Showing posts with label Article On MS Banesh. Show all posts
Showing posts with label Article On MS Banesh. Show all posts

Thursday, April 17, 2014

ചുള്ളിക്കാടിന്റെ വിസ്‌കിക്ക് വരേണ്യരുചിയോ?

 
 ടുവിസ്‌കി  എന്ന പ്രയോഗം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേതാണ്. വിസ്‌കിയുടെ രസസിദ്ധാന്തത്തോട് നീതി പുലര്‍ത്തുന്നു എന്നതിനാല്‍ എനിക്കിഷ്ടമാണ് ആ പ്രയോഗം. (കടുവിസ്‌കിക്കു പകരം കടുറമ്മോ കടുവോഡ്കയോ ആയിരുന്നെങ്കില്‍ കൂടുതല്‍ രുചിച്ചേനേ, എങ്കിലും) കാവ്യഭാഷയില്‍ മധുവും മധുരവും മാത്രം രുചിച്ചുമടുത്ത മലയാളിക്ക് വാക്കിന്റെ കോക്‌ടെയില്‍ സമ്മാനിക്കുകയാണ് എം.എസ്.ബനേഷ് എന്ന കവി. കവിതയുടെ അമ്ലരുചിയിഷ്ടപ്പെടുന്ന; അമ്ലം നിവേദിച്ച് ആത്മഹത്യ ചെയ്യുന്ന മിശറിന്റെ സ്വഭാവം എന്നിലുമുണ്ട്, ഒരല്പം. രക്തത്തില്‍ രാഷ്ട്രീയലഹരിയുടെ അളവേറിയാല്‍ അതും കത്തും; കലര്‍പ്പറ്റ സ്പിരിറ്റ് പോലെ. ഈ കത്തലും കാളലുമാണ് ബനേഷിന്റെ കവിതയ്ക്കും എനിക്കും തമ്മിലെന്ത്? എന്ന ചോദ്യത്തിന്, ഒറ്റവാക്കിലുള്ള എന്റെ ഉത്തരം.

     
സജയ് കെ.വി
രു വാക്കിന്റെ അര്‍ത്ഥത്തെ കൊന്നുതിന്നുന്ന അ(ന)ര്‍ത്ഥം ആ വാക്കിലുണ്ടെന്ന തിരിച്ചറിവ് ഇതെഴുതുന്നയാള്‍ക്ക് കൈവന്നത് ഭാഷാധ്യാപനത്തില്‍ നിന്നാണ്; മറ്റുചിലപ്പോള്‍ നാവില്‍ ഗുളികന്‍ വിളയുന്ന, വിളങ്ങുന്ന നെറികെട്ട നേരങ്ങളിലും. ചെന്നായില്‍ നിന്ന് 'ചെ'യെ (ചെഗുവേരയെ എന്നുമാകാം) ആട്ടിയോടിച്ചാല്‍ അത് നായയായി വാലാട്ടിനില്‍ക്കും. 'ഹായ്' എന്ന ആസ്വാദനവിജൃംഭണത്തില്‍ നിന്ന് രണ്ടാമക്ഷരം കൊഴിഞ്ഞുപോയാല്‍ അത് ഹാ (പുഷ്പമേ) എന്ന വിലാപശ്രുതിയിലാവും. 'ഹാവൂ' എന്നായാല്‍ ആശ്വാസം എന്നൊക്കെ ബനേഷ് എഴുതുന്നു. കടുവിസ്‌കിക്കായല്ല,
'കുറഞ്ഞ ജീവിത'ലഹരിക്കായുള്ള ക്യൂനില്‍ക്കലാണ് തനിക്കു കവിത എന്ന് ആദ്യസമാഹാര ('നെഞ്ചുംവിരിച്ച് തലകുനിക്കുന്നു')ത്തിന്റെ ആമുഖത്തില്‍ ബനേഷ്. ഈ 'അനോളജി' (analogy) എനിക്ക് നന്നേ ബോധിച്ചു; കടുവിസ്‌കി എന്ന ചുള്ളിക്കാടന്‍ പ്രയോഗത്തിന്റെ വരേണ്യരുചിയേക്കാള്‍. കാരണം, രാഷ്ട്രീയകവിതയുടെ ഗന്ധകാമ്ലം (sulphuric acid) നിറച്ചുവെച്ചിട്ടുണ്ട് ബനേഷിന്റെ വരികളില്‍, വരികള്‍ക്കിടയിലെ വിടവില്‍. സ്‌ഫോടകമായ ഈ നിര്‍മ്മമത തന്നെയാണ് ബനേഷിന്റെ കവിതയുടെ മുഖമുദ്രയും അകമുദ്രയും. അടക്കാനാവാത്ത ഒരുതരം ധൃഷ്ടത, ധിക്കാരം, നിഗ്രഹോത്സുകത ഇവ ഒളിഞ്ഞിരിപ്പുണ്ട് ബനേഷിന്റെ കവിതയില്‍ എന്ന് ആദ്യസമാഹാരത്തിന്റെ പൂമുഖത്ത് 'നെഞ്ചും വിരിച്ച് തലകുനിച്ച്' നില്‍ക്കുന്ന (കവിയുടെ) നില്‍പ്പു കണ്ടാലറിയാം. കൂച്ചുവിലങ്ങിട്ട കൊമ്പന്റെ, (അ)സഹ്യന്റെ മകന്റെ നില്പാണത് എന്നതിനാല്‍
'…ഉത്സവത്തിന്റെ ഉത്കണ്ഠങ്ങളില്‍
ഉയരല്ലേ ഒരു ജിറാഫായും…'
എന്നെഴുതാന്‍ ഭാഷയുടെ ഈടറിഞ്ഞ ഒരാള്‍ക്കേ കഴിയൂ.


