‌ മരിക്കാന്‍ പോകുന്നത്‌. അവന്‍ എന്റെ കൈ കൊണ്ട്‌ മരിക്കാന്‍ പോകുന്നുവെന്നേയുള്ളൂ. അല്ലെങ്കില്‍, ഒരു എലിയേയോ പൂച്ചയെപ്പോലുമോ കൊല്ലാന്‍ എനിക്കെന്തവകാശമാണുള്ളത്‌.? ഞാന്‍ സര്‍ക്കാരിന്റെ ഉത്തരവ്‌ അനുസരിക്കാന്‍ പോകുകയാ. അതുവഴി, അവന്റെ പ്രവൃത്തികളുടെ ഫലമനുഭവിപ്പിക്കാന്‍. റൈറ്റ്‌?

സംവിധായകന്‍ ഇരിക്കുന്ന, നമ്മള്‍ക്ക്‌ കാണാന്‍ കഴിയാത്ത ഭാഗത്തേക്ക്‌ നോക്കിയിട്ടാണെന്ന്‌ തോന്നുന്നു, റൈറ്റ്‌ എന്നു പറഞ്ഞശേഷം നേരേ എതിര്‍ഭാഗത്തിരിക്കുന്ന, നമ്മള്‍ക്ക്‌ കാണാന്‍ കഴിയാത്ത ഛായാഗ്രാഹകനെയാണെന്ന്‌ തോന്നുന്നു നോക്കിയിട്ട്‌ എങ്ങനെയുണ്ട്‌ എന്റെ വാക്കുകള്‍ എന്ന അര്‍ത്ഥത്തില്‍ ആരാച്ചാരുടെ ചോദ്യം:

'ഓക്കെയല്ലേ..?' 

സംവിധായകന്റെ മറ്റൊരു ചോദ്യം: 'ഇന്ന്‌ രാത്രി അയാള്‍ ഉറങ്ങുമോ? നിങ്ങളോ.?'

'ഇന്നത്തെ രാത്രി എടങ്ങേറായിരിക്കും. പണി തീര്‍ന്നുകഴിഞ്ഞാല്‍ ഞാനൊരു ചൂടുചായ കുടിക്കും. കൊറച്ച്‌ ദെവസത്തേക്ക്‌ പിന്നെ ഭക്ഷണമൊന്നും കഴിക്കില്ല. കുടിക്കും. പിന്നെ പൂജകള്‍ തൊടങ്ങും. വീട്ടില്‍ തിരിച്ചെത്തി ചന്ദനത്തിരികള്‍ കത്തിച്ച്‌ പരേതരായ അച്ഛനമ്മമാരോടും ദൈവങ്ങളോടും പ്രാര്‍ത്ഥിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൊറച്ചുനേരമിരിക്കും. കൊറച്ച്‌ വെള്ളമടിച്ചതുകൊണ്ടൊന്നും കാര്യമില്ല. മനസ്സമാധാനം കിട്ടാന്‍. ശരിക്കും കുടിച്ചാലേ അവന്റെ മുഖം മനസ്സീന്ന്‌ തൊടച്ചുനീക്കാന്‍ പറ്റൂ.'

ഇരുന്നുകൊണ്ട്‌ തൊഴുന്നതുപോലെ കൈകള്‍ ചലിപ്പിച്ച്‌, അവസാനം സങ്കടകരമെന്ന്‌ തോന്നിപ്പിക്കുന്ന ഈ വാക്കുകള്‍ പറഞ്ഞതിന്‌ തൊട്ടുപുറകേ, മുഖം കാമറയിലേക്കടുപ്പിച്ച്‌ ആരാച്ചാര്‍ പൊടുന്നനേ തിരക്കുകയാണ്‌:

'പോരേ, നിങ്ങളുടെ സിനിമയ്‌ക്ക്‌ പറ്റിയ ഡയലോഗുകളായില്ലേ.?' 
ഈ ചോദ്യത്തോടെ തബലയും ഹാര്‍മോണിയവും പക്കമേളവും കലര്‍ന്ന ഒരു സംഗീതം എവിടെനിന്നോ പൊടുന്നനെ ഉയരുന്നു. സംഗീതാത്മകമായി കൈ ഉയര്‍ത്തുന്ന ആരാച്ചാരില്‍ നിന്ന്‌ നേരെ ബംഗാളിലെ ഏതോ തെരുവിലെ രണ്ട്‌ ബാവുല്‍ തെരുവുഗായകരുടെ പാട്ടിന്റെ ഉച്ചസ്ഥായിയിലുള്ള ദൃശ്യങ്ങളിലേക്ക്‌ നാം തകിടം മറിയുന്നു. നിറയെ ബംഗാളി അക്ഷരങ്ങളുള്ള ബാനറുകളും പോസ്റ്ററുകളുമുള്ള ഒരുതെരുവ്‌. തത്തമ്മപ്പച്ച നിറമുള്ള കുര്‍ത്തയിട്ട താടിക്കാരനായ കറുത്ത നിറമുള്ള ഒരു യുവസംഗീതജ്ഞന്‍ ആവേശപൂര്‍വ്വം ഹാര്‍മോണിയം വായിക്കുന്നുണ്ട്‌. അയാളില്‍ നിന്ന്‌ സംഗീതാത്മകമായി തിരിയുന്ന കാമറ ആ ഹാര്‍മോണിയത്തിന്‌ പക്കമേളം നല്‍കുന്ന ചുവന്ന സാരിയും വെള്ള മുത്തുമാലകളുമിട്ട കറുത്ത യുവതിയെ കാണിച്ചുതരുന്നു. പശ്ചാത്തലത്തില്‍ ആ ഉത്‌കടസംഗീതം കേട്ട്‌ സ്വയം നഷ്ടപ്പെട്ട്‌ നില്‍ക്കുന്നുണ്ട്‌ ഒറ്റയ്‌ക്കും തെറ്റയ്‌ക്കും അമ്മൂമ്മമാരും യുവതികളും പുരുഷന്മാരും വൃദ്ധരുമടങ്ങുന്ന ഒരാള്‍ക്കൂട്ടം. പക്കമേളം അടിക്കുന്ന യുവതിയുടെ കൈകളുടെ ചലനങ്ങള്‍ക്കൊപ്പം വിലപ്പിടിപ്പില്ലാത്ത അവളുടെ വളകള്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ട്‌. ഇപ്പോള്‍ ആ യുവതി പാടുന്ന പാട്ടിന്റെ അര്‍ത്ഥഗര്‍ഭവരികള്‍ നാം പൊള്ളിക്കേള്‍ക്കുന്നു. കഴുത്തിലെ ഞരമ്പുകള്‍ പിടഞ്ഞ്‌ പൊന്തുംവിധം അവള്‍ പാടുന്ന, പരിഭാഷകള്‍ക്കതീതമായ ചുനയുള്ള ആ വരികളെ ഏകദേശം ഇങ്ങനെ ദുര്‍ബലമായി പരിഭാഷപ്പെടുത്താം: .

'..അവനെയോര്‍ത്താരു
ചങ്കുപൊട്ടാനുളളൂ
അവനവന്റെയമ്മയല്ലാതെ.
അവനെയോര്‍ത്താരു
കരയുവാനുള്ളൂ
അവനവന്റെയാം പെങ്ങളല്ലാതെ.
അവനായാരാണ്‌ പാടുവാനുള്ളൂ
ഞങ്ങളിങ്ങനെ പാടുന്ന പോലെ�' 

തൊണ്ട പൊട്ടിയെന്ന വണ്ണം പാടുന്ന, മൂക്കുകുത്തിയിട്ട ഈ യുവതിയുടെ ഗാനം തെരുവില്‍ നിറയുമ്പോള്‍, അതിന്റെ കീഴ്‌സ്ഥായികളിലൂടെ, അവരെ കാണിച്ചുകൊണ്ടുതന്നെ സംവിധായകന്റെ പശ്ചാത്തലമൊഴികള്‍ നമ്മെ മറ്റുചില കാര്യങ്ങളിലേക്ക്‌ തിരിച്ചിടും:

'നാഥാ മല്ലിക്ക്‌ (ആരാച്ചാര്‍) പറയുന്നത്‌, വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താന്‍ ഒരു തെരുവുഗായകനായിരുന്നുവെന്നാണ്‌. അയാള്‍ പറഞ്ഞ പല കഥകളില്‍ ഒന്ന്‌, തന്റെ തന്നെ തെരുവുഗാനസംഘത്തിലെ ഡ്രം വാദകനെ തനിക്ക്‌ തൂക്കിക്കൊല്ലേണ്ടി വന്നതായിരുന്നു. വധക്രമത്തിന്റെ സവിശേഷ വിവരണത്തില്‍, ഒരേ സമയം, പറയുന്നവന്റെ അതിവാചാലതയും കേള്‍ക്കുന്നവന്റെ ചെടിപ്പിക്കുന്ന ചങ്കിടിപ്പും അയാള്‍ സമാസമം തന്റെ അഭിമുഖ ആവിഷ്‌കാരത്തില്‍ സ്വയം ഉള്‍പ്പെടുത്തി. മുന്നിലെ കാമറയുടെ സാന്നിധ്യവും ഉള്‍ലഹരിയും ഇന്നത്തെ ദിവസത്തിന്‌ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത ഫീസുമെല്ലാം ചേര്‍ന്ന്‌ ആരാച്ചാരെ അയാളുടെ പ്രകടനപരതയുടെ ഉന്നതിയിലേക്കുയര്‍ത്തി.'

ആരാച്ചാര്‍ അതേ മുറിയിലിരുന്നുകൊണ്ട്‌ നിലപാട്‌ വ്യക്തമാക്കുകയാണ്‌: 'നിങ്ങളാവശ്യപ്പെട്ടതുകൊണ്ടാണ്‌ ഞാനീ ഇന്റര്‍വ്യൂ തരുന്നത്‌. ഈ തൊഴിലേയ്‌, ഞങ്ങള്‌ മൂന്നാല്‌ തലമുറകളായിട്ട്‌ ചെയ്യുന്നതാ. ഗവണ്‍മെന്റ്‌ എന്നാണോ ഇത്‌ സ്റ്റോപ്പ്‌ ചെയ്യുന്നത്‌ അന്ന്‌ ഞങ്ങള്‍ക്ക്‌ ഓഫായിരിക്കും.'

നെറ്റിയില്‍ നിന്ന്‌ വിയര്‍പ്പുചാലുകള്‍ തൂക്കുന്ന ആരാച്ചാരോട്‌ അടുത്ത ചോദ്യം:

'ഇതുവരെ എത്ര പേരെ തൂക്കിലേറ്റി?' 

'ഞാനേയ്‌, കൊറച്ചൊന്ന്‌ തണുക്കട്ടെ. പ്ലീസ്‌, ഇതെന്തൊരു ചൂടാണ്‌.' ആരാച്ചാര്‍ കട്ടിലില്‍ നിന്ന്‌ എഴുന്നേറ്റ്‌ മതി എന്ന്‌ ആംഗ്യം കാട്ടി.

'ഓക്കെ.'

'അത്‌ ഓഫാക്ക്‌.'

പക്ഷേ അത്‌ ഓഫാക്കിയിട്ടില്ല. എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ആരാച്ചാര്‍ ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്‌. മേല്‍ക്കൂരയിലെ ആസ്‌ബറ്റോസും ദൈവചിത്രങ്ങളും കാണാം:
'ഇനി ഇവിടെ പൂക്കള്‌ കൊണ്ടുവരും. ഞാന്‍ ഒരു തോര്‍ത്തുടുക്കും. ദാ ഇവിടേം അവിടേമൊക്കെ ഞാന്‍ ചന്ദനത്തിരി പുകയ്‌ക്കും. അച്ഛന്റേം കാളി മാതാവിന്റേം ചിത്രങ്ങള്‌ പൂജിക്കും. ഇനിയിപ്പോ ഞാന്‍ തുണി മാറാന്‍ പോവുകയാ. എന്താ ആ സീനും നിങ്ങള്‌ എടുക്കുന്നുണ്ടോ, ഓക്കെ.?' 

ആ പരിഹാസത്തിന്റെ തുടര്‍ച്ചയില്‍ ആരാച്ചാര്‍ ഇപ്പോള്‍ മുറിയുടെ വശത്തുനില്‍ക്കുന്ന സംവിധായകന്റെ നേരേ ക്ഷുഭിതമായി തിരിയുകയാണ്‌:

'ഇത്രെത്രത്തോളമാ നിങ്ങള്‌ ഷൂട്ട്‌ ചെയ്യാന്‍ പോകുന്നത്‌.
ഒരു മുഴുനീള സിനിമയെടുക്കാന്‍ പോവുകയാണോ. ഏ..'

വീണ്ടും മുറിയുടെ മറ്റൊരുഭാഗത്തേക്ക്‌ നോക്കിക്കൊണ്ട്‌, സംവിധായകനെ ഉദ്ദേശിച്ച്‌ ആരാച്ചാരുടെ ദേഷ്യമൊഴി:
'..കൊറേ നേരമായി എന്നെ ദ്രോഹിച്ച്‌ ശല്യപ്പെടുത്തുന്നു. ദേ, ഇയാളുണ്ടല്ലോ ദെവസങ്ങളായി എന്റെ പെറകേയാ.' ആരാച്ചാരുടെ
അടിവയറിന്‌ കീഴെയാണെന്ന്‌ തോന്നുന്നു ഇപ്പോള്‍ കാമറ. നിവര്‍ന്നു നില്‍ക്കുന്ന അയാളുടെ വലിയവയറില്‍ പുള്ളികുത്തിക്കിടക്കുന്ന വിയര്‍പ്പുകണികകള്‍ കാണാം. മറ്റാരോ ആരാച്ചാരോട്‌ പറയുന്നുണ്ട്‌:

'അത്‌ അയാള്‍ക്ക്‌ നിങ്ങളെ സ്‌നേഹമുള്ളതുകൊണ്ടല്ലേ�' ഇതുപറഞ്ഞയാളെ നമ്മള്‍ക്കിപ്പോള്‍ കാണാം. മുറിയിലെ ആരോ ആണയാള്‍: 

'എന്നുവച്ചിട്ട്‌�അവന്‍ ഇതുവച്ച്‌ ലക്ഷക്കണക്കിന്‌ രൂപയുണ്ടാക്കും.'

ആരാച്ചാര്‍ വീണ്ടും നെറ്റിയില്‍ ചാലിടുന്ന വിയര്‍പ്പുതുള്ളികള്‍ വടിച്ചെടുക്കുമ്പോള്‍ മുറിയിലെ ആ മറ്റേയാളുടെ ശബ്‌ദം: 'ഏയ്‌, അങ്ങനെയൊന്നുമല്ലെന്നേ, അയാള്‌ അയാളുടെ ജോലി ചെയ്യുന്നു, നിങ്ങളുടെയായാലും അയാളുടെയായാലും രണ്ടും ഒന്നുതന്നെ. ഭൂമി ഉരുണ്ടതല്ലേ, എല്ലാവരും എവിടെയെങ്കിലും വച്ച്‌ കാണാനൊള്ളതല്ലേ.'

വിയര്‍പ്പുതുടച്ചുകൊണ്ട്‌ ആരാച്ചാര്‍ക്ക്‌ കൃത്യമറുപടിയുണ്ട്‌:
'പക്ഷേ ഞാനുണ്ടല്ലോ ഇവിടെ ഒരു കൊരങ്ങനെപ്പോലെ ഡാന്‍സ്‌ ചെയ്യുകയാ.'

'ഹഹഹ, എനിക്കാ പോയിന്റ്‌ പിടികിട്ടി.'

'ഇതുകണ്ടോ, ഞാന്‍ വെട്ടിവിയര്‍ക്കുകയാ. ഇതിന്‌ പ്രതിഫലം തരുമോ.?

മുറിയിലെ ആ മറ്റേയാളുടെയാണ്‌ മറുപടി: 'തീര്‍ച്ചയായും'.

'സത്യം?' നെറ്റിയിലെ വിയര്‍പ്പ്‌ ഒന്നുകൂടി ആഞ്ഞുതുടച്ചുകൊണ്ട്‌, ആരാച്ചാര്‍ ഇപ്പോള്‍ ഈ ചോദ്യം സംവിധായകനിലേക്ക്‌ തിരിച്ചുവിടുകയാണ്‌:

'ഈ വിയര്‍പ്പ്‌ പൊഴിക്കുന്നതിന്‌ പ്രതിഫലം കിട്ടുമോ ഇല്ലയോ?'

ആരുടെയോ മറുപടി: 'കിട്ടും'.

'ഇപ്പോഴത്തേക്ക്‌ ഇത്‌ മതി. ഞാന്‍ വെയര്‍ത്ത്‌ കുളിച്ചു', 'ഹൊ' എന്നു പറഞ്ഞ്‌ മുറിക്ക്‌ പുറത്തേക്ക്‌ വിയര്‍ത്തുകുളിച്ചിറങ്ങുകയാണ്‌ ആരാച്ചാര്‍. വാതിലില്‍ തൂക്കിയിട്ടിരുന്ന വലിയ ചുവന്ന കള്ളികളുള്ള വെളുത്ത തോര്‍ത്തെടുത്ത്‌ അയാള്‍ പുറം തുടയ്‌ക്കുന്നുമുണ്ട്‌. അത്രയും നേരം മുറിക്കകത്ത്‌ അധികമാരും കാണാതെ തൂക്കിയിട്ടിരുന്ന സംവിധായകന്റെ നീണ്ട ഗണ്‍മൈക്കും ആരാച്ചാര്‍ക്കൊപ്പം ആയാസപ്പെട്ട്‌ പുറത്തിറങ്ങി അപ്രത്യക്ഷമാവുന്നുണ്ട്‌. 

ദൃശ്യങ്ങള്‍ വീണ്ടും തെളിയുമ്പോള്‍, ഒരു റേഡിയോ ഗാനത്തിന്റെ ഈരടികള്‍. 'പ്യാര്‌, പ്യാര്‌, ന കഹാ, സിന്തഗീ മേ സിവാ, എന്ന ഈ ഈരടികള്‍ക്കൊപ്പം ഇത്രനേരം നമ്മള്‍ കണ്ടുകൊണ്ടിരുന്ന അതേ മുറിയുടെ മറ്റൊരു കോണില്‍ വിഷണ്ണഭാവത്തിലിരിക്കുകയാണ്‌, ആരാച്ചാര്‍ നാട്ട മല്ലിക്കും മകന്‍ മഹാദേവ്‌ മല്ലിക്കും. ആരാച്ചാര്‍ ഇപ്പോള്‍ ഒരു വെള്ള ടീഷര്‍ട്ടിട്ടുണ്ട്‌. ചുവന്ന കളളികളുള്ള വെളുത്ത തോര്‍ത്ത്‌ കഴുത്തിലുണ്ട്‌. ആരാച്ചാരുടെ അല്‌പം പിറകില്‍ കസേരയില്‍ ചാഞ്ഞിരിക്കുകയാണ്‌ മകന്‍. നരച്ച ഒരു ടീഷര്‍ട്ട്‌ മകനുമുണ്ട്‌. പാട്ട്‌ കേട്ടിട്ടാണോയെന്നറിയില്ല വല്ലാതെ ഉലയ്‌ക്കുന്ന ആരാച്ചാരുടെ കാലുകളില്‍ നിന്ന്‌ നേരേ മുഖത്തുവന്ന്‌ നില്‍ക്കുമ്പോള്‍ പാട്ടിനൊപ്പം ആ മുറിയിലെയും സമീപ മുറികളിലെയും പുറത്തെയും പലതരം ആളുകളുടെ ശബ്‌ദകോലാഹലങ്ങളും കരയുന്ന ചില കുട്ടികളുടെ ഒച്ചകളും ഇടചേരുന്നുണ്ട്‌. അതെല്ലാം ആരാച്ചാരുടെ മുഖത്തുവന്നലയ്‌ക്കുന്നുമുണ്ട്‌. പകുതി വലിച്ച ഒരു സിഗരറ്റിന്റെ ശേഷപ്പുക ആഞ്ഞുവലിക്കുന്നു ആരാച്ചാര്‍. ആ പുക ചെന്നുപടരുന്നത്‌ മകന്റെ മുഖത്ത്‌. 'ദോസ്‌ത്‌ ദോസ്‌ത്‌ നാ രഹാ, പ്യാര്‌ പ്യാര്‌ നാ രഹാ' എന്ന്‌, കവിളില്‍ കൈ കൊടുത്തിരിക്കുന്ന മകന്റെ മുഖഭാവത്തിന്‌, ഇപ്പോള്‍ പുക പടര്‍ന്ന പശ്‌ചാത്തല റേഡിയോ ഗാനം. ജീവിതത്തെക്കുറിച്ചുള്ള, സൗഹൃദത്തെക്കുറിച്ചുള്ള ഈ ഗാനത്തില്‍ പല തലങ്ങളില്‍ പ്രതിഷ്‌ഠിക്കപ്പെടുകയാണ്‌ ആരാച്ചാരുടെ മകന്‍ മഹാദേവിന്റെ മുഖം. അപ്പോള്‍ ആരാച്ചാരുടെ വക സംവിധായകനോടാണെന്ന്‌ തോന്നുന്നു ഒരു നിര്‍ദ്ദേശം: 

'എന്താ, ഞാന്‍ എന്റെ മോനോട്‌ സംസാരിക്കണോ?'

സംസാരിക്കണമോ വേണ്ടയോ എന്താണ്‌ ഉത്തരമെന്ന്‌ നമ്മള്‍ക്കറിയില്ല. തത്ത്വദര്‍ശനപരമായ ആ ഗാനം നല്‍കുന്ന സവിശേഷമായ അര്‍ത്ഥഗര്‍ഭ മൂഡില്‍ ഇരിക്കുന്ന അച്ഛനെയും മകനെയും കുറച്ചുനേരം കൂടി പലകോണുകളില്‍ കാണാം. ചുമരില്‍ ആരാച്ചാരുടെ അച്ഛന്റെയോ മറ്റോ ആണെന്ന്‌ തോന്നുന്നു ഒരു ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം. അതിലേക്ക്‌ ഒന്നു നോക്കിപ്പോയിവരുമ്പോള്‍, വാച്ചിലേക്ക്‌ നോക്കിയ ശേഷം കവിള്‍പ്പുക മേല്‍ക്കൂരയിലേക്ക്‌ ഊതിയിട്ട്‌, മകന്‍ മഹാദേവിനോട്‌ ഉപദേശരൂപേണ സംസാരിച്ചുതുടങ്ങുകയാണ്‌ ആരാച്ചാര്‍. അത്രയും നേരം തലയ്‌ക്ക്‌ കയ്യും കൊടുത്ത്‌ വിഷണ്ണനായിരിക്കുകയായിരുന്ന മഹാദേവ്‌ തലയില്‍ നിന്ന്‌ കയ്യെടുക്കാതെതന്നെ അച്ഛന്റെ ശബ്‌ദം കേട്ട്‌ നോക്കുന്നുണ്ട്‌. കാമറയുണ്ടെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ, ഇടയ്‌ക്ക്‌ മാത്രം മഹാദേവിനെ നോക്കിയും പലപ്പോഴും ചുറ്റുപാടുമുള്ളവരെ അലക്ഷ്യം നോക്കിയുമുള്ള സംഭാഷണം. ഈ സംഭാഷണത്തിലുടനീളം നമ്മള്‍ക്ക്‌ പശ്ചാത്തലത്തില്‍ അത്‌ കേട്ടിരിക്കുന്ന മകനെയും കാണാം:

'ദാ, സമയം അടുത്തുകൊണ്ടിരിക്ക്യെണ്‌. എത്രേം പെട്ടെന്ന്‌ ഇവിടെ ചെയ്യാനുള്ളതെല്ലാം തീര്‍ക്കണം. എന്നിട്ട്‌ നീ ഭക്ഷണം കഴിച്ച്‌, വേഷം മാറി റെഡിയാവണം. ഒരു മണിക്ക്‌ ഇവിടെ പോലീസുകാര്‌ വരും. എനിക്കും ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. പ്രാര്‍ത്ഥിക്കണം. നീയും 
കൂടെ വന്ന്‌ അപ്പൂപ്പനേം കാളിമാതാവിനേം തൊഴണം. ഇവരെല്ലാം പോയിക്കഴിഞ്ഞാല്‍ കാളിമാതാവിനേം അപ്പൂപ്പനേം തൊഴണംട്ടോ. എല്ലാം ഞാന്‍ പറഞ്ഞപോലെ ചെയ്യുക. ഞാന്‍ മരിച്ചുകഴിഞ്ഞാലും ഇതെല്ലാം ഇങ്ങനെവേണം ചെയ്യാന്‍. ദൈവമാണ്‌ നീ ചെയ്യുന്ന കര്‍മ്മങ്ങളുടെയൊക്കെ വിധികര്‍ത്താവ്‌. ഭാരമെല്ലാം അവിടെ ഇറക്കിവച്ചിട്ട്‌, സര്‍ക്കാര്‌ പറഞ്ഞ ജോലി ചെയ്യ്‌. പരിഭ്രമിക്കേണ്ട കേട്ടോ.'

പരിഭ്രമിക്കേണ്ടതില്ല എന്ന വാക്കുകള്‍ക്കുമേല്‍ അല്‌പം പുഞ്ചിരിപടര്‍ന്ന മഹാദേവിന്റെ മുഖം നമ്മള്‍ക്ക്‌ കാണാം. ആരാച്ചാരോട്‌ ഈ ഘട്ടത്തില്‍ സംവിധായകന്‌ എന്തോ ചോദിക്കാനുണ്ട്‌: 

'നിങ്ങള്‍ പറഞ്ഞല്ലോ, 1991ല്‍ നിങ്ങളുടെ സഹായികള്‍ പരിഭ്രമിച്ച്‌ ബോധംകെട്ട്‌ വീണെന്ന്‌?'

അല്‌പം ചരിഞ്ഞ പ്രതലത്തില്‍ കാണാവുന്ന വിധത്തില്‍ മകന്റെ മുമ്പിലിരുന്നുകൊണ്ടാണ്‌ ആരാച്ചാരുടെ ഉത്തരം:

'അവര്‌ പുതുക്കക്കാരായിരുന്നു. രണ്ട്‌ തൂക്കും ഒരുമിച്ചായിരുന്നു. ഞാനീ പിള്ളാരെയാണ്‌ കൂട്ടിയത്‌. അവരില്‍ മൂന്നുപേരെക്കൊണ്ട്‌ വലിയ പ്രതീക്ഷയില്ലായിരുന്നു. ഒരുത്തന്‍ കൊഴഞ്ഞുവീണു. ഒരുത്തന്റെ മൊഖം വെയര്‍ത്തൊലിച്ചു. മറ്റൊരുത്തനുണ്ടല്ലോ വിളറി വെളുത്ത്‌, കൃഷ്‌ണമണികളൊക്കെ മേലോട്ട്‌ പോയി. മൂന്നെണ്ണത്തിനേം ഞാനൊരരികിലേക്ക്‌ മാറ്റി. പക്ഷേങ്കില്‌ ബാക്കിയൊള്ള രണ്ടുപയ്യന്മാരുണ്ടല്ലോ, അവര്‌ പുലികളെപ്പോലെ പണിയെടുത്തു. മഹാദേവ്‌ മല്ലിക്കും രാജു മല്ലിക്കും. ഇവര്‌ രണ്ടുപേരുമാണ്‌ ടെസ്റ്റ്‌ പാസായത്‌. ഇതിപ്പോ ഇവര്‍ക്ക്‌ കിട്ടിയിരിക്കുന്ന രണ്ടാമത്തെ പണിയാ. മണല്‍ച്ചാക്കുകള്‌ വച്ച്‌ നാലുതവണ ഡമ്മി പരിശീലനം നടത്തിയപ്പഴും ഇവര്‌ എന്നെപ്പോലെത്തന്നെ പണിയെടുത്തു. ഐജീടേം ഡിഐജീടേം മുമ്പില്‍വച്ച്‌ മഹാദേവുണ്ടല്ലോ ഒറ്റയ്‌ക്കാണ്‌ കാര്യം നടത്തിയത്‌. വേറെ രണ്ട്‌ പയ്യന്മാര്‌ ഇതാദ്യമായിട്ടാണ്‌. എന്റെ രണ്ട്‌ പേരക്കിടാങ്ങള്‌, എന്റെ കൂടെത്തന്നെയാ നാല്‌ ദെവസം മണല്‍ച്ചാക്ക്‌ വച്ച്‌ പരിശീലിച്ചത്‌. അവര്‌ട മൊഖത്ത്‌ നോക്കിയപ്പോ എനിക്ക്‌ മനസ്സിലായി ഞങ്ങള്‍ടെ രക്തത്തിലൊള്ള ആ ഇത്‌ അവര്‍ക്കുണ്ടെന്ന്‌.'

ആരാച്ചാരുടെ മകന്‍ മഹാദേവിനോട്‌ സംവിധായകന്റെ വക മറ്റൊരു ചോദ്യം. പതിവുപോലെ ഇപ്പോഴും ചോദ്യം ചോദിക്കുന്നയാളെ നാം കാണുന്നതേയില്ല. ആരാച്ചാരും മഹാദേവും മാത്രമാണ്‌ മുന്നില്‍. 

'മഹാദേവ്‌ജി, 1991ല്‍ താങ്കളെന്തോ ചെയ്‌തെന്ന്‌ പറഞ്ഞല്ലോ, അതേപ്പറ്റിയൊന്ന്‌ പറയാമോ?'

കള്ളിമുണ്ടുടുത്ത്‌ ടീഷര്‍ട്ടുമിട്ട്‌ കട്ടിലില്‍ അല്‌പം ചാരിക്കിടന്ന്‌ ഉത്തരം പറഞ്ഞുതുടങ്ങുന്ന മഹാദേവിനരികിലേക്ക്‌ കാമറ അല്‌പം നിരങ്ങിച്ചെല്ലുന്നുണ്ട്‌: 

'1991ല്‍, അന്നെനിക്ക്‌ അവിടെപ്പോകാന്‍ ഭയങ്കര ഇച്ഛയായിരുന്നു. അച്ഛന്‍ പറഞ്ഞു, ഇത്‌ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റണ പണിയല്ലെന്ന്‌.. എന്റെ മോനേ, നീ പോകണ്ടാന്ന്‌ പറഞ്ഞു അച്ഛന്‍; ഇല്ല, പോകുമെന്ന്‌ ഞാനും. 1987 ല്‍ നടന്ന പരിശീലനങ്ങളിലൊക്കെ ഞാനും പോയിരുന്നു. പക്ഷേ അന്ന്‌ വധശിക്ഷ റദ്ദാക്കി. 1991ല്‍ തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോയി. എനിക്ക്‌ വല്യ ആത്മവിശ്വാസമൊന്നുമുണ്ടായിരുന്നില്ല. ഇതെങ്ങനെ എന്നെ ബാധിക്കുമെന്ന്‌ സംശയങ്ങളുമുണ്ടായിരുന്നു ഇഷ്ടംപോലെ. പക്ഷേണ്ടല്ലോ, തൂക്കുതറേല്‍ നിന്നപ്പോ, ഒരു പ്രശ്‌നോം തോന്നീല. എന്തും ചെയ്യാന്‍ പറ്റുംന്നാണ്‌ ഉള്ളീത്തോന്നിയത്‌.'

ഹിംസാനുഭവത്തെപ്പറ്റിയുള്ള മകന്റെ ഈ ആത്മവിശ്വാസവിവരണം കാര്യഗൗരവത്തോടെ കേട്ടിരിക്കുന്ന ആരാച്ചാരെക്കൂടി നമ്മള്‍ക്ക്‌ ഇപ്പോള്‍ കാണാം. നിലത്ത്‌ കാലുകള്‍ ശക്തമായി ഉലച്ചുകൊണ്ടാണ്‌ ഇരിപ്പെന്ന്‌ ആരാച്ചാരുടെ മുഖത്തെ കുലുക്കം കാണുമ്പോളറിയാം. മഹാദേവ്‌ തുടരുകയാണ്‌ കൊലക്കഥ:

'ഒരു പേടീമില്ലാതെ എല്ലാം നന്നായി ചെയ്‌തു. പുള്ളിക്കാരന്‍ വന്നു. ഞാന്‍ കാലും കയ്യും കെട്ടി. മുറുക്കെപ്പിടിച്ച്‌ ഞാന്‍ നീക്കിനിര്‍ത്തിക്കൊടുത്തു. അച്ഛന്‍ തലയിലേക്ക്‌ തൊപ്പിയിട്ട്‌ പുറമേക്കൂടി കുരുക്കുമിട്ടു. പിന്നെ ഹാന്‍ഡില്‍ വലിച്ചു, അയാള്‍ വീണു. എന്നുമാത്രമല്ല, വീണഭാഗത്തേക്ക്‌ താഴേക്ക്‌ നോക്കുക കൂടി ചെയ്‌തു ഞാന്‍. സാധാരണ അങ്ങനെ ആരും ചെയ്യാറില്ല'

മഹാദേവ്‌ തന്റെ മഹാധൈര്യാനുഭവം ഇങ്ങനെ അച്ഛനോളം ആവേശപൂര്‍വ്വമല്ലെങ്കിലും പറയുന്നതിനിടെ മഹാദേവിന്റെ രൂപത്തിന്‌ മേല്‍ സുതാര്യമായി ഒരു തൂക്കുപലക നാം കണ്ടുതുടങ്ങുന്നു. കൃത്യമായും കൊല്ലാനുള്ള പുള്ളിയെ നിര്‍ത്തേണ്ട വട്ടംവരച്ച്‌ മാര്‍ക്ക്‌ ചെയ്‌ത ഇടം. അച്ഛനരികിലിരുന്ന്‌ സംസാരിക്കുന്ന മഹാദേവില്‍ നിന്ന്‌ ഇതാദ്യമായി ഇത്രയും നേരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന സംവിധായകന്‍ ജോഷിജോസഫിലേക്ക്‌ അല്‌പനിമിഷങ്ങള്‍ ഇപ്പോള്‍ കാമറ മനപ്പൂര്‍വ്വമല്ലാതെ നീങ്ങുന്നുണ്ട്‌. മുഷിഞ്ഞ നീല ജീന്‍സ്‌ ഷര്‍ട്ടും ഇടത്തേ തോളില്‍ ഏതോ തോള്‍സഞ്ചിയുടെ കറുത്ത സ്‌ട്രാപ്പുമായി, നിലത്തേക്കോ തറയിലേക്കോ മറ്റോ നോക്കുകയാണ്‌ ബുള്‍ഗാന്‍ താടിയുള്ള അയാള്‍. പിറകിലെ നിലക്കണ്ണാടിയില്‍ എതിര്‍വശത്തെ, ചിത്രങ്ങളും ശബ്‌ദം പിടിച്ചെടുക്കാനുള്ള കാമറാസംഘത്തിന്റെ മൈക്ക്‌ തൂക്കിയിട്ടിരിക്കുന്ന ലോഹദണ്ഡും കാണാം. ഈ ദൃശ്യങ്ങള്‍ക്കുമുകളിലും മഹാദേവിന്റെ ശബ്‌ദം ഉയരുകയാണ്‌.

