Wednesday, February 12, 2014

അകാല്പനികതയുടെ ഐറണിപ്പാടങ്ങള്‍     'എത്ര ശ്രമിച്ചിട്ടും പേരിടാന്‍ കഴിയാത്ത കവിത' എന്ന പേരില്‍ ഒരു കവിതയുണ്ട് എംഎസ് ബനേഷിന്റെ 'കാത്തുശിക്ഷിക്കണേ' എന്ന കവിതാസമാഹാരത്തില്‍.
'ഉപയോഗിക്കാന്‍ കഴിയാത്തവിധം വാക്കുകള്‍ വ്യഭിചരിക്കപ്പെട്ടുപോയി' എന്ന പ്രഖ്യാപനത്തോടെയാണ് ഈ കവിത ആരംഭിക്കുന്നത്. ഭാഷ തടവിലോ മൃതിയിലോ എന്നു ശങ്കിച്ചുകൊണ്ട് മൗനത്തിലേക്കാണ്ടുപോകുന്ന ഈ കവിമനസ്സ് , ഭാഷയുടെ അലങ്കാരങ്ങള്‍ ഇനി എനിക്കുവേണ്ട എന്ന് പ്രഖ്യപിക്കുന്നുമുണ്ട്. അലങ്കരിക്കപ്പെട്ട ഭാഷ പലപ്പോഴും വിവക്ഷിതത്തെയല്ല സൂചിപ്പിക്കുക. ഭാഷ നഗ്നമാകുമ്പോള്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളും. നമ്മള്‍ അതിജീവിക്കും എന്ന് പ്രഖ്യാപിക്കുമ്പോള്‍ ''നമ്മള്‍ ആത്മഹത്യചെയ്യും'' എന്ന അര്‍ത്ഥം കൊടുത്തുകൊണ്ട് ഭാഷ ഭാഷയെത്തന്നെയും മനുഷ്യനെയും വഞ്ചിക്കുകയാണെന്ന നിഗമനത്തിലേക്കും ഈ കവിത നീണ്ടുപോകുന്നുണ്ട്. ഇത്തരം അവസ്ഥാന്തരങ്ങളെ മറികടക്കാനുള്ള ഒരു പരിശ്രമം 'കാത്തു ശിക്ഷിക്കണേ' എന്ന കവിതാപുസ്തകത്തിലുടനീളം കാണാം.

    'കാത്തുരക്ഷിക്കണേ' എന്നത് ഒരു പ്രാര്‍ത്ഥനയുടെ പതിവ് പരിസമാപ്തിയാണ്. അതിനു പകരം കാത്തുശിക്ഷിക്കണേ എന്ന്  പ്രാര്‍ത്ഥിക്കുന്ന വിരുക്തിയില്‍ അന്തര്‍ലീനമായിരിക്കുന്നത് കടുത്ത ആത്മനിന്ദയും ഉപഹാസവുമാണ്. ഈ വിധം ഭാഷയുടെ പരിമിതിയെ മറികടക്കുകയും സാദ്ധ്യതയുടെ അടഞ്ഞ വാതിലുകള്‍ ചവിട്ടിത്തുറക്കുകയും ചെയ്യുന്ന ഒരു കാവ്യരീതി ശീര്‍ഷകങ്ങളിലെന്ന പോലെ വരികളിലും വരികള്‍ക്കിടയിലും പിന്തുടരുകയാണ് എം.എസ്.ബനേഷ് ചെയ്യുന്നത്.

   നമ്മുടെ പുറംപൂച്ചുകളും ബാഹ്യമോടികളും കൊണ്ട് നിര്‍മ്മിച്ചെടുത്ത കപടമായ സദാചാരത്തിന്റെയും, കാരുണ്യം സ്‌നേഹം തുടങ്ങിയ വികാരങ്ങളുടെ കൃത്രിമമായ     പ്രകടനങ്ങളുടെയും പ്രച്ഛന്നതകളെ, വാക്കുകളുടെ ബലപ്രയോഗത്തിലൂടെ അഴിച്ചുമാറ്റുകയും അങ്ങിനെ വിവസ്ത്രമാകുമ്പോഴുള്ള ജാള്യതയും അസ്വസ്ഥതയും വെപ്രാളവും കവിതയിലാവിഷ്‌കരിക്കുകയുമാണ് ബനേഷ് ചെയ്യുന്നത്. എത്ര ഒളിച്ചു വെച്ചാലും, കയ്യോടെ പിടികൂടപ്പെടുന്ന കള്ളനില്‍നിന്നും തൊണ്ടിമുതല്‍ എടുത്തുയര്‍ത്തിക്കാട്ടുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന ജാള്യതയും അസ്വസ്ഥതയും ഇതിനുസമാനമാണ്. കവി എന്നെയും നിങ്ങളെയും കയ്യോടെ പിടിക്കുകയും നമ്മില്‍ നിന്നും തൊണ്ടി മുതല്‍ എടുത്തുയര്‍ത്തിക്കാട്ടി നമ്മള്‍ കള്ളന്മാരാണെന്ന് പറയുകയും ചെയ്യുകയാണ്. ചിലപ്പോള്‍ താനും ഒരു കള്ളനാണെന്ന് സമ്മതിക്കുന്ന സത്യസന്ധത ബനേഷ് തന്റെ കവിതകളില്‍ പാലിക്കുകയും ചെയ്യുന്നുണ്ട്.  