'…സ്വന്തവൃത്തം പൂര്‍ത്തിയാക്കാന്‍
കഴിയാ ശ്ലഥക്കാലമിത്…'
എന്ന്, ഗദ്യ-പദ്യഭേദങ്ങളുടെ ഇടവരമ്പില്‍ ഇടറിനില്‍ക്കുന്നു ഈ കവി. ചിലപ്പോള്‍ അത് 'ഇടയ്ക്കുവച്ച് വൃത്തത്തിലാകുന്നു'. (പഴയൊരു സംജ്ഞ കടമെടുത്തുപറഞ്ഞാല്‍, സഹജാപ്രതിഭയുടെ ലക്ഷണമാണത്).

    എംഎസ് ബനേഷിന്റെ പുതിയ കവിതാസമാഹാരത്തിന്റെ ശീര്‍ഷകശിഖരത്തിലും വിരുദ്ധോക്തി (irony) വിളയുന്നു; 'കാത്തുശിക്ഷിക്കണേ' എന്നാണ്, മറിച്ചല്ല, കലികാലദൈവങ്ങളോടുള്ള കവിയുടെ അര്‍ത്ഥന. അത് തൊട്ടടുത്ത വരിയില്‍ 'കാത്ത്‌കൊല്ലണേ' (ലളയോരഭേദ:) എന്നാകുമ്പോള്‍ ഏതു കഠിനഹൃദയനും ഒന്നയയും, അലിയും, ചിരിയില്‍ കുതിരും. 'ശബ്ദബോധം' എന്ന പേരില്‍ ഒരു കവിതയുണ്ട്, അക്കിത്തത്തിന്റേതായി. തെറ്റിപ്പിരിയുന്ന, പരസ്പരം പോരടിക്കുന്ന അര്‍ത്ഥങ്ങള്‍ കൊണ്ട് ക്രീഡിക്കുന്ന ഒരു ഗുരുവും ശിഷ്യനുമാണ് ആ കവിതയില്‍. അരിയെന്നാല്‍ അരി മാത്രമല്ല ശത്രുവുമല്ലേ എന്ന ശിഷ്യന്റെ ചോദ്യത്തിനുമുന്നില്‍ ഗുരുവിന് ഉത്തരംമുട്ടുന്നില്ല; പകരം, അദ്ധേഹം അതിനെ 'അരിവാളാ'ല്‍ അരിയപ്പെടുന്നതാക്കുന്നു. 'അരിവാള്‍' പിന്നെ 'അറിവാളാ'യും മാറുന്നു. ഇത്തരം സാര്‍ത്ഥകപദലീലകള്‍ നല്‍കുന്ന ഉന്മേഷം നിരുത്തരവാദപരമായ ഒരുത്തരാധുനിക കാവ്യലക്ഷണമൊന്നുമല്ലെന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇവിടെ ഇത്രയും കുറിച്ചത്.