'താഴെ കുരുക്ക്‌ മുറുകി ബോഡി പെടയ്‌ക്കുന്നത്‌ കണ്ടാല്‍ പലരും പേടിക്കും. ഞാന്‍ അതുകൂടി നോക്കി. ഒരു പേടിയും തോന്നീല'.

അധികം വൈകാതെ സംവിധായകന്‍ ഇരുവരെയും നോക്കുന്ന മുറയ്‌ക്ക്‌ നാം അവരുടെ മുഖത്തുതന്നെ തിരിച്ചെത്തുകയും മാര്‍ക്ക്‌ ചെയ്‌ത തൂക്കുപലകയുടെ ലയിക്കപ്പെട്ട ദൃശ്യം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. മഹാദേവ്‌ തുടരുകയാണ്‌: 

'പക്ഷേ ശരിയാ, ആ മനുഷ്യന്‍ വീണപ്പോള്‍, ഹൃദയം കൊണ്ട്‌ ഞാന്‍ വേദനിച്ചു. കാരണം, ഒരു നിമിഷം മുമ്പുവരെ ജീവനോടെയുണ്ടായിരുന്ന ഒരു മനുഷ്യന്‍ ഇപ്പോള്‍ മരിച്ചിരിക്കുകയാണ്‌. നമ്മള്‌ അങ്ങനെയൊക്കെ ചെയ്‌തു. കൊന്നു. ഇപ്പോ എന്നിട്ടെന്തായി, നോക്കൂ, ഉള്ളില്‍ നിറയെ ദു:ഖം.'

ഇപ്പോള്‍ ഇതെല്ലാം കേട്ടിരിക്കുന്ന ആരാച്ചാര്‍ സ്വന്തം ചെവിയില്‍ പിടിച്ച്‌ വലിക്കുന്നുണ്ട്‌. മഹാദേവിന്റെ വിയര്‍പ്പുപൊടിഞ്ഞ സമീപമുഖത്തുനിന്ന്‌ നാം ഇങ്ങനെയും കേള്‍ക്കുന്നു:

'എന്തായാലും ഞാന്‍ ഒരാളെ കൊല്ലാന്‍ പോവുകയാണ്‌. അതത്ര നല്ലതല്ല. പക്ഷേ, ഈ മനുഷ്യന്‍ ഇതുപൊലൊരു കാര്യം ചെയ്‌ത 
സ്ഥിതിക്ക്‌ ഞാന്‍ അതിന്‌ നിര്‍ബന്ധിതനാവുകയാണ്‌. ഇത്‌ സര്‍ക്കാരിന്റെ ഉത്തരവല്ലേ'.

ഇപ്പോള്‍, ചുവന്ന കള്ളികളുള്ള വെളുത്ത തോര്‍ത്തുമുണ്ട്‌, താനുടുത്തിരിക്കുന്ന ലുങ്കിക്കുമേല്‍ ചുറ്റി, അകത്തെ മുണ്ട്‌ മാറ്റി, തേര്‍ത്തിലേക്ക്‌ മാറുകയാണ്‌ ആരാച്ചാര്‍. ഇടയ്‌ക്ക്‌ പൂര്‍ണ്ണനഗ്നനായ അയാളുടെ അരയിലെ കറുത്ത ചരടും ചന്തികളും കാണാം. അത്‌ കാണുമ്പോള്‍ നാം കേള്‍ക്കുന്നത്‌ മഹാദേവിന്റെ ഈ വാക്കുകള്‍:

'ഞങ്ങളിത്‌ ചെയ്യുന്നില്ല എന്നുവയ്‌ക്കുക. ഗവണ്‍മെന്റ്‌ ഇത്‌ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കും.'

ഇപ്പോള്‍ നേരത്തേ കണ്ടതുപോലെ ദൃശ്യങ്ങള്‍ ഇടയ്‌ക്കിടെ മരവിച്ചതുപോലെ നില്‍ക്കുകയും വീണ്ടും ചലിക്കുകയും പിന്നെയും മരവിക്കുകയും വീണ്ടും ചലിക്കുകയുമാണ്‌. മാറിയുടുത്ത തോര്‍ത്ത്‌ അച്ഛന്‍ അരയില്‍ ഉറപ്പിക്കുന്നതിനിടയില്‍ പൂര്‍ത്തിയാവുന്ന മകന്‍ മഹാദേവിന്റെ മൊഴികള്‍:

'അതുകൊണ്ട്‌, തലമുറകളായി ചെയ്യുന്ന കാര്യം മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.'

നിശിതമായ സംഗീതത്തിനൊപ്പം, ആരാച്ചാര്‍ എഴുന്നേറ്റ്‌ നിന്ന്‌ എന്തൊക്കെയോ ചെയ്യുന്നു. ഇടയ്‌ക്ക്‌ പിടിച്ചുനിര്‍ത്തുകയും പിന്നെ വിമോചിപ്പിക്കുകയും ചെയ്യുന്ന ദൃശ്യസാങ്കേതികതയില്‍, അയാള്‍ ഭിത്തിയിലെ പൂജാഫോട്ടോകള്‍ക്കരികില്‍ നിന്ന്‌ എന്തൊക്കെയോ എടുക്കുന്നു. ഒരു പൂജയ്‌ക്കുള്ള ഒരുക്കം പോലെ. ഈ ശകലിത ദൃശ്യങ്ങള്‍ക്കുമേല്‍ സംവിധായകന്റെ പശ്ചാത്തലവിവരണം ഇങ്ങനെ: 

'അധികം വൈകാതെ, എന്റെ സുഹൃത്തും കാമറാമാനുമായ റസാഖ്‌ കോട്ടയ്‌ക്കല്‍ മിക്കവാറും ആരാച്ചാരുടെ പിടിയിലായി. പാവം റസാഖ്‌ കുടുങ്ങി, എനിക്കും ആരാച്ചാര്‍ക്കും ഇടയില്‍'.

സംവിധായകന്‍ ഇപ്പോള്‍ മുറിക്ക്‌ പുറത്തായി എന്നു തോന്നിക്കുംവിധം മുറിക്കകത്ത്‌ പൂജയ്‌ക്കൊരുങ്ങുന്ന വിധത്തില്‍ ആരാച്ചാരും വാതിലിനോട്‌ ചേര്‍ന്ന്‌ കാമറാസംഘത്തിന്റെ മൈക്കും അപ്രത്യക്ഷമായി.

ഇടവിടാത്ത മണികിലുക്കത്തിന്റെ മൂര്‍ച്ചയോടെ ഇരുള്‍ മാറി വെളിച്ചം പരക്കുമ്പോള്‍ വമ്പന്‍ മന്ത്രോച്ചാരണങ്ങളോടെ പൂജ നടത്തുകയാണ്‌ ആരാച്ചാര്‍. ഇരുകൈകളും കൂപ്പിക്കൊണ്ട്‌ എഴുന്നുനില്‍ക്കുന്ന അയാളുടെ പാര്‍ശ്വശരീരത്തില്‍ നിന്നുയരുന്ന മന്ത്രോച്ചാരണങ്ങള്‍ക്ക്‌ ഒരു രഥഘോഷയാത്രയുടെ പടഹധ്വനിയുടെ അകമ്പടിയുമുണ്ട്‌: 

'ഹര ഹര മഹാദേവ, ഹര ഹര മഹാദേവ
ശിവ ശംഭോ, കൈലാസപതേ, ഭോല്‍നാഥാ,
എന്നെ അനുഗ്രഹിക്കണേ ദൈവമേ,
ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന കര്‍മ്മത്തിന്‌
ഞങ്ങളോട്‌ ക്ഷമിക്കണേ, ക്ഷമിക്കണേ'

വിടര്‍ന്ന തൊഴുകൈകളുമായി പൂജാചിത്രങ്ങളില്‍ നിന്ന്‌ പൂജാചിത്രങ്ങളിലേക്ക്‌ തെന്നിമാറുന്ന ആരാച്ചാരെ ആ മുറിയുടെ പരിമിതമായ വലുപ്പത്തെയും മറികടന്ന്‌ പുതിയ പുതിയ കോണുകള്‍ കണ്ടെത്തി വിഭ്രമിപ്പിക്കുംവിധം നവീകരിക്കുന്നുണ്ട്‌ കുടുങ്ങിപ്പോയ ഛായാഗ്രാഹകന്‍ റസാഖ്‌ കോട്ടയ്‌ക്കല്‍. മന്ത്രോച്ചാരണം ഇപ്പോള്‍ അതിന്റെ വിശിഷ്ടമായ ഔന്നത്യത്തിലാണ്‌:

'എന്റെ കൈകളാല്‍ മരിക്കാന്‍ പോകുന്നവന്‌
ശാന്തി കിട്ടണേ, അവന്റെ ആത്മാവിനെ കാക്കണേ'

ഇലകളും പൂക്കളും കയ്യിലെ പ്ലാസ്റ്റിക്‌ കൂടില്‍ നിന്ന്‌ എടുത്ത്‌ പരമശിവന്‍ അടക്കമുള്ള പൂജാചിത്രങ്ങളില്‍ പ്രതിഷ്‌ഠിക്കുകയാണ്‌ തോര്‍ത്തുടുത്ത്‌ ആരാച്ചാര്‍. അല്‌പം ഉച്ചസ്ഥായിയിലെ രഥഘോഷങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ഈ രംഗത്തെ സംവിധായകന്‍ വഴിതിരിച്ചുവിടുന്നത്‌ ഈ പശ്ചാത്തലപ്പേശലിലൂടെ: 

'ഇപ്പോള്‍ ആരാച്ചാര്‍ക്കും കുററവാളിക്കും ഇടയില്‍ കുടുങ്ങിയിരിക്കുന്നത്‌ കാളീ ദേവതയാണ്‌. റസാഖിന്‌ നന്നായി മനസ്സിലാവുന്ന ഒരു വൈപരീത്യം. ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ നിന്നുള്ള വിഹ്വലമായ ചില പ്രാര്‍ത്ഥനകള്‍ ഇപ്പോള്‍ സ്വന്തം ജീവന്‌ വേണ്ടി അപേക്ഷിക്കുകയാണ്‌. പക്ഷേ ജീവനെടുക്കാന്‍ പോകുന്നയാളാകട്ടെ, വിശദവും വിസ്‌തൃതവുമായ അനുഷ്‌ഠാനങ്ങള്‍ കൊണ്ട്‌ കുറ്റവാളിയുടെ ആത്മാവിന്‌ ഇപ്പോള്‍ത്തന്നെ ശാന്തി അപേക്ഷിക്കുന്നു.'

പുതിയ പുതിയ ഫോട്ടോകള്‍ക്കു മുന്നില്‍ പുതിയ പുതിയ അഭിസംബോധനാവാക്യങ്ങളുമായി ആരാച്ചാര്‍ സമര്‍ത്ഥനായ ഒരു പൂജാരിയായി പകര്‍ന്നാടുകയാണ്‌. ഒപ്പം ആ പ്രാര്‍ത്ഥനാനുഷ്‌ഠാന ഘോഷങ്ങള്‍ക്കിടയിലൂടെ 'യാ ദേവീ സര്‍വ്വഭൂതേഷൂ, നിദ്രാരൂപേണ സംസ്ഥിതാ, നമസ്‌തസൈ്യ, നമസ്‌തസൈ്യ, നമസ്‌തസൈ്യ നമോ നമ:' എന്ന പ്രശസ്‌തമായ മന്ത്രവും മറ്റാരുടെയോ ശബ്‌ദത്തില്‍ കേള്‍ക്കാം.

'മാ കാളീ മഹത്വവതീ, കൊല്‍ക്കത്തയുടെ രാജ്ഞീ,
ശിവശംഭോ മഹാദേവ, കാളീഘട്ട്‌ ശ്‌മശാനത്തിന്‍
കാവലാളാം തമ്പുരാനേ,
മഹാ വിഷ്‌ണു ജയ ജയ
ലക്‌ഷ്‌മീ നാരായണ ജയ
ബ്രഹ്മാ വിഷ്‌ണു മഹേശ്വര
ഇഷ്ട ദേവതേ, മൃത്യുദേവതേ, 
വ്യാധി ദേവതേ, സമ്പദ്ദേവതേ'

മുറിക്കകത്ത്‌ പുകയുന്ന ഒരു കെട്ട്‌ ചന്ദനത്തിരികള്‍ ഇരുകൈകളാലും ചേര്‍ത്തുപിടിച്ച്‌ സകലദൈവചിത്രങ്ങള്‍ക്കും ജയം നേര്‍ന്നും സ്വയം വട്ടം തിരിഞ്ഞും മന്ത്രോച്ചാരണം ചെയ്‌തുകൊണ്ടിരുന്ന ആരാച്ചാരുടെ ശബ്‌ദം പതുക്കെ താഴുകയും യാ ദേവീ എന്നുതുടങ്ങുന്ന പശ്ചാത്തല മന്ത്രോച്ചാരണം ഉച്ചസ്ഥായിയിലാവുകയും ചെയ്യുന്നു ഇപ്പോള്‍. പുകയുന്ന ചന്ദനത്തിരികള്‍ അതേനിലയില്‍ പിടിച്ചുകൊണ്ട്‌ വെള്ളക്കുമ്മായം പൂശിയ വീടിന്റെ മുന്നാമ്പുറത്തിറങ്ങി പ്രാര്‍ത്ഥനതുടരുകയാണ്‌ ആരാച്ചാര്‍. നിമിഷങ്ങളോളം നീണ്ട അനുഷ്‌ഠാനങ്ങള്‍ക്കുശേഷം, ചന്ദനത്തിരി വീട്ടുവാതിലിന്റെ മേല്‍ക്കട്ടിളയില്‍ തിരുകി അകത്തേക്കുകടക്കുന്ന ആരാച്ചാര്‍ക്കൊപ്പം യാ ദേവീ മന്ത്രവും അലിഞ്ഞുതീരുന്നു.

ഇരുളില്‍ ഇപ്പോള്‍ ഒരു ഭക്തിഗാനത്തിന്റെ പതിഞ്ഞ ഈരടിക്ക്‌ മെല്ലെ ജീവന്‍ വയ്‌ക്കുന്നു. ഇരുളില്‍ എഴുതിക്കാണിക്കുന്ന അക്ഷരങ്ങള്‍ സമയം രാവിലെ 11. 15 ആണെന്ന്‌ പറയുന്നു. അതേ പഴയ മുറിയില്‍ ഇപ്പോള്‍ ആരാച്ചാര്‍ ഒറ്റയ്‌ക്കേയുള്ളുവെന്ന്‌ തോന്നുന്നു. ഇരുമ്പലമാരയ്‌ക്കരികിലെ കസേര നീക്കിയിട്ട്‌, ചാവി കൊണ്ട്‌ തുറന്ന്‌ അലമാരയ്‌ക്കകത്തേക്ക്‌ കൈനീട്ടി എന്തോ തിരയുകയാണ്‌ ആരാച്ചാര്‍. കുറച്ചുനേരമായിട്ടും അത്‌ കിട്ടുന്നില്ല. പുറമേയ്‌ക്ക്‌ കാണുന്ന ശരീരം 
വിയര്‍പ്പുപൊടിയുന്നുണ്ട്‌. പശ്ചാത്തലത്തില്‍ റേഡിയോയില്‍ നിന്നോ മറ്റോ കേള്‍ക്കുന്ന ബംഗാളി ഭക്തിഗാനത്തിന്റെ വരികളെ മലയാളത്തില്‍ ഇങ്ങനെ ദുര്‍ബ്ബലമായി പരിഭാഷപ്പെടുത്താം: 

'അന്തരാഴത്തിലിത്രനാളെന്തുനാം
കാത്തുവച്ചൂ നിധിപേടകം പോല്‍ 
ഗീതതുല്യം പ്രതിധ്വനിക്കുന്നിതാ
സൂര്യരശ്‌മികള്‍ക്കുള്ളിലൂടിങ്ങനെ
ഇന്നിതായീ മഹോത്സവവേദിയി
ലേവരും ക്ഷണിതാക്കളാകുന്നൂ'

ഇത്രയുമാകുമ്പോളേക്ക്‌ ആരാച്ചാര്‍ക്ക,്‌ അന്വേഷിച്ച സാധനം അലമാരയില്‍ നിന്ന്‌ കിട്ടിക്കഴിഞ്ഞു. നല്ല കറുത്ത നിറമുള്ള ഒരു പൈന്റ്‌ മദ്യക്കുപ്പി. നിഷ്‌ഠയോടെ അത്‌ അലമാരപ്പുറത്ത്‌ വച്ച്‌ അലമാര വീണ്ടും പൂട്ടി ചാവി എടുത്തുവച്ച്‌ മദ്യക്കുപ്പി കയ്യിലെടുത്ത്‌ തുറന്ന്‌ അതിന്റെ തന്നെ അടപ്പില്‍ ചെറിയ തുള്ളി മദ്യം പകരുകയാണ്‌ ആരാച്ചാര്‍.. പശ്ച്‌ചാത്തലത്തിലെ ഭക്തിഗാനത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്ന വരികളെ ഇങ്ങനെ മനസ്സിലാക്കാം:. 



'നിന്‍ പ്രഭാമുളംതണ്ടിന്റെ നാദം
ലോകമെങ്ങും ലയിക്കുന്നൊരീണം'

പലര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നത്ര നിഷ്‌കളങ്കമായ ഈ ഭക്തിസംഗീതത്തോടൊപ്പം, അടപ്പില്‍ പകര്‍ന്ന മദ്യം ചുമരിലെ നമ്മള്‍ നേരത്തേ കണ്ട ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തിന്‌ മുന്നില്‍ നേദിക്കുകയാണ്‌ ആരാച്ചാര്‍. അതുകൊണ്ടുമാത്രം തൃപ്‌തിയാകാതെ, ഒരിക്കല്‍ക്കൂടി അടപ്പില്‍ മദ്യം നിറച്ച്‌ ഭക്തിലഹരിയില്‍ അയാള്‍ ആ ചിത്രത്തിന്‌ മുമ്പില്‍ വീണ്ടും തുളുമ്പിക്കുന്നു. ഇപ്പോളത്തെ പ്രാര്‍ത്ഥനയില്‍ നിന്ന്‌ ആര്‍ക്കാണ്‌ ആ നിവേദ്യമെന്ന്‌ മനസ്സിലാവുന്നു:

'അച്ഛാ എന്നെ കാത്തുരക്ഷിക്കണേ, എല്ലാം ശരിയാക്കിത്തരണേ'

ഇപ്പോള്‍, വീട്ടുവാതില്‍പ്പടിയില്‍ അതേ മദ്യം അടപ്പില്‍ നിന്ന്‌ ഇറ്റിക്കുകയാണ്‌ കൊല്ലുംകൈകള്‍: 

'ദുഷ്ടശക്തികളെ വാതില്‍പ്പടീന്ന്‌ നിന്ന്‌ ഓടിച്ചുകളയണേ.'

നിവേദ്യത്തിന്റെ രണ്ടാംഘട്ടത്തില്‍ പാക്കറ്റില്‍ നിന്ന്‌ ഒരു സിഗരറ്റെടുത്തു കത്തിച്ചു അയാള്‍. സ്വന്തം ചുണ്ടില്‍ വയ്‌ക്കാതെ, തീ അണയാതിരിക്കാന്‍ ചൂട്ടുകറ്റ പോലെ വീശിക്കൊണ്ട്‌ അച്ഛന്റെ ഫോട്ടോയ്‌ക്ക്‌ മുന്നില്‍ വച്ചുകൊണ്ട്‌ ഒരു ധൂമപ്രാര്‍ത്ഥന: 

'ഇതാ അച്ഛാ, ഇതെടുത്തോളു, ഇത്‌ വലിച്ചോളൂ, 
എന്റെ അച്ഛാ, എന്റെ അച്ഛാ, എല്ലാറ്റിനേക്കാളും വലിയ ദൈവമേ,
ഞങ്ങളെ കാക്കണേ,
അച്ഛന്റെ കൊച്ചുകിടാങ്ങളും എനിക്കൊപ്പം വരുന്നുണ്ടച്ഛാ.
ഞങ്ങള്‍ക്കൊരിക്കലും ധൈര്യം പോകരുതേയച്ഛാ.
അച്ഛന്റെ അനുഗ്രഹവുമായാണ്‌ ഞങ്ങളുടെ യാത്ര അച്ഛാ.
മരിക്കാന്‍ പോകുന്നവന്റെ ആത്മാവിന്‌ ശാന്തി കിട്ടണേ അച്ഛാ.
അച്ഛാ, അങ്ങാണെന്റെ ദൈവം.'

മുകളിലെ പിതൃചിത്രത്തിലേക്ക്‌ നോക്കി ശിരസ്സിനുമുകളില്‍ കൈകള്‍കൂപ്പി പ്രാര്‍ത്ഥിക്കുകയായിരുന്ന ആരാച്ചാര്‍, അച്ഛാ അങ്ങാണെന്റെ ദൈവം എന്ന്‌ പ്രാര്‍ത്ഥിച്ച അതേ സ്വരശൈലിയില്‍ ഇപ്പോള്‍ നേരേ കാമറ നോക്കി 'യാഥാര്‍ത്ഥ്യത്തിലേക്ക്‌' തിരിച്ചുവരുന്നു:

'ഓഫ്‌. മതി. ഇനി ഓഫാക്കൂ. ഇനി എനിക്ക്‌ വസ്‌ത്രം ധരിക്കണം. എല്ലാം ചെയ്‌തില്ലേ. വെയര്‍പ്പ്‌, വെയര്‍പ്പ്‌' 

ഇപ്പോള്‍ ആരാച്ചാര്‍ക്കരികിലേക്ക്‌ വന്നുനില്‍ക്കുന്നത്‌ സംവിധായകന്‍ ജോഷി ജോസഫാണെന്ന്‌ തോന്നുന്നു. ജോഷിയെ കാണുന്നില്ലെങ്കിലും നേരത്തെ അയാളില്‍ കണ്ട തോള്‍സഞ്ചിയുടെ വള്ളി കാണാം. അയാളോടാണ്‌ ആരാച്ചാരുടെ ചോദ്യം:

'പോരേ, എല്ലാം ശരിയായില്ലേ.'

'ഉം നന്ദി.' 

പൂജയ്‌ക്കുവേണ്ടിയുടുത്ത ചുവന്ന തോര്‍ത്ത്‌ മാറ്റി പകരം നേരത്തെയുടുത്തിരുന്ന വട്ടത്തില്‍ തുന്നിയ മുണ്ട്‌ പാവാട പോലെ 
ധരിക്കുന്നതിനിടയില്‍ കാമറ അങ്ങോട്ടുനീങ്ങുന്നതുകണ്ടിട്ട്‌ കൗശലപൂര്‍വ്വം ആരാച്ചാരുടെ കമന്റ്‌:

'ഓരോ സീനിനും ആയിരം രൂപ വച്ച്‌ തരണം'

പാവാടമുണ്ടുടുത്ത്‌ ഉള്ളിലെ തോര്‍ത്ത്‌ വലിച്ചെടുത്ത്‌ അതുകൊണ്ട്‌ മുഖവും ശരീരവും നന്നായി തുടച്ച്‌ തലയിണയ്‌ക്കടിയില്‍ നിന്ന്‌ എന്തോയെടുത്ത്‌ പുറത്തേക്ക്‌ വരുന്ന ആരാച്ചാരില്‍ ഇപ്പോള്‍ ഏറെ പണിയെടുത്ത ഭാവമുണ്ട്‌:

'ഇനിയേയ്‌ കാമറേം സാധനങ്ങളുമൊക്കെ ഓഫ്‌ ചെയ്യ്‌. ഹൊ, ഇത്‌ എടങ്ങേറായല്ലോ.' 

വീട്ടുമുറ്റത്ത്‌ അര്‍ധനഗ്നനായി നില്‍ക്കുന്ന ആരാച്ചാരെ ബോധിപ്പിക്കാനാണെന്ന്‌ തോന്നുന്നു കാമറ അലക്ഷ്യം മറ്റെങ്ങോ തിരിയുമ്പോള്‍ വീടിനുമുകളിലെ മരച്ചില്ലയും തെല്ല്‌ ആകാശവും, അതിന്മേല്‍ 'ഓഫ്‌ ചെയ്യ്‌' എന്ന ആരാച്ചാരുടെ ശബ്‌ദവും. കറങ്ങിത്തിരിഞ്ഞ്‌ എത്തുന്ന കാമറയ്‌ക്ക്‌ മുന്നില്‍ ഉമിക്കരി പോലുളള എന്തോ ഉപയോഗിച്ച്‌ പല്ലുതേക്കുന്ന ആരാച്ചാരുടെ മുഖം. തെല്ലിട പല്ലുതേച്ച ശേഷം അസ്വസ്ഥനായി മതി മതി എന്നര്‍ത്ഥത്തില്‍ കൈ വീശി തെരുവിലേക്ക്‌ നടക്കുകയാണയാള്‍. അടുത്തുനില്‍ക്കുന്ന മകന്‍ മഹാദേവ്‌ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌: 'അവര്‌ അവരുടെ ജോലി ചെയ്യുകയല്ലേ.'

'എന്നുവച്ച്‌ എനിക്കൊന്ന്‌ വിശ്രമിക്കണ്ടേ. എന്റെ തലമണ്ടയൊന്ന്‌ തണുപ്പിക്കണ്ടേ.' 

തെരുവിന്റെ ഒരു വശത്ത്‌ നില്‍ക്കുന്ന സംവിധായകനരികിലേക്കാണ്‌ കയ്യില്‍ കടലാസുകുമ്പിളിലെ ഉമിക്കരിയുമായി ആരാച്ചാരുടെ ദേഷ്യപ്പെട്ടുള്ള നടത്തം. എല്ലാം കണ്ട്‌ തെരുവില്‍ കുട പിടിച്ച്‌ ഒരു സ്‌ത്രീയും മറ്റൊരാളും നില്‍ക്കുന്നുണ്ട്‌.

'നിങ്ങള്‍ക്കിനി എന്താ വേണ്ടത്‌. ഫോട്ടോയും എടുക്കണോ. എന്താ വേണ്ടത്‌ പറ. പോ, മെഷീന്‍ ഓഫാക്കി പോ.'

ജോഷിയുടെ ചിരിക്കുന്നതുപോലുള്ള മുഖം തന്ത്രപൂര്‍വ്വം ആരാച്ചാരെ ബംഗാളിയില്‍ നേരിടുന്നത്‌, 'ശരി, ഇതേ കാമറയില്‍ കുറച്ച്‌ സ്‌ററില്‍ ഫോട്ടോകള്‍' എന്നു പറഞ്ഞുകൊണ്ടാണ്‌. ശരി എന്നു പറഞ്ഞുകൊണ്ട്‌ അകത്തേക്കുപോകുന്ന ആരാച്ചാര്‍ക്കൊപ്പം ജോഷിയും പോകുന്നുണ്ടെന്ന്‌ വേണം കരുതാന്‍.