    'രുചിയില്‍ നീ' എന്ന കവിതയില്‍ 'കാവ്യത്തിലാവാം കരു/ണാര്‍ദ്രതയെന്നാകിലും രുചിയില്‍ നിന്റെ മൃദു/മാംസമാണെനിക്കിഷ്ടം' എന്നെഴുതികൊണ്ട് താനും ഈ വിധം ഒരു കള്ളനാണെന്ന് സമ്മതിക്കുകയാണ് കവി ചെയ്യുന്നത്.


ബക്കര്‍ മേത്തല  
ഭാഷയുടെ വിപുലീകരണവും ശാക്തീകരണവും കവിതകളുടെ ലക്ഷ്യമല്ലെങ്കിലും കവിതയോടൊപ്പം അത് സംഭവിക്കാറുണ്ട്; സംഭവിക്കേണ്ടതുമുണ്ട്. ബനേഷിന്റെ കവിതകളില്‍ ബോധപൂര്‍വ്വം ഈ പ്രക്രിയനടക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകളുടെ വക്രീകരണത്തിലൂടെയായാലും വാക്കുകളുടെ വെളുത്ത അര്‍ത്ഥത്തേക്കാള്‍ കറുത്ത അര്‍ത്ഥങ്ങളിലേക്ക് കവിതയുടെ ആത്മാവിനെ ആനയിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ.
    ഒന്ന്: 'മണല്‍ മാഫിയയോട് പ്രിയപ്പെട്ടു' രണ്ട്: 'ഒരേപൂര്‍ണ്ണവിരാമത്തിലേക്ക് വികസിക്കാനുള്ളവരെന്ന് സന്തോഷപ്പെട്ടു' മൂന്ന്: 'സ്ത്രീകള്‍ക്ക് മലമൂത്ര സര്‍ജ്ജനങ്ങളില്ലെന്ന് കാല്പനികപ്പെട്ടു.' ഇതുപോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ടതില്‍. പണ്ട് മഹാകവി തോലന്‍ 'അന്നം പോലെ നടക്കുന്നവളേ' എന്ന അര്‍ത്ഥത്തില്‍ 'അന്നൊത്തപോക്കീ' എന്നും കുയിലിനെപ്പോലെ പാടുന്നവളേ എന്ന അര്‍ത്ഥത്തില്‍ 'കുയിലൊത്തപാട്ടീ' എന്നും പ്രയോഗിച്ചതിലെ സാരസ്യത്തോടടുത്തുനില്‍ക്കുന്ന ഒരു മധുരിമയും ഇവിടെ അനുഭവിക്കാം.

   'ചിക്പുക് ചിക്പുക് റെയിലേ' എന്ന കവിതയില്‍ തീവണ്ടിയുടെ ശബ്ദത്തെ ഉറക്കമുണര്‍ന്നിരുന്നു പാടുന്ന പക്ഷിയായും പക്ഷിയുടെ പാട്ടായും ആ പാട്ട് നാം മാനം കെടുത്തിയ ഭാഷയാവാം, 'കടന്നുപോ പുറത്തെന്ന് നാം ഇറക്കിവിട്ട അമ്പത്തൊന്നക്ഷരങ്ങളാവാം' എന്ന് കവി സംശയിക്കുന്നുണ്ട്. ഭാഷയെക്കുറിച്ച് തനിക്കുള്ള വേവലാതികള്‍ ഈ വിധം പല ഘട്ടങ്ങളിലും ഈ കവി പങ്കുവെയ്ക്കുന്നുണ്ട്.

    ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്ന കവിതകളാണ് ഇതില്‍ ഏറെയും. മങ്ങിയ ചുരിദാറും പിഞ്ഞിയ ബ്രായുമിട്ട ഒരു ലാബ് ടെക്‌നീഷ്യന്റെ ജീവിതം ബി.പി.എല്‍.എന്ന് രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡില്‍ മണ്ണെണ്ണയോളം ആളുന്നത്
'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ഒരു പൊള്ളലായി നാമറിയുന്നുണ്ട്. മൂത്രം തീര്‍ത്ഥമായും മലം നിവേദ്യമായും കഫം മുല്ലപ്പൂവായും വിരിയുകയും ചെയ്യുന്ന അവളുടെ ജീവിതം നിവേദ്യങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആദിമദേവതയെപ്പോലെ നശ്വരയാണ് അവള്‍ എന്ന് എഴുതുന്നിടത്ത്, വീണടിഞ്ഞുപോകുന്ന ദരിദ്ര ജീവിതങ്ങളുടെ സത്യത്തെക്കുറിച്ച് ഇപ്പോഴും പാട്ടുകള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന തിരിച്ചറിവ് രേഖപ്പെടുന്നുണ്ട്.

    ജീവിതത്തില്‍ നിന്നും സ്വയം ഔട്ടാകേണ്ടി വന്ന ജീവിതങ്ങള്‍ക്കും ഈ കവിതാപുസ്തകത്തില്‍ ചില സ്മാരകങ്ങള്‍ പണിതിട്ടുണ്ട്. 'ശയനം', 'ശേഖരേട്ടന്റെ മരണം എക്‌സ്ട്രാപവര്‍', 'വിഷയാസക്തന്‍', 'മരിച്ചവരുടെ നമ്പറുകള്‍', 'കൗണ്ട്ഡൗണ്‍' തുടങ്ങിയ കവിതകളാണ് ആ സ്മാരകങ്ങള്‍. പരിശുദ്ധരുടേയും ആത്മപീഡനമനുഭവിക്കുന്നവരുടെയും ഒരു കോറസ് ഈ സ്മാരകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരശരീരിപോലെ ഉയരുന്നതും നമുക്ക് കേള്‍ക്കാനാവും, ചെവി ചേര്‍ത്തുവച്ചാല്‍.
   
  
ആള്‍ദൈവങ്ങളും കന്യാസ്ത്രീകളും ആരാധനാപാത്രങ്ങളായിമാറുന്നത് അവരുടെ മനുഷ്യസഹജമായ ചോദനകളെ പലപ്പോഴും നമ്മള്‍ മൈനസ് ചെയ്ത് കളയുമ്പോഴാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇത്തരം ജുഗുപ്‌സതകളെ ഓര്‍മ്മകളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഈ പൂജിത ബിംബങ്ങളെ ബനേഷ് ഉടച്ചുകളയുന്നത് കാണുക.
    'കന്യാസ്ത്രീക്ക് വായ്‌നാറ്റമോ/മലമൂത്രസര്‍ജ്ജനമോ, എക്കിളോ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു' (അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും)
   
    എത്ര സുന്ദരിയാണെങ്കിലും ക്ലോസറ്റില്‍ വെള്ളമൊഴിക്കാന്‍ മറന്നാലുണ്ടാകുന്ന അവസ്ഥയെ അവള്‍ ചന്ദനം ചാര്‍ത്തിനിന്നാലും  മറക്കാന്‍ കഴിയില്ല. 'ഊട്ടിയില്‍ ഒരു പ്രണയകാലത്ത്'  എന്ന കവിതയില്‍ ഇത്തരം മനംപിരട്ടലുകളിലേക്കും കവി നമ്മെ കൊണ്ടു പോകുന്നുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ , പറയാനിഷ്ടപ്പെടാത്തതും കാണാനറപ്പുള്ളതുമായ പലതുമാണ് ജീവിതത്തിന്റെ സത്യങ്ങള്‍ എന്നൊരു കൂവിപ്പറയലും ഇവിടെയുണ്ട്. 
   