  
'കാത്തുശിക്ഷിക്കണേ' പ്രകാശനച്ചടങ്ങില്‍ മഹാശ്വേതാദേവി
വീണ്ടും നമുക്ക് ബനേഷിന്റെ കവിതയിലേക്കുതന്നെ മടങ്ങാം. 'ആന്‍ ഒക്കറന്‍സ് അറ്റ് ദ ഔള്‍ക്രീക്ക് ബ്രിഡ്ജ്' എന്ന അംബ്രോസ് ബിയേഴ്‌സിന്റെ കഥയെ/സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു' എന്ന കവിതയില്‍ ബനേഷ് ഇങ്ങനെ എഴുതുന്നു:

'…എനിക്കൊന്നു കുളിക്കണം
കുളിച്ചൊന്നിരിക്കണം.
ജ്ഞാനപ്പാന പാടണം,
അവനെച്ചെന്നുകൊല്ലണം.

കട്ടന്‍ചായ കുടിച്ചവര്‍
തിരിച്ചെത്തും മുമ്പുതന്നെ
കയറില്‍ച്ചെന്നു കുരുങ്ങണം,
കാര്യങ്ങള്‍ ശരിയാക്കണം'…
ഇത് ബനേഷിന്റെ തന്നെ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ 'ഡ്രാക്കുളയന്‍ കോമഡി'യാണ്. 'പരിത്യക്തന്റെ രാത്രി' എന്ന കവിതയിലേതാണ് ഈ കിടിലന്‍ പ്രയോഗം. അതെന്നെ, എനിക്കു പ്രിയപ്പെട്ട ഷാരണ്‍ ഓള്‍ഡ്‌സിന്റെ (Sharon Olds) 'മര്‍ലിന്‍ മണ്‍റോയുടെ മരണം' എന്ന കവിതയെക്കുറിച്ചോര്‍മ്മിപ്പിച്ചു. മര്‍ലിന്‍ മണ്‍റോ ആത്മഹത്യ ചെയ്തപ്പോള്‍ ആ ശവം ആംബുലന്‍സിലേക്കെടുക്കാന്‍ ചെന്ന നാല്‍വരെപ്പറ്റിയാണ് കവിത. അവരെ അതിനുശേഷം നിദ്രാരാഹിത്യവും വിഷാദരോഗവും ഷണ്ഡത്വവും വേട്ടയാടിയത്രേ. സൗന്ദര്യത്തിന്റെ ജഡമായിത്തീര്‍ന്ന നഗ്നശരീരം ഒരിക്കല്‍ കണ്ടവന്റെ വിഹ്വലതകള്‍ എണ്ണിയാലോ, പറഞ്ഞാലോ തീരില്ല. അത്തരമൊരു വിഹ്വലതയുടെ 'കിടിലം' അനുഭവപ്പെട്ടു എനിക്ക് 'പരിത്യക്തരുടെ രാത്രി' എന്ന കവിത വായിച്ചപ്പോള്‍.-അതിലെ ഇരുണ്ട ചിരിയുടെ മൂര്‍ച്ച എന്റെ ഇടംകൈത്തണ്ടയിലെ പഴയൊരു വടുവില്‍ വീണ്ടും പതിയെ ഒന്നു പാളിയതുപോലെ, അതില്‍ വീണ്ടും ചോര പൊടിഞ്ഞതുപോലെ.


മര്‍ലിന്‍ മണ്‍റോ
'ലോര്‍ണാ ക്രോസിയര്‍' എന്ന, കല്‍പ്പറ്റ നാരായണന്‍ എന്ന പക്വവാനായ 'പുതു'കവിയെ മലയാളത്തിലെ പുതുകവിപ്പട്ടികയില്‍ നിന്ന് പുറത്താക്കാനായി ഒരു യുവകവി സമീപകാലത്ത് ബ്ലോഗിലവതരിപ്പിച്ച മികച്ച പെണ്‍കവിയുടേതായി ഒരു കവിതയുണ്ട്, 'ലാസ്റ്റ് ടെസ്റ്റമെന്റ്‌സ്' (Last Testaments) എന്ന പേരില്‍. മരണം മുന്നില്‍ക്കണ്ട മൂന്നുപേര്‍, രണ്ടു സ്ത്രീകളും ഒരാണും, നടത്തിയ മുന്നൊരുക്കങ്ങളാണതില്‍. ബനേഷിന്റെ കവിതയിലെ വക്താവിന്റെ ആത്മഹത്യാശ്രമം പക്ഷേ, അത്രമേല്‍ അകാല്പനികമായി ഒരു ആന്റി-ക്ലൈമാക്‌സില്‍ പര്യവസാനിക്കുന്നു.:

  '…മലമൂത്രങ്ങളാല്‍ അളിഞ്ഞും
തുടകള്‍ മാന്തിപ്പൊളിഞ്ഞും
നാവു തുറിച്ചും തൂങ്ങി
അരാഷ്ട്രീയമായി
ഒരറുപത്തൊന്നുകിലോ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ്
എന്ന്
ആകാശവാണി മാത്രം
ആനന്ദം കൊണ്ടുവോ…'?
                                                    (കൗണ്ട് ഡൗണ്‍).