ഇരുള്‍മാറി തെളിയുമ്പോള്‍ നമ്മുടെ മുന്നിലുള്ളത്‌, നേരത്തേ പിതൃക്കള്‍ക്ക്‌ ആരാച്ചാര്‍ അര്‍പ്പിച്ച മദ്യക്കുപ്പിയുടെ സമീപദൃശ്യമാണ്‌. മക്‌ ഡവല്‍സ്‌ നമ്പര്‍ വണ്‍ ട്രിപ്പ്‌ള്‍ എക്‌സ്‌ സെലിബ്രേഷന്‍ റമ്മാണതെന്ന്‌ അടുത്തുകാണാം. തൊട്ടുപിറകിലെ പ്ലാസ്റ്റിക്‌ കൂടിനരികില്‍ ഇതേ മദ്യത്തിന്റെ ഒഴിഞ്ഞൊരു കുപ്പിയും സ്ഥലം പിടിച്ചിട്ടുണ്ട്‌. മദ്യപന്റെ ലഹരിയിലെന്നവണ്ണം ഇടത്തോട്ട്‌ നീങ്ങുന്ന കാമറ മുറിയില്‍ മറ്റൊരു വേഷത്തിലിരിക്കുന്ന ആരാച്ചാരുടെ നിലക്കണ്ണാടിയിലെ പ്രതിഫലനത്തിലേക്ക്‌ തെന്നുന്നു. പശ്ചാത്തലത്തില്‍ സെമിത്തേരികളില്‍ നിന്ന്‌ കേള്‍ക്കാന്‍ സാധ്യതയുള്ളതെന്ന്‌ ഇക്കാലമത്രയും നാം കണ്ട സിനിമകള്‍ നമ്മെ പഠിപ്പിച്ച തരം ഓലിയിടുന്ന മട്ടിലുള്ള സംഗീതം അമറുന്നുണ്ട്‌. കണ്ണാടി പ്രതിഷ്‌ഠയില്‍ നിന്ന്‌ തനിദൃശ്യത്തിലേക്ക്‌ വരുമ്പോള്‍ മുട്ടറ്റം വരെ തെറുത്തുകയറ്റിയ നല്ല വെള്ള സില്‍ക്ക്‌ ജുബ്ബ ധരിച്ച്‌, സ്വന്തം നരമീശയ്‌ക്കും നരത്താടിക്കും ചേരുന്നതരം വര്‍ണ്ണച്ചേര്‍ച്ചയുമായി മുറുകിയിരിക്കുന്നുണ്ട്‌ ആരാച്ചാര്‍. ഓലിയിടുന്ന ആരവം വീണ്ടും ഉയരുമ്പോള്‍ കയ്യിലെ വാച്ചിലേക്ക്‌ തെല്ലൊന്നു നോക്കി അസ്വസ്ഥതയോടെ സ്വന്തം മുടി ഇരുകൈകൊണ്ടും പിറകിലേക്ക്‌ കോതുകയാണ്‌ അയാള്‍. തീരാത്ത അസ്വസ്ഥതയില്‍ ഇനിയെന്ത്‌ എന്ന്‌ ഇടുപ്പുകളില്‍ കൈ ചേര്‍ത്ത്‌ കട്ടിലില്‍ ഇരിക്കുന്ന ആരാച്ചാരുടെ മുഖത്തിന്റെ സ്ഥാനത്ത്‌ ഇപ്പോള്‍ കാണുന്നത്‌, ഏതോ ഇംഗ്ലീഷ്‌ പത്രത്തില്‍ തന്നെക്കുറിച്ചുതന്നെയുള്ള ഫീച്ചറിലെ ചിത്രത്തില്‍ ആലോചനാമഗ്നനായ ഒരു സാഹിത്യകാരനെപ്പോലെ മുകളിലേക്ക്‌ നോക്കിയിരിക്കുന്ന ആരാച്ചാരുടെ ചിത്രമാണ്‌. നായ്‌ക്കളോ മറ്റ്‌ ജീവികളോ ഓരിയിടുംമട്ടിലുള്ള സംഗീതസംഘര്‍ഷത്തോടൊപ്പം ആ മുഖത്തുനിന്ന്‌ നോട്ടം പതുക്കെ പിന്‍വലിയുമ്പോള്‍ അത്‌ ഫ്രെയിം ചെയ്‌തുവച്ച ഒരു ഫോട്ടോയാണെന്നും അതിന്റെ ശീര്‍ഷകം 'എല്ലാവര്‍ക്കും അനീതി' എന്നാണെന്നും നാം മനസ്സിലാക്കുന്നു. 
ഇപ്പോളിതാ തെന്നിമാറുന്ന കാമറ കാണിച്ചുതരുന്ന ആരാച്ചാരുടെ മറ്റൊരു ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ പത്രഫീച്ചറിന്റെ ചുമര്‍ച്ചിത്രം. ബംഗാളിയിലാണ്‌ അക്ഷരങ്ങള്‍. തൂക്കിക്കൊല്ലാനുള്ള കയര്‍ 
ഇരുകൈകളിലുമായി പാമ്പിനെപ്പോലെ തൂക്കിപ്പിടിച്ച്‌ നില്‍ക്കുന്ന ആരാച്ചാരുടെ ഡെമോണ്‍സ്‌ട്രേഷന്‍ എന്താണെന്ന്‌ വ്യക്തം. അടുത്ത പത്രക്കട്ടിംഗ്‌ പക്ഷേ, ആരാച്ചാരുടെ വീട്ടുമുറിയില്‍ നിന്നല്ല. അത്‌ തൂക്കിലേറ്റപ്പെടാന്‍ പോകുന്ന ധനഞ്‌ജയ്‌ ചാറ്റര്‍ജിയെക്കുറിച്ച്‌ മറ്റേതോ പത്രത്തില്‍ വന്ന ഫോട്ടോയാണ്‌. ധനഞ്‌ജയ്‌ ചാറ്റര്‍ജിയുടെ കുടുംബം എന്ന അടിക്കുറിപ്പുള്ള ആ ചിത്രത്തില്‍ അവശനിലയില്‍ നിലത്ത്‌ കിടക്കാനൊരുങ്ങുന്ന വൃദ്ധന്‍ ധനഞ്‌ജയിന്റെ അച്ഛനാണ്‌. അദ്ധേഹത്തിന്റെ നെഞ്ച്‌ തലോടിക്കൊടുക്കുന്നത്‌ ധനഞ്‌ജയിന്റെ അമ്മ. അരികിലുള്ളത്‌ ഭാര്യ. ഇപ്പോളിതാ ചുവപ്പും വെളുപ്പും നിറങ്ങളുള്ള ഒരു തോര്‍ത്ത്‌ തൂക്കുകയറാക്കി കുരുക്കുന്നതെങ്ങനെയെന്ന്‌ വിശദീകരിക്കുന്ന ആരാച്ചാരുടെ മറ്റൊരു പത്രഫോട്ടോ. അല്‌പം പഴയൊരു ഫോട്ടോയാണത്‌. ഷേവ്‌ ചെയ്യാതെ കുറ്റിനരകള്‍ മുളച്ച മുഖം. ഇപ്പോള്‍ മനസ്സിലാവുന്നു ഹിന്ദുസ്ഥാന്‍ ടൈംസ്‌ ദിനപത്രത്തിന്റെ കൊല്‍ക്കത്ത ലൈവ്‌ പേജിലെ ഫോട്ടോ ആണ്‌ അതെന്നും അതുള്‍ക്കൊള്ളുന്ന ലേഖനത്തിന്റെ ശീര്‍ഷകം ഇങ്ങനെയാണെന്നും: 'ജീവനു പകരം ജീവന്‍. കൊലയാളിയെ തൂക്കേണ്ടതുണ്ടോ? ആറ്‌ കുടുംബാംഗങ്ങളും കൂട്ട ആത്മഹത്യ ചെയ്യുമെന്ന്‌ ഭീഷണി.' തൂക്കിക്കൊല വേണമോ വേണ്ടയോ എന്ന മട്ടില്‍ നടന്ന വാദപ്രതിവാദങ്ങളുടെ പത്രറിപ്പോര്‍ട്ടുകള്‍ മാറിമാറിത്തെളിയുകയാണ്‌. ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ പേരുകളും ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ വായിച്ചെടുക്കാം: മഹാശ്വേതാദേവി, മൃണാള്‍സെന്‍, അപര്‍ണ്ണസെന്‍ എന്നിവരുടെ പേരുകളും ഫോട്ടോകളും. സിപിഎം സംസ്ഥാനസെക്രട്ടറി അനില്‍ ബിശ്വാസിന്റെ പേരുകൂടി വായിച്ചെടുക്കാനുള്ള സമയം ലഭിക്കുന്നുണ്ട്‌. ആരാച്ചാരും മകന്‍ മഹാദേവും ആരെയോ കാത്തിരിക്കുന്ന മട്ടില്‍ ഇരിക്കുകയാണ്‌. മഹാദേവിന്റ പാര്‍ശ്വമുഖത്തിലൂടെ പിറകിലിരുന്ന്‌ അക്ഷമനായി വാച്ചുനോക്കുകയാണ്‌ ആരാച്ചാര്‍. ഇരുനെറ്റികളും ചൊറിഞ്ഞും മുടി പിറകിലേക്ക്‌ കോതിയുമുള്ള ആരാച്ചാരുടെ അസ്വസ്ഥത അതേ പോലെ അനുകരിക്കുന്നുണ്ട്‌ മകനും. തല ഇരുവശങ്ങളിലേക്കും വെളിച്ചപ്പാടിനെ പോലെ ഉലച്ച്‌ നേരേ മുകളിലേക്ക്‌ ദൃഷ്ടിയൂന്നുന്ന ആരാച്ചാരിലാണ്‌ ഇപ്പോള്‍ കാമറയുടെ ശ്രദ്ധ. നിമിഷങ്ങളോളം ഇളകാത്ത മിഴികളോടെ ഇരിക്കുന്ന ആരാച്ചാരുടെ മുഖത്ത്‌ ഇപ്പോള്‍ ചീവിടുകളുടെ കരച്ചില്‍ കേള്‍ക്കാം. ചീവീടുകളുടെ ശബ്‌ദം വീണ്ടും സംഗീതത്തിന്റെ മൃത്യുഭേരിയിലേക്ക്‌ മാറുമ്പോള്‍ ഇരുകൈകളും നെറ്റിയില്‍ വച്ച്‌ തൊഴുകയും അതേ തൊഴുകൈ മകന്റെ നിറുകയിലേക്ക്‌ കൊണ്ടുവന്ന്‌ അനുഗ്രഹിക്കുകയും തോളില്‍തട്ടി 
ആശ്വസിപ്പിക്കുകയുമാണ്‌ ആരാച്ചാര്‍. ഈ ഇരിപ്പെല്ലാം വിടാതെ പിടികൂടിയിരുന്ന സംവിധായകന്‍ ജോഷിജോസഫിന്റെ ഒരിരുപ്പ്‌ ഇപ്പോള്‍ മുന്നില്‍. നമ്മള്‍ നേരത്തേ കണ്ട ആരാച്ചാരുടെ ചിത്രങ്ങളെല്ലാം ജോഷിയുടെ പിറകില്‍ ചുമരിലുണ്ട്‌. ആരാച്ചാരുടെ ശബ്‌ദം കേട്ട്‌ നേരേ എതിര്‍ദിശയില്‍ നിന്ന്‌ ആരാച്ചാരിലേക്കാണെന്നുതോന്നുന്നു മുഖം തിരിക്കുന്നുണ്ട്‌ ജോഷി. അയാള്‍ കേള്‍ക്കുന്ന ശബ്‌ദം ഇങ്ങനെ:

'തൃപ്‌തിയായില്ലേ. ഇനി ഒരൊറ്റ അക്ഷരം എന്റെ നാവീന്ന്‌ വീഴില്ല.' 

ജോഷിയുടെ അരികില്‍ത്തന്നെയാണ്‌ ആരാച്ചാരും മകനും ഇത്രനേരം ഇരുന്നിരുന്നതെന്ന്‌ ഇപ്പോളറിയാം. ആരാച്ചാരുടെ പരുക്കന്‍ മുഖവും മറ്റാരെയോ കണ്ട്‌ പുഞ്ചിരിക്കുന്ന മകന്‍ മഹാദേവിന്റെ മുഖവുമാണ്‌ ഇപ്പോള്‍. മഹാദേവ്‌ ചിരിച്ചത്‌ മുറിയിലേക്ക്‌ വരാനൊരുങ്ങുന്ന മറ്റാരെയോ കണ്ടിട്ടാണെന്ന്‌ തോന്നുന്നു: ആരോ വരുന്നുണ്ടെന്ന്‌ ബംഗാളിയില്‍ അച്ഛനോട്‌ പറയുന്നുണ്ട്‌ മകന്‍.

'ആര്‌?'
'ദാ, അവര്‌ തന്നെ'

അവരെക്കണ്ട്‌ ഇവരെ പുറത്താക്കാന്‍ ഒരുങ്ങുകയാണ്‌ ആരാച്ചാര്‍:
'മതി മതി, എല്ലാം മതിയാക്ക്‌. ഞാന്‍ വാതിലടയ്‌ക്കാന്‍ പോവുകയാ. പോ, പോ.' 

എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന ഭാവം സംവിധായകന്റെ മുഖത്തുണ്ടെങ്കിലും മുന്നില്‍ വന്ന്‌ നിസ്സഹായഭാവത്തില്‍ ആരാച്ചാര്‍ പറയുന്ന വാക്കുകള്‍ കേട്ട്‌ അയാള്‍ പുറത്തേക്ക്‌ പോവുകയാണ്‌:
'ദാ ഇപ്പോള്‍ പതിനൊന്നര മണിയായി. ഒരക്ഷരം ഇനി ഞാന്‍ മിണ്ടില്ല. ഞാനേയ്‌ ഒരു മണിക്കൂര്‍ പോലും വിശ്രമിച്ചിട്ടില്ല, പോ, പോ. പന്ത്രണ്ടര മണിക്ക്‌ എനിക്ക്‌ ഭക്ഷണം കഴിച്ച്‌ അവിടേക്ക്‌ പോവാനുള്ളതാ' പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഒരു പൂച്ചയുടെ മരണതുല്യമായ ഇടര്‍ക്കരച്ചില്‍ കൂടി നാം കേള്‍ക്കുന്നുണ്ട്‌. 

ഇരുള്‍മാറി വെളിച്ചം നിറയുമ്പോള്‍ അകത്തുനിന്ന്‌ പൂട്ടിയിട്ട നിലയില്‍ ആരാച്ചാരുടെ വീടിന്റെ മുന്‍വശം. നേരത്തേ കേട്ട സംഗീതത്തില്‍ പൂച്ചയുടെ കരച്ചിലൊച്ച ഒഴികെയുള്ള എല്ലാ അസ്വസ്ഥതകളും തുടരുന്നുണ്ട്‌. അടഞ്ഞ വാതിലിനരികിലേക്ക്‌ വീടിന്‌ പിറകില്‍ നിന്ന്‌ വന്ന്‌ പതുക്കെ മുട്ടിവിളിച്ച്‌ അച്ഛനോട്‌ സംസാരിക്കുകയാണ്‌ മഹാദേവ്‌. എന്നിട്ടും തുറക്കാത്ത വാതിലിന്‌ മുന്നില്‍ നിന്ന്‌ മകന്‍ തലയും ചൊറിഞ്ഞുപോകുമ്പോള്‍, അടഞ്ഞുകിടക്കുന്ന ഇളംനീലച്ചായമടിച്ച വാതിലിനെ സാക്ഷിയാക്കി സംവിധായകനില്‍ നിന്ന്‌ പശ്ച്‌ചാത്തലത്തില്‍ ഉയരുന്നു ഇത്രനേരം എന്ത്‌ സംഭവിച്ചുവെന്ന വിവരണം:

'പിന്നെ, മുറിക്കകത്തുവച്ച്‌, ഭക്തിലഹരിയാര്‍ന്ന പ്രസാദം എനിക്കും അല്‌പം തന്നു. ഞാനത്‌ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചുവെന്നത്‌ അയാള്‍ക്ക്‌ അത്ര ഇഷ്ടപ്പെട്ടില്ല.'

പൂജ കഴിഞ്ഞ്‌ നടതുറക്കുംപോലെ വാതില്‍ തുറക്കുമ്പോള്‍, പുറത്തേക്കു വരുന്ന ആരാച്ചാര്‍ക്ക്‌ പിന്നാലെ ഇരുകൈകളാലും ചിറി തുടച്ചുകൊണ്ട്‌ വരുന്നുണ്ട്‌ ജോഷി ജോസഫ്‌. ജോഷി ഇറങ്ങാന്‍ കാത്തുനിന്നെന്ന വണ്ണം അകത്തുകയറി വാതിലടച്ചുകൊണ്ട്‌ ആരാച്ചാര്‍ പറഞ്ഞു, 'ഞാനിനി വാതിലടയ്‌ക്കുകയാ. ഒറ്റയൊരുത്തനോടും മിണ്ടില്ല' അടഞ്ഞ മുറിക്കകത്തുനിന്ന്‌ മഹാദേവിനെ അയാള്‍ ഉച്ചത്തില്‍ വിളിക്കുന്നത്‌ കേള്‍ക്കാം.

'മഹാദേവ്‌, ഓ മഹാദേവ്‌.'

പുറത്തെ ഇടുങ്ങിയ തെരുവിന്റെ വിദൂരദൃശ്യം നീണ്ടുകിടക്കുകയാണ്‌. ഒഴിഞ്ഞ മുഷിഞ്ഞ പൊടിപിടിച്ച തെരുവില്‍ ഒന്നോരണ്ടോ ഉന്തുവണ്ടികളും മതിലിനോട്‌ ചാരിയ ഒരു സൈക്കിളും മാത്രം. എവിടെ നിന്നാണ്‌ ഒരു പൂച്ച കരയുന്നതെന്നറിയില്ല. 

ഇരുള്‍മാറി വെളിച്ചം തെളിയുമ്പോള്‍, ആരാച്ചാരുടെ വീടിന്റെ മറ്റേതോ ഭാഗത്ത്‌ നില്‍ക്കുന്ന മകന്‍ മഹാദേവിനെ ഇന്‍ര്‍വ്യൂ ചെയ്യുകയാണ്‌ ആര്‍എന്‍ബി എന്ന ചാനലിന്റെ ചെറുപ്പക്കാരനായ റിപ്പോര്‍ട്ടര്‍. മഹാദേവിനെയും റിപ്പോര്‍ട്ടറെയും അയാളുടെ കാമറയെയും നമ്മള്‍ക്ക്‌ കാണാം. ഒരു കാക്കയുടെ കരച്ചിലൊച്ചയ്‌ക്കൊപ്പം അവരുടെ ചോദ്യോത്തരങ്ങള്‍ ഇങ്ങനെ:

'ഇന്ന്‌ രാത്രി നിങ്ങളെല്ലാവരും അവിടെയായിരിക്കുമോ?'

'അതെ, അവിടെ പോലീസുകാരുമുണ്ടാവും.'
'നാളെ എത്രമണിക്കാണ്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ജോലി ചെയ്യേണ്ടത്‌?'
'അത്‌ പുലര്‍ച്ചെ ഒരു നാലിനും നാലരയ്‌ക്കും എടയ്‌ക്ക്‌. എങ്ങനെയാണ്‌ ഞങ്ങളെ അവിടേക്ക്‌ അവര്‌ കൊണ്ടുപോകുവാന്ന്‌ എനിക്ക്‌ പറയാനാവില്ല. ബോഡി വേണംന്ന്‌ പറഞ്ഞ്‌ ബന്ധുക്കള്‌ വന്നാല്‌, ബോഡി വേണ്ടാന്ന്‌ അവര്‌ പറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ എന്തായിയെന്ന്‌ അന്വേഷിക്കാന്‍ അവര്‌ വന്നേക്കും. അങ്ങനെയാണ്‌ പൊതുവേ. എന്തായാലും പോലീസുകാര്‌ ഞങ്ങളെ എസ്‌കോര്‍ട്ട്‌ ചെയ്യും. ഞങ്ങളെ ഒറ്റയ്‌ക്ക്‌ പൊറത്ത്‌ വിടില്ല.'

'ഓകെ, താങ്ക്‌സ്‌' പറഞ്ഞ്‌ പിന്‍വലിയുന്ന റിപ്പോര്‍ട്ടര്‍ കൈലേസില്‍ കൈതുടച്ച്‌ അവിടെത്തന്നെ പമ്മുന്നുണ്ട്‌. കാക്കയുടെ അമറല്‍ തുടരുന്നുണ്ട്‌. റിപ്പോര്‍ട്ടറുടെ കയ്യില്‍ നിന്ന്‌ മൈക്ക്‌ വാങ്ങി ആര്‍എന്‍ബിയുടെ കാമറാ സഹായി ഒരുകയ്യില്‍ ലൈറ്റും മൈക്കുമായി നില്‍ക്കുന്നുണ്ട്‌. നീണ്ട തെരുവില്‍ കുറച്ചുമാറി, കാമറ കണ്ട്‌ രണ്ട്‌ സ്‌ത്രീകളും ഒരു കുട്ടിയും പമ്മുന്നുണ്ട്‌. ഇപ്പോള്‍ കൈകളില്‍ മൈക്കില്ലാതെ ആരാച്ചാരുടെ മകനോട്‌ ഒരഭ്യര്‍ത്ഥന നടത്തുകയാണ്‌ റിപ്പോര്‍ട്ടര്‍:

'ഞാന്‍ ഒരു കാമറ തരുകയാണെങ്കില്‍ അതിന്റെ ഒരു പടം എടുത്തുതരാന്‍ പറ്റുമോ?' കൈ കെട്ടിനിന്നുകൊണ്ട്‌ മറുപടി പറയാന്‍ പോകുന്ന മഹാദേവിനെയും ചുമരില്‍ കൈ ചാരിക്കൊണ്ട്‌ അത്‌ കേള്‍ക്കാന്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടറെയും കാമറയുമായി നില്‍ക്കുന്ന അയാളുടെ കാമറാമാനെയും കാമറാസഹായിയെയും ഇപ്പോള്‍ കാണാം. മഹാദേവ്‌ പറഞ്ഞു:

'ഏയ്‌, മൊബൈല്‍ ഫോണ്‍ പോലും അങ്ങോട്ട്‌ കൊണ്ടുപോകാന്‍ പറ്റില്ല, പിന്നെയല്ലേ, ഹഹ'

'വേറൊരു പണിയുണ്ട്‌ കുറച്ചുകൂടി റിസ്‌കുള്ളതാണ്‌. അത്‌ ചെയ്‌തുതരാന്‍ പറ്റുമോ' എന്നാണ്‌ ആരാച്ചാരുടെ മകനോട്‌ ഉത്സാഹശാലിയായ 'പ്രൊഫഷണല്‍' റിപ്പോര്‍ട്ടറുടെ ചോദ്യം. 
നമ്മള്‍ക്കങ്ങ്‌ നീങ്ങിനിന്ന്‌ സംസാരിക്കാം എന്നുപറഞ്ഞ്‌ നീളന്‍ തെരുവിലെ മറ്റൊരുഭാഗത്തേക്ക്‌ റിപ്പോര്‍ട്ടറും ആരാച്ചാരുടെ മകനും മാത്രം നീങ്ങി. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും നില്‍ക്കുന്ന ബംഗാളി വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമപ്പുറം നിന്ന്‌ രഹസ്യസംഭാഷണം നടത്തുകയാണ്‌ ഇരുവരും. അവരുടെ ദൃശ്യങ്ങള്‍ക്കു മുകളിലൂടെ ജൂണ്‍ 21ലെ ഒരു ബംഗാളി പത്രക്കട്ടിംഗ്‌ ഇങ്ങനെ തെളിയുന്നുണ്ട്‌.:
'ആലിപ്പൂര്‍ മൂന്നാംനമ്പര്‍ സെല്ലില്‍ കൗണ്ട്‌ ഡൗണ്‍ തുടങ്ങി' 

ഇടയ്‌ക്ക്‌ വീണ്ടും രഹസ്യസംഭാഷണം നടത്തുന്ന ഇരുവരും പൂര്‍ണ്ണമായും തെളിയുകയും വൈകാതെ അവരുടെ ദൃശ്യങ്ങള്‍ക്കുമേലെ പത്രത്തിലെ ലൈവ്‌ എന്ന അക്ഷരങ്ങള്‍ ലയിക്കുകയും ചെയ്യുന്നുണ്ട്‌. സുതാര്യമായ ഒരു പ്രതലത്തിലൂടെ ഇവ രണ്ടും കാണാം. 'തൂക്കിക്കൊല്ലുക' എന്ന മറ്റൊരു പത്രക്കട്ടിംഗ്‌ കൂടി ഇത്തരത്തില്‍ സുതാര്യമായി വന്നുപോയതിന്‌ ശേഷം അവരുടെ സംഭാഷണം എന്താണെന്ന്‌ നമ്മള്‍ക്ക്‌ തെളിഞ്ഞുകിട്ടുന്നു:

ആരാച്ചാരുടെ മകന്‍ റിപ്പോര്‍ട്ടര്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കുകയാണ്‌:
'അവിടെയൊരു വാട്ടര്‍ ടാങ്കുണ്ട്‌.'
'അവിടെ കേറി നിന്നാല്‍ എല്ലാം കാണാമോ'?
'കാണാം, പക്ഷേ ചെലപ്പോ അവിടെ ഗാര്‍ഡുകളുണ്ടാവും'

ഈ രഹസ്യസംഭാഷണങ്ങള്‍ക്കിടെ ഇരുവരുടെയും ശബ്‌ദത്തെ കസ്റ്റഡിയിലെടുക്കാന്‍ പതുക്കെ ഉയരുന്ന സംവിധായകന്റെ ഗണ്‍ മൈക്കിന്റെ ഉദ്ധരിച്ച രൂപം അവരറിയാതെ നമ്മള്‍ക്കുകാണാം. ആരാച്ചാരുടെ മകന്‍ റിപ്പോര്‍ട്ടര്‍ക്ക്‌ പ്രൊഫഷണല്‍ ജേണലിസം പഠിപ്പിച്ചുകൊടുക്കുകയാണ്‌:

'ഗാര്‍ഡുകള്‌ എവ്‌ടെയൊക്കെ ഏതൊക്കെ വീടുകളിലാണ്‌ നില്‍ക്കേണ്ടതെന്ന്‌ അവര്‌ മാര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. അവിടെ നിന്നാല്‌ നിങ്ങള്‍ക്ക്‌ ഞങ്ങള്‍ടെയൊക്കെ മൊഖങ്ങള്‌ കാണാം. നിങ്ങളുടെ കയ്യില്‌ ടെലസ്‌കോപ്‌ പോലത്തെ ലെന്‍സുണ്ടോ. എങ്കില്‍ അടുത്ത്‌ നിന്ന്‌ കാണാം.'

'എത്ര ദൂരം ഉണ്ടാവും'?

നീണ്ട തെരുവിന്റെ പശ്ചാത്തലത്തിലാണ്‌ ഇപ്പോള്‍ ഇരുവരും. കുറച്ചുപിന്നിലായി കിടക്കുന്ന ഒരു ലോറി കാണാം. മാറിനിന്നിരുന്ന ചാനല്‍ കാമറാമാനും കാമറാ സഹായിയും ഇപ്പോള്‍ ഇരുവരുടെയും അരികിലേക്ക്‌ വരുന്നുണ്ട്‌. മഹാദേവ്‌ പറഞ്ഞു: 'ദേ ആ ലോറി കെടക്കുന്ന ഇടത്തോളം.'
'ഓ അത്‌ വളരെ അടുത്താണല്ലോ.'
'ആ അത്രയേ വരൂ. നിങ്ങള്‌ എടുക്കുന്ന പോലിരിക്കും' 
'വാട്ടര്‍ ടാങ്കിന്‌ എത്ര പൊക്കമുണ്ടാവും?'
'അത്‌ നമ്മുടെ ബഡാംടലയിലെ ടാങ്കിന്റെ അത്രേമുണ്ടാവും'
'അതിന്റെ പടികള്‍ ഇരുമ്പുപടികളാണോ'
'അതെ.'
ചാനല്‍ റിപ്പോര്‍ട്ടറും സഹായികളും ആരാച്ചാരുടെ മകനും ഒരുമിച്ച്‌ നില്‍ക്കുന്ന ഈ ദൃശ്യങ്ങള്‍ക്കുമേല്‍, സുതാര്യമായി തെളിയുകയാണ്‌ ഈ നിമിഷങ്ങളില്‍ വൃത്തത്തില്‍ രേഖപ്പെടുത്തിയ തൂക്കുപലകയുടെ ചിത്രം. നടപ്പാക്കപ്പെടാന്‍ പോകുന്ന ഒരിന്ത്യന്‍ തൂക്കിക്കൊലയെ മുന്‍നിര്‍ത്തിയുള്ള മാധ്യമ-ആരാച്ചാര്‍ വിലപേശലിന്റെ ഈ നിമിഷങ്ങളെ ഉദ്വേഗഭരിതമായ നിമിഷനേരത്തെ പശ്ചാത്തലസംഗീതം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. 'ഇതൊന്നും ആരോടും പറയരുത്‌' എന്ന്‌ ചിരിച്ചുകൊണ്ട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌ ആരാച്ചാരുടെ മകന്‍. 'ഏയ്‌ ഇത്‌ നമ്മള്‍ രണ്ടുപേര്‍ മാത്രമറിയുന്ന ഇടപാടല്ലേ' എന്ന്‌ കയ്യില്‍ പിടിച്ച്‌ ദൂരേയ്‌ക്ക്‌ കൊണ്ടുപോകുന്നുണ്ട്‌ റിപ്പോര്‍ട്ടര്‍. എന്നു മാത്രമല്ല, ആരാച്ചാരുടെ മകന്‌ ഹസ്‌തദാനം ചെയ്യുകയാണെന്ന വ്യാജേന തൂക്കാനുള്ള ആ കയ്യിലേക്ക്‌ എന്തോ വച്ചുകൊടുക്കുന്നുണ്ട്‌ അര്‍ത്ഥഗര്‍ഭമായി റിപ്പോര്‍ട്ടര്‍. അവര്‍ക്കരികിലൂടെ ഒരു ബംഗാളി സൈക്കിള്‍ റിക്ഷ മെല്ലെ കടന്നുപോയി. അര്‍ത്ഥഗര്‍ഭിണി തന്നെയെന്നു പറയാവുന്ന ഒരു സംഗീതം തെരുവില്‍ വിവശമായി നിന്നു.

ഇരുട്ടിലും ആ സംഗീതം തുടര്‍ന്നു. ഇരുള്‍ മാറുമ്പോള്‍ ടെലഫോണ്‍ ബൂത്താണെന്ന്‌ വേണമെങ്കില്‍ കരുതാവുന്ന ഒരു മുറിയിലിരുന്ന്‌ ലാന്‍ഡ്‌ ഫോണില്‍ ആരെയോ വിളിക്കുകയാണ്‌ ആരാച്ചാരുടെ മകന്‍. ഫോണിരിക്കുന്ന മേശവലിപ്പിലേക്ക്‌ അടുത്തുള്ള മറ്റാരോ പണം ഇടുന്നത്‌ കാണുമ്പോള്‍ അത്‌ വ്യക്തവുമാണ്‌. പല തവണ ശ്രമിച്ചതിന്‌ ശേഷം മറുതലയ്‌ക്കല്‍ റിംഗ്‌ റിംഗുണ്ട്‌. പഴയ ലാന്‍ഡ്‌ ഫോണ്‍ ബൂത്തുകളില്‍ നമ്മളെ പേടിപ്പിച്ചിരുന്ന സെക്കന്റുകള്‍ കൊണ്ട്‌ തുക 
കുതിച്ചുയരുന്ന ചുവന്ന ഡിജിറ്റുകള്‍ കാണാം. അടുത്തുതന്നെ മറ്റാരോ ടൈപ്പ്‌ റെറ്ററില്‍ തുരുതുരെ പ്രവര്‍ത്തിക്കുന്നതിന്റെയും പുറത്ത്‌ പട്ടികള്‍ കുരയ്‌ക്കുന്നതിന്റെയും കാക്കക്കരച്ചിലുകളുടേയും വാഹനക്കുതിക്കലുകളുടെയും ശബ്‌ദങ്ങള്‍ക്കൊപ്പം നേരത്തേ തുടര്‍ന്നിരുന്ന വിലക്ഷണമായ സംഗീതത്തിന്റെയും സ്വരക്കൂട്ടില്‍ ഇപ്പോള്‍ ഈ ഫോണ്‍സംഭാഷണവും: 
'ഹലോ, പ്രകാശാണോ. ഇത്‌ മഹാദേവാണ്‌ വിളിക്കുന്നത്‌. അച്ഛന്‌ കൊടുക്കൂ. ചേട്ടാ റെഡിയായോ? ഭക്ഷണം കഴിച്ചോ? 
ആ, എന്നാ പെട്ടെന്നിങ്ങ്‌ പോര്‌. ഉം. പക്ഷേ, സമയമാവുംമുമ്പ്‌ റെഡിയാവണം. പോലീസ്‌ പോസ്‌ററില്‍ നിന്ന്‌ മെസ്സഞ്ചര്‍ വന്നുകൊണ്ടിരിക്കുകയാ. ആ, നമ്മളേം കൊണ്ടുപോവാനുള്ള വാനുമായിട്ടാ ആളു വരുക. ആ, അവര്‌ വിളിച്ചിരുന്നു, റെഡിയായിരിക്കാന്‍ പറഞ്ഞിരിക്കുകയാണ്‌. ഉം, പെട്ടെന്ന്‌ വാ. ഇവിടെ വന്ന്‌ കൊറച്ച്‌ റെസ്റ്റ്‌ എടുത്തിട്ട്‌ പോകാം. ശരി.'

പശ്ചാത്തലത്തില്‍ തുടരുന്ന കരയുംപൂച്ചയുടെ ശബ്‌ദങ്ങള്‍ക്കൊപ്പം ഫോണ്‍ വച്ച്‌ എഴുന്നേറ്റ്‌, മുഷിഞ്ഞ നരബനിയന്റെ ഉള്ളില്‍ നിന്ന്‌ ഫോണ്‍ബൂത്തുകാരന്‌ പണം കൊടുക്കുകയാണ്‌ മഹാദേവ്‌. മരമേശ തുറന്ന്‌ നാണയങ്ങള്‍ അകത്തിടുന്ന കിലുക്കങ്ങള്‍ക്കൊപ്പവും അതേ കരച്ചില്‍ മെല്ലെ കേള്‍ക്കാം. ഇരുളിലേക്ക്‌ ഈ ദൃശ്യം അസ്‌തമിക്കുമ്പോള്‍ സമ്പൂര്‍ണ്ണമായ ഇരുട്ട്‌. കാലന്‍ വരും മുമ്പ്‌ കേള്‍ക്കാറുണ്ട്‌ എന്ന്‌ അമ്മൂമ്മമാര്‍ പണ്ട്‌ പേടിപ്പിച്ചിരുന്നതരം കണ്ടന്‍പൂച്ചയുടേതോ, ഗര്‍ഭിണിപ്പൂച്ചയുടേതോ ആയ നെടുങ്കന്‍ കരച്ചിലിന്റെ ഓരി മാത്രം. ഇരുട്ടുമാറുമ്പോള്‍, ആരാച്ചാരുടെ വീടിന്റെ വാതിലിലേക്ക്‌ ഓരം ചേര്‍ന്നെത്തുന്ന ഒരാളെയും അയാള്‍ക്കരികില്‍ നേരത്തേ കണ്ട സംവിധായകന്‍ തന്നെയെന്ന്‌ സംശയിക്കാവുന്ന ജോഷിജോസഫിന്റെ നീല ജീന്‍സ്‌ ഷര്‍ട്ടിന്റെ തെല്ലരികും കാണാം. ആ പമ്മിനടപ്പുകഴിഞ്ഞ്‌, അടുത്ത ദൃശ്യത്തില്‍ ജോഷിജോസഫിന്റെ തന്നെ അല്‌പം വിളറിയതെന്നോ വഷളത്തരം നിറഞ്ഞതെന്നോ തോന്നിപ്പിച്ചേക്കാവുന്ന നില്‌പ്‌ നാം കാണുന്നു. ആരാച്ചാരുടെ കുമ്മായം പൂശിയ വീടിന്റെ മുന്‍ഭാഗത്ത്‌ പാതിതുറന്ന നീലച്ചായമടിച്ച വാതിലിനരികില്‍ ചീകാത്ത മുടിയും കുറ്റിബുള്‍ഗാന്‍ താടിയും തോള്‍സഞ്ചിയും തൂക്കി നില്‍ക്കുകയാണയാള്‍. ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത്‌ ആ നില്‌പിനെത്തന്നെ സ്വയം നിര്‍വചിക്കുന്ന അയാളുടെ ആഖ്യാനമാണ്‌:

'ആരാച്ചാരുടെ ഒരു ദിവസത്തെ സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ പലയിടങ്ങളിലായി തൂങ്ങിക്കിടക്കുന്നതിനിടയില്‍ അയാളുടെ ഒരു വിലക്ക്‌ എനിക്ക്‌ ലംഘിക്കേണ്ടി വന്നു. അയാളുടെ പേരക്കുട്ടിയെ ചിത്രീകരിക്കാന്‍ ശ്രമിച്ചതിലൂടെ.' 