    'തെക്കോട്ടിറക്കം' എന്ന കവിതയില്‍ 'ചെയ്യാത്ത തെറ്റിന് ദളിതനെ തല്ലുന്ന പോലീസുപോല്‍ ക്രൂരവേനല്‍' എന്ന ഒരു പ്രയോഗത്തിലൂടെ ഭരണകൂടങ്ങള്‍ മാറിമാറി വന്നാലും സാമൂഹ്യനീതിയുടെ കപ്പലുകള്‍ ഒരിക്കലും കരക്കടുക്കാന്‍ സമ്മതിക്കാത്ത സവര്‍ണ്ണ/ രാഷ്ട്രീയധാര്‍ഷ്ട്യങ്ങളുടെ കരിങ്കൊടികള്‍ കാര്‍മേഘങ്ങളെപ്പോലെ ഇപ്പോഴും പാറിക്കളിക്കുന്നത് കവി ചൂണ്ടിക്കാട്ടുന്നു.
'തീരാമഴയിലും ദാഹനീര്‍
 കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
 ചായം തേച്ച കിനാനദിയെ
 കുപ്പിയില്‍ത്തന്നുകൊള്ളണേ' എന്ന് 'കാത്തുശിക്ഷിക്കണേ' എന്ന കവിതയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജലസമൃദ്ധിയുടെ പുഴയാഘോഷങ്ങളെ (സ്വപ്നങ്ങളടക്കം) കുപ്പിയിലൊതുക്കേണ്ടിവരുന്ന നവകാല വിപര്യയങ്ങളിലേക്ക് ഞാന്‍ കണ്‍തുറന്നിരിക്കുന്നു എന്ന ഒരാണയിടലുമുണ്ട് കവിയുടേതായിട്ട്.

   
'തണുപ്പിന്‍ സുരതത്തിന്മേല്‍
തീ കാഞ്ഞുനില്‍ക്കുന്നു
ഞാന്‍ കൊന്ന കൂട്ടുകാരന്‍്' എന്നും
'ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം' എന്നും വിഭ്രമാത്മകമായ ഒരന്തരീക്ഷസൃഷ്ടി നടത്തിക്കൊണ്ടാണ് 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു'  എന്ന കവിത രൂപപ്പെടുത്തിയിട്ടുള്ളത്. 'തെക്കോട്ടിറക്കം' എന്ന കവിതയില്‍
'പൊന്തുമോ പൂങ്കണിക്കൊന്നപോല്‍ ദേഹത്ത്
 തീയായ് തണുപ്പിക്കും ബോധവസൂരികള്‍' എന്നെഴുതുമ്പോള്‍ വസൂരിയെ കണിക്കൊന്നപ്പൂവിനോട് സാദൃശ്യപ്പെടുത്തിയും പൊള്ളിക്കുന്നതിനുപകരം തണുപ്പിക്കുന്ന, തീയിന്റെ വിപരീത ഗുണത്തിലൂന്നിയും ഭാഷയുടെ പതിവു പ്രയോഗങ്ങളെ കവി നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഭാഷയെ നവീകരിക്കുകയുമാണ് ചെയ്യുന്നത്.
   

 ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സമകാലീന ജീവിതത്തെ പരമാവധി തോണ്ടി പുറത്തിടുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകള്‍. പ്രണയവും ലൈംഗികതയും രാഷ്ട്രീയവും ജീവിതദര്‍ശനങ്ങളുമെല്ലാം ഈ കാലത്ത് ഏതുവിധേനയെല്ലാം അര്‍ത്ഥരഹിതമായിരിക്കുന്നു എന്ന് കൂത്തുപറയുന്ന ചാക്യരുടെ ഹാസ്യ വൈഭവത്തോടെയാണ് ബനേഷ് പറഞ്ഞു ഫലിപ്പിക്കുന്നത്. കേവല ഹാസ്യത്തിനുപകരം കറുത്ത ഹാസ്യം കാവ്യ നിര്‍മ്മിതിയില്‍ ഏതു വിധം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതിന് ദൃഷ്ടാന്തമാണ് ഇതിലെ പല കവിതകളും. അതിനായി ഭാഷയെ പരമാവധി അകാല്പനികവും
അനാര്‍ഭാടമാക്കുകയും ഐറണി (വിരുദ്ധോക്തി)യുടെ പാടത്ത് ആക്ഷേപഹാസ്യത്തിന്റെ വിത്തിറക്കുകയുമാണ് കവി ചെയ്യുന്നത്.
   
   ഇങ്ങിനെയൊക്കെയാണെങ്കിലും 'ക്ഷുഭിതയാത്രകള്‍ ദീപ്തങ്ങളാകണേ'(മോചനം) എന്ന പ്രാര്‍ത്ഥന ജീവിതയാത്രയിലുടനീളം കവി ഊന്നുവടിയാക്കുന്നുമുണ്ട്. മൂടി നില്‍ക്കുന്ന ഇരുളിനിടയിലും പ്രത്യാശയുടെ ഒരു തരിവെട്ടം വിദൂരതയിലെവിടെയോ മിന്നുന്നുണ്ടെന്ന ഒരുറച്ച ബോധം ഈ കവിതകളില്‍ ആത്മബലമായി വര്‍ത്തിക്കുന്നുണ്ട്.

(ഇന്ത്യ ടുഡേ, ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)