     മരണത്തെപ്പോലും (മെലോ) ഡ്രമാറ്റൈസ് ചെയ്യാന്‍ സാധിക്കാത്ത സാധുക്കള്‍ നമ്മള്‍ എന്ന് ഞെട്ടിക്കുന്ന  ഭാരരാഹിത്യമുളള നമ്മുടെ അസ്തിത്വത്തിന് അടിവരയിടുന്നു ഈ രചന. ഇതിന്റെ മറുപുറമാണ് പുഴുപ്പടയുടെ കൊത്തേറ്റ് എണ്‍പത്തിയെട്ടിലും തുടരുന്ന അമ്മൂമ്മയുടെ നിശ്ശബ്ദസഹനം/ശയനം. അതിനിടയില്‍ ഇങ്ങനെയും, ആത്മനിന്ദയുടെ കഫവും തുപ്പലും പുരണ്ട, ചില വരികള്‍:

'…നാല്‍പ്പതാം വയസ്സില്‍
ആത്മഹത്യ ചെയ്യാന്‍
തീരുമാനിച്ചവരാണ് ഞങ്ങള്‍.
ലോണ്‍, ഫ്‌ളാറ്റ്, ഏസി
സുഖം സുഖം സുഖം എന്ന്
യൗവ്വനാന്ത്യത്തുമ്പത്ത്
ഒടുങ്ങാന്‍ നിശ്ചയിച്ചവര്‍.
നാലോ അഞ്ചോ വര്‍ഷം മാത്രം
ഇനി ബാക്കിയുള്ള
കൃത്യ നിശ്ചിതനിസ്സംഗര്‍...'
                                                            (ശയനം).

     'എന്‍കെ ആശാസ്യകുമാര്‍ ഐപിഎസ്' എന്ന കവിതയില്‍ ആത്മഹത്യപോലെ ജീവിതവും അനാശാസ്യമായി മാറുന്ന കെടുകാലക്കെടുതിയെക്കുറിച്ചാണ് ബനേഷ് എഴുതുന്നത്. 'ത്രിശങ്കു അസ്തിത്വവാദമറിഞ്ഞ നിലയില്ലാക്കയത്തില്‍' നമ്മില്‍ പലരെയും പോലെ-ഈ കവിയും സ്ഥിരതാമസം.

'…വിജയപ്രകടനങ്ങളുടെയും
പരസ്യക്കുരുക്കുകളുടെയും
നാല്‍ക്കവലയില്‍
ഭാഷയുടെ പോസ്റ്ററുകളില്‍
ഒട്ടിനിന്നു
ഈ നിലയില്ലാനിമിഷംവരെ
നമ്മള്‍:
കെ.ജി. ഗ്രിഗര്‍സാംസ
ഒ.എന്‍. ഗ്രിഗര്‍സാംസ
ഡി. ഗ്രിഗര്‍ സാംസ
ടിപി ഗ്രിഗര്‍ സാംസ
വിഎന്‍എന്‍ ഗ്രിഗര്‍സാംസ
എ ഗ്രിഗര്‍സാംസ

ന്നി
ങ്ങ
നെ'
എന്ന് ബനേഷ് എഴുതുമ്പോള്‍ ആ ഗ്രിഗര്‍സാംസമാരില്‍ പലരുടെയും ഇനിഷ്യലുകള്‍ക്ക് നമ്മുടെ ചില പ്രസിദ്ധകവികളുടെ ഇനിഷ്യലുകളുമായി, സ്വാഭാവികമെന്നോണം, കൈവരുന്ന ചാര്‍ച്ച/ചേര്‍ച്ച മറ്റൊരു കറുത്ത ചിരിക്ക് ഇടനല്‍കുന്നു.