ക്ഷുഭിതനായ ആരാച്ചാര്‍ വാതിലനരികില്‍ വന്ന്‌ ഇപ്പോള്‍ സംവിധായകന്‌ താക്കീത്‌ നല്‍കുകയാണ്‌: 
'ഞാന്‍ പറഞ്ഞതുമാത്രമേ നിങ്ങള്‍ ചെയ്യാന്‍ പാടുണ്ടായിരുന്നുളളൂ'
'എന്നെ വേണമെങ്കില്‍ നിങ്ങള്‍ തല്ലിക്കോളൂ, പക്ഷേ, ഞാന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല', ജോഷി നെഞ്ചില്‍ കൈവയ്‌ക്കുന്നുണ്ട്‌. 
'ഇല്ല, ഒറപ്പായും നിങ്ങള്‌ തെറ്റല്ലേ ചെയ്‌തത്‌'
'മഹാദേവിനോട്‌ ചോദിച്ചുനോക്കൂ' എന്നാണ്‌ സംവിധായകന്റെ തടിതപ്പല്‍. ജോഷിയുടെ വലംകൈയ്യില്‍ ഇടംകൈകൊണ്ട്‌ പിടിച്ച്‌ വലംകൈയിലെ പെരുവിരല്‍ ഉയര്‍ത്തി ആരാച്ചാര്‍ കര്‍ക്കശനാവുകയാണ്‌:
'ഞാന്‍ നിങ്ങളോട്‌ എന്താ പറഞ്ഞത്‌, എന്റെ പേരക്ക്‌ടാവിനെ ഷൂട്ട്‌ ചെയ്യരുതെന്ന്‌.'
'എനിക്കാ കുട്ടിയെ അറിയുക പോലുമില്ല, ഞാന്‍ മഹാദേവിനോട്‌ സംസാരിക്കുകയായിരുന്നു'
'നോക്കിയേ, നിങ്ങളെപ്പോലുള്ളവരൊക്ക വന്‍ തട്ടിപ്പുകാരാണെന്ന്‌ ഞങ്ങക്കറിയാം.'
'ഏയ്‌, അല്ല, താങ്കള്‍ പറഞ്ഞത്‌.'
'ഞാന്‍ പറയുന്നത്‌ കേള്‍ക്കൂ,' 

ഇതിനിടയില്‍ മുറിക്കകത്തുനിന്ന്‌ മഹാദേവ്‌ എന്തോ പറയുന്നതായി കേള്‍ക്കാം, 'അത്‌ സാരമില്ല, അച്ഛാ' എന്നോ മറ്റോ. പക്ഷേ, അതിനോടും ആരാച്ചാരുടെ പ്രതികരണം തീവ്രമാണ്‌. അകത്തേക്കുനോക്കി ഒരു നിമിഷം കൊണ്ട്‌, 'ഏയ്‌ മിണ്ടരുത്‌' എന്ന്‌ കടുപ്പിച്ചിട്ട്‌ അയാള്‍ വീണ്ടും ജോഷിയിലേക്ക്‌ തിരിയുകയാണ്‌; ജോഷിയുടെ തോളില്‍ കൈവച്ചുകൊണ്ട്‌, അതേ സമയം മാന്യത കൈവിടാതെ, ഒരു പക്ഷേ ആത്മബോധത്തോടെയും: 'ഞാനേയ്‌, ഈ കല്‍ക്കത്ത മുഴുവനും യാത്രചെയ്‌തോനാ, ഇന്ത്യ മുഴുവനും ലോകം 
മൊത്തത്തിലും ഞാന്‍ പോയിട്ടുണ്ട്‌. അറിയുവോ?' ഏത്‌ നിമിഷവും അടികിട്ടുമെന്നറിഞ്ഞുകൊണ്ടുള്ള, ഏങ്കോണിക്കപ്പെട്ട പുഞ്ചിരിയുമായാണ്‌ ഇപ്പോള്‍ സംവിധായകന്റെ നില്‌പ്‌. 
'എല്ലാ സ്ഥലങ്ങളെയും കുറിച്ച്‌ എനിക്ക്‌ സകലവുമറിയാം.'
നമ്മുടെ ദൃഷ്ടിയില്‍ പെടാത്ത ആരോ ഇപ്പോള്‍ ജോഷിയോട്‌ എന്താ സംഭവമെന്ന്‌ ചോദിക്കുന്നുണ്ടെന്ന്‌ തോന്നുന്നു. 'ഏയ്‌, ഇല്ല, ഞാന്‍ മഹാദേവിനോട്‌ സംസാരിക്കുകയായിരുന്നു' എന്നാണ്‌ ജോഷിയുടെ ഉത്തരം. 'അല്ലല്ല' എന്ന്‌ ആരാച്ചാര്‍ പുറത്തെ ആ അജ്‌ഞാതരോട്‌ പറയുന്നുണ്ടെങ്കിലും കയ്യിലെ പത്രം നിവര്‍ത്തി അതിലെ ഒരു ഫോട്ടോയെക്കുറിച്ച്‌ മഹാദേവിനോട്‌ ചോദിക്കുക മാത്രമാണ്‌ താന്‍ ചെയ്‌തതെന്ന്‌ ജോഷി വിശദീകരിക്കുന്നുണ്ട്‌. ബംഗാളിയിലുള്ള ആ പത്രത്തില്‍ ഇപ്പോള്‍ ആരാച്ചാരുടെ ചിത്രം കാണാം.

'ഏയ്‌ ഇതൊന്നും ശരിയല്ലെന്നും ഞാനെന്താ വിഡ്‌ഢിയാണെന്ന്‌ നിങ്ങള്‍ കരുതിയോ' എന്നും ആരാച്ചാര്‍ സ്വയം കുടഞ്ഞു. 'സാരമില്ലെന്നും ക്ഷമിച്ചേക്കൂ' എന്നും ആരൊക്കെയോ അയാളെ ആശ്വസിപ്പിച്ച്‌ അകത്തേക്ക്‌ കൊണ്ടുപോവാന്‍ ശ്രമിക്കുകയാണ്‌. അകത്തേക്ക്‌ വലിക്കുന്നവരെ തള്ളിമാറ്റിക്കൊണ്ട്‌ ആരാച്ചാര്‍ വീണ്ടും രോഷപ്പെടുന്നത്‌ സംവിധായകന്റെ തൊഴിലിനെക്കുറിച്ചാണ്‌:

'നിങ്ങളുടെ ഈ വൃത്തികെട്ട തൊഴിലിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം.' 

ആരാച്ചാരുടെ ഈ വാക്കുകള്‍ക്കുമുന്നില്‍, വീണ്ടും വീണ്ടും താന്‍ മഹാദേവിനോട്‌ സംസാരിക്കാന്‍ മാത്രം ശ്രമിക്കുകയായിരുന്നുവെന്ന നുണ ആവര്‍ത്തിക്കുകയും ഈ സംഭാഷണങ്ങളെല്ലാം ചിത്രീകരിക്കപ്പെടുന്നുണ്ടെന്ന്‌ സ്വയം അറിയുകയും ചെയ്യുന്ന സംവിധായകന്‍ ഈ സംഘര്‍ഷദൃശ്യങ്ങള്‍ക്കുമുകളിലൂടെ നമ്മോടായി ആഖ്യാനപ്പെടുകയാണ്‌. വാതില്‍ക്കല്‍, ആരാച്ചാരെ പ്രകോപിപ്പിച്ചു നില്‍ക്കുന്ന സംവിധായകനെ സ്വയം കാണിച്ചുകൊണ്ട്‌ ഇപ്പോള്‍ സംവിധായകന്‍ തന്നിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുകയാണ്‌:

'നോക്കൂ,
എന്നെത്തന്നെ നോക്കൂ,
തൊഴില്‍പരമായ ഒരു ചതിയുടെ 
ഒരു പ്രൊഫഷണല്‍ ചീറ്റിംഗിന്റെ
ഈ അവതരണം നോക്കൂ.'

ഒരു കയ്യില്‍ മടക്കിപ്പിടിച്ച പത്രവുമായി, മറുകയ്യില്‍ കുപ്പായത്തിന്റെ മേല്‍ക്കുടുക്കില്‍ പിടിച്ച്‌, കുറ്റം പിടിക്കപ്പെട്ട സ്‌കൂള്‍കുട്ടിയെപ്പോലെ, ചുണ്ടുകള്‍ ഉള്ളിലാക്കി നില്‍ക്കുന്ന സംവിധായകനോട്‌ ആരാച്ചാര്‍ ദേഷ്യോപനിഷത്ത്‌ തുടര്‍ന്നു:
'നിങ്ങളോട്‌ ഇതിനകം പലതവണ ഞാന്‍ പറഞ്ഞതാണ്‌, ഷൂട്ടിംഗ്‌ ഇപ്പോഴത്തേക്ക്‌ മതിയെന്ന്‌. ഞാന്‍ ഇപ്പോള്‍ പോകുകയാണെന്ന്‌. അതുവരെ കാളിഘട്ട്‌ ഷൂട്ട്‌ ചെയ്‌തോളൂ എന്ന്‌. അതുകഴിഞ്ഞ്‌ എന്നോട്‌ സംസാരിച്ചോളൂ എന്ന്‌.'

'അതിന്‌ ഞാന്‍ താങ്കളോട്‌ സംസാരിക്കുകയായിരുന്നില്ല, ശരി, വിശ്രമിച്ചോളൂ.'

'ഹ! എന്നുവച്ച്‌ നിങ്ങള്‍ എന്റെയീ മൊത്തം വീടും തുറന്നുകാട്ടാനാണോ പോകുന്നത്‌. എന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ കാണിക്കാനാണോ പോകുന്നത്‌. നമ്മള്‍ തമ്മിലുള്ള കരാറില്‍ അത്‌ പറഞ്ഞിട്ടില്ല.' 

'അതല്ല, ഞാന്‍ മഹാദേവുമായിട്ട്‌.'

'എന്റെ കുടുംബത്തെ മുഴുവന്‍ നിങ്ങളുടെ മുന്നില്‍ പരേഡ്‌ നടത്താമെന്ന്‌ നമ്മള്‍ തമ്മിലുള്ള കരാറിലില്ല.' 

'ഏയ്‌, ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല'.

'പ്രശ്‌നമുണ്ടാക്കല്ലേ' എന്ന്‌ പറഞ്ഞ്‌ മഹാദേവ്‌ ഇപ്പോള്‍ അച്ഛനെ വീടിനകത്തേക്ക്‌ കൊണ്ടുപോകുകയാണ്‌. അകത്തുനിന്ന്‌ ആരാച്ചാരുടെ ശബ്‌ദം വീണ്ടും ഉയരുന്നുണ്ട്‌. പുറത്ത്‌ സംവിധായകന്റെ അതേനില്‌പിലൂടെ കാമറ പതുക്കെ വലത്തോട്ട്‌ നീങ്ങുന്നു. അയാളുടെ നില്‌പ്‌ പതുക്കെ മങ്ങുമ്പോള്‍, സംവിധായകന്റെ കൂടി കഴുത്ത്‌ പശ്ചാത്തലമാക്കിക്കൊണ്ട്‌ ഒരു തൂക്കുകയര്‍ പതുക്കെ തെളിയുന്നുണ്ട്‌. 
പശ്ച്‌ചാത്തലം മങ്ങുമ്പോള്‍ സംവിധായകന്റെ സ്ഥാനത്ത്‌ അവിടെ കൊല്ലപ്പെടാന്‍ പോകുന്ന ധനഞ്‌ജയിന്റെ ചിത്രം തെളിയുന്നു. ചിത്രത്തിലൂടനീളം നാം കേട്ടുകൊണ്ടിരുന്ന സംഗീതം ആ തൂക്കുകയര്‍മുഖത്തുനിന്നുയരുമ്പോള്‍ പശ്ചാത്തലത്തില്‍ ഇങ്ങനെയും ആഖ്യാനം:

Somebody gets hanged..and somebody gets a job in the bargain. Obviously this story touched a raw nerve. So the jail authorities asked the hangman to keep his grandson away from the media glare. 

വീണ്ടും അതേ വാതില്‍ക്കല്‍ നില്‍ക്കുകയാണ്‌ സംവിധായകന്‍. ഒരു ചുവന്ന തോര്‍ത്ത്‌ കയ്യിലെടുത്തുകൊണ്ട്‌ ആരാച്ചാര്‍ വീണ്ടും പുറത്തുവരികയാണ്‌: 

'ഞാന്‍ ഒരു വാക്കുതന്നു. നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ചെയ്‌തു. അയാളുടെ അടുത്തുവച്ച്‌ ഞാന്‍ അതെല്ലാം വിശദീകരിച്ചുംതന്നു. അയാളും അത്‌ നിങ്ങളോട്‌ ചര്‍ച്ച ചെയ്‌തില്ലേ. ഞങ്ങളേയ്‌, ഗവണ്‍മെന്റിന്റെ സേവകരാണ്‌'. 

'ഏയ്‌, താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌' താല്‌പര്യമില്ലാത്ത മട്ടില്‍ സംവിധായകന്റെ മുഖവും ആകാശത്തോട്ടുള്ള അലക്ഷ്യനോട്ടവും.

'ഗവണ്മെന്റ്‌ നിയമങ്ങളൊക്കെ എനിക്ക്‌ നോക്കേണ്ടതുണ്ട്‌. താങ്കളുടെ വാക്കുകളെ എനിക്ക്‌ മാനിക്കേണ്ടതുമുണ്ട്‌. ഒപ്പം എനിക്ക്‌ എന്റെ ഡ്യൂട്ടിയും ചെയ്യേണ്ടതുണ്ട്‌. ശരിയല്ലേ, ഞാന്‍ പറയുന്നത്‌ ശരിയോ, തെറ്റോ?'

'ഞാന്‍ എന്തെങ്കിലും തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ എനിക്ക്‌.'

'ഹോ, നിങ്ങളെക്കൊണ്ട്‌ എന്റെ പാവം പേരക്കുട്ടി, വല്ലാതെ പേടിച്ചു, അവന്‌ പുറത്ത്‌ വരാന്‍ പോലും കഴിയുന്നില്ല. അതെന്താ മിണ്ടാത്തത്‌.'

സംവിധായകന്‍ ഇപ്പോള്‍ ചിരി പോലുള്ള മുഖഭാവത്തോടെ മുറിക്കകത്തേക്ക്‌ നോക്കി ആരാച്ചാരുടെ മകനോട്‌ ചോദിക്കുന്നുണ്ട്‌ 'മഹാദേവ്‌, ഞാനെന്തെങ്കിലും തെറ്റ്‌ ചെയ്‌തോ?'

ആരാച്ചാര്‍ ഇപ്പോള്‍ അകത്തേക്ക്‌ പോയെങ്കിലും മകനെയും ആരാച്ചാരെയും മുറിയില്‍ കാണാം. ആരാച്ചാരുടെ ശബ്‌ദം പിന്നെയും ഉയരുന്നുണ്ട്‌, 'ഇയാള്‌, എന്നോട്‌ സംസാരിക്കാനാണെന്നും പറഞ്ഞ്‌ വന്നിട്ട്‌, അവരെല്ലാം കൂടി കുഞ്ഞിനെ പിടികൂടി'. വാതില്‍ ചാരി നില്‍പ്പ്‌ തുടരുന്ന സംവിധായകന്റെ വിളറിയ പുഞ്ചിരിയില്‍ ഇപ്പോള്‍ നട്ടുച്ച വെയില്‍ ചിതറിവീഴുന്നുണ്ട്‌. ആ ഉളുപ്പിലേക്ക്‌ വീണ്ടും ആരാച്ചാരുടെ ശബ്‌ദം: 'എന്നിട്ട്‌ നമ്മളറിയാത്തപോലെ ഷൂട്ടും ചെയ്യുന്നു, ദയവുചെയ്‌ത്‌ നിര്‍ത്തിഷ്ടാ' സംവിധായകന്റെ അളിഞ്ഞ വിവൃതമായ ചിരിയിലേക്ക്‌ ചുമ്മാ നോക്കിനില്‍ക്കുകയാണ്‌ കാമറ. അകത്തുനിന്ന്‌ ഇപ്പോള്‍ ആരാച്ചാരുടെ മകന്‍ മഹാദേവ്‌ പുറത്തെത്തി, സംവിധായകനെ ആശ്വസിപ്പിക്കുന്നുണ്ട്‌: 'ആള്‌ ആകെക്കൂടി ടെന്‍ഷനിലാണ്‌.'

'അതെ.'

ഇരുവരും വാതില്‍പ്പടിയില്‍ നില്‍ക്കുമ്പോള്‍, അകത്തുനിന്ന്‌ ആരാച്ചാരുടെ നയംവ്യക്തമാക്കല്‍ പ്രഖ്യാപനം പോലുള്ള സംഭാഷണം കേള്‍ക്കാം: 'ഇന്നലെ എന്നെ കാണാന്‍ വന്നവരുണ്ടല്ലോ, ഒരൊറ്റ മണിക്കൂറിന്‌ എനിക്ക്‌ പതിനായിരം രൂപയാ കിട്ടുമായിരുന്നത്‌. ഞാന്‍ വേണ്ടെന്നുവച്ചു.'

ഈ സംഭാഷണത്തിന്റെ ഉളളടക്കം എന്താണെന്ന്‌ ആരാച്ചാരുടെ മകന്‍ ഇപ്പോള്‍ സംവിധായകനോട്‌ പറയുന്നുണ്ട്‌:. 'അച്ഛന്റെ ഇന്റര്‍വ്യൂവിന്‌ വേണ്ടി ഇന്നലെ സഹാറ ടിവിക്കാര്‌ വന്നിരുന്നു.'

'സ്റ്റുഡിയോയില്‍ വച്ചാണോ' 

'ഉം.'. എന്ന ഉത്തരത്തില്‍ ഇരുട്ടുവീഴുന്നു. ഇരുട്ടുമാറുമ്പോള്‍ ഏതോ ഡിജിറ്റല്‍ ഉപകരണത്തില്‍ നിന്നെന്ന പോലെ, നിരന്തരം തെളിഞ്ഞും മറഞ്ഞും മുകളിലേക്ക്‌ തെന്നിമാറുന്ന സമയാക്ഷരങ്ങള്‍, 
സെക്കന്റുകളായും, മിനിറ്റുകളായും മണിക്കൂറുകളായും. സവിശേഷമായൊരു കൗശലസംഗീതത്തിന്റെ അകമ്പടി. അതുകഴിയുമ്പോള്‍, ഹിന്ദുസ്ഥാന്‍ ടൈംസ്‌ ദിനപത്രത്തിലെ ഒരു വാര്‍ത്തയുടെ സമീപദൃശ്യം തെളിയുന്നു. 'ദ ലാസ്റ്റ്‌ ഡേ ദാറ്റ്‌ വാസ്‌ നോട്ട്‌ ടു ബി' എന്ന ശീര്‍ഷകം. ജൂണ്‍ 24ലേതാണ്‌ പത്രം. ഇപ്പോള്‍ അതേ പത്രത്തിന്റെ ഒന്നാംപേജില്‍ നമ്മള്‍ തൊട്ടുമുമ്പ്‌ കണ്ട വാര്‍ത്ത കൂടി ഉള്‍പ്പെടുന്ന പ്രധാനവാര്‍ത്ത കാണാം. 'കൊലയാളിക്ക്‌ വധശിക്ഷയില്‍ നിന്ന്‌ സമയം നീട്ടിക്കൊടുത്തുകൊണ്ട്‌ കലാം' എന്ന്‌ ശീര്‍ഷകം. അന്നത്തെ രാഷ്ട്രപതി അബ്‌ദുള്‍കലാം ആസാദിന്റെ ചിത്രവും നേരത്തേ നമ്മള്‍ കണ്ട തൂക്കുകയറിനകത്ത്‌ തലകുടുങ്ങിയതുമാതിരിയുള്ള ധനഞ്‌ജയ്‌ ചാറ്റര്‍ജിയുടെ പത്രഗ്രാഫിക്‌ ചിത്രവും കാണാം. ബംഗാളി ഭാഷയിലുള്ള മറ്റൊരു പത്രക്കട്ടിംഗ്‌. ധനഞ്‌ജയിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ നീട്ടിവച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവുകള്‍ പേറുന്ന പത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നുപോവുകയാണ്‌ ഇപ്പോള്‍. 'ഞങ്ങളുടെ ധനു കൊലയാളിയല്ല, സന്തോഷത്തോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും' എന്ന ഒരു ശീര്‍ഷകം നമ്മള്‍ക്ക്‌ കൃത്യമായും വായിക്കാം. ആ പത്രം മുകളിലേക്കുയരുമ്പോള്‍ താഴെ കിടക്കുന്ന ധനഞ്‌ജയിന്റെ മാതാപിതാക്കളുടെയും അരികിലിരിക്കുന്ന ഭാര്യ പൂര്‍ണ്ണിമയുടെയും ചിത്രം. 

ആകാംക്ഷാഭരിതരും സംശയമുഖഭാവം കലര്‍ന്നവരും വിയര്‍ത്ത്‌ മുഖം തുടയ്‌ക്കുന്നവരുമായ ഒരാള്‍ക്കൂട്ടത്തിന്റെയും പോലീസിന്റെയും സമീപദൃശ്യങ്ങളും ഉദ്വേഗ സംഗീതവും. എന്തോ ഒന്ന്‌ കാണുകയോ കേള്‍ക്കുകയോ ആണവര്‍. കാമറ കയ്യിലേന്തിയവരെയും ആള്‍ക്കൂട്ടത്തില്‍ കാണുമ്പോള്‍ ഏതോ ചിത്രീകരണമാണെന്ന്‌ മനസ്സിലാക്കാം. ചിത്രീകരിക്കപ്പെടുന്നത്‌, ആരാച്ചാരുടെ മകനാണ്‌. ടെലിവിഷന്‍ ചാനലുകളുടെ മൈക്കുകള്‍ക്കുമുന്നില്‍ നിന്ന്‌ സംസാരിക്കുന്ന മഹാദേവിന്റെ ശിരസ്സിന്റെ പിന്‍ഭാഗം. രസകരമായ എന്തോ കാണുമ്പോലെ തൊട്ടരികിലെ ബംഗാളി വീടിന്റെ രണ്ടാംനിലയിലെ എടുപ്പില്‍ നിന്ന്‌ ഇടുപ്പില്‍ ഒരു കുഞ്ഞിനെയും വച്ച്‌ മഞ്ഞസാരിയുടുത്ത ഒരു യുവതിയും അല്‌പം പ്രായം ചെന്ന മറ്റൊരു സ്‌ത്രീയും. അവരുടെ നോട്ടത്തോടൊപ്പം താഴേക്കുപോരുന്ന കാമറ കാണിച്ചുതരുന്നത്‌, ടിവി കാമറകളാല്‍ വലയംചെയ്യപ്പെട്ട ആരാച്ചാരുടെ മകന്‍ സംസാരിക്കുന്നതാണ്‌. ആ സംസാരം നമ്മള്‍ 
കാണുന്നതേയുള്ളു. കേള്‍ക്കുന്നില്ല. കേള്‍ക്കുന്നത്‌, നിമിഷങ്ങളെ ഉദ്വേഗപൂര്‍ണ്ണമാക്കുന്ന സംഗീതം. ഇപ്പോള്‍, ഒരു റിപ്പോര്‍ട്ടര്‍, ആരാച്ചാരുടെ മകനോട്‌ ചോദിക്കുന്നുണ്ട്‌: 

'ഇനിയിപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ തയ്യാറെടുക്കുക? എന്താണ്‌ പറയാനുള്ളത്‌? എങ്ങനെയാണ്‌?'

ഉത്തരങ്ങള്‍ വേഗത്തില്‍ എഴുതിയെടുക്കുന്ന പത്രക്കാരന്റെ കയ്യിലെ കുറിപ്പടിയും ചലിക്കുന്ന പേനയും സമീപദൃശ്യത്തില്‍. ആ എഴുത്ത്‌ കഴിയുമ്പോള്‍, ആരാച്ചാരുടെ മുറിക്കകത്തുനിന്ന്‌ ഇറങ്ങിവരികയാണ്‌ ഒരു പോലീസുദ്യോഗസ്ഥന്‍. പുറത്തെ മാധ്യമപ്രവര്‍ത്തകരോട്‌ പോലീസുകാരന്‍ പറയുന്നുണ്ട്‌, 'ആരാച്ചാര്‍ പറയുന്നത്‌, അയാള്‍ വല്ലാതെ അസ്വസ്ഥനാണ്‌' എന്നാണ്‌. 'ഇത്‌ അങ്ങേയറ്റം അസ്വസ്ഥമാണെന്നാണ്‌ അയാള്‍ പറയുന്നതെന്ന്‌' പറഞ്ഞ്‌ നീങ്ങുന്ന ഉദ്യോഗസ്ഥന്‍. വാതില്‌ക്കല്‍ മഹാദേവ്‌ അതേ നരച്ച ബനിയനുമിട്ട്‌ നില്‍ക്കുന്നുണ്ട്‌. പോലീസുകാര്‍ക്കൊപ്പം കാര്യം കഴിഞ്ഞ മാധ്യമപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പിരിഞ്ഞുപോക്ക്‌. കാമറ പാക്ക്‌ ചെയ്യാന്‍ റിപ്പോര്‍ട്ടര്‍മാര്‍ ക്രൂവിനോട്‌ പറയുന്നതിന്റെ ശബ്‌ദങ്ങള്‍. വീടിന്റെ മേല്‍ത്തുറസ്സുകളില്‍ ഉണങ്ങിയ വസ്‌ത്രങ്ങളുള്ള അയകള്‍ക്കുതാഴെ കസേരയിട്ട്‌ വട്ടംകൂടിയിരുന്നും നിന്നും ഇതെല്ലാം കാണുകയായിരുന്ന ബംഗാളിപ്പെണ്ണുങ്ങളുടെ കീഴ്‌നോട്ടങ്ങള്‍. താഴെ അന്വേഷണകുതുകികളായ ചില റിപ്പോര്‍ട്ടര്‍മാര്‍ ഇപ്പോഴും പിരിഞ്ഞുപോയിട്ടില്ല. പേനയും കടലാസുമായി ഒരാള്‍ ആരാച്ചാരുടെ മകനോട്‌ ചോദിക്കുന്നുണ്ട്‌: 

'എന്താ നിങ്ങളുടെ പരാതി?' 
'പരാതിയോ? എനിക്കോ? ഗവണ്‍മെന്റാണ്‌ കാര്യങ്ങള്‍ ചെയ്യുന്നത്‌. ഗവണ്‍മെന്റ്‌ പറയുന്നു, ഞങ്ങള്‍ ചെയ്യുന്നു. സന്തോഷവുമില്ല, ദു:ഖവുമില്ല'

ഈ അഭിമുഖം കണ്ട്‌ കൂട്ടംകൂടി നില്‍ക്കുകയാണ്‌ പിരിഞ്ഞുപോകാനൊരുങ്ങിയ ആള്‍ക്കൂട്ടം. സംസാരിക്കുന്ന മഹാദേവിന്റെ പിന്നിലൂടെ കാമറ നീങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സൈക്കിളിലിരിക്കുകയായിരുന്ന ആളോട്‌ സൈക്കിളല്‌പം നീക്കാമോ എന്ന്‌ ചോദിച്ചുകൊണ്ടുവരുന്നുണ്ട്‌ ഒരു യുവാവ്‌. ഇപ്പോള്‍ നമ്മള്‍ക്ക്‌ 
അയാളെ മനസ്സിലാവുന്നു. വധശിക്ഷ നടക്കുന്നത്‌ ദൂരെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന്‌ ചിത്രീകരിക്കാന്‍ കഴിയുമെന്ന വിദഗ്‌ധോപദേശം നല്‍കിയതിന്‌ ആരാച്ചാരുടെ മകന്‌ കൈക്കൂലി കൊടുത്ത ടിവി റിപ്പോര്‍ട്ടറാണ്‌ കക്ഷി. കക്ഷിയെക്കണ്ട്‌ മഹാദേവിന്റെ മുഖത്ത്‌ നിറയുന്ന ചിരി:
'ഓ നിങ്ങള്‍ വീണ്ടും വന്നോ?'
'നമ്മുടെ ജോലിയല്ലേ ഇത്‌'
'വാര്‍ത്തയറിഞ്ഞില്ലേ.?'
'അതുകൊണ്ടാ വന്നത്‌. എപ്പോഴാണ്‌ താങ്കള്‍ ഈ വാര്‍ത്തയറിഞ്ഞത്‌?'
മഹാദേവിന്റെ മുഖത്തോട്‌ ചേര്‍ന്ന്‌ ഇപ്പോള്‍ റിപ്പോര്‍ട്ടറുടെ കാമറാമാന്റെ മൈക്ക്‌ ഉദ്ധൃതമായി നില്‍ക്കുന്നുണ്ട്‌. ആള്‍ക്കൂട്ടം അയാള്‍ക്കുപിറകിലുണ്ട്‌. 

'ഞങ്ങളോട്‌ ഇതുവരെയും ആരും ഒഫീഷ്യലായിട്ട്‌ പറഞ്ഞിട്ടില്ല. ഞങ്ങള്‌ അറിഞ്ഞു, ദാ, ഇവരൊക്ക ന്യൂസ്‌ തന്നു. പിന്നെ വാര്‍ത്തയില്‍ കേട്ടു. ഞങ്ങള്‍ പോണോ വേണ്ടയോ എന്ന്‌ ഓഫീസില്‍ നിന്ന്‌ ഓര്‍ഡറൊന്നും വന്നിട്ടില്ല. ഞങ്ങള്‌ ഇവിടെ നിന്ന്‌ പോവേണ്ട സമയം'

'എത്രയായിരുന്നു അത്‌�'

'അത്‌ വെളിപ്പെടുത്താന്‍ പാടില്ല. പക്ഷേ സമയം കഴിഞ്ഞു. ഞങ്ങള്‍ അവിടെ എത്തേണ്ട സമയമായിട്ടും ആരും വന്നില്ല. അപ്പോള്‍ ഞങ്ങള്‍ക്ക്‌ സംശയായി. പോവേണ്ട സമയം മിക്കവാറും കഴിഞ്ഞു.' 

ആള്‍ക്കൂട്ടത്തിനിടയില്‍ ചില സ്‌ത്രീകളെയും ഒരു കുട്ടിയെയും കാണാം. പശ്ചാത്തലത്തില്‍ വയസ്സായ ഒരു പോലീസുകാരനുമുണ്ട്‌. അവരുടെ ദൃശ്യങ്ങള്‍ക്കുമുകളിലൂടെ കേള്‍ക്കാം റിപ്പോര്‍ട്ടറുടെ മറ്റൊരു ചോദ്യം:

'ഇത്രയൊക്കെ ആയ സ്ഥിതിക്ക്‌ ഇപ്പോള്‍ എന്താ തോന്നുന്നത്‌?'

ഉത്തരം പറയുന്ന മഹാദേവിനെ നാമിപ്പോള്‍ കാണുന്നതേയില്ല. വട്ടമിട്ടിരിക്കുന്ന ആള്‍ക്കൂട്ടത്തിന്‌ വെളിയിലൂടെ ആ ആള്‍ക്കൂട്ടത്തെ വലയം ചെയ്‌ത്‌ അവരുടെ മുഖങ്ങളിലൂടെ വട്ടം കറങ്ങി, അല്‌പം 
പിറകില്‍ സിഗരറ്റും വലിച്ചുനില്‍ക്കുന്ന ഒരു പോലീസൂകാരനിലേക്ക്‌ എത്തിനില്‍ക്കുന്നു കാമറ. തോക്കുണ്ട്‌ അയാളുടെ തോളിന്‌ പിന്നില്‍. ഈ ദൃശ്യങ്ങള്‍ക്കു മുകളിലൂടെയാണ്‌ മഹാദേവിന്റെ ഉത്തരം നാം കേള്‍ക്കുന്നത്‌: 

'ഇതൊരു ഗവണ്‍മെന്റ്‌ ജോലിയല്ലേ. പോകാന്‍ പറഞ്ഞാല്‍ പോകും, ഇല്ലേല്‍ ഇല്ല. എനിക്കിതില്‍ സന്തോഷോമില്ല, ദു:ഖോമില്ല.'

'എങ്കിലും ടെന്‍ഷനില്ലേ' 

സിഗരറ്റ്‌ പിറകിലേക്ക്‌ മറച്ചുപിടിച്ചിരിക്കുന്ന പോലീസുകാരന്‍. പിറകിലെ നീണ്ട തെരുവില്‍ നിന്ന്‌ കുടത്തില്‍ വെള്ളവുമായി വരുന്ന ഒരു വൃദ്ധന്‍. അവര്‍ക്കു മുകളിലൂടെ മഹാദേവിന്റെ ഉത്തരം:

'ആകെക്കൂടി നല്ല സമ്മര്‍ദ്ദമായിരുന്നു. ഇപ്പോള്‍ അല്‌പം മാറി.' ആള്‍ക്കൂട്ടത്തിന്റെ മറ്റൊരു കോണില്‍നിന്നുള്ള ദൃശ്യങ്ങള്‍. അതിലൂടെ മറ്റൊരു ചോദ്യം:

'എന്തിനാണ്‌ ടെന്‍ഷന്‍'?
'ഇത്രയും വലിയൊരു ജോലിയില്‍ ചെറിയൊരു ടെന്‍ഷനില്ലാതിരിക്കുവോ? ഒരു ചെറിയ മിസ്റ്റേക്ക്‌ പോലും പറ്റാന്‍ പാടില്ല.'