     നിലനില്‍പ്പിന്റെ സങ്കടങ്ങളാണിവ; അത് സ്ത്രീക്കും പുരുഷനും രണ്ടുതരത്തില്‍. 'അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും'?, 'ഹരിതക്കൊടി', 'ബ്ലൂഫിലിം' എന്നീ കവിതകള്‍ ഒരേ പ്രമേയം തന്നെ-ദമിതലൈംഗികത എന്ന ഗുഹ്യരോഗം ബാധിച്ച മലയാളിപുരുഷന്റെ ജീര്‍ണ്ണിച്ച അന്ത:കരണത്തെ-ഭിന്നരീതികളില്‍ പരിചരിക്കുന്നു. 'ഇടയ്ക്ക് വച്ച് വൃത്തത്തിലാകുന്നത്', 'ഹരിതക്കൊടി' എന്നീ കവിതകളിലും സ്ത്രീയെ, അവളുടെ നഗ്നമേനിയെ അലിവോടെ, ആര്‍ദ്രതയോടെ കാണുന്ന ഉപഗുപ്തദൃഷ്ടിയുടെ ഗുപ്തസാന്നിദ്ധ്യവുമുണ്ട്. അതിനാല്‍ ആഹ്‌ളാദകരമായ, സമകാലത്ത് അപൂര്‍വ്വമെന്നുതന്നെ പറയാവുന്ന വായനാജനുസ്സില്‍പ്പെടുന്നു ആ കവിതകള്‍. 'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ആ സഹാനുഭൂതിയുടെ ദീപ്തിയാല്‍ അവളുടെ മുഖം മാലാഖമാകുന്നു.

     'മരിച്ചവരുടെ നമ്പറുകള്‍' എന്നെ ഏറെ പൊള്ളിച്ച രചനയാണ്. 'കല്ല്യാണക്കാസെറ്റ് വീണ്ടും കാണു'ന്നതിനെക്കുറിച്ച് ആദ്യസമാഹാരത്തിലെഴുതിയ ബനേഷിനെപ്പോലൊരു കവിക്കേ ഇങ്ങനെയൊന്ന് സങ്കല്പിക്കാനാകൂ. 'മരിച്ചവരുടെ നമ്പറുകള്‍ എളുപ്പം വെട്ടിമാറ്റാനാവില്ല' എന്ന കവിതയുടെ വിരാമതിലകമായ വരികള്‍ വായിച്ചപ്പോള്‍ ഇനിയും ഡിലീറ്റു ചെയ്യാനാവാതെ മൊബൈലിലും വെട്ടിമാറ്റാനാവാതെ ഫോണ്‍ബുക്കിലും ബാക്കിയായ ചില നമ്പറുകളെയോര്‍ത്ത്, കണ്ണേ മടങ്ങുക എന്ന് ഞാനും കണ്ണടച്ചു.

     രാഷ്ട്രീയലഹരിയും കലഹവും ധൂര്‍ത്തും ധൃഷ്ടതയും ഈ കവി/തയുടെ ഉടലില്‍ ഉടനീളം പച്ചകുത്തിയിട്ടുണ്ട്.

'…ജലാംശമില്ലാത്ത
കനല്‍ദിനങ്ങളാ-
ണിലകളോരോന്നു
പൊഴിയുന്നെങ്കിലും
എരുക്കുപോലിതാ
ഉറച്ച വേരുമായ്
ശിരസ്സുയര്‍ത്തിയി-
ന്നിവിടെ നില്‍ക്കുന്നു…' (ഉരുക്കല്ലെങ്കിലും എരുക്കെങ്കിലുമാകാനാവുന്നുണ്ട് ഈ കവിക്ക്) ബനേഷും ബനേഷിന്റെ കവിതയും -പുതുകവികളായി ഞെളിയുന്ന ഒട്ടുചെടികളുടെ നടുവില്‍ നെഞ്ചുംവിരിച്ച് തലകുനിച്ച്..








 






                 

Wednesday, April 16, 2014

അക്ഷരം തെറ്റിയ പ്രാര്‍ത്ഥനകള്‍




   എം.എസ് ബനേഷിന്റെ കാത്തുശിക്ഷിക്കണേ എന്ന കവിതാസമാഹാരം കയ്യിലെടുക്കുമ്പോള്‍ കവിതയുടെ സൗന്ദര്യലഹരിക്ക് സംഭവിച്ച രുചിമാറ്റം വളരെ വ്യക്തതയോടെ അറിയാനാവും. കൗണ്ട് ഡൗണ്‍ എന്ന ആദ്യകവിതയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍തൃത്വമുണ്ട്. തന്നെത്തന്നെ ബലി കൊടുത്ത് വായനക്കാരുടെ സഹാനുഭൂതിക്കും സന്താപത്തിനും പാത്രമാവുന്ന ആധുനികകാവ്യകര്‍തൃത്വത്തിന്റെ ആത്മഹത്യ പോലെയല്ല. ഇവിടെ തന്റെ ആത്മഹത്യ അതിന്റെ ഒടുക്കത്തില്‍ തന്നെ അപ്രസക്തമാകുന്ന/ സ്വത്വത്തെ പ്രതീകവല്‍ക്കരിക്കാത്ത ഒരു കേവലമരണമായി മാറുന്നതുകാണാം. ഒരര്‍ഥത്തില്‍ ബനേഷിന്റെ കവിതകളുടെ പൊതുവീക്ഷണത്തെ തന്നെ ഈ കവിത പ്രകാശിപ്പിക്കുന്നുണ്ട്. പ്രകീര്‍ത്തിക്കപ്പെട്ട സൗന്ദര്യത്തെ (അത് വേദനയുടേതായാലും, ആനന്ദത്തിന്റേതായാലും) അതിന്റെ വിരുദ്ധകോണിലൂടെ നോക്കിക്കാണുന്ന പ്രതിഭാവന ഈ കവിയെ കാത്തുരക്ഷിക്കണേ എന്നതിനുനുപകരം കാത്തുശിക്ഷിക്കണേ എന്ന് മാറ്റി പ്രാര്‍ത്ഥിപ്പിക്കുന്നു.അക്ഷരം തെറ്റിയ ഈ പ്രാര്‍ത്ഥന വിനയാന്വിതമായ ഭക്തിയുടെയല്ല, വിഭക്തിയുടെ പ്രാര്‍ഥനകളാവുന്നു.
സ്വര്‍ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു എന്ന കവിതയിലേതു പോലെ;
എനിക്കൊന്ന് കുളിക്കണം
കുളിച്ചൊന്നിരിക്കണം
ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം
എന്ന് എളുപ്പസ്വരത്തില്‍ കാഠിന്യപ്പെടുന്നു.ന്നുപുതുകവിതയുടെ പ്രഖ്യാപിത സൗന്ദര്യശാസ്ത്രത്തോടും ഈ കവിക്ക് അനല്‍പമായ വിമര്‍ശമുണ്ട്. അത് കുറ്റാലം നിശ്ചലം സായാഹ്നം എന്ന കവിതയില്‍ ഇങ്ങനെ സംഗ്രഹിക്കുന്നുമുണ്ട്;
തടാകത്തിന്റെ കണ്ണാടി
മുഖം നോക്കുന്ന കൊറ്റികള്‍
ലാവണ്യത്തിന്റെ സാരാംശം
പഠിക്കയാം നവ കാല്‍പനികര്‍
മല്‍സ്യങ്ങള്‍ വംശമറ്റതാം
ജഡജലത്തിന്റെ ലാവണ്യം
പുതുകവിതയുടെ (കുറ്റാലം ക്യാമ്പ്) പ്രത്യയങ്ങളെ ബനേഷ് ഈ കവിതയില്‍ കുറ്റാരോപിതനാക്കുന്നു. ജഡജലത്തിന്റെ ലാവണ്യപാഠം മാത്രമാണ് അതെന്നും അയാള്‍ വിശ്വസിക്കുന്നു.