'എങ്ങനെയാണ്‌ മിസ്റ്റേക്കുണ്ടാവുക, അതൊന്ന്‌ വിശദീകരിക്കാമോ'? ടിവി കാമറാമാന്റെ മൈക്ക്‌ ഇപ്പോള്‍ ദത്തശ്രദ്ധമാകുന്നു.

'ഞാനത്‌ കൃത്യമായി ചെയ്യണം. അതുകൊണ്ടുതന്നെ ടെന്‍ഷനുമുണ്ടാവും.' 
'ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ടോ?'
'ആ, കൊറച്ച്‌. എന്നാലും ആലിപ്പൂര്‍ ജയിലീന്ന്‌ ഇങ്ങോട്ട്‌ ഓഡറ്‌ വന്നില്ലെങ്കില്‌ അത്ര ആശ്വാസം ഉണ്ടാവേമില്ല. ഓഡറ്‌ വരണം. ഞങ്ങക്ക്‌ ഇതുവരെ കിട്ടിയിട്ടില്ല.' 
'സംഭവമെല്ലാം അച്ഛനറിയാമോ'?

'അറിയാം'
'അച്ഛനെന്താ പറയുന്നത്‌'?

ഇപ്പോള്‍ നമ്മള്‍ നേരേ ആരാച്ചാരുടെ മുറിയിലെത്തുന്നു. കുപ്പായമിടാതെ, ചുവന്ന തോര്‍ത്ത്‌ ഇടത്തേ കഴുത്തിലും തോളിലുമായി തിരുകി, കൈ കെട്ടി മുറിയുടെ മൂലയില്‍ ഇരിക്കുകയാണയാള്‍. ചുറ്റും കൂടിയിരിക്കുന്നവരെ നാം കാണുന്നില്ലെങ്കിലും അവരുടെ മര്‍മ്മരം കേള്‍ക്കാം. ഒരുനിമിഷം തല മുകളിലേക്കുയര്‍ത്തിയ ശേഷം ആരാച്ചാര്‍ എല്ലാവരോടുമായി വിരല്‍ചൂണ്ടി പറയുകയാണ്‌:

'ഞാനേയ്‌, ഒരു കൊരങ്ങനെപ്പോലെ ഡാന്‍സ്‌ ചെയ്യാന്‍ തയ്യാറാ. നിങ്ങളാരും ഡാന്‍സ്‌ ചെയ്യാന്‍ എന്നോട്‌ പറയാത്തതിന്‌ ഞാനെന്ത്‌ ചെയ്യും.' ഇരിപ്പിടത്തില്‍ നിന്ന്‌ മുന്നോട്ടാഞ്ഞ്‌ പരിഹാസച്ചിരിയോടെയാണ്‌ ആരാച്ചാരുടെ മുഖം ഇപ്പോള്‍ കൂര്‍ക്കുന്നത്‌. വീണ്ടും മര്‍മ്മരങ്ങള്‍. ശരീരം ചൊറിഞ്ഞുകൊണ്ടും ചുറ്റുമുള്ളവരെ നോക്കിക്കൊണ്ടും അയാളുടെ ഇരിപ്പ്‌. ചുവന്നുമുറുകിയ അയാളുടെ ശരീരത്തോട്‌ ഇടകലരുംവിധം മുറിയിലെ വെളിച്ചത്തിനും ഒരു മൃദുചുവപ്പന്‍ വര്‍ണ്ണം. ഇപ്പോള്‍ ആരാച്ചാര്‍ സമനില വീണ്ടെടുക്കുന്നതുപോലെ സംസാരം തുടങ്ങുന്നു:

'ഞാന്‍ അവ്‌ടെ നിന്നുള്ള അറിയിപ്പ്‌ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. അത്‌ അവിടെയില്ലെങ്കില്‍ എനിക്കെന്ത്‌ ചെയ്യാന്‍ കഴിയും. ഇത്‌ സര്‍ക്കാര്‍ കാര്യമല്ലേ. ഞങ്ങള്‌ ഞങ്ങടെ ജോലി ചെയ്യാന്‍ തയ്യാറാ.'

ആരാച്ചാരില്‍ നിന്ന്‌ കാമറ മെല്ലെ മുറിയുടെ മറ്റൊരുഭാഗത്ത്‌ നീങ്ങുമ്പോള്‍, കട്ടിലില്‍ നീല ഷര്‍ട്ടും ചാര പാന്റ്‌സും ധരിച്ച ഒരു തടിയന്‍ ഇരിക്കുന്നുണ്ട്‌. കാമറ കണ്ട്‌ ആരാച്ചാര്‍ ചൂടാകേണ്ടെന്ന്‌ ധരിച്ച്‌ റസാഖ്‌ കോട്ടക്കല്‍ കാമറ വെറുതേ തിരിച്ചതാകണം. പക്ഷേ, അതിന്‌ കൃത്യം കിട്ടി മറുപടി:

'ഇതോണ്ട്‌ നിങ്ങളൊരു ഫുള്‍സിനിമ തന്നെ പിടിച്ചില്ലേ'

ഇപ്പോള്‍ കാമറ, ആരാച്ചാരിലേക്ക്‌ തന്നെ വരാന്‍ ധൈര്യം കാട്ടുന്നു. മറ്റാരെയോ കണ്ട്‌ ആരാച്ചാരുടെ വിരല്‍ ഉയരുന്നുണ്ട്‌:
'ഇതാരാ, ഇതാരാ'.
ആരോ പറയുന്ന ഉത്തരം: 'ഖാസ്‌ ഖബര്‍ ചാനലില്‍ നിന്ന്‌'. 

ഉത്തരം കേള്‍ക്കുന്നതോടൊപ്പം ആരാച്ചാര്‍ക്കരികില്‍ ഇരിക്കുന്ന സംവിധായകന്‍ ജോഷിയെ കാണാം. ആരാച്ചാരുടെ മുഖത്തേക്ക്‌ ഇപ്പോള്‍ മറ്റൊരു റിപ്പോര്‍ട്ടറുടെ ശബ്‌ദം: 'ഇതിപ്പോ എല്ലാം ആവര്‍ത്തിക്കുകയാണല്ലോ. വീണ്ടും പോകാന്‍ പറഞ്ഞാല്‍ താങ്കള്‍ പോകുമോ?'
ഒന്നാലോചിച്ച ശേഷമാണ്‌ ഉത്തരം: 'നോക്കൂ, 1994ല്‍ ഇതേ ധനഞ്‌ജയ്‌ തന്നെയാണ്‌, അന്ന്‌ ഫെബ്രുവരിയായിരുന്നു, ഇരുപത്തിരണ്ടാംതിയ്യതി, ഞങ്ങളന്ന്‌ മണല്‍ച്ചാക്കുകളുപയോഗിച്ച്‌ ട്രയല്‍ നടത്തുകയായിരുന്നു. എന്തൊക്കെയാണ്‌ ചെയ്യേണ്ടതെന്ന്‌ എനിക്ക്‌ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു, ആ, പോയിട്ട്‌ 24ന്‌ വാ, അവനെ തൂക്കിക്കൊന്നിട്ട്‌ 25ന്‌ രാവിലെ തിരിച്ചുപോയാല്‍ മതി എന്നിങ്ങനെ. എല്ലാം തീരുമാനമായതായിരുന്നു. എന്നിട്ടെന്തായി. ഇരുപത്തിമൂന്നാംതിയ്യതി എനിക്ക്‌ അറിയിപ്പ്‌ കിട്ടി പണി കാന്‍സലായെന്ന്‌. പക്ഷേ ഇത്തവണ കഴിഞ്ഞ രണ്ടുമൂന്ന്‌ മാസമായിട്ട്‌ ഇത്‌ വല്ലാതെ അസ്വസ്ഥമാക്കുകയാ. ചര്‍ച്ചയും തയ്യാറെടുപ്പും അതുമിതും. നാലുതവണയാ മണല്‍ച്ചാക്കുകള്‍ കൊണ്ട്‌ ട്രയല്‌ നടത്തിയത്‌. എന്തായാലും ഇന്ന്‌ നടത്താന്‍ തീരുമാനിച്ചിരുന്നതാ. എന്നെ കൂട്ടാന്‍ അവര്‍ കാറുമായിട്ട്‌ വരും. ഉള്ളില്‍ കേറുന്നത്‌ വരെ അവര്‌ എനിക്ക്‌ കാവല്‍ നില്‍ക്കും.' 

ആരാച്ചാരുടെ മുഖം തന്നെയാണ്‌ നാമിപ്പോഴും കാണുന്നത്‌. അയാളുടെ മുഖത്തേക്ക്‌ മറ്റൊരു റിപ്പോര്‍ട്ടറുടെ ശബ്‌ദം: 'ഇതുവരെ എന്തെങ്കിലും ഗവണ്‍മെന്റ്‌ ഓര്‍ഡര്‍ കിട്ടിയോ' 

'ഇല്ലില്ല, അങ്ങനെയൊരു ന്യൂസും ഇതുവരെ കിട്ടിയിട്ടില്ല. നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യും. എനിക്ക്‌ ഇതുവരേം സര്‍ക്കാരീന്ന്‌ ഒരറിയിപ്പും കിട്ടിയിട്ടില്ല.' 

'ഇത്രയും കാലം ഈ തൊഴില്‍ ചെയ്‌ത താങ്കള്‍ക്ക്‌ ഇപ്പോഴത്തേതിന്‌ സമാനമായ എന്തെങ്കിലും അവസ്ഥ ഇതിന്‌ മുമ്പ്‌ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ' എന്നാണ്‌ റിപ്പോര്‍ട്ടറില്‍ നിന്ന്‌ ആരാച്ചാരുടെ മുഖത്തേക്കുവരുന്ന അടുത്ത ചോദ്യം.

'ആ, ഒരിക്കല്‍, ബ്രിട്ടീഷ്‌ ഭരണകാലത്ത്‌. കൊലപ്പുള്ളിയെ തൂക്കുപലകേല്‍ കേറ്റി നിര്‍ത്തിയിരിക്കയായിരുന്നു, കൈകള്‌ പെറകിലേക്ക്‌ കെട്ടി. കുരുക്ക്‌ തലേല്‍ ഇടാന്‍ ഒരുങ്ങുന്ന നേരം, സ്റ്റോപ്പ്‌, സ്റ്റോപ്പ്‌ എന്ന്‌ ആരോ അലറിപ്പറഞ്ഞു.' നരയന്‍ തലമുടിയില്‍ ഒന്ന്‌ ചൊറിഞ്ഞുകൊണ്ട്‌ ആരാച്ചാര്‍ പൂര്‍ത്തിയാക്കി: 'അങ്ങനെ അത്‌ നീട്ടിവച്ചു. ഓഫീസറോട്‌ അവിടെ വന്ന ആളുകള്‍ കാര്യങ്ങള്‍ പറഞ്ഞ്‌, പേപ്പറുകള്‍ കാണിച്ചു. പിന്നെ, കൊലപ്പുള്ളിയെ തൂക്കുപലകേന്ന്‌ എറക്കി, കയ്യഴിച്ച്‌, സെല്ലിലേക്കു തിരികെക്കൊണ്ടുപോയി. തൂക്കല്‌ നിര്‍ത്തി. അത്‌ എന്റെ അച്ഛന്റെ സമയത്തായിരുന്നു. ഞാനും രണ്ട്‌ സഹായികളും കൂടെയുണ്ടായിരുന്നു.'

'ഏത്‌ വര്‍ഷമായിരുന്നു അതെന്ന്‌ ഓര്‍ക്കുന്നുണ്ടോ?' ആരാച്ചാരുടെ മുഖത്തേക്ക്‌ വീണ്ടും ചോദ്യം.

'ഇല്ലില്ല, അത്‌ കൊറേ കാലം മുമ്പല്ലേ. ഞങ്ങള്‌ അവ്‌ടെ എത്തി, കൊലപ്പുള്ളിയെ ഞങ്ങള്‍ക്ക്‌ കൈമാറും വരെ, കൊല നടക്കുമെന്ന്‌ വിശ്വസിക്കാന്‍ എനിക്ക്‌ കഴിയില്ല. ഞാന്‍ നേരത്തേ പറഞ്ഞ പോലെ, സര്‍ക്കാരുമായുണ്ടാക്കിയ കരാറ്‌ പോലെ, അവര്‍ക്ക്‌ എന്റെ ആവശ്യമുണ്ടേല്‌, അവര്‌ കാറയയ്‌ക്കും. അവര്‍ക്ക്‌ എന്റെ ആവശ്യമില്ലേല്‍, ഞാന്‍ ഇവിടെ വീട്ടില്‍ വിശ്രമിക്കും, തിന്നും, ഉറങ്ങും. പോരേ�.'

'ഇന്നിപ്പോ എപ്പോഴാണ്‌ അങ്ങോട്ട്‌ പോകേണ്ടിയിരുന്നത്‌'?
'ഇല്ലില്ല, സമയം നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല.'

ഇനിയുള്ള ചോദ്യങ്ങളിലും ഉത്തരങ്ങളിലും നാം ആരാച്ചാരെ കാണുന്നില്ല. ആരാച്ചാരെ പകര്‍ത്തുന്ന ചാനല്‍ കാമറയിലേക്കും അത്‌ പ്രവര്‍ത്തിപ്പിക്കുന്ന കാമറാമാന്റെ പാര്‍ശ്വമുഖത്തിലേക്കും ദൃശ്യങ്ങള്‍ നീങ്ങുമ്പോള്‍ ഈ സംഭാഷണങ്ങള്‍ കേള്‍ക്കാം: 

'ഇതുപോലെ ഇനിയും ആവര്‍ത്തിച്ചാല്‍, വീണ്ടും തൂക്കാന്‍ പോകുമോ?'
'ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു.' 
'ഇതിനുകൂടി മാത്രം, വീണ്ടും തൂക്കാന്‍ പോകുമോ?'
'ഇതില്‍ കൂടുതലൊന്നും പറയാനാവില്ല.'
'എന്നാലും പ്ലീസ്‌, ഒന്നു പറയൂ, വീണ്ടും പോകുമോ?'

ആവര്‍ത്തിച്ചുള്ള ഈ ചോദ്യങ്ങള്‍ക്കുമേല്‍ ക്‌ളിക്ക്‌ ഒച്ചകളോടെ സ്റ്റില്‍ ഫോട്ടോയില്‍ നിന്നെന്ന പോലെ തുടര്‍ച്ചയായി നാല്‌ ചിത്രങ്ങള്‍ തെളിയുന്നു. ആദ്യ ക്ലിക്കില്‍, ആരാച്ചാരുടെ ആ മുറിയില്‍ ഫോട്ടോയെടുക്കുന്ന പത്രഫോട്ടോഗ്രാഫറുടെ കാമറ ക്ലിക്കപ്പെടുന്ന ഫോട്ടോ. രണ്ടാമത്തേതില്‍ ആരാച്ചാരും മകന്‍ മഹാദേവും നേരത്തെ കണ്ട നീലക്കുപ്പായക്കാരന്‍ തടിയനും ഏതോ പത്രലേഖികയും ഉള്‍പ്പെടുന്ന ഒരു ക്ലിക്ക്‌. മൂന്നാമത്തേതില്‍ ചാനല്‍ കാമറയ്‌ക്കായി ലൈറ്റ്‌ പൊക്കിപ്പിടിച്ചുനില്‍ക്കുന്ന ലൈറ്റ്‌ ബോയിയുടെ കൈകളുടെ ഇടയിലൂടെയുള്ള ഒരു ക്ലിക്ക്‌. നാലാമത്തേതില്‍ നേരത്തേ കണ്ട പത്രലേഖികയും ആരാച്ചാരുടെ മകനും എഴുന്നേറ്റ്‌ നിന്ന്‌ പരസ്‌പരം മുഖം മുഖത്തോട്‌ ചേരുംവിധം സ്വകാര്യം പറയുംവിധത്തിലുള്ള ക്ലിക്ക്‌. ഈ നാലുഫോട്ടോ സെഷനുകളും കഴിയുമ്പോള്‍ ആരാച്ചാര്‍ വീണ്ടും സംസാരം തുടരുകയാണ്‌: 'അതേയ്‌, എനിക്ക്‌ വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു ഒന്നുരണ്ടുമണിക്കൂര്‍ ലക്‌ചറെടുത്തു തരാന്‍ പറ്റും. അല്ലാതെ നിങ്ങളുടെയൊക്കെ തലമണ്ടയില്‌ ഇത്‌ കുത്തിക്കേറ്റാന്‍ എനിക്ക്‌ പറ്റില്ല.'

ആ തലമണ്ട ആരുടേതാണെന്ന്‌ ഇപ്പോള്‍ കാണാന്‍ കഴിയുന്നു. ആരാച്ചാര്‍ക്കുമുന്നില്‍ നിലത്ത്‌ കുന്തിച്ചിരുന്നുകൊണ്ട്‌ കയ്യില്‍ കടലാസുതുറുപ്പുമായി ചോദ്യം ചോദിച്ചയാളോടാണ്‌ ആരാച്ചാരുടെ പരിഹാസം: ' ഇതേയ്‌, സിനിമയൊന്നുമല്ല'
'ഉറപ്പായുമല്ല'

'..ഇളകുന്ന ഒരു കയറ്‌, രണ്ട്‌ തോക്കുകള്‌, തൂക്കിക്കൊല, അങ്ങനെയൊന്നുമല്ല, ഇതൊന്നും എനിക്ക്‌ വിശദീകരിക്കാന്‍ പറ്റില്ല'

'എന്നാലും കൊറച്ചുംകൂടെ ഒന്ന്‌ വിശദീകരിക്കാമോ?..'

ഈ അപേക്ഷയില്‍ നിന്ന്‌ വീണ്ടും നമ്മള്‍ നേരത്തേ കണ്ടതുപോലുളള രണ്ട്‌ ഫോട്ടോ ക്ലിക്കുകളിലേക്ക്‌ പോവുകയാണ്‌. രണ്ട്‌ സ്റ്റില്‍ ഫോട്ടോയിലും ക്ലിക്ക്‌ ശബ്‌ദത്തോടൊപ്പം ആരാച്ചാരുടെ ഫോട്ടോ എടുക്കുന്ന രണ്ട്‌ പത്രഫോട്ടോഗ്രാഫര്‍മാരുടെ കാമറയും തലയും കൈകളും ഉള്‍പ്പെടുന്നതരത്തില്‍ ആരാച്ചാരുടെ മുറിയിലെ നിശ്ചലദൃശ്യങ്ങള്‍ മിന്നിമായുന്നു. വീണ്ടും ആരാച്ചാരുടെ സംഭാഷണത്തിന്റെ തുടര്‍ച്ചയാണ്‌, ഇപ്പോള്‍ അയാള്‍ കസേരയില്‍ രണ്ടു കാലുകളും അകത്തിവച്ച്‌ വിടര്‍ന്നിരിക്കുകയാണ്‌. ആരാച്ചാരുടെ നോട്ടം ഇപ്പോള്‍ നേരേ റസാഖ്‌ കോട്ടയ്‌ക്കലിന്റെ കാമറയിലേക്കാണ്‌: 

'ഞാന്‍ തൂറുന്നതുപോലും ഇവന്‍ ഷൂട്ടുചെയ്യുമെന്നാ തോന്നുന്നത്‌' എന്ന കടുവാക്കോടെ ആ കാമറയിലേക്ക്‌ നീളുന്ന ആരാച്ചാരുടെ പെരുവിരല്‍ ഒരു സ്റ്റില്‍ ഫോട്ടോയായി മാറുകയും അതിനുമുകളില്‍ ക്ലിക്ക്‌ ശബ്‌ദം ഉയരുകയും ചെയ്യുന്നു. 

നേരത്തേ തലമണ്ട പ്രയോഗമേറ്റുവാങ്ങിയതിലൂടെ ശ്രദ്ധേയനായ റിപ്പോര്‍ട്ടര്‍ക്ക്‌ ഇപ്പോഴും മതിവരുന്നില്ല: 'തൂക്കാനുള്ള കയര്‍ താങ്കള്‍ എങ്ങനെയാണ്‌ ഉണ്ടാക്കുന്നത്‌. പഴത്തൊലിയും മറ്റും ഉപയോഗിക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌' ഈ നിഷ്‌കളങ്കച്ചോദ്യം കേട്ട്‌ ചിരിക്കുകയാണ്‌ ആരാച്ചാരുടെ മകന്‍. 'അതൊന്നും ഇതുവരെയായിട്ടില്ല. ഞങ്ങള്‍ അങ്ങോട്ട്‌ പോയാല്‍ മാത്രമേ അതൊക്കെ നടക്കൂ. ഒന്നും മുന്‍പേ ചെയ്‌തുവയ്‌ക്കുന്നതല്ല' എന്നാണ്‌ മഹാദേവിന്റെ ആശ്വാസമറുപടി. ആരാച്ചാരും ആ മറുപടിക്ക്‌ ഒരു തുടര്‍ച്ച നല്‍കുന്നുണ്ട്‌: 'അപ്പോള്‍ മാത്രമേ എന്തൊക്കെയാണ്‌ വാങ്ങുകയെന്ന്‌ അവര്‍ക്ക്‌ പറയാനാകൂ. സോപ്പും നെയ്യും പഴങ്ങളും എല്ലാം അവിടെയുണ്ടാവും. അവിടെയെത്തിയാല്‍ ആദ്യം ഞങ്ങള്‍ തൂക്കാനുള്ള കയര്‍ ചോദിക്കും. കയറ്‌ ജയിലര്‍ അലമാരയില്‍ വച്ച്‌ പൂട്ടിയിരിക്കയായിരിക്കും. ആര്‍ക്കും അത്‌ തൊടാന്‍ പോലും കഴിയില്ല. ഞങ്ങളുടെ കയ്യില്‍ അത്‌ കിട്ടിയാല്‍, സോപ്പും എണ്ണയും പഴങ്ങളും ഉപയോഗിച്ച്‌ ഞങ്ങള്‌ പരിപാടി തൊടങ്ങും.'

'എല്ലാം നിങ്ങള്‍ വാങ്ങിക്കുമോ'?

'എല്ലാം അവടെ തയ്യാറായിരിക്കും. പിന്നെ ഞങ്ങള്‌ പ്രാര്‍ത്ഥന തൊടങ്ങും, പൂക്കളും ചന്ദനത്തിരിയുമൊക്കെയുണ്ടാവും. അതിനെടേല്‍ 
തൂക്കുപലകയില്‍ ഞങ്ങള്‍ കൊറച്ച്‌ മദ്യം ഒഴിക്കും. കാരണം, ഞാന്‍ ഇതുവരെ തൂക്കിലേറ്റിയവരെല്ലാം മദ്യത്തോട്‌ ഇഷ്ടമുള്ളവരായിരുന്നു.' 

ആരാച്ചാരിലേക്ക്‌ ആകാംക്ഷാപൂര്‍വ്വവും കൗശലപൂര്‍വ്വവും ദത്തശ്രദ്ധമാണ്‌ ഇപ്പോള്‍ എല്ലാ കാമറകളും. കൊലയിലെ ആ ചാരായപ്പങ്കിന്‌ ആരാച്ചാര്‍ ഇങ്ങനെ വീര്യംകൂട്ടി: 'അതുകൊണ്ട്‌ തൂക്കുപലകയില്‍ മദ്യം ഒഴിച്ച്‌ കൊലപ്പുള്ളിയുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ ഞാന്‍ കാത്തുനില്‍ക്കും. അവര്‌ കുറ്റവാളിയെ കൊണ്ടുവരും. ഞാന്‍ എന്റെ ജോലി പൂര്‍ത്തിയാക്കും. പോരേ, തീര്‍ന്നില്ലേ.? ഇനി വേറെ ചോദ്യമൊന്നും പാടില്ല, എനിക്ക്‌ തലവേദനയെടുക്കുന്നു.' 

ആരാച്ചാരുടെ വലിഞ്ഞുമുറുകിയ മുഖത്തില്‍ നിന്ന്‌ കാമറ ഇപ്പോള്‍ നേരത്തേ നാം കണ്ട നീലക്കുപ്പായക്കാരന്‍ തടിയന്റെ മുഖം ഒന്നു വെറുതേ കാണുകയാണ്‌. അയാളുടെ മുഖത്തിലൂടെ കേള്‍ക്കാം ആരാച്ചാരുടെ ഈ വാക്കുകള്‍: 'ഞാന്‍ ചൊറിയുന്നതും എടുക്കുകയാണോ, വാ, ദാ, ഇങ്ങനെയാണ്‌ ഞാന്‍ ചൊറിയുന്നത്‌' ഇപ്പോള്‍ തുടകള്‍ക്കിടയിലെ തന്റെ സ്വകാര്യതയില്‍ ചൊറിയുന്ന ആരാച്ചാരുടെ കൈകളുടെ ഇളകുന്ന ദൃശ്യം. ചൊറിഞ്ഞ്‌ കഴിഞ്ഞ്‌ പരിഹാസപൂര്‍വ്വവും എന്നാല്‍ താന്‍ പറഞ്ഞതിലെ ഹാസ്യം അനുഭവിച്ചതിന്റെ ചിരിത്തിളക്കവുമായി അയാള്‍ കസേരയില്‍ നിന്ന്‌ എഴുന്നേല്‍ക്കുന്നുണ്ട്‌. എഴുന്നേറ്റുള്ള ആ ഉന്മത്തനില്‌പ്‌ ഇപ്പോള്‍ ഒരു ക്ലിക്ക്‌ ശബ്‌ദത്തോടെ ഒരു സ്റ്റില്‍ ഫോട്ടോയുമാവുന്നുണ്ട്‌. കട്ടിലിന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന നീലക്കുപ്പായക്കാരനും ചുവപ്പന്‍ ടീഷര്‍ട്ടുകാരനുമിടയില്‍ ചുവന്ന തോര്‍ത്തുകൊണ്ട്‌ ശരീരം ഒപ്പിക്കൊണ്ട്‌ ആരാച്ചാരുടെ അസ്വാരസ്യം പിന്നെയും: 'ഞാനെന്താ റേഡിയോയാണോ?' ചിരിച്ചുപോവുന്ന ചുവപ്പന്‍ കുപ്പായക്കാരനും നീലക്കുപ്പായക്കാരനുമിടയിലൂടെ ഇരിപ്പിനിടയില്‍ കാലുകള്‍ പൊന്തിച്ച്‌ കട്ടിലില്‍ ഭിത്തിയോട്‌ ചേര്‍ന്നുകിടക്കുകയാണ്‌ ആരാച്ചാര്‍. ഉറക്കത്തിന്‌ ഒരു ശ്രമം. 'ഉറങ്ങിക്കോളൂ' എന്ന്‌ നീലക്കുപ്പായക്കാരന്‍. 'ഒരു പൊതപ്പെടുത്ത്‌ എന്നെയൊന്ന്‌ പൊതപ്പിക്കൂ'വെന്ന്‌ ആരാച്ചാരും. 

പക്ഷേ മുറിയില്‍ കാത്തുനില്‍ക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ വിടാന്‍ ഭാവമില്ല. ആരാച്ചാരുടെ പരിക്ഷീണക്കിടപ്പിലേക്ക്‌ മറ്റൊരു ചോദ്യം: 'ഇന്നത്തേതു 
കൂടി തൂക്കിയിരുന്നെങ്കില്‍ താങ്കള്‍ ഇതുവരെ തൂക്കിക്കൊന്നവരുടെ എണ്ണം എത്രയാവുമായിരുന്നു?'

കിടന്നുകൊണ്ട്‌, നെഞ്ചില്‍ കൈകള്‍ ചേര്‍ത്തുവച്ചുകൊണ്ട്‌ കൊലക്കണക്ക്‌: 'പതിനഞ്ച്‌'.

ഇപ്പോള്‍ ഇതുവരെ കട്ടിലില്‍ ഓരത്ത്‌ ഇരിക്കുകയായിരുന്ന നീലക്കുപ്പായക്കാരന്‍ അരികിലെ കസേരയിലേക്ക്‌ മാറുന്നു. നന്നായി ഉറങ്ങിക്കോളൂ എന്ന്‌ തൊട്ടുമുമ്പുതന്നെ പറഞ്ഞ അയാള്‍ ഇപ്പോള്‍ ആരാച്ചാരുടെ കയ്യില്‍ പിടിച്ച്‌ മന്ത്രിക്കുന്നത്‌ കേള്‍ക്കാം: 'ഉറങ്ങല്ലേ.'
മുറിയില്‍ നിന്ന്‌ ആരോ വിളിച്ചുപറയുന്നതും കേള്‍ക്കാം: 'സഹാറ ചാനലുകാര്‌ വന്നിട്ടുണ്ടെന്ന്‌ പറയൂ'
അടുത്തിരിക്കുന്ന നീലക്കുപ്പായക്കാരനോട്‌ ആരാച്ചാര്‍ ഇപ്പോള്‍ മറ്റൊരു കണക്കാണ്‌ പറയുന്നത്‌: 'അവരോട്‌ ഇരുപത്തഞ്ച്‌ വേണമെന്ന്‌ പറ'
കിടക്കുന്ന ആരാച്ചാരിലൂടെ നീലക്കുപ്പായക്കാരന്‍ അവരോട്‌ 'ഇരുപത്തഞ്ച്‌' എന്ന്‌ ആവര്‍ത്തിക്കുന്നത്‌ കേള്‍ക്കാം. 

മുറിയില്‍ ഇപ്പോള്‍ ഒരു മുറുമുറുപ്പ്‌ ഉയരുന്നുണ്ട്‌: 
'അതെന്താ ഞങ്ങളോട്‌ മാത്രം സംസാരിക്കാത്തത്‌?'
'ഇരുപത്തഞ്ച്‌ വേണം'
'ഏയ്‌ ഇത്‌ വിവേചനമാണ്‌'
'ഇനിയിപ്പോള്‍ എന്ത്‌ ചെയ്യും?'
എല്ലാം കേട്ടുകൊണ്ട്‌ മലര്‍ന്നു കിടക്കുകയാണ്‌ ആരാച്ചാര്‍. 'എല്ലാവന്മാരും സമയം വിലയ്‌ക്ക്‌ ചോദിക്കുകയാണ്‌' എന്ന്‌ ആരോ മുറിക്കകത്തുനിന്ന്‌ പറയുന്ന ശബ്‌ദത്തിനൊപ്പം സഹികെട്ട്‌ കയ്യിലെ ചുവന്ന തോര്‍ത്ത്‌ മുഖത്തിട്ട്‌ മുഴുവനായും മൂടുകയാണ്‌ ഇപ്പോള്‍ ആരാച്ചാര്‍. 
'നോക്കൂ, ആളിപ്പോള്‍ തന്നെ വയ്യാണ്ടായി'എന്ന്‌ ആരുടെയോ വാക്കുകള്‍. മുഖത്തേക്ക്‌ പൂഴ്‌ത്തിയിട്ട തോര്‍ത്തിന്റെ മൂടലില്‍ ഇരുട്ടുകയറുന്ന ആരാച്ചാരുടെ കാഴ്‌ച്ചയോടൊപ്പം നമ്മുടെ മുന്നിലും ഇപ്പോള്‍ പതുക്കെ നിറയുന്ന സമ്പൂര്‍ണ്ണമായ ഇരുട്ട്‌. ഇരുട്ടിനൊപ്പം തുളച്ചുകയറുന്ന, ആ പതിവ്‌ സംഗീതവും.