ആദര്‍ശജീവിതത്തിന്റെ വിപരിണാമങ്ങളും സ്വത്വനഷ്ടത്തിന്റെ പലകാല യുവത്വങ്ങളും പ്രമേയമാവുന്ന മറ്റുകവിതകളിലും കവി മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത നേരനുഭവത്തിന്റെ റിപ്പോര്‍ട്ടര്‍ ആവുന്നതുകാണാം. ശേഖരേട്ടന്റെ മരണം: എക്‌സ്ട്രാ പവര്‍ എന്ന കവിതയില്‍ ഉദ്ധൃതലിംഗവുമായി മരിച്ച ഒരു വിപ്ലവഭൂതകാലം കല്ലിച്ചു കിടക്കുന്നു.കാല്‍പനികതയുടെ ഓരോ സന്ദര്‍ഭത്തെയും ഈ കവി കടന്നാക്രമിക്കുന്നുണ്ട്. കാനനത്തിലേക്ക് വിനോദയാത്ര പോകുമ്പോള്‍ അവിടെ ആട്ടിടയന്മാര്‍ക്കായി വിചാരപ്പെടേണ്ടതില്ലെന്നും ആട് ഒരു പ്രതീകമാവുകയും ആ പ്രതീകത്തെ വേവിച്ചു തിന്നുകയും ചെയ്യുന്ന പിക്‌നിക്കായി ആ യാത്ര മാറുകയും ചെയ്യുന്നു.
സുഖമുള്ള അസുഖം (ഉള്ളം കാല്‍മേഘങ്ങള്‍) എന്ന് ദാര്‍ശനികപ്പെടുന്ന കര്‍തൃത്വമാണ് ബനേഷിലെ കവിയെ വിരുദ്ധോക്തികളിലൂടെ ഭാവന ചെയ്യിക്കുന്നത്.
സുന്ദരിയാണു നീ
യെങ്കിലും ക്ലോസറ്റില്‍
വെള്ളമൊഴിക്കാന്‍
മറന്നുവല്ലോ’എന്ന് കണ്ടെത്തുന്നു അയാള്‍. സൗന്ദര്യത്തിന്റെ മറുപാഠങ്ങളിലുള്ള ഈ കണ്ണ് എല്ലായിടത്തും സഞ്ചരിക്കുന്നു. അതാകട്ടെ പുതുകവിതയുടെ വ്യത്യസ്തവും ശക്തവുമായ എതിരെഴുത്തിന്റെ സൗന്ദര്യശാസ്ത്രധാരയില്‍ കണ്ണിചേരുകയും ചെയ്യുന്നു.

- സുധീഷ് കോട്ടേമ്പ്രം

(തോര്‍ച്ച മാസിക, മെയ് 2013)

പ്രതിബോധത്തിന്റെ കവിതകള്‍


വിരുദ്ധോക്തിയുടെ വിചിത്ര കല്പനകളാലും സൂക്ഷ്മരാഷ്ട്രീയ കൂര്‍പ്പിനാലും സഹജമായ കവിത്വത്താലും സമൃദ്ധമാണ് എം.എസ്. ബനേഷിന്റെ കവിതകള്‍. മെരുങ്ങാനും ഞെരുങ്ങാനും ഒരുക്കമല്ല ഈ കവിതകള്‍. കാവ്യശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്തുകെട്ടിവച്ചിട്ടുണ്ടോ എന്നു വായനക്കാര്‍ക്കു തോന്നിയേക്കാം. എയ്യുമ്പോള്‍ നൂറാണെങ്കിലും കൊള്ളുമ്പോള്‍ ആയിരമാകുന്ന അസ്ത്രങ്ങള്‍ ഏറെയുണ്ട് ഈ കാവ്യ ആവനാഴിയില്‍. 'നെഞ്ചും വിരിച്ചു തലകുനിക്കുന്നു' എന്ന ആദ്യ സമാഹാരത്തില്‍ തന്നെ ബനേഷിന്റെ കയ്യടക്കവും കാവ്യാഭിജ്ഞതയും പ്രകടമാക്കുന്ന രചനകളുണ്ടായിരുന്നു.


'കാത്തുശിക്ഷിക്കണേ' എന്ന രണ്ടാമത്തെ സമാഹാരത്തിലെത്തുമ്പോള്‍ ആ കവിതകള്‍ കൂടുതല്‍ ഏകാഗ്രമായിരിക്കുന്നു. അതേ സമയം തീക്ഷ്ണത ഒട്ടും കുറയാതെയുമുണ്ട്. രക്തസാക്ഷി പരിവേഷത്തില്‍ അഭിരമിക്കുന്ന കവിയോ കവിതയോ അല്ല ഇത്. നിഗ്രഹോത്സുകമായ നിസ്സംഗതയുണ്ട് കാത്തുശിക്ഷിക്കണേ എന്ന സമാഹാരത്തിലെ മിക്കവാറും കവിതകളില്‍.
'കൗണ്ട് ഡൗണ്‍' എന്ന ആദ്യകവിത ആത്മഹത്യക്ക് മൂന്നുമാസം മുമ്പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങിയ ഒരാളെ കാട്ടിത്തരുന്നു. നിര്‍മമതയോടെയാണ് അയാള്‍ ആത്മഹത്യക്കുമുമ്പ് ചെയ്തുതീര്‍ത്ത കാര്യങ്ങളെക്കുറിച്ച് എഴുതുന്നത്. ഉപരിപ്ലവമായ വൈകാരിക പ്രസ്താവനകളോ ഉച്ചത്തിലുള്ള വിലാപസ്വരമോ ആദര്‍ശനഷ്ടപ്രകീര്‍ത്തനമോ ഇവിടെ ഇല്ല. അതിസാധാരണമായി ഒരാള്‍ അസാധാരണമായ ഒരു കാര്യം ചെയ്യുന്നു. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