ഇരുട്ടില്‍ ഇപ്പോള്‍ തെളിയുന്ന അക്ഷരങ്ങളില്‍ നിന്ന്‌ സമയം വൈകീട്ട്‌ അഞ്ച്‌ കഴിഞ്ഞ്‌ അഞ്ച്‌ മിനിറ്റായിരിക്കുന്നു. ചുവപ്പന്‍ തോര്‍ത്താല്‍ മുഖം മൂടി കൈകള്‍ വിടര്‍ത്തി മലര്‍ന്നുകിടക്കുകയാണ്‌ ആരാച്ചാര്‍. മുറിയിലെ മര്‍മ്മരമുറുമുറുപ്പുകള്‍ അപ്പോളും കേള്‍ക്കാം. ആരോ ഒരാള്‍, മുഖത്തുനിന്ന്‌ ആ തോര്‍ത്ത്‌ നീക്കുന്നു. പൊടുന്നനെ ആളുകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ മുഖം തിരിക്കുന്നുണ്ട്‌ ആരാച്ചാര്‍. മുറുമുറുപ്പുകള്‍ തുടരുമ്പോള്‍ ആരോ പറയുന്നുണ്ട്‌, 'ആരാച്ചാര്‍ക്ക്‌ വല്ല വയ്യായ്‌കയും വന്നാല്‍ അത്‌ വലിയ പ്രശ്‌നമാകു'മെന്ന്‌. ശരശയ്യയിലല്ലെങ്കിലും ആ മലരന്‍കിടപ്പിന്റെ മേല്‍ ഇങ്ങനെയും ചില ശബ്‌ദങ്ങള്‍ വന്നുവീഴുന്നുണ്ട്‌: 'ആള്‍ക്ക്‌ വയ്യ, ഇപ്പോള്‍ തന്നെ നല്ല ടെന്‍ഷനുമുണ്ട്‌'
'അങ്കിളേ, പ്രണാമം' എന്ന്‌ മറ്റൊരു വിനയം.
'അങ്കിളിന്‌ വയ്യ' എന്ന്‌ ഇനിയുമൊരു പേച്ച്‌.
ആ കിടപ്പിനെ കാല്‍ക്കല്‍ നിന്ന്‌ നോക്കുന്ന കാമറ.
'ആള്‍ക്ക്‌ പ്രഷറ്‌ കൂടിയിരിക്കുവാ, രാവിലെ മൊതല്‌ ഓരോരോ ടെന്‍ഷനാ' എന്ന്‌ മറ്റൊരു മൊഴി. ഇതെല്ലാം പറഞ്ഞുകൊണ്ടിരുന്ന ആള്‍ ആരാണെന്ന്‌ ഇപ്പോള്‍ മനസ്സിലാവുന്നു. അരികില്‍ത്തന്നെ നില്‍ക്കുന്നുണ്ട്‌ മകന്‍ മഹാദേവ്‌: 'നിങ്ങളെല്ലാരും കൂടി അച്ഛനെ കിറുക്കുപിടിപ്പിച്ചിരിക്കുകയാ'. ഇപ്പോളിതാ ആ കിറുക്കിനെ കൂടുതല്‍ ശക്തിപിടിപ്പിച്ചുകൊണ്ട്‌ മറ്റൊരു സംഘം ടിവി ക്യാമറ കൂടി ആ കുടുസ്സുമുറിക്കകത്തേക്ക്‌ രംഗപ്രവേശം ചെയ്യുന്നു. അവര്‍ക്ക്‌ വഴിയൊരുക്കുന്നുമുണ്ട്‌ മുറിക്കകത്തുള്ള മറ്റുചിലര്‍. പുതുതായി വന്നവരിലേക്ക്‌ ആരാച്ചാരുടെ നിസ്സംഗനോട്ടം. ആരാച്ചാര്‍ക്ക്‌ പുത്തന്‍ റിപ്പോര്‍ട്ടറുടെ വക 'അങ്കിള്‍ പ്രണാമ'വും. 'ഓ, ഈ അലങ്കാരവാക്കൊന്നും വേണ്ടെന്ന്‌' ആരാച്ചാരുടെ കലിപ്പ്‌ മറുപടി. 'നിങ്ങടെ വീടിന്റെയടുത്തുതന്നെ എനിക്കൊരു വീട്‌ വച്ചുതന്നേക്ക്‌, പിന്നെ ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങടെ അയല്‍വാസിയായേക്കാം' എന്ന്‌ മറ്റാരുടെയോ ചിതറന്‍വാക്കുകള്‍. അതിന്മേല്‍ നിന്ന്‌ ഉയരുന്ന ചിരി. കാമറയില്‍ത്തന്നെ ഘടിപ്പിച്ചിട്ടുള്ള ലൈറ്റ്‌ ഓണ്‍ ആക്കി തയ്യാറാവുന്ന പുത്തന്‍കാമറാമാന്‍. വാ, കട്ടിലിലിരിക്കാമെന്ന്‌ ആരാച്ചാരുടെ സുസ്വാഗതം. ബംഗാളി അക്ഷരങ്ങളുള്ള ഒരു കാമറാമൈക്ക്‌ ഇപ്പോള്‍, കിടക്കുന്ന ആരാച്ചാരുടെ 
വായ്‌ക്ക്‌ മുമ്പിലേക്ക്‌ നീങ്ങുകയാണ്‌. ബംഗാളിയില്‍ എന്തോ ഒരു ചോദ്യവും ഒപ്പമുണ്ട്‌.

'എനിക്ക്‌ സംസാരിക്കാനാവില്ല'.

പിന്നെയും മുഖത്തേക്ക്‌ നീളുന്ന മൈക്ക്‌. അത്‌ പിടിച്ചിരിക്കുന്ന കൈയും വിരലുകളിലെ മോതിരങ്ങളും.

'നടക്കില്ല. എന്റെ വയറ്റിലൊരു മണി അരിയുമില്ല.'

മുണ്ട്‌ താഴ്‌ത്തി പൊക്കിളിനടിയിലേക്കാക്കുന്നുമുണ്ട്‌ ഒപ്പം ആരാച്ചാര്‍. 

'ഓ, ഭക്ഷണം ഞങ്ങള്‍ വാങ്ങിത്തരാ'മെന്ന്‌ മൈക്ക്‌ പിടിച്ച കൈകള്‍.

'എന്നെക്കൊണ്ട്‌ പറ്റില്ലെ'ന്ന്‌ വീണ്ടും ആരാച്ചാരുടെ ചുണ്ടുകള്‍. 'ദയവുചെയ്‌ത്‌ ഒഴിവാക്കൂ'വെന്ന്‌ തല ചൊറിഞ്ഞുകൊണ്ട്‌ അയാളുടെ അപേക്ഷയും.

'ഓ. നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെ'....എന്ന്‌ ആരുടെയോ അവ്യക്തശബ്‌ദം.

ഇപ്പോള്‍ ആരാച്ചാര്‍ സംസാരിക്കുന്നത്‌ നമ്മുടെ സംവിധായകനോട്‌ തന്നെയാണെന്ന്‌ തോന്നുന്നു: 'എന്താ നിങ്ങളുടെ ഉദ്ധേശം, ഇതുകൊണ്ട്‌ രണ്ട്‌ ഫുള്‍ സിനിമയുണ്ടാക്കാനാണോ?.'

മൈക്ക്‌ പിടിച്ചിരിക്കുന്ന പുതിയ റിപ്പോര്‍ട്ടറെയും അരികില്‍ കിടക്കുന്ന ആരാച്ചാരെയും ഒരുമിച്ചുകാണാം. 'എന്താ നിങ്ങളുടെ ഉദ്ധേശം, ഒരു മനുഷ്യനെ കൂടിവന്നാല്‍ പത്തോ പതിനഞ്ചോ മിനിറ്റ്‌ ഇന്റര്‍വ്യൂ ചെയ്യാം. ഇത്രേം വലിയ ഇന്റര്‍വ്യൂവിന്‌ തല വച്ചുകൊടുക്കാന്‍, വേറെ ആരെ കിട്ടും, കാണിച്ചുതാ എനിക്ക്‌. ഈ കാസറ്റ്‌ മുഴുവന്‍ നിങ്ങള്‍ക്ക്‌ ലോകം മുഴുവനും വില്‍ക്കണം, അതിന്‌ വേണ്ടി എന്നെ പ്രാന്ത്‌ പിടിപ്പിക്കയാണല്ലേ. ഞാന്‍ ചത്താലും കൊഴപ്പമില്ല നിങ്ങള്‍ക്ക്‌ നിങ്ങട പണി നടക്കണമല്ലേ. അല്ലേ.'

എല്ലാം കേട്ടിട്ടും പുത്തന്‍ റിപ്പോര്‍ട്ടറുടെ തനിച്ചോദ്യം: 'ധനഞ്‌ജയിന്റെ വധശിക്ഷ നീട്ടിവച്ചതിനെക്കുറിച്ച്‌ താങ്കള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌?' 
'താങ്കള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌?' 'താങ്കള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌?' 'താങ്കള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌?' എന്ന വാക്കുകള്‍ ഇപ്പോള്‍ നമ്മള്‍ക്ക്‌ മുന്നില്‍ ആവര്‍ത്തിക്കപ്പെടുകയാണ്‌. നാം പലപ്പോഴായി കേട്ടുകൊണ്ടിരുന്ന അതേ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍. സഹികെട്ട്‌, ചുമരിലേക്ക്‌ തലതിരിച്ച്‌ തലയ്‌ക്ക്‌ കൈവച്ച്‌ കിടക്കുകയാണ്‌ ആരാച്ചാര്‍. അപ്പോള്‍ പിന്നെയും ചോദ്യം: 'കഴിഞ്ഞ നാല്‌ ദിവസമായിട്ട്‌ താങ്കള്‍ ഉറങ്ങിയിട്ടില്ല അല്ലേ.' ഉത്തരമില്ല. അടുത്ത ചോദ്യം ചടുലം: 'ആ പാവം താങ്കളുടെ കയ്യാല്‍ തൂക്കപ്പെടാതെ രക്ഷപ്പെടുന്നതില്‍ താങ്കള്‍ക്ക്‌ സന്തോഷമില്ലേ'? ഉത്തരം അസ്വസ്ഥമായ ആരാച്ചാര്‍ നോട്ടം. അടുത്ത ചോദ്യം: 'അതോ ഇര നഷ്ടപ്പെട്ടതിലെ ദു:ഖമാണോ താങ്കള്‍ക്ക്‌?' മറ്റൊരു ചോദ്യം: 'ഈ രാജ്യത്ത്‌ ഇനിയൊരു തൂക്കിക്കൊല ഉണ്ടാവരുതെന്ന്‌ ഇപ്പോഴും താങ്കള്‍ ആഗ്രഹിക്കുന്നില്ലേ?' 'തൂക്കിലേറ്റപ്പെട്ടാല്‍ നശിക്കാന്‍ പോകുന്ന അയാളുടെ മാതാപിതാക്കളെയും കുടുംബത്തെയും കുറിച്ച്‌ താങ്കള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌?' ആരാച്ചാരുടെ വിവശമായ മുഖത്തിന്റെ സമീപത്തുനിന്ന്‌ ഒട്ടും ഭംഗിയില്ലാതെ പിന്മാറി അയാളുടെ പൂര്‍ണ്ണകായക്കിടപ്പ്‌ കാണിക്കുകയാണ്‌ ഇപ്പോള്‍ കാമറ. ചോദ്യങ്ങള്‍ തീരുന്നില്ല: 'തൂക്കാന്‍ വേണ്ടി ഇന്നലെ വാങ്ങിച്ചുവച്ച സാധനങ്ങളൊക്കെ ഇനി താങ്കള്‍ എന്ത്‌ ചെയ്യും?' ഇപ്പോള്‍ വായ തുറന്ന്‌ എന്തോ പറയാന്‍ ശ്രമിക്കുന്ന ആരാച്ചാരുടെ മുഖത്തിന്റെ സമീപദൃശ്യം. അതിന്മേല്‍ പക്ഷേ വന്നുവീഴുന്നത്‌ റിപ്പോര്‍ട്ടറുടെ മറ്റൊരു ചോദ്യമാണ്‌, ' നോക്കൂ, ഈ ചോദ്യങ്ങളൊക്കെ ഞാന്‍ ചോദിക്കുന്നതല്ല, ഇത്‌ ഡല്‍ഹിയില്‍ നിന്നുള്ള ചോദ്യങ്ങളാണ്‌.' 

ആരാച്ചാരുടെ ക്ഷീണോത്തരം ഇങ്ങനെ: 'എനിക്കിതിന്റെയൊന്നും ആവശ്യമില്ല'

ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള ആ ചോദ്യങ്ങള്‍ കേട്ടോളൂ എന്ന്‌ പറഞ്ഞ്‌ കയ്യിലെ സെല്‍ഫോണ്‍ ആരാച്ചാര്‍ക്ക്‌ കൊടുക്കാന്‍ ശ്രമിക്കുകയാണ്‌ റിപ്പോര്‍ട്ടര്‍. ഒരു കുട്ടിയെപ്പോലെ 'വേണ്ട, വേണ്ട' എന്ന്‌ കിടന്നുകൊണ്ട്‌ എതിര്‍ക്കുന്നുണ്ട്‌ അയാള്‍. പക്ഷേ 
'പ്രൊഫഷണല്‍' ആയ ആ യുവ റിപ്പോര്‍ട്ടര്‍ വിടുന്നില്ല: 'ശരി, എങ്കില്‍ ഇന്നലത്തെപ്പോലെ ഒന്നു നന്നായി ചൂടായി സംസാരിക്കാമോ, അങ്ങനെയെങ്കില്‍ പിന്നെ ഞങ്ങളിങ്ങനെ ശല്യം ചെയ്യാന്‍ വരില്ല'.

'എന്ത്‌'? ആരാച്ചാരുടെ സംശയച്ചോദ്യം.
'അത്‌, ഇന്നലത്തെ നിങ്ങളുടെ നാടകീയ പ്രകടനം പോലെ ഒന്ന്‌'
'ഇല്ലില്ല, എനിക്കതിനുള്ള കഴിവില്ല'
'എന്നാലും ഒരു തവണത്തേയ്‌ക്ക്‌ ഒന്നായിക്കൂടേ'
'ഇല്ലെന്നല്ലേ പറഞ്ഞത്‌, എന്റെ ദേഹത്ത്‌ ഒരു തരിമ്പും ശക്തിയില്ല', രണ്ടുകൈകളും ചേര്‍ത്ത്‌ കട്ടായം പറയുകയാണ്‌ ആരാച്ചാര്‍, 'ഒരുതരത്തിലുള്ള ഇന്റര്‍വ്യൂവും ഇനിയില്ല. മതിയായി, വേണ്ടത്രയായി, ഇന്നത്തെയ്‌ക്കൊളളത്‌ മൊത്തത്തില്‍ മതിയായി'.
'അതല്ല, ഒരേയൊരു ലാസ്റ്റ്‌ ക്വസ്റ്റ്യന്‍?'
'ഒന്നുമില്ല. ചെയ്യേണ്ടതെല്ലാം ഇനി ശ്രീരാമന്‍ ചെയ്‌തോളും'
'ഓഹോ, താങ്കള്‍ ഇപ്പോള്‍ ഗാന്ധിജിയുടെ ലൈനിലായോ?

ഇപ്പോള്‍ ഇതുവരെ കാണാത്ത നിസ്സംഗവും ആത്മീയവുമായ മുഖഭാവത്തില്‍, കിടന്നുകൊണ്ട്‌ ആരാച്ചാര്‍ മറ്റൊരു ഭാഷയില്‍ വെളിപ്പെടുന്നു: 'നമ്മളുടെ ഇഷ്ടപ്രകാരം ഒന്നും നടക്കില്ല. മരിക്കാനുള്ളവരെല്ലാം മരിക്കും, ജീവിക്കാനുള്ളവരെല്ലാം ജീവിക്കുകയും ചെയ്യും. നീതി നടപ്പാക്കുന്നത്‌ ദൈവമാണ്‌. മനുഷ്യന്‌ അതില്‍ ഒരു പങ്കുമില്ല. അയാളെ തൂക്കിക്കൊന്നാലും എനിക്ക്‌ സന്തോഷമില്ല, അയാള്‍ രക്ഷപ്പെട്ടാലും എനിക്ക്‌ സന്തോഷമില്ല.' പറഞ്ഞുതീര്‍ത്ത്‌ കിടക്കുന്ന ആരാച്ചാര്‍ക്കൊപ്പം പശ്ചാത്തലസംഗീതവും നിശ്ചലമാവുന്നു. ഇരുളില്‍ വെളുത്ത അക്ഷരങ്ങളില്‍ ചുഴിയുന്ന സംഗീതത്തിനൊപ്പം നടപടി ക്രമങ്ങള്‍ തുടരുകതന്നെയാണെന്ന്‌ എഴുതിക്കാണിക്കുന്നു.

ഇരുള്‍ മാറുമ്പോള്‍, അതേ കിടപ്പുകിടക്കുന്ന ആരാച്ചാരുടെ മുഖം. മൂക്കിനുതാഴെ മീശ ചേരുന്നയിടത്ത്‌ വിരല്‍വച്ച്‌ ആലോചനാമഗ്നനായ കിടപ്പ്‌. മുറി കൂടി വ്യക്തമാവുംവിധം ദൃശ്യം പരക്കുമ്പോള്‍, അരികില്‍ അതേ പഴയ റിപ്പോര്‍ട്ടര്‍ മൈക്കുമായി ഇരിക്കുന്നുണ്ട്‌. ഇപ്പോളിതാ 
അയാള്‍ക്ക്‌ ആരാച്ചാരില്‍ നിന്ന്‌ അയാള്‍ പ്രതീക്ഷിക്കുന്ന നാടകീയത കിട്ടിത്തുടങ്ങുന്നു, ക്ഷോഭത്തിന്റെ മേമ്പൊടിയില്‍: 

'നിങ്ങളെന്നെ ഉണ്ണാനോ ഉറങ്ങാനോ വിശ്രമിക്കാനോ ഒന്നും വിടില്ലേ, രാത്രീന്നോ പകലെന്നോ ഭേദമില്ലാതെ എല്ലാവരും കൂടി എന്നെ കൊരങ്ങ്‌ കളിപ്പിക്കുകയല്ലേ ഭ്രാന്ത്‌ പിടിപ്പിച്ചിട്ട്‌, എന്തോന്നാ ഇത്‌, മനുഷ്യന്‌ ഉണ്ണുകേം കുടിക്കുകേം ഒറങ്ങുകേം ഒന്നും വേണ്ടേ, അത്‌ നടന്നാല്‍ നല്ലത്‌, നടന്നില്ലെങ്കിലോ, അതും നല്ലത്‌. അത്തരക്കാരനൊരുത്തന്‍, ജീവിച്ചാല്‍ എനിക്കെന്ത്‌, മരിച്ചാലും എനിക്കെന്ത്‌?...അവളുടെ കൂടെ അവളുടെ കുടുംബത്തെയും അവന്‍ ഇല്ലാതാക്കീലേ, ഇന്ന്‌ അവന്‍ തൂക്കില്‍ കേറാന്‍ പോകുന്നു, അവന്റെ സ്വന്തം കുടുംബത്തെയും അവന്‍ നശിപ്പിക്കുകയല്ലേ. ഇത്രേം വലിയ കുറ്റം ചെയ്‌ത അവന്റെ വധശിക്ഷ റദ്ദാക്കുകയാണെങ്കില്‍, ഇവിടെ പിന്നെ വധശിക്ഷയേ വേണ്ടെന്നുവയ്‌ക്കണം. ഭാരതത്തില്‍ ഇനിമുതല്‍ വധശിക്ഷ പാടില്ല.' കിടന്നുകൊണ്ടാണെങ്കിലും ഒരു പ്രാസംഗികനെപ്പോലെ ആകാശത്തേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട്‌ ആരാച്ചാര്‍ പറഞ്ഞുനിര്‍ത്തുകയാണ്‌, എന്നിട്ട്‌ സാവകാശത്തില്‍ റിപ്പോര്‍ട്ടറോട്‌ ഇങ്ങനെയും: 'എനിക്ക്‌ ഒരു ബോട്ടില്‍ വാങ്ങിച്ചുതാ'. 
'താങ്കളുടെ ആരോഗ്യം എങ്ങനെയുണ്ട്‌'?
'ഭീകരം, വെള്ളം വേണം, വെള്ളം കിട്ടിയാല്‍ ശരിയാകും' എന്ന ആരാച്ചാരുടെ വാക്കുകള്‍ കേട്ട്‌ മുറിയില്‍ നിന്നുയരുന്ന കൂട്ടച്ചിരികളും വന്നുവീഴുന്നത്‌ ആരാച്ചാരുടെ മുഖത്തുതന്നെ. ചിരിക്കുന്നത്‌ ആരൊക്കെയാണെന്ന്‌ അറിയാനാവാത്തവിധം അയാളുടെ മുഖം തന്നെയാണ്‌ മുമ്പില്‍. വിടര്‍ന്ന സ്വയംചിരിയെ ഗൗരവം കൊണ്ട്‌ മറച്ച്‌, 'വേഗം കൊണ്ടുവാ വെള്ളം' എന്ന്‌ അയാളും 'വേഗമാകട്ടെ' എന്ന്‌ മറ്റൊരാളും, 'വെള്ളം കിട്ടാതെ ഞാന്‍ എണീക്കില്ല' എന്ന്‌ വീണ്ടും ആരാച്ചാരും: 'ഇപ്പോ എനിക്ക്‌ വെള്ളം തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ പിന്നെക്കണ്ടോളാം'. മററൊരാളുടെ ശബ്‌ദം: ഏയ്‌, ഏയ്‌, നല്ല തണുത്ത വെള്ളം കൊണ്ടുവാ'. ആരാച്ചാരുടെ കിടക്കുംമൊഴികള്‍ തീരുന്നില്ല, 'ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സൂത്രപ്പണികള്‍ കളിച്ചോ, എനിക്കും എന്റേതായ ഒരു ദിവസം വരും,' ആരാച്ചാരുടെ മുഖം ഇരുളിലേക്ക്‌ മറഞ്ഞ്‌ വീണ്ടും തെളിയുന്നു. ആ തെളിച്ചത്തില്‍ ആലോചനാമഗ്നമായ അയാളുടെ കിടപ്പിന്റെ മുഖക്കാഴ്‌ച്ച മാത്രം. മുറിയില്‍ നിന്ന്‌ ഇറങ്ങിപ്പോകുന്ന ആരുടെയോ അവ്യക്തശബ്‌ദം കേള്‍ക്കാം. 

അല്‌പനേരം കഴിഞ്ഞ്‌ മാഞ്ഞുതെളിയുമ്പോള്‍, കിടക്കയില്‍ നിന്ന്‌ വിഭ്രമാത്മകമായി എഴുന്നേല്‍ക്കുകയാണയാള്‍: 'അവര്‍ എന്നെ കശാപ്പുകാരന്‍, ആരാച്ചാര്‍ എന്ന്‌ വിളിക്കുന്നു.'
ആരാച്ചാരുടെ മുന്നില്‍ ഇപ്പോള്‍ കണ്ണട വച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകനുണ്ട്‌: 'അയ്യോ, ഞാന്‍ അങ്ങനെ ഉദ്ധേശിച്ചില്ല'.
വിരല്‍ചൂണ്ടിക്കൊണ്ട്‌ നിശ്ചയദാര്‍ഢ്യത്തോടെ ഉത്തരം: 'ആളുകളെ കൊല്ലലാണ്‌ എന്റെ പണി. കുറച്ചുനേരം മുമ്പ്‌ ഇവ്‌ടെ ഉണ്ടായിരുന്ന ആ അവനുണ്ടല്ലോ, അവനെ കൊല്ലണംന്ന്‌ പറഞ്ഞ്‌ ആരെങ്കിലും എനിക്ക്‌ പണം തന്നിരുന്നെങ്കില്‍ ഞാന്‍ കൊന്നേനെ. അവനെ ഞാന്‍ പൊറത്തെടുത്ത്‌ പണിക്കുറ്റം തീര്‍ത്തേനെ. ഒരൊറ്റ ലക്ഷം രൂപയ്‌ക്ക്‌ ഞാനവനെ കൊല്ലും. ഞാന്‍ ചെലപ്പോ ജയിലീ പോകേണ്ടിവരും, അതിനെന്താ. ഇതേയ്‌, ഇത്‌ ഒരു ജോലിയാ, ഞാനത്‌ ചെയ്യും. ഇതൊക്കെ ചെയ്യാന്‍ ഗവണ്‍മെന്റ്‌ പോലീസിനെ വയ്‌ക്കുന്നില്ലേ, ഇതും അതുപോലെയാ.' ആരാച്ചാരുടെ അരികിലുള്ള, നമ്മള്‍ക്കു കാണാന്‍ കഴിയാത്ത ആരോ പറയുന്നുണ്ട്‌, 
'എങ്കില്‍പോയി അത്‌ ചെയ്‌തുകൂടേ, ഒന്നു വിശ്രമിക്കൂ അല്‌പനേരം.'
'അതിന്‌ നിങ്ങളെന്നെ വിശ്രമിക്കാന്‍ വിടുന്നില്ലല്ലോ. കഴിഞ്ഞ ഒരു മാസമായിട്ട്‌, നിങ്ങളെന്റെ വാതില്‍പ്പടീന്ന്‌ മാറീട്ടില്ലല്ലോ.' കട്ടില്‍വക്കിലിരുന്ന്‌ തോര്‍ത്തുകൊണ്ട്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ മുഖം തുടച്ചുകൊണ്ട്‌ അയാള്‍ തുടരുന്നു: ' ഇത്രേമധികം ന്യൂസു കൊണ്ട്‌ എന്താണ്‌ ഗുണം. ഒരു പിടിയുമില്ല. ഇതിനുമുമ്പ്‌ ഇങ്ങനെ ഉണ്ടായിട്ടുമില്ല.' ആരാച്ചാരുടെ നോട്ടം ഇപ്പോള്‍ നേരേ ഇങ്ങോട്ടാണ്‌. ആ നോട്ടത്തിലേക്ക്‌ മറ്റൊരാളുടെ പിറുപിറുക്കല്‍ വന്നുവീഴുന്നുണ്ട്‌: ' 'ഏറെ നാളുകള്‍ക്ക്‌ ശേഷമാ ഇങ്ങനെയൊന്ന്‌ സംഭവിക്കുന്നത്‌, അതാകട്ടെ നടക്കാതെയും പോയി'. ആരാച്ചാര്‍ ഇങ്ങോട്ടുതന്നെ നോക്കുകയാണ്‌, പുറത്തേക്ക്‌ വരാന്‍ തയ്യാറല്ലാത്ത ഒരു കര്‍ക്കശപ്പുഞ്ചിരി അയാളുടെ ചുണ്ടിലുണ്ട്‌: 'എത്ര വേണേലും ഷൂട്ട്‌ ചെയ്‌തോ'.  ആ നോട്ടത്തിലേക്ക്‌ മറ്റൊരാളുടെ നിഷ്‌കളങ്കച്ചോദ്യം: 'വല്ലതും കഴിച്ചോ'? 
ആ ചോദ്യം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നു തോന്നിപ്പിക്കുംവണ്ണം ആരാച്ചാരുടെ തകര്‍പ്പന്‍ ഉത്തരം: ' ഉം ഫിഷ്‌ റൈസ്‌, മട്ടണ്‍ റൈസ്‌, ചാരായം, എല്ലാമുണ്ട്‌'.

എന്നും ഇതുതന്നെയാണോ കഴിക്കുന്നത്‌, അതോ ഇപ്പോള്‍ തൂക്കാനുള്ള ഈ അവസരം വന്നപ്പോള്‍ കിട്ടിയതാണോ ഇതൊക്കെ, എന്ന്‌ മറ്റൊരു ചോദ്യം. കാതുകൂര്‍പ്പിച്ചിരിക്കുംപോലെ ഇരുന്നിട്ട്‌ ഉത്തരം:
'ആ, ഇപ്പോ കൂട്ടിക്കിട്ടി.'
'എന്തൊക്കെ പഴങ്ങളാ താങ്കള്‍ കഴിക്കുന്നത്‌?' 
'കൂടുതലും വാഴപ്പഴങ്ങളാ. സീസണാണെങ്കില്‍ ഇഷ്ടംപോലെ മാങ്ങകള്‍ കഴിക്കും, നല്ല രുചിയൊള്ളവ. ഉം?.വേറെ എന്താ?'

അവസരം കാത്തിരിക്കുകയായിരുന്ന പുതിയ റിപ്പോര്‍ട്ടറുടെ ചോദ്യം, അയാളെ ഇപ്പോള്‍ ആരാച്ചാര്‍ക്കരികില്‍ കാണുകയും ചെയ്യാം: 'ഇതിപ്പോള്‍ നീട്ടിവച്ചിരിക്കയാണല്ലോ, പക്ഷേ ഇന്നല്ലെങ്കില്‍ വേറൊരുദിവസം തൂക്കാന്‍ പോകേണ്ടിവരില്ലേ?'

' എപ്പോ, എങ്ങനേന്നൊന്നും എനിക്കറിയില്ല.' ആരാച്ചാര്‍ വീണ്ടും ഇങ്ങോട്ട്‌ നോക്കുകയാണ്‌. നോക്കി നോക്കി ഇരിക്കുകയാണ്‌. പുറത്തും മുറിയിലുമുള്ള ആള്‍ക്കൂട്ടത്തിന്റെ ഇരമ്പം. 'ഇതെന്താ ഇത്‌, ദെവസം മുഴുവനും, കാമറയുമായിട്ട്‌.' ചിരിച്ചുലഞ്ഞ്‌, തോര്‍ത്തുകൊണ്ട്‌ ഓരോ തോളും അലക്ഷ്യം തുടച്ച്‌, ആരാച്ചാരും, അരികില്‍ പുതിയ റിപ്പോര്‍ട്ടറോട്‌ രഹസ്യമായി എന്തോ സംസാരിച്ച്‌ ആരാച്ചാരുടെ മകന്‍ മഹാദേവും. ഇപ്പോളാണ്‌ ആരോ ഫ്രീസറില്‍ നിന്നെടുത്ത ഒരു കുപ്പി വെള്ളം ആരാച്ചാരുടെ കയ്യില്‍ കൊടുത്തിരിക്കുന്നത്‌: ' ഞാന്‍ കുടിക്കാന്‍ പോകുവാ, അതും ഷൂട്ട്‌ ചെയ്യുന്നോ'എന്ന്‌ നേരേ ഇങ്ങോട്ട്‌ ചോദ്യം. 
രണ്ടിറക്ക്‌ വെള്ളം കുടിച്ച്‌ ആഹാ എന്ന്‌ സുഭഗമായ ഏമ്പക്കം പുറപ്പെടുവിക്കുന്ന ആരാച്ചാരുടെ പൊക്കിള്‍ക്കീഴെനിന്നാണ്‌ നമ്മുടെ നോട്ടം. അടുത്തിരിക്കുന്ന നീലഷര്‍ട്ടുകാരന്റെ വിരസമായ കോട്ടുവായ അതിന്‌ അകമ്പടി സേവിക്കുന്നുമുണ്ട്‌. വെള്ളക്കുപ്പി മറ്റൊരാളെ ഏല്‌പിച്ച്‌, ഇരുകക്ഷങ്ങളും തോര്‍ത്തുകൊണ്ട്‌ തുടച്ച്‌, ശാന്തനാകുകയാണ്‌ ആരാച്ചാര്‍ എന്ന്‌ തോന്നുന്ന വേളയില്‍ 'പോയിത്തൊലയ്‌' എന്ന്‌ ആക്രോശിച്ച്‌ തോര്‍ത്തിപ്പോള്‍ വലിച്ചെറിയുകയാണ്‌ ആരാച്ചാര്‍. ഒപ്പം, 'നിര്‍ത്തിവച്ചേക്ക്‌' എന്നു 
പറഞ്ഞുകൊണ്ട്‌ കുപ്പായമില്ലാത്ത നെഞ്ചില്‍ കൈ കെട്ടിയുള്ള ഇരിപ്പ്‌, ഒപ്പം ആത്മഗതവും:
'ആ പയ്യന്‍ പോയി രക്ഷപ്പെടട്ടെ'

കട്ടിലിന്‌ താഴെ, ആരാച്ചാരുടെ ഒരു കാല്‍ നിരന്തരം ഇളകുന്നുണ്ട്‌. ആ ഇളക്കത്തിലും മുഖതുല്യമായ അസ്വസ്ഥതയുണ്ട്‌. കാലില്‍ നിന്ന്‌ മുകളിലെക്കെത്തുമ്പോള്‍, ഒരിക്കലും കയ്യില്‍ നിന്ന്‌ അഴിക്കാത്ത വാച്ചിലേക്ക്‌ സസൂഷ്‌മം നോക്കുകയാണയാള്‍. ആ നോട്ടത്തിന്റെ സമീപദൃശ്യം അയാളുടെ ശാന്തമായ മറ്റൊരു ആത്മഗതം കാണിച്ചുതരുന്നു: 'എനിക്ക്‌ ഒരു ദു:ഖവുമില്ല, ഒരു ദു:ഖവുമില്ല.' വാച്ചിലേക്കും ഇടക്കിടെ മുകളിലേക്കും നോക്കിക്കൊണ്ടേയിരിക്കുന്ന അയാള്‍ പുറമേ നിന്നുള്ള ആള്‍ക്കൂട്ട ആരവങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. മുറിയുടെ വെള്ളച്ചായം പൂശിയ ആസ്‌ബറ്റോസ്‌ മേല്‍ക്കൂരയില്‍ ഫാന്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നുമുണ്ട്‌. ആരാച്ചാരുടെ കയ്യിലെ വെള്ളനിറമുള്ള പഴയമോഡല്‍ വാച്ചില്‍ ഇപ്പോള്‍ സമയം അഞ്ചരമണിയുടെ സൂചികകളിലാണ്‌. ആ വാച്ചുകണ്ടുകൊണ്ടിരിക്കെ മറ്റൊരു ചോദ്യം നമുക്ക്‌ കേള്‍ക്കാം: 'ഇന്ന്‌ രാത്രി ഉറങ്ങുമോ?' 
'ഇഷ്ടം പോലെ കുടിക്കും.' ഈ ഉത്തരത്തിന്റെ തുടര്‍ച്ച സംവിധായകന്‍ ജോഷി ജോസഫിനെ ലക്ഷ്യമാക്കിയാണെന്ന്‌ നമ്മള്‍ക്ക്‌ കൃത്യമായും മനസ്സിലാവും: ' കൊറേ വെള്ളത്തില്‍ ഇത്തിരി ചെലുത്തുന്ന നിങ്ങളെപ്പോലെയല്ല, ബോട്ടില്‍ മൊത്തം തീര്‍ത്തിട്ട്‌ ഞാന്‍ കെടന്നൊറങ്ങും'. ആരാച്ചാരുടെ കര്‍ക്കശപ്പുഞ്ചിരിയുള്ള മുഖത്തേക്ക്‌ ഇപ്പോള്‍ ഏറെനേരത്തിന്‌ ശേഷം ജോഷിയുടെ തന്നെ ചോദ്യം: ' അപ്പോ, നാളെ ചാനലുകാര്‍ വന്നാല്‍ എന്ത്‌ ചെയ്യും?' 
' അതിനെന്താ, ഞാന്‍ വിശ്രമിക്കും'
' ബോട്ടില്‍?'
' വരുന്നവര്‌ പണവും കൊണ്ട്‌ വരണം, ദാ, നോക്ക്‌ എന്റെ പഴ്‌സ്‌ ഇപ്പോത്തന്നെ തടിച്ചുവീര്‍ത്തു'. കാമറയിപ്പോള്‍ ആ പഴ്‌സ്‌ ഒളിഞ്ഞിരിക്കുന്ന മടിത്തട്ടിലാണ്‌. 'നിങ്ങളെപ്പോലെ ആരും പണിയെടുക്കുന്നില്ല. നമ്മള്‌ പറഞ്ഞ പോലെ നിങ്ങള്‍ക്ക്‌ എല്ലാം കിട്ടിയില്ലേ. ഇനി രണ്ട്‌ സീന്‍ മാത്രമേ ബാക്കിയൊള്ളൂ. അത്‌ നടക്കാതെ പിന്നെ എങ്ങനെ എടുക്കാനാ? ഞാന്‍ പ്രാര്‍ത്ഥിക്കുന്ന സീന്‍ വരെ എടുക്കാന്‍ സമ്മതിച്ചില്ലേ.'

'പക്ഷേ മെയിന്‍ സീന്‍ ഇനിയും തീര്‍ന്നിട്ടില്ല'

'ആ മെയിന്‍ പണിക്ക്‌ ഞാന്‍ ഉത്തരവാദിയല്ല' 

' അതല്ല, അതല്ല, ഞാന്‍ ഉദ്ധേശിച്ചത്‌, നമ്മുടെ സിനിമ അപൂര്‍ണ്ണമാകുമല്ലോ എന്നാണ്‌. ഞാനെങ്ങനെ ഇത്‌ കംപ്‌ളീറ്റാക്കും? '
കട്ടിലില്‍ ഒന്ന്‌ ചാഞ്ഞിരുന്ന ശേഷം മുന്നോട്ടേയ്‌ക്കാഞ്ഞ്‌ ആരാച്ചാരുടെ ഉത്തരം: ' ഇനീം ഒരു പതിനഞ്ച്‌ വര്‍ഷം കൂടി കാത്തിരിക്ക്‌. എന്നിട്ട്‌ നമ്മക്ക്‌ നോക്കാം.'

'അപ്പോളേക്കും തൂക്കാന്‍ താങ്കള്‍ ഉണ്ടാവുമോ?'
'ഞാനത്രേം കാലം ജീവിച്ചിരിക്കില്ല. എന്റെ മകന്‍ ചെയ്‌തോളും അത്‌'

ആരാച്ചാരില്‍ നിന്ന്‌ ഉയരുന്ന സുദീര്‍ഘമായ ഒരു കോട്ടുവായയില്‍ നിന്ന്‌ നമ്മള്‍ പുറത്തെ ആള്‍ക്കൂട്ടങ്ങളിലെ ചില ശിരസ്സുകളിലേക്ക്‌ പോകുന്നു. നരച്ച മുടിയുള്ള കറുത്ത വിഷണ്ണനായ പൊക്കം കൂടിയ ഒരു മുഖം, പുറത്ത്‌ തെരുവില്‍ അയാള്‍ക്കൊപ്പം എന്താവും കാര്യങ്ങളെന്നറിയാന്‍ കൂടി നില്‍ക്കുന്നവര്‍, നേരത്തേ നമ്മള്‍ കണ്ട, സിഗരറ്റ്‌ വലിച്ച തോക്കുകാരന്‍ പോലീസ്‌, കാമറയിലേക്കുതന്നെ നോക്കുന്ന ഒരു കുട്ടി. ഇപ്പോള്‍ നേരത്തേ വലിച്ചെറിഞ്ഞ തോര്‍ത്തുകൊണ്ട്‌ മുഖവും ശരീരവും തുടച്ച്‌ വീടിന്‌ പുറത്തേക്ക്‌ വരുകയാണ്‌ ആരാച്ചാര്‍: 'ഇനിയേയ്‌, ഞങ്ങള്‍ക്ക്‌ വീടൊക്കെയൊന്ന്‌ വൃത്തിയാക്കണം, ഓഫ്‌ ചെയ്യ്‌.' 

വീണ്ടും കാമറയിലേക്ക്‌ തുറിച്ചുനോക്കുന്ന രണ്ട്‌ കുട്ടിമുഖങ്ങള്‍. അവര്‍ക്കൊപ്പം തെരുവില്‍ നില്‍ക്കുന്ന ആള്‍ക്കൂട്ടമുഖങ്ങള്‍. 

'നിങ്ങളുടെ പ്രതിഫലത്തിന്റെ കാര്യമെന്തായി? അവര്‌ തരാമെന്ന്‌ പറഞ്ഞ പണം തന്നോ?' വീടിന്റെ വാതില്‍പ്പടിക്കുമുന്നിലെ പൊട്ടിപ്പൊളിഞ്ഞ സിമന്റ്‌ തിണ്ടില്‍ കുപ്പായമിടാതെ ഇരിക്കുന്ന ആരാച്ചാര്‍ക്കരികിലിരുന്ന്‌ പുതിയൊരാള്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ തുടങ്ങിയിരിക്കുകയാണ്‌.

' എല്ലാം തന്നു' വെന്ന്‌ അലക്ഷ്യമായി പറഞ്ഞ്‌ ചുറ്റിലും നോക്കുകയാണ്‌ ആരാച്ചാര്‍. 

' അങ്ങനെയാണെങ്കില്‍ വാങ്ങിച്ച അഡ്വാന്‍സ്‌ തിരികെക്കൊടുക്കാന്‍ അവര്‍ പറഞ്ഞാല്‍ എന്ത്‌ ചെയ്യും?'

'അതെങ്ങനെ പറ്റും. വാങ്ങിച്ച അഡ്വാന്‍സ്‌ എനിക്കെങ്ങനെയാ തിരിച്ചുകൊടുക്കാന്‍ പറ്റുക?'

'താങ്കളുടെ പേരക്കുട്ടിക്ക്‌ സര്‍ക്കാര്‍ നല്‍കുമെന്ന്‌ പറഞ്ഞ ജോലിക്കാര്യം ഇനി എന്താകും?'

'ഓ, അതൊന്നും പ്രശ്‌നമില്ല, അതൊക്കെ ശരിയാകും'

'അങ്ങനെ ഉറപ്പ്‌ കിട്ടിയോ?'

'കിട്ടി' 

'ഏയ്‌ ഇല്ല കിട്ടിയിട്ടില്ല' എന്ന ഒരു തിരുത്തല്‍ ശബ്‌ദം ഉയരുകയാണ്‌ ഇപ്പോള്‍ മറ്റൊരുഭാഗത്തുനിന്ന്‌. അതാരാണ്‌ പറയുന്നതെന്ന്‌ കാണാനാവുന്നില്ല. പക്ഷേ ആ ഭാഗത്തേക്ക്‌ നോക്കി ആരാച്ചാര്‍ ചൂടാവുന്നുണ്ട്‌: 
'എടാ, അവര്‌ ചോദ്യങ്ങള്‍ ചോദിക്കുന്ന അതേ രീതില്‍ ഉത്തരം പറ'. 

നേരത്തേ എതിര്‍ശബ്‌ദമുയര്‍ന്ന ഭാഗത്തുനിന്ന്‌ ഇപ്പോള്‍ വീണ്ടും ശബ്‌ദം: 'എന്ത്‌ അഡ്വാന്‍സ്‌, പണി പൂര്‍ത്തിയാക്കാതെ പിന്നെ എങ്ങനെ അഡ്വാന്‍സ്‌ കിട്ടും.?
ചോദ്യകര്‍ത്താവ്‌: 'അതൊക്കെ ഗവണ്‍മെന്റ്‌ കാര്യമാണ്‌. 
പേരക്കുട്ടിയുടെ ജോലിക്കാര്യം ശരിക്കും എന്തായി'?

അജ്ഞാതനില്‍ നിന്ന്‌ വീണ്ടും ഉത്തരം 'അതൊറപ്പാ. ജോലി കൊടുത്തില്ലെങ്കില്‍ നിങ്ങള്‍ അവരെ വെറുതേവിടുമോ?' 

ജോലി ആവശ്യപ്പെടൂവെന്ന്‌ ആരാച്ചാരെ നോക്കിക്കൊണ്ട്‌ ചോദ്യകര്‍ത്താവ്‌. ജോലി തന്നില്ലെങ്കില്‍ നിങ്ങളാണെങ്കില്‍ സര്‍ക്കാരിനെ വെറുതേവിടുമോ എന്ന്‌ ചോദ്യകര്‍ത്താവിനോട്‌ അജ്ഞാതന്‍. ഇപ്പോള്‍, ആരാച്ചാരെക്കൂടി കാണാവുന്ന ദൃശ്യത്തില്‍ ആ അജ്ഞാതന്‍ ആരാച്ചാരുടെ മകന്‍ മഹാദേവാണെന്ന്‌ മനസ്സിലാവുന്നു. ജോലി തന്നില്ലെങ്കില്‍ സര്‍ക്കാരിന്‌ എന്തൊക്കെ അഭിമൂഖീകരിക്കേണ്ടിവരുമെന്ന്‌ ചോദ്യകാരനോട്‌ ചോദിക്കുകയാണ്‌ മഹാദേവ്‌. ഇരിക്കുന്ന ആരാച്ചാരെയും സമീപത്തുള്ള ചോദ്യകര്‍ത്താവിനെയും നില്‍ക്കുന്ന മകനെയും പിറകിലെ ആള്‍ക്കൂട്ടത്തെയും ഇപ്പോള്‍ കാണാം. അതുശരിയാ എന്ന്‌ സമ്മതിക്കുന്നുണ്ട്‌ ചോദ്യകര്‍ത്താവ്‌. ഒരു നേതാവിന്റെ ആത്മവിശ്വാസത്തില്‍ പത്രറിപ്പോര്‍ട്ടറോട്‌ മഹാദേവ്‌ ചോദിക്കുന്നുണ്ട്‌, തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത ജോലി സര്‍ക്കാര്‍ തന്നില്ലെങ്കില്‍ സര്‍ക്കാര്‍ എന്ത്‌ നേരിടേണ്ടിവരുമെന്ന്‌. ഇന്നത്തെ സംഭവവികാസങ്ങളും പേരക്കിടാവിന്‌ നല്‍കാമെന്ന്‌ പറഞ്ഞ ജോലിക്കും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന്‌ സ്ഥാപിക്കുകയാണ്‌ അയാള്‍: 'എനിക്കേയ്‌ ചില ശക്തിയൊക്കെയുണ്ട്‌. ശരിയല്ലേ? എനിക്ക്‌ കഴിയില്ലെങ്കില്‍, നിങ്ങള്‍ക്ക്‌ കഴിയുമോ, നിങ്ങളുടെ 'ഗണശക്തി'ക്ക്‌ കഴിയുമോ?' മഹാദേവിന്റെ ഈ ചോദ്യത്തില്‍ നിന്ന്‌ നമ്മള്‍ക്ക്‌ മനസ്സിലാവുന്നു ചോദ്യകര്‍ത്താവ്‌ ബംഗാളിലെ സിപിഎമ്മിന്റെ മുഖപത്രമായ 'ഗണശക്തി'യുടെ റിപ്പോര്‍ട്ടറാണെന്ന്‌. ഗണശക്തിയെന്നാല്‍ ജനശക്തിയാണെന്ന്‌ താഴെ എഴുതിക്കാണിക്കുന്ന അക്ഷരങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. ഇതെല്ലാം കേട്ട്‌ വെറുതേയിരിക്കുകയായിരുന്ന ആരാച്ചാര്‍ 'ഗണശക്തി'യുടെ ലേഖകന്റെ നേരേ തിരിഞ്ഞ്‌ ഒരു സംഭാഷണം തുടങ്ങുകയാണ്‌. ആ സംഭാഷണത്തിനു മുകളില്‍ സുതാര്യമായി ഒരു പത്രവാര്‍ത്തയും കാണാം: വധശിക്ഷ നീട്ടിവയ്‌ക്കപ്പെട്ട ധനഞ്‌ജയ്‌ ചാറ്റര്‍ജിയെക്കുറിച്ച്‌ ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ വന്ന 'ബര്‍ത്ത്‌ ഡേ ബ്ലൂസ്‌' എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്ത. തന്റെ നാല്‌പത്തിയൊന്നാം പിറന്നാള്‍ കാണാന്‍ വരെ ധനഞ്‌ജയ്‌ ചാറ്റര്‍ജി ജീവിച്ചിരിക്കുമെന്ന്‌ അയാളുടെ കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും ഉറപ്പായി എന്നാണ്‌ ആ ശീര്‍ഷകം വ്യക്തമാക്കുന്നത്‌. സുതാര്യമായ ഈ ദൃശ്യത്തോടൊപ്പം 'ഗണശക്തി' ലേഖകനോട്‌ സംസാരിച്ചുകൊണ്ടിരിക്കുന്ന ആരാച്ചാരെയും കാണാം: 'ഇന്ത്യ മുഴുവനും, ലോകം മുഴുവനും 
ജോലിക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്‌.' മറ്റൊരു പത്രവാര്‍ത്തയുടെ സമീപദൃശ്യം ഇപ്പോള്‍ തെളിയുന്നു. ആ റിപ്പോര്‍ട്ട്‌ ഇങ്ങനെ: 
'നാല്‌പത്തിയൊന്നാം ജന്മദിനം.
റിപ്പോര്‍ട്ട്‌: ദേബജ്യോതി ചക്രബര്‍ത്തി
ടൈംസ്‌ ന്യൂസ്‌ നെറ്റ്‌വര്‍ക്ക്‌. 
കഴിഞ്ഞ മാസം ധനഞ്‌ജയ്‌ ചാറ്റര്‍ജിയുടെ വിവാഹ വാര്‍ഷികമായിരുന്നു. ഭര്‍ത്താവിനൊപ്പം ചെലവഴിക്കാന്‍ പൂര്‍ണ്ണിമ ചാറ്റര്‍ജി മേയ്‌ 16ന്‌ ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. പക്ഷേ 14 വര്‍ഷം മുമ്പ്‌ 14കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന, ധന എന്ന്‌ വീട്ടുകാര്‍ വിളിക്കുന്ന ധനഞ്‌ജയ്‌ ചാറ്റര്‍ജി തന്റെ നാല്‌പത്തൊന്നാം പിറന്നാള്‍ കാണാന്‍ ജീവിച്ചിരിക്കുമോ എന്ന്‌ ചാറ്റര്‍ജി കുടുംബത്തിന്‌ ഇപ്പോഴും ഉറപ്പില്ല. ആഗസ്റ്റ്‌ 14ന്‌ അയാള്‍ക്ക്‌ 41 വയസ്സ്‌ തികയുകയാണ്‌'

പത്രത്തിലെ ഈ അക്ഷരങ്ങള്‍ക്കൊപ്പം 'ഗണശക്തി' പത്രത്തിലെ ലേഖകനുമായി കടുംബംഗാളിയില്‍ സംസാരിക്കുന്ന ആരാച്ചാരേയും അയാളുടെ വാക്കുകളെയും നമ്മള്‍ക്ക്‌ കാണുകയും കേള്‍ക്കുകയും ചെയ്യാം. ആരാച്ചാരുടെ വാക്കുകള്‍ ഇങ്ങനെ: 'തൂക്കിക്കൊല നടന്നാലും ഇല്ലേലും എന്റെ പേരക്കുട്ടിക്ക്‌ ജോലി ഒറപ്പായിരിക്കണം. ഉദ്യോഗസ്ഥര്‍ അവന്റെ വീട്ടില്‍പ്പോയിരുന്നു, ഇന്നലെ അവര്‌ ഇവിടേം വന്നിരുന്നു, ഇന്നലെത്തന്നെ അത്‌ നടക്കേണ്ടതായിരുന്നു, അവരെന്നോട്‌ പേപ്പറുകളിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു, ബാക്കി കാര്യങ്ങള്‌ പിന്നെ ശരിയാക്കാമെന്നും പറഞ്ഞിരിക്കുകയാണ്‌.' ആരാച്ചാരും ബംഗാളിലെ ദേശാഭിമാനി എന്ന്‌ പറയാവുന്ന 'ഗണശക്തി'യുടെ റിപ്പോര്‍ട്ടറും തമ്മിലുള്ള ഈ സംഭാഷണം കേട്ടുകൊണ്ട്‌ വീടിനരികിലെ തൂണിനോട്‌ ചേര്‍ന്ന്‌ ഉടുപ്പിടാത്ത ഒരു കുട്ടി കുന്തിച്ചിരിക്കുന്നുണ്ട്‌. തുളച്ചോ ചുഴിഞ്ഞോ കയറുന്ന സംഗീതത്തോടൊപ്പം ഈ ദൃശ്യം മാഞ്ഞുതീരുമ്പോള്‍, നിതാന്തമായ ഇരുട്ടിന്‌ ശേഷം നീലയും വെള്ളയും ഇടകലര്‍ന്ന കളര്‍ടോണില്‍ മുറിയുടെ ഏതൊക്കെയോ മുകള്‍മൂലകളിലേക്ക്‌ അസ്വസ്ഥമായി നോക്കിക്കൊണ്ടേയിരിക്കുന്ന ആരാച്ചാരുടെ ശില്‌പം പോലുള്ള മുഖം തെളിയുന്നു. സംഗീതം നിര്‍ദ്ദാക്ഷിണ്യം തുടരുന്നുണ്ട്‌. അയാളുടെ നോട്ടം ഇടയ്‌ക്കിടെ നമ്മിലേക്കുതന്നെയുമാണ്‌. മേല്‍ക്കൂരയിലേക്ക്‌ ഉയരുന്ന അയാളുടെ ദൃഷ്ടിയോടൊപ്പം മറ്റൊരു ദൃശ്യം ലയിച്ചുവരുമ്പോള്‍ 
പത്രക്കട്ടിംഗുകളുടെ മുകളിലൂടെ ചുമ്മാ നടന്നുപോകുന്നുണ്ട്‌ ഒരു പൂച്ച. ഇപ്പോള്‍ വീണ്ടും ആരാച്ചാര്‍ മാത്രം. ആരെയോ അയാള്‍ അടുത്തേക്ക്‌ വിളിക്കുന്നുണ്ട്‌:
' പോലീസ്‌ ഓഫീസറെ വിളിക്ക്‌, എന്നിട്ട്‌ കാര്യം എന്തായി എന്ന്‌ ഒറപ്പിച്ച്‌ പറയാന്‍ പറ'

അയാള്‍ പോയി എന്നുവേണം മനസ്സിലാക്കാന്‍. മുമ്പിലുള്ളത്‌ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച്‌, ഉദ്ധൃതമായ ശിരോശില്‌പം പോലെ ഇടക്കിടെ സംഗീതത്തിലെ അര്‍ത്ഥവത്തായ കല്ലുകടികളിലേക്ക്‌ മുഖം തിരിക്കുന്നുവെന്ന വണ്ണം മിഴി വെട്ടിച്ച്‌ ഒരേ ഇരിപ്പിരിക്കുന്ന ആരാച്ചാരാണ്‌. മിനിറ്റുകളോളം നീളുന്ന ഇരിപ്പിനൊടുവില്‍ അയാളുടെ ഉത്‌'കണ്‌ഠ' എന്തിനായിരുന്നുവെന്ന്‌ നാമറിയുന്നു. മുറിയിലേക്കുവരുന്ന ആരോടോ ആരാച്ചാര്‍ ചോദിക്കുന്നുണ്ട്‌: ' പുറത്തെന്താ, ടിവിക്കാരാണോ, വാര്‍ത്തക്കാര്‌'? 'അതേ' എന്ന ഉത്തരം കേട്ട്‌, നാമിതുവരെ കേട്ടുകൊണ്ടിരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ മറ്റൊരു യുദ്ധത്തിനെന്ന വണ്ണം പുറത്തേക്കിറങ്ങുന്ന ആരാച്ചാരുടെ ശിരസ്സില്‍ത്തന്നെയാണ്‌ ഉലയുന്ന കാമറയുടെ മേല്‍നോട്ടം.

പുറത്ത്‌, രാത്രിയിലേക്ക്‌ കറുക്കുന്നതിന്‌ മുമ്പുള്ള സന്ധ്യയുടെ നീലകലര്‍ന്ന മങ്ങിയ ചുവപ്പ്‌ പടര്‍ന്ന മുഷിഞ്ഞ, ബംഗാളിത്തെരുവില്‍ അലസമായി കളിക്കുന്നുണ്ട്‌ കഥയൊന്നുമറിയാത്ത കുട്ടികള്‍. 

ഇപ്പോള്‍, ആരാച്ചാരുടെ ഇരുള്‍വീണ വീട്ടുമുറ്റത്തെ ഇടുങ്ങിയ നീളന്‍തെരുവില്‍ വെള്ളിവെളിച്ചം വീഴ്‌ത്തിക്കൊണ്ട്‌ മറ്റൊരു ചാനലിന്റെ കാമറാടീമിന്റെ ചെറുസൂര്യപ്രഭ. ടിവി കാമറയൊടൊപ്പം ഘടിപ്പിച്ചിട്ടുള്ള ബള്‍ബിന്റെ പ്രകാശത്തില്‍ ഇനിയും പോകാത്ത ആള്‍ക്കൂട്ടം. തീര്‍ച്ചയായും ആ കാമറയുടെ മുമ്പിലുള്ളത്‌ ആരാച്ചാരാണെന്ന്‌ ഊഹിക്കാം. റിപ്പോര്‍ട്ടറുടെ ചോദ്യം ആള്‍ക്കൂട്ടത്തിലൂടെ കേള്‍ക്കാം: ' ഇതുവരെയും ഒരുന്യൂസും കിട്ടിയില്ലേ. ഗവണ്‍മെന്റില്‍ നിന്ന്‌ എന്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ഉണ്ടോ'? സീ ടിവിയുടെ മൈക്കും പിടിച്ച്‌ നില്‍ക്കുന്ന റിപ്പോര്‍ട്ടറെയും ആരാച്ചാരെയും തൊട്ടുപിറകില്‍ മകന്‍ മഹാദേവിനെയും കാണാം. ആരാച്ചാര്‍ ക്ഷീണം വിട്ട്‌ ഉന്മേഷവാനായി കാമറാമൈക്കുകള്‍ക്ക്‌ എളുപ്പം പിടിച്ചെടുക്കാവുന്നത്ര ബലത്തില്‍ പ്രാസംഗികനെപ്പോലെ പ്രകടനം തുടരുകയാണിപ്പോള്‍: ' ഇതുവരെയും ഗവണ്‍മെന്റില്‍ 
നിന്നോ, നമ്മുടെ പ്രസിഡന്റില്‍ നിന്നോ. ആലിപ്പൂര്‍ ജയിലില്‍ നിന്നോ ഒരറിയിപ്പും കിട്ടിയിട്ടില്ല. എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ചോദിക്കാന്‍ ഗാര്‍ഡുകളോട്‌ പല തവണ ഞാന്‍ ആവശ്യപ്പെട്ടു, റിപ്പോര്‍ട്ടുകളെന്താണെന്നറിയാന്‍. എന്റെ പയ്യന്മാരെല്ലാം ഏത്‌ നിമിഷവും പോകാന്‍ തയ്യാറാണ്‌. 1991ല്‍ അവരെല്ലാം എന്റെ സഹായികളായിരുന്നു. ഇത്തവണയും അവര്‍ അത്‌ ചെയ്യും. പക്ഷേ, ഇതുവരെയും അറിയിപ്പൊന്നും കിട്ടിയിട്ടില്ല.'

'താങ്കളതിന്‌ റെഡിയാണോ'യെന്ന്‌ റിപ്പോര്‍ട്ടറുടെ ചോദ്യം. 

' ജോലി ചെയ്യാന്‍ ഞാന്‍ എപ്പോഴേ റെഡിയാണ്‌. ഇതുപോലെയുള്ള ആളുകള്‍ക്ക്‌ വേണ്ടി അത്‌ ചെയ്യാന്‍ ഞാന്‍ എപ്പോഴും റെഡിയാ.' 

വെള്ളിവെളിച്ചത്തിന്റെ പ്രഭാപൂരത്തില്‍ ആ തെരുവ്‌ ഒരു പ്രഭാഷണവേദി പോലെയാവുകയും ഒരു പ്രഭാഷകന്റെ പരകായപ്രവേശം സാധ്യമാവുകയുമാണ്‌ ഇപ്പോള്‍: 'പക്ഷേ എന്റെ തൂക്കുകയര്‍, ഇതാ നമ്മുടെ ഈ കുട്ടികളുടെയോ, ദാ നിങ്ങളെപ്പോലെയുള്ളവരുടെയോ കഴുത്തില്‍ വീഴണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അത്തരത്തില്‍ നല്ലൊരു മനുഷ്യന്റെ കഴുത്തിലേക്ക്‌ എന്റെ തൂക്കുകയര്‍ ഞാന്‍ ഒരിക്കലും ഇട്ടിട്ടില്ല. ഞാന്‍ തൂക്കീട്ടൊള്ളതേ, അത്രയും ചെകുത്താന്മാരായിട്ടുള്ളവരെയാ, ഒരാള്‍ക്കുവേണ്ടി മൊത്തം കുടുംബത്തെയും നശിപ്പിച്ചവരെ. ഒരു പെണ്‍കുട്ടിയെ കൊന്നതിലൂടെ അവന്‍ അതിന്റെ കുടുംബത്തെയും ഇല്ലാണ്ടാക്കീലേ.' കൈകള്‍ ഉയര്‍ത്തിക്കൊണ്ടും വീശിക്കൊണ്ടും അഭിനയിച്ചുകാണിച്ചുകൊണ്ടും റിപ്പോര്‍ട്ടറെയും ആള്‍ക്കൂട്ടത്തെയും സാക്ഷിനിര്‍ത്തിക്കൊണ്ട്‌ ആരാച്ചാര്‍ നടത്തുന്ന ഈ തെരുവുപ്രസംഗത്തിനുമുകളിലൂടെ ഒരു സംഗീതം വന്നു നിറയുകയും ആ പ്രസംഗത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു ആഖ്യാനം ഉയരുകയും ചെയ്യുന്നുണ്ട്‌:

'ദൈവനിയുക്തവും ഔദ്യോഗിക നിയുക്തവുമായ തന്റെ ജോലിയെക്കുറിച്ചുള്ള ആരാച്ചാരുടെ ഈ വെളിപാടുകളും, ഇരുപത്തിനാല്‌ മണിക്കൂര്‍ വാര്‍ത്താ ചാനലുകളിലെ പ്രത്യേക ചര്‍ച്ചകളും, നഗരത്തിലെ പതിവു പ്രണയപരവശ അരാജകത്വങ്ങളുമെല്ലാം കൂടിക്കുഴഞ്ഞ്‌ ആ സന്ധ്യയെ ചൊരുക്കുന്ന ഒരു കൊല്‍ക്കത്ത കോക്ടെയിലാക്കി നുരച്ചു' 

നഗരപ്പാര്‍ക്കുകളിലെ ജലധാരകള്‍ക്കു കീഴിലിരിക്കുന്ന യുവമിഥുനങ്ങളും അവര്‍ക്കിടയിലൂടെ അലക്ഷ്യം പാടിനീങ്ങുന്ന അലസവസ്‌ത്രധാരിയായ മെലിഞ്ഞ ഒരു യുവാവും അയാളുടെ പാട്ടിന്റെ ഈണവുമെല്ലാം ഈ പശ്ചാത്തലവിവരണത്തെ സാന്ദ്രമാക്കുന്നുണ്ട്‌. ആ മെലിഞ്ഞ യുവാവ്‌ പാടുന്ന ബംഗാളി വരികള്‍ ഏകദേശം ഇത്രത്തോളം വിധുരമാണ്‌: 

.ഇത്രനാളിത്രനാളെന്റെയാമെന്റെയാ
മുള്ളകപ്പാതിയില്‍ ജീവിച്ചവന്‍ ഞാന്‍.
ഇത്രനാളിത്രനാളെന്റെയാമെന്റെയാ
മുള്‍വെളിപ്പാതിയില്‍ ജീവിച്ചവന്‍ ഞാന്‍.

ഈ ബംഗാളിഗാനത്തിന്റെ ഈരടികള്‍ക്കൊപ്പം സായാഹാനത്തിലെ ഒരു കൊല്‍ക്കൊത്ത ബാറിനകത്തെ മഞ്ഞവെളിച്ചവും, കുടിച്ചുകൊണ്ടിരിക്കുന്നവരുടെ മുഖങ്ങളും, അവരുടെ നേര്‍ത്ത ലഹരിവാക്കുകളും തെളിയുന്നുണ്ട്‌. അവയ്‌ക്കും മുകളിലൂടെ ബംഗാളി ഗാനം തുടരുകയാണ്‌: 

'ഇപ്പോളിതാ ഞാന്‍ സ്വയം തുഴഞ്ഞീടുന്നു
ഈയിരുളാണ്ടതാം സായന്തനങ്ങളില്‍'

വീണ്ടും യുവമിഥുനങ്ങള്‍ക്കിടയിലൂടെ ഇതേ ഗാനം പാടുന്ന യുവാവിന്റെ അവ്യക്ത രൂപം. അയാളുടെ തന്നെ ഒരു സംഭാഷണത്തിന്റെ ശബ്‌ദവും ഇതേ ദൃശ്യത്തില്‍ കേട്ടുതുടങ്ങുകയാണ്‌. തൊട്ടടുത്ത ദൃശ്യത്തില്‍ പാട്ടുപാടിയ ആ യുവാവ്‌ എവിടെയോ ഇരുന്നുകൊണ്ട്‌, തോളറ്റം വരെ നീണ്ട അലക്ഷ്യമുടിയും മുഷിഞ്ഞ ശരീരവുമായി ചിതറിയ ഇംഗ്ലീഷില്‍ പറഞ്ഞുതുടങ്ങുകയാണ്‌: 

'1972 മുതല്‍, എന്റെ ഗുരൂന്ന്‌ പറയുന്നത്‌, എന്റെ ട്യൂട്ടര്‍ന്ന്‌ പറയുന്നത്‌, പങ്കജ്‌കുമാര്‍ മല്ലിക്കാണ്‌.'

അടുത്ത നിമിഷം നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നത്‌ ബാറിലിരുന്ന്‌ മദ്യപിക്കുന്നവരില്‍ ചിലരുടെ സംഭാഷണങ്ങളാണ്‌: 

'ഏയ്‌, ഏയ്‌, നാം നമ്മുടെ കുട്ടിക്കാലം മുതല്‍' അതു പറഞ്ഞുതീര്‍ക്കുംമുമ്പേ മറ്റൊരു മദ്യപന്റെ ഇടപെടല്‍ ഇങ്ങനെ:

'അതേയ്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നതുണ്ടല്ലോ, ഒരു നീണ്ട സ്റ്റോറിയാണ്‌..'

അടുത്ത നിമിഷം വീണ്ടും ഗായകനെ നാം കാണുന്നു. അയാള്‍ ഇരിക്കുന്നത്‌ ഏതോ തെരുവില്‍ ചില്ലുമറകളുള്ള ഒരു കടയുടെ മുന്നിലെ ഫുട്‌പാത്തിലാണെന്ന്‌ തോന്നുന്നു. ഗായകനോട്‌ ചേര്‍ന്നിരുന്ന്‌ അയഞ്ഞ ഇംഗ്ലീഷില്‍ സംസാരിക്കുന്നത്‌ സംവിധായകന്‍ ജോഷി ജോസഫ്‌ തന്നെയാണ്‌. ആദ്യം ജോഷിയെ കാണുന്നില്ലെങ്കിലും ആ ശബ്‌ദം അത്‌ തെറിപ്പിക്കുന്നുണ്ട്‌:

'അഞ്ചുവര്‍ഷം മുമ്പ്‌ ഞാന്‍ കല്‍ക്കട്ടയില്‍ വന്നപ്പോള്‍ നിങ്ങളിവിടെ പാടുന്നത്‌ ഞാന്‍ കണ്ടു, വലിയ താടിയും മുടിയുമൊക്കെയായി..'

'ഹ, ഹ, ഹ' എന്നു തുറന്നുചിരിക്കുകയാണ്‌ വിടവുകളുള്ള മുഴുവന്‍ പല്ലുകളും പുറത്തുകാണിച്ചുകൊണ്ട്‌ ഗായകന്‍. ജോഷിയുടെ സംസാരത്തിലെ ലഹരിയാണെങ്കില്‍ തീരുന്നില്ല: 

'അന്ന്‌ ഞാനെന്താ വിചാരിച്ചതെന്ന്‌ മനസ്സിലായോ. ഞാന്‍ വിചാരിച്ചു നിങ്ങളൊരു ഭ്രാന്തനാണെന്ന്‌.'

അടുത്ത നിമിഷം വീണ്ടും ബാര്‍ തെളിയുന്നു, നീളന്‍ മേശയുടെ ഇരുവശത്തുമായിരുന്ന്‌ നുണയുന്ന 6 പേര്‍ വാഗ്വാദങ്ങള്‍ തുടരുകയാണ്‌: 

'ഇതൊരു യാദൃച്ഛികതയുടെ പ്രശ്‌നമല്ല. ജീവിതം എന്നതേ, ഒരു യാദൃച്ഛികതയല്ല.'