'…മലമൂത്രങ്ങളാല്‍ അളിഞ്ഞും
തുടകള്‍ മാന്തിപ്പൊളിഞ്ഞും
നാവുതുറിച്ചും തൂങ്ങി
അരാഷ്ട്രീയമായി
ഒരെഴുപത്തേഴു കിലോ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് എന്ന്
ആകാശവാണി മാത്രം
ആനന്ദം കൊണ്ടുവോ?'
   -(കൗണ്ട് ഡൗണ്‍)

റുത്ത ഹാസ്യത്തിന്റെ അടക്കിപ്പിരിച്ച കൊലച്ചിരി കാണുന്നു നാമീ വരികളില്‍. ആത്മഹത്യയിലേക്കു മനസ്സും ശരീരവും എറിഞ്ഞുകൊടുക്കുന്നതു നിത്യേനയുള്ള പതിവായി മാറിയ ഇടമാണ് വര്‍ത്തമാനകാല കേരള സമൂഹം. അവിടെയിരുന്നാണ് ഈ കവി എഴുതുന്നത്. ആത്മഹത്യക്ക് ഒരുക്കം കൂട്ടുന്ന സന്ദര്‍ഭങ്ങള്‍ ബനേഷിന്റെ കവിതയില്‍ ഇടക്കിടയ്ക്ക് കടന്നുവരുന്നുണ്ട്. ഫോണ്‍ബുക്കില്‍ നിന്ന്, മരിച്ചുപോയവരുടെ നമ്പരുകള്‍ വെട്ടിമാറ്റുന്നതിനെക്കുറിച്ചാണ് 'മരിച്ചവരുടെ നമ്പറുകള്‍' എന്ന കവിത. മരിച്ചുപോയവര്‍ ഓര്‍മ്മകളായി മാറിക്കഴിഞ്ഞു. ആ നമ്പരുകള്‍ ഓര്‍മ്മയുടെ രഹസ്യക്കലവറകള്‍ തുറക്കാനുള്ള താക്കോലുകള്‍ കൂടിയാണ്. അതു വെട്ടിമാറ്റുക എന്നുവച്ചാല്‍ മറവി ശീലിക്കുകയെന്നതാണ്. പറയുംപോലെ അനായാസമാണോ അത്?

'…മരിച്ചവരുടെ ഫോണ്‍ നമ്പരുകള്‍
വെട്ടിമാറ്റിയാല്‍
വിളിക്കാന്‍ പിന്നെ
എന്താണ് ബാക്കിയാവുക?...'
-എന്ന് സങ്കടത്തോടെ, ആശങ്കയോടെ, പകപ്പോടെ കവി ചോദിക്കുന്നു. ഒരു നടുക്കം ഇടിമിന്നല്‍ പോലെ നമ്മെ ചൂഴുന്നു.

'…മരിച്ചവരുടെ നമ്പരുകള്‍
എളുപ്പം വെട്ടിമാറ്റാനാവില്ല…'
-എന്ന തിരിച്ചറിവിലാണ് മരിച്ചവരുടെ നമ്പരുകള്‍ തീരുന്നത്. ജീവിതത്തില്‍ നിന്നു നമ്മെ വിട്ടുപോയവരെ അഗാധമായി ഓര്‍മ്മപ്പെടുത്തും ഈ കവിത.

'അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും', 'ബ്ലൂഫിലിം' തുടങ്ങിയ കവിതകള്‍ക്ക് പൊതുവായ ഒരു പ്രമേയ പരിസരമുണ്ട്. പെണ്ണുടലുകള്‍ വേട്ടയാടപ്പെടുന്ന കാലത്തിന്റെ അടയാളപ്പെടുത്തലാണത്. അക്രമാസക്തമായ പുരുഷ ലൈംഗികതയെക്കുറിച്ചും മൊബൈലിലെയും ഇന്റര്‍നെറ്റിലെയും രതിയിടങ്ങളില്‍ കെട്ടിയിടപ്പെടുന്ന കാമനകളെക്കുറിച്ചും ഈ കവിതകള്‍ സംസാരിക്കുന്നു.