ഇപ്പോളിതാ തെരുവില്‍ നിലത്തിരുന്ന്‌ ജോഷി ജോസഫ്‌ ആ ഗായകനെ തോണ്ടിക്കൊണ്ട്‌ കണിശം ചോദിക്കുന്നു:

'നിങ്ങള്‍ അബ്‌നോര്‍മലാണോ?'

ആ ചോദ്യത്തിന്റെ നിര്‍വൃതിയില്‍ ഉറഞ്ഞുചിരിക്കുകയാണ്‌ ഗായകന്‍ 
'ഹഹഹഹ, നിങ്ങളേയ്‌, നല്ല തമാശയൊളള ആളാ.'
ആ ചിരി പിടിവിട്ടുപോയ ഒരനുഭൂതിയായി മുഷിഞ്ഞ ആ കൊല്‍ക്കൊത്താത്തെരുവില്‍ പരക്കുകയാണ്‌. നിര്‍ത്താനാവാത്ത ചിരിയുടെ ഏക്കത്തില്‍ മുന്നോട്ടാഞ്ഞും പിന്നെ പിന്നോട്ടാഞ്ഞും മുടി ഇരുവശങ്ങളിലേക്കും കോതിയും ഉലയുന്ന ഗായകനോട്‌ ജോഷിയുടെ മറ്റൊരു ചോദ്യം:

'ആരാണ്‌ നോര്‍മല്‍?...ആരാണ്‌ അബ്‌നോര്‍മല്‍?'

ഈ ചോദ്യത്തിന്‌ ഗായകന്‍ ഉത്തരം പറയുംമുമ്പേ, ഇരുവരുടെയും ദൃശ്യങ്ങള്‍ക്കുമേല്‍ സുതാര്യമായി ഒരു പത്രത്തിലെ സര്‍വ്വേയുടെ ഗ്രാഫിക്‌ റിപ്പോര്‍ട്ട്‌ തെളിയുകയാണ്‌. കൊല്‍ക്കൊത്തയില്‍ നടന്ന ഒരു സര്‍വ്വേയില്‍ ജീവപര്യന്തം വേണോ വധശിക്ഷ വേണോ എന്ന ചോദ്യത്തിന്‌ ജീവപര്യന്തം മതിയെന്ന്‌ മുപ്പത്താറ്‌ ശതമാനവും വധശിക്ഷതന്നെ വേണമെന്ന്‌ അറുപത്തിനാല്‌ ശതമാനവും പറഞ്ഞതിന്റെ തൂക്കുകയര്‍ മാതൃകയിലുള്ള ലേ ഔട്ടില്‍ ലയിച്ചിരുന്നുകൊണ്ട്‌ ജോഷിയുടെ ചോദ്യത്തിന്‌ ഗായകന്‍ ഉത്തരം പറയുകയാണ്‌:

'അതൊരു ഫിലോസഫിക്കല്‍ ക്വസ്റ്റ്യനാണ്‌. ഹഹഹ, ഉത്തരം പറയാന്‍, പ്രയാസമാ, എന്നെ സംബന്ധിച്ച്‌'

അടുത്ത നിമിഷം, ആരാച്ചാര്‍ നാട്ട മല്ലിക്കിന്റെ വീട്ടിനുമുന്നിലെ തെരുവില്‍ നിന്ന്‌ വധശിക്ഷ നടപ്പാക്കുന്നത്‌ നീട്ടിവച്ചുകൊണ്ടുള്ള വാര്‍ത്തയെക്കുറിച്ച്‌ ആരാച്ചാരുടെ പ്രതികരണമെന്താണെന്ന്‌ സൂചിപ്പിക്കുന്ന സ്വന്തം വിവരണം ചിത്രീകരിക്കാന്‍ കാമറയ്‌ക്ക്‌ മുന്നില്‍ തയ്യാറാവുകയാണ്‌ ചാനല്‍റിപ്പോര്‍ട്ടര്‍. അയാള്‍ പറഞ്ഞുതുടങ്ങി:

'ധനഞ്‌ജയ്‌ ചാറ്റര്‍ജിയെ സംബന്ധിച്ച്‌...'

തെറ്റി. അത്‌ പൂര്‍ത്തിയാക്കാന്‍ അയാള്‍ക്ക്‌ പറ്റിയില്ല. ഒരു തവണ കൂടി ശ്രമിക്കുകയാണ്‌:

'ധനഞ്‌ജയ്‌ ചാറ്റര്‍ജിയെ സംബന്ധിച്ച്‌ വധശിക്ഷ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണെങ്കിലും...'

തെറ്റി. കട്ട്‌. ഒന്നുകൂടി എടുക്കുകയാണ്‌:

'ധനഞ്‌ജയ്‌ ചാറ്റര്‍ജിയെ സംബന്ധിച്ച്‌....'

അതും തെറ്റി. വീണ്ടും ആ റിപ്പോര്‍ട്ടര്‍ ശ്രമിക്കുന്നതിന്റെയും തെറ്റുന്നതിന്റെയും ശബ്‌ദം ഇപ്പോള്‍ ബാറിലിരിക്കുന്നവരുടെ ദൃശ്യങ്ങള്‍ക്കു മുകളിലൂടെ ആവര്‍ത്തിച്ച്‌ നമ്മള്‍ക്ക്‌ കേള്‍ക്കാം. ബാറില്‍ വാഗ്വാദങ്ങള്‍ തുടരുകയാണ്‌. കണ്ണട ധരിച്ച ഒരു യുവാവ്‌ വാദിക്കുന്നുണ്ട്‌: 

'ഞാന്‍ പറഞ്ഞുവന്ന പോയിന്റ്‌ ഇതാണ്‌. അതായത്‌, ഞാന്‍ പറഞ്ഞുവന്ന പോയിന്റ്‌ എന്നത്‌, അതായത്‌, നിങ്ങളുടെ ധാരണകള്‍ എന്തുമാവട്ടെ, അത്‌, സ്‌കൂള്‍കാലം മുതല്‍ പഠിച്ചതാവട്ടെ, ഇന്ന്‌ വൈകീട്ട്‌ വരെ ഉള്ളതുമാവട്ടെ, ആ ആശയങ്ങള്‍ക്കൊക്കെ നാം വശംവദരാവരുത്‌. അവയെല്ലാം തെറ്റായിരുന്നു.'

ബാറിലെ ഈ മദ്യപന്റെ വാക്കുകള്‍ പകുതിയെത്തുമ്പോള്‍ ആ സംഭാഷണങ്ങള്‍ക്കുമുകളിലൂടെ നാം കാണുന്നത്‌, ആരാച്ചാരുടെ വീടിന്റെ മുന്‍മുറിയിലെ പാതി തുറന്നിട്ട വാതിലിനരികിലേക്ക്‌, വളരെ പതുക്കെ, തോള്‍സഞ്ചിയും തൂക്കി നീങ്ങുന്ന സംവിധായകനെയാണ്‌. മുറിക്കകത്ത്‌, വൈദ്യുതി വെളിച്ചത്തില്‍ ആരാച്ചാരുടെ മകന്‍, കട്ടിലിലിരിക്കുന്ന അച്ഛനോട്‌ എന്തോ പറഞ്ഞുനില്‍ക്കുന്നുണ്ട്‌. ഒരു കൊച്ചുകുട്ടിയും കട്ടിലിലുണ്ട്‌. വാതിലിനരികിലെത്തുന്ന ജോഷിയുടെ നിഴല്‍ ഇപ്പോള്‍ ഭിത്തിയില്‍ പരക്കുന്നുണ്ട്‌. ബാറില്‍ മദ്യപന്റെ വാദം തല്‍ക്കാലത്തേക്ക്‌ തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ വീണ്ടും അതേ മദ്യപനെ കാണാം. അയാളോട്‌ എതിര്‍വാദമുന്നയിക്കുകയാണ്‌ മറ്റാരോ: 

'വശംവദരാകരുതെന്ന്‌ എങ്ങനെ പറയാന്‍ പറ്റും?'

'ഞാന്‍ ഒരിക്കലും വശംവദനായിട്ടില്ല'

'പക്ഷേ നിങ്ങള്‍ക്കെങ്ങനെ പറയാന്‍ പറ്റും?'

ഈ സംഭാഷണങ്ങളുടെ മുകളിലൂടെ ആരാച്ചാരുടെ വീടിന്റെ വാതില്‍ക്കലെത്തുകയും ആരാച്ചാര്‍ക്ക്‌ കൈ കൊടുക്കുകയും ചെയ്യുന്ന സംവിധായകനെ നമ്മള്‍ക്ക്‌ കാണാം. ഇപ്പോള്‍ ബംഗാളിയില്‍ ആരാച്ചാരോട്‌ മാപ്പ്‌ ചോദിക്കുകയാണ്‌ ജോഷി:
'ഞാന്‍ എന്തെങ്കിലും തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ മാപ്പുതരണം'
'ഞാന്‍ മാപ്പുതരില്ല'.
'നോക്കൂ, താങ്കള്‍ക്ക്‌ താങ്കളുടെ ജോലി ചെയ്യണമെന്നതുപോലെ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ജോലിയും' 
ആരാച്ചാരുടെ മറുപടിയില്‍ ഈ അവസാന നിമിഷങ്ങളില്‍ ഒരു ഇംഗ്ലീഷ്‌ വാക്കുകൂടി കടന്നുവരുന്നുണ്ട്‌:
'താങ്കള്‍ റിട്ടേണ്‍ ബാക്ക്‌ വരണം ഇവിടെ. എന്റെ വിശ്വാസം ഈ മനുഷ്യന്‍ രക്ഷപ്പെടാന്‍ പോണില്ലെന്നാ.' 
'രക്ഷപ്പെടില്ലേ?'
'ഇല്ല. രാഷ്ട്രപതി വിധിച്ചോട്ടെ ഈ ലോകം തന്നെ വിധിച്ചോട്ടെ, അതൊക്കെ അവരുടെ കാര്യം. പക്ഷേ ഒരു തവണ കൂടി നിങ്ങള്‍ക്ക്‌ എന്റെയടുത്ത്‌ വരേണ്ടിവരും. പക്ഷേ ഒരേയൊരു വ്യവസ്ഥ. ഇപ്പോ വേണമെങ്കി, തരാമെന്ന്‌ പറഞ്ഞ കാശ്‌ പകുതിയാക്കി ചുരുക്കിക്കോ. പക്ഷേ, അടുത്ത തവണ എനിക്ക്‌ കൂടുതല്‍ പണം തരണം. പോ.'

പോ എന്ന്‌ ഒരിക്കല്‍ക്കൂടി പറഞ്ഞ്‌, മുറിക്കകത്തേക്ക്‌ തിരിച്ചുനടന്ന്‌ വാതിലടയ്‌ക്കാനൊരുങ്ങുന്ന ആരാച്ചാരെ സംവിധായകന്‍ ഒരിക്കല്‍ക്കൂടി വിളിക്കുകയാണ്‌:

'ചേട്ടാ ഒന്നാ കൈകള്‍ തന്നിട്ട്‌ പോകൂ'
അകത്തുനിന്ന്‌ മകന്‍ മഹാദേവും ഭാര്യയും ആ ഹസ്‌തദാനക്ഷണത്തില്‍ പുഞ്ചിരിക്കുന്നുണ്ട്‌. ആരാച്ചാരുടെ രണ്ടുകൈകളും ചേര്‍ത്തുപിടിച്ച്‌ സ്വന്തം നിറുകയില്‍ വയ്‌ക്കുകയാണ്‌ ഇപ്പോള്‍ ജോഷി ജോസഫ്‌. 

ചാനല്‍റിപ്പോര്‍ട്ടര്‍ ഇപ്പോഴും സ്വന്തം വാര്‍ത്തയ്‌ക്കുവേണ്ട സ്റ്റാന്‍ഡപ്പ്‌ അവതരണഭാഗം നേരാംവണ്ണം എടുത്തിട്ടില്ല. അയാള്‍ ശ്രമിക്കുകയാണ്‌:

'ധനഞ്‌ജയ്‌ ചാറ്റര്‍ജിയെ സംബന്ധിച്ച്‌...' ഇല്ല തെറ്റി, അയാള്‍ നിരാശയോടെ തലകുലുക്കി. വീണ്ടും ഒരു ശ്രമം:

'ധനഞ്‌ജയ്‌ ചാറ്റര്‍ജിയുടെ വധശിക്ഷ നടപ്പാക്കുന്നതിന്‌ ലഭിച്ചിരിക്കുന്ന സ്റ്റേ ഉത്തരവ്‌, വധശിക്ഷ നടപ്പാക്കേണ്ട ആരാച്ചാരായ നാട്ട മല്ലിക്കിനെ വല്ലാതെ അസന്തുഷ്ടനാക്കിയിരിക്കുകയാണ്‌. ധനഞ്‌ജയ്‌ ചാറ്റര്‍ജിയെപ്പോലുള്ള കുറ്റവാളികള്‍ തൂക്കിലേറ്റപ്പെടുക തന്നെ വേണം എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അയാളെ തൂക്കിലേറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ വധശിക്ഷ അവസാനിപ്പിക്കണമെന്നും ആരാച്ചാര്‍ പറഞ്ഞു. കാമറാമാന്‍ പ്രതുല്‍ നന്ദിക്കൊപ്പം, സുകര്‍ണ സെന്‍, സീ ന്യൂസ്‌ കൊല്‍ക്കൊത്ത.'

ഇപ്പോള്‍ മുറിക്കകത്തുനിന്ന്‌ സംവിധായകന്റെ കാമറയ്‌ക്കുനേരെ കൈകളുയര്‍ത്തുകയാണ്‌ ആരാച്ചാര്‍:

'ഇനി ഒരിഞ്ചുപോലും പിടിക്കാന്‍ സമ്മതിക്കരുത്‌ ഇയാളെ'
ജോഷി ചിരിയോടെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു:
'ഹഹഹ, അയാള്‌ കേരളത്തില്‍ നിന്ന്‌ ഇത്രേം ദൂരം വന്നതല്ലേ.'
കാമറാലെന്‍സിന്‌ നേരേ വിടര്‍ത്തിയ കൈകളുമായി ആരാച്ചാര്‍ ഉറച്ചുനില്‌പാണ്‌:
'അല്ലല്ല, ഇത്‌ വഞ്ചനയാണ്‌' . 
'വിട്ടേക്ക്‌ അച്ഛാ, അകത്തേക്കുവാ' എന്ന്‌ മകന്‍ സ്‌നേഹപൂര്‍വ്വം വിലക്കുന്നുണ്ട്‌. മകന്റെ ഭാര്യയാകട്ടെ ആരാച്ചാരുടെ കയ്യില്‍ പതുക്കെ പിടിച്ചിട്ടുമുണ്ട്‌. അവസാനം, ശരിയെന്ന ഭാവത്തില്‍ വാതിലടയ്‌ക്കാനൊരുങ്ങുംമുമ്പ്‌ ആരാച്ചാര്‍ വിളിച്ചുചോദിച്ചു:
'തൃപ്‌തിയായില്ലേ, ഏ.'
'ഓകെ ഓകെ' എന്ന്‌ സംവിധായകനും.
ഇപ്പോളിതാ അപ്രതീക്ഷിതം അത്യുച്ചത്തില്‍ ഛായാഗ്രാഹകനായ റസാഖിന്‌ നേരേ കൈ നീട്ടിക്കൊണ്ട്‌ ആരാച്ചാരുടെ ആന്റി ക്ലൈമാക്‌സ്‌:
'ഏയ്‌, താങ്കളും എനിക്കൊന്ന്‌ കൈ തന്നിട്ടു പോ. താ..' 
നമ്മള്‍ക്കുമുന്നില്‍ ഛായാഗ്രാഹകന്റെ കൈകള്‍ മാത്രം ആരാച്ചാരിലേക്ക്‌ ഹസ്‌തദാനപ്പെട്ട്‌ പിന്‍വാങ്ങുമ്പോള്‍, 'കഴിഞ്ഞില്ലേ, ഇനി പോ', എന്ന്‌ പിന്തിരിയുകയാണ്‌ ആരാച്ചാര്‍. പിടിച്ച കൈ വിടാതെ മകന്റെ ഭാര്യ ഭിത്തിയോട്‌ ചേര്‍ന്ന കട്ടിലിലേക്ക്‌ ആരാച്ചാരെ 
നീക്കുന്നുണ്ട്‌. മകന്റെയും ഭാര്യയുടെയും മുഖത്ത്‌ മറയ്‌ക്കാനാവാത്ത നല്ല ചിരിയുണ്ട്‌. ആരാച്ചാരുടെ മുഖത്തും ചിരിയുണ്ടോ. മകന്‍ മുറിയ്‌ക്കുപുറത്ത്‌ വന്ന്‌ വാതിലടയ്‌ക്കുമ്പോള്‍ കട്ടിലിനരികില്‍ നിന്ന്‌ ആരാച്ചാര്‍ ആവര്‍ത്തിക്കുന്നുണ്ട്‌ 'അടയ്‌ക്കൂ' എന്ന്‌. 'കട്ട്‌ ഇറ്റ്‌' എന്നാണ്‌ അതിന്‌ തിരശ്ശീലയില്‍ വായിക്കാവുന്ന അര്‍ത്ഥഗര്‍ഭമായ ഉപശീര്‍ഷകം. അടയുന്ന വാതിലിന്‌ മുകളില്‍ ഇപ്പോള്‍ തെളിയുന്നത്‌, വധശിക്ഷ നടപ്പാക്കുന്നത്‌ നീട്ടിവച്ച ഉത്തരവിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ പ്രതികരിച്ച പത്രക്കട്ടിംഗാണ്‌. ബുദ്ധദേവിന്റെ ചിത്രത്തിന്‌ താഴെ ആ വാര്‍ത്തയിലെ അക്ഷരങ്ങള്‍ പാമ്പുകളെപ്പോലെ പുളയുന്നുണ്ട്‌:

'കൊല്‍ക്കൊത്ത, ജൂണ്‍ 25.
വധശിക്ഷ നടപ്പാക്കുക തന്നെ വേണമെന്ന തന്റെ സര്‍ക്കാരിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന്‌ മുഖ്യമന്ത്രി. ഗവണ്‍മെന്റിന്റെയും എന്റെയും അഭിപ്രായം കുറ്റവാളി തൂക്കിലേറ്റപ്പെടണമെന്നാണ്‌. ഇക്കാര്യം ഞങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. രാഷ്ടപതിയുടെ അഭിപ്രായത്തിനായി തങ്ങള്‍ കാക്കുകയാണെന്ന്‌ ആഭ്യന്തര സെക്രട്ടറി അമിത്‌ കിരണ്‍ ദേബ്‌ അറിയിച്ചു.'

നീണ്ട കുരകളുടേതെന്നു തോന്നുന്ന ചകിതപ്പെടുത്തുന്ന അസ്വസ്ഥസംഗീതത്തോടൊപ്പം ഈ പത്രവാര്‍ത്തയിലെ അക്ഷരങ്ങള്‍ അല്‌പനേരം കൂടി നാഗശരീരികളായി ഉലഞ്ഞു. ഇപ്പോള്‍ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ നിലപാടിനെക്കുറിച്ചുള്ള മറ്റൊരു പത്രവാര്‍ത്ത കൂടി തെളിയുകയാണ്‌:

'ഇന്നലെ വരെയും ഇക്കാര്യത്തില്‍ ഭട്ടാചാര്യ കടുംപിടിത്തത്തിലല്ലായിരുന്നു. പക്ഷേ വധശിക്ഷ നടപ്പാക്കുന്നതിന്‌ അനുകൂലമായ ശക്തമായ നിലപാടുമായി വെള്ളിയാഴ്‌ച അദ്ദേഹം രംഗത്തുവന്നു. ധനഞ്‌ജയ്‌ക്ക്‌ നേരത്തേ തന്നെ വധശിക്ഷ പ്രഖ്യാപിച്ചതാണ്‌. വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങളുമുണ്ടായി. പക്ഷേ എന്റെ അഭിപ്രായത്തില്‍ ധനഞ്‌ജയ്‌ക്ക്‌ വധശിക്ഷ ലഭിക്കണമെന്ന്‌ തന്നെയാണ്‌' പിടയുകയായിരുന്ന ഈ അക്ഷരങ്ങള്‍ക്കുമേല്‍ ഇപ്പോള്‍ മറ്റൊരു പത്രത്തിലെ ധനഞ്‌ജയിന്റെ മുഖചിത്രം. അതിന്‌ മുകളിലൂടെ മെല്ലെ നീങ്ങുന്ന ഒരു ഭൂതക്കണ്ണാടി. അതില്‍ 
വലുതാക്കപ്പെടുന്ന അയാളുടെ മുഖാവയവങ്ങള്‍. ചുണ്ടുകള്‍, മീശ, കണ്ണ്‌. ഭൂതക്കണ്ണാടിയുടെ ലെന്‍സിനും അയാളുടെ ചിത്രത്തിനും ഇടയില്‍ ഇപ്പോള്‍ ഒരു പൂച്ച ഇരിക്കുന്നുണ്ട്‌. നിരവധി പത്രക്കട്ടിംഗുകള്‍ക്ക്‌ മുകളില്‍ ഒരു പൂച്ച. ഇല്ല, അത്‌ അപ്രത്യക്ഷമായി. വീണ്ടും കൊല്ലപ്പെടേണ്ടവനെ വലുതാക്കുന്ന ഭൂതക്കണ്ണാടിയും അയാളുടെ നെടുങ്കണ്ണും. 'തൂക്കാനുള്ള ബുദ്ധയുടെ കണ്ണീരിന്‌ ഭാര്യയുടെ അശ്രുപിന്തുണ' എന്ന ശീര്‍ഷകമുള്ള പത്രത്തിന്റെ മൃദുസഞ്ചാരം. അതേ പത്രത്തിന്റെ മറ്റൊരു ശീര്‍ഷകം തൊട്ടുമുകളിലുണ്ട്‌. 'ബലാത്സംഗിക്ക്‌ വിധിക്കപ്പെട്ട ശിക്ഷ ഉറപ്പാക്കാനുള്ള പ്രചാരണത്തില്‍ ബുദ്ധദേവിന്റെ ഭാര്യ മീര ഭട്ടാചാര്യയുടെ പിന്തുണ' എന്ന തലക്കുരുക്ക്‌. ഇപ്പോള്‍ ആ കൊലപ്രചാരണത്തിന്റെ ഭാഗമായി ആരാച്ചാരുടെയൊപ്പം മീര ഭട്ടാചാര്യ വേദി പങ്കിടുന്ന പത്രചിത്രം നിശിതസംഗീത അകമ്പടിയില്‍ തിടമ്പേറുന്നു. പശ്ചിമബംഗാളിന്റെ ഔദ്യോഗിക ആരാച്ചാരുടെയും പശ്ചിമബംഗാളിന്റെ മുഖ്യമന്തിയുടെ ഭാര്യയുടെയും മുഖങ്ങള്‍ ഒറ്റലക്ഷ്യത്തിനായി കൈ കൂപ്പുന്ന ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ രാത്രിയിലെ കൊല്‍ക്കൊത്താനഗരത്തിലെ തെരുവിലെ രൂപങ്ങളുടെ നദീപ്രവാഹം കാണാം. ഇപ്പോളിതാ മറ്റൊരു പത്ര ശീര്‍ഷകം: 'ഡല്‍ഹിക്ക്‌ ബംഗാളിന്റെ വിധിന്യായം: അവനെ തൂക്കിക്കൊല്ലണം'

ഇപ്പോള്‍ ധനഞ്‌ജയിന്റെ വിധി വ്യക്തമാവുന്നു. 'ആഭ്യന്തരമന്ത്രാലയം തൂക്കുകയര്‍ മുറുക്കുന്നു' എന്ന ശീര്‍ഷകത്തോടെ മറ്റൊരു പത്രം. അതിന്റെ സുതാര്യതയില്‍ കൊല്‍ക്കൊത്തയിലെ പായുന്ന രാത്രിവിളക്കുകള്‍. 'രണ്ടാമത്തെ ദയാഹര്‍ജിയും തള്ളണമെന്ന്‌ രാഷ്ട്രപതി അബ്ധുള്‍കലാമിന്‌ നിര്‍ദ്ദേശം' എന്ന ഉപശീര്‍ഷകവും ആ സുതാര്യതയിലുണ്ട്‌. പത്രങ്ങളെല്ലാം പിന്‍വാങ്ങുമ്പോള്‍, ഇരുളിനെ കീറിമുറിക്കാന്‍ യത്‌നിച്ച്‌ പായുന്ന പാതിരാത്തെരുവിലൂടെ ഇരുള്‍സംഗീതത്തിനൊപ്പം സംവിധായകന്റെ വാക്യങ്ങള്‍ ഇങ്ങനെ:

'ഈ ആഖ്യാനത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഭരിച്ചത്‌ കണ്ണിന്‌ കണ്ണ്‌ എന്ന സിദ്ധാന്തമാണ്‌, അതിന്റെ ആത്യന്തികമായ വികാരവിരേചനത്തെയും. മാധ്യമങ്ങളില്‍ തൂക്കിക്കൊലയെക്കുറിച്ചുവന്ന ഗ്രാഫിക്‌ ചിത്രങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ച്‌ ആറിലേറെ കുട്ടികള്‍ക്ക്‌ തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു.'

പായുന്ന വാഹനത്തിലിരുന്ന്‌ നാം വീണ്ടും രാത്രിയിലെ ചുവന്ന ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പുറംമോടികള്‍ കാണുകയാണ്‌. അതിനുമേല്‍ സുതാര്യമായി തെളിയുന്നുണ്ട്‌, ഷേവ്‌ ചെയ്യാത്തതിനാല്‍ അല്‌പം കുറ്റി നരകള്‍ പടര്‍ന്ന മുഖത്തോടെ തോര്‍ത്തുകൊണ്ട്‌ തൂക്കുകയറുണ്ടാക്കി എങ്ങനെ തൂക്കിക്കൊല്ലാം എന്ന്‌ പഠിപ്പിക്കുന്ന ആരാച്ചാരുടെ ചിത്രം നോക്കിനില്‍ക്കുന്ന ഒരു കുട്ടിയുടെ വിഭ്രമാത്മകമായ നില്‌പ്‌. ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിനരികിലൂടെ സൈന്യമോ പോലീസോ റൂട്ട്‌ മാര്‍ച്ച്‌ നടത്തുകയാണോ എന്ന്‌ തോന്നിപ്പിക്കുന്ന ആ ശബ്‌ദപ്പെരുക്കം വീണ്ടും. 'ഹഹഹ' എന്ന വിചിത്രവും പൂര്‍ണ്ണമായും തുറന്നതുമായ ഒരു പൊട്ടിച്ചിരിയുമായി നേരത്തേ കണ്ട തെരുവുഗായകന്റെ വിടവുള്ള പല്ലുകള്‍ ഇപ്പോള്‍ നമ്മള്‍ക്കുനേരെ. അടക്കാന്‍ വയ്യാത്ത ആ ചിരിയുടെ ഏക്കത്തില്‍ ബൂട്ടടികളുടെ അകമ്പടിയില്‍ തെളിയുകയാണ്‌ ആരാച്ചാര്‍ക്ക്‌ വലിക്കാനുള്ള ഹാന്‍ഡില്‍.
ഗിയര്‍ മാറ്റാനെന്ന പോലെ ഒരു കൈ. 
തൂക്കപ്പെടേണ്ടവന്‍ വീഴേണ്ട കൃത്യവട്ടം. 
പത്രക്കട്ടിംഗുകള്‍ക്കുമേല്‍ കിടക്കുന്ന ഒരു പൂച്ചയുടെ ഉത്‌കണ്ണ്‌. പത്രങ്ങള്‍ക്കുമുകളിലൂടെ അതിദ്രുതം പാഞ്ഞുപാഞ്ഞ്‌ ഒടുവില്‍ പടേ എന്ന്‌ രണ്ട്‌ പലകകള്‍ തെന്നിമാറി. 
അവ അല്‌പം ആടി.
പലകകള്‍ക്കുതാഴെ നിന്ന്‌ നോക്കുമ്പോള്‍ മുകളില്‍ കാണാവുന്ന ആസ്‌ബറ്റോസ്‌ ഷീറ്റുകള്‍. 
അതേ പൂച്ചയുടെ കരച്ചിലൊച്ചകള്‍. 
ദൗത്യം പൂര്‍ത്തിയായ രണ്ട്‌ കൈപ്പത്തികള്‍ക്ക്‌ ഹാന്‍ഡിലിലെ അവസാനത്തെ വീര്‍പ്പുമുട്ടല്‍തിരുമ്മലുകള്‍. 
പത്രക്കട്ടിംഗുകള്‍ക്കുമേല്‍ ചരിഞ്ഞുകിടന്ന്‌ കാലുകള്‍ വശത്തേക്ക്‌ നീട്ടി ഉറങ്ങുകയാണ്‌ പൂച്ച. കറങ്ങുന്ന ആ ദൃശ്യത്തിലൂടെ കേള്‍ക്കാം പശ്ചാത്തലമൊഴികള്‍: 

'ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ വാര്‍ഷികാഘോഷനാളില്‍, കൃത്യമായി പറഞ്ഞാല്‍, കൊലയാളിയുടെ ജന്മദിനത്തില്‍, അയാളെ തൂക്കിക്കൊന്നു.'

പത്രത്താളുകളും പൂച്ചയും അപ്രത്യക്ഷമായി. പൂച്ചയുടെ കരച്ചില്‍ മാത്രം തുടര്‍ന്നു. അസ്‌തമിച്ച്‌ രക്തം ഛര്‍ദ്ദിച്ചതുപോലുള്ള ഒരാകാശത്തിന്റെ ശോണമുദ്രയാണ്‌ ഇപ്പോള്‍ മുന്നിലൂള്ളത്‌. അതില്‍ 
ലയിച്ചുകൊണ്ടുപായുന്ന ഒരാംബുലന്‍സിന്റെ തീക്കണ്ണും. സംവിധായകന്‍ അയാളുടെ പശ്ചാത്തലവിവരണത്തിന്‌ ഭരതവാക്യം കുറിക്കുകയാണ്‌. അതിങ്ങനെ:

'ആരാച്ചാര്‍ കുഴഞ്ഞുവീണു.
അടുത്തുതന്നെയുള്ള ഒരാശുപത്രിയിലേക്ക്‌
അയാളെ ആംബുലന്‍സില്‍ കൊണ്ടുപോയി.
പിന്നെ, അവിടെ നിന്ന്‌, ആ ആംബുലന്‍സ്‌
നേരേ, ഒരു ടെലിവിഷന്‍ സ്റ്റുഡിയോയിലേയ്‌ക്കെത്തി..
ഏത്‌ തലത്തിലായാലും ക്യാപിറ്റല്‍ പണിഷ്‌മെന്റായ തൂക്കിക്കൊല വേണോ വേണ്ടയോ എന്ന ചര്‍ച്ചയേക്കാള്‍ കൂടുതല്‍ ക്യാപിറ്റല്‍ (മൂലധനം) തരിക, ഒരു ക്യാപിറ്റല്‍ പണിഷ്‌മെന്റിന്റെ മരവിപ്പിക്കുന്ന വിശദാംശങ്ങളായിരിക്കും.' ഈ ഭരതവാക്യത്തോടൊപ്പം, ഒരു മരണസര്‍ട്ടിഫിക്കറ്റിന്റെ രേഖ തെളിയുകയാണ്‌. ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2004 ആഗസ്റ്റ്‌ 14 പുലര്‍ച്ചെ നാലരയ്‌ക്ക്‌ ധനഞ്‌ജയ്‌ ചാറ്റര്‍ജിയെന്ന ധനയെ തൂക്കിലേറ്റിയെന്നും അഞ്ചുമണിക്ക്‌ മരണം സ്ഥിരീകരിച്ചെന്നുമുള്ള മരണ സര്‍ട്ടിഫിക്കറ്റ്‌. 

എന്തോ സംഭവിക്കാന്‍ കാത്തുനിന്നെന്നതുപോലെ നില്‍ക്കുകയായിരുന്ന നീണ്ട വാലുള്ള വെളുപ്പും കറുപ്പുമായ ആ പൂച്ച ഇപ്പോള്‍ നിലത്ത്‌ പടര്‍ന്നുകിടക്കുന്ന ധനഞ്‌ജയിനെക്കുറിച്ചും ആരാച്ചാരെക്കുറിച്ചുമുള്ള അസംഖ്യം പത്രപ്പരവതാനികള്‍ക്കുമുകളിലൂടെ എങ്ങോട്ടോ നടന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. 

ഇരുളില്‍ തെളിയുന്നത്‌ ഈ വധക്രമത്തെ ആവിഷ്‌കരിച്ചവരുടെ നാമരൂപങ്ങള്‍ മാത്രം. 

രചന, സംവിധാനം: ജോഷി ജോസഫ്‌
ഛായാഗ്രഹണം: റസാഖ്‌ കോട്ടയ്‌ക്കല്‍
ദൃശ്യാഖ്യാനം, പരിഭാഷ: എം.എസ്‌ ബനേഷ്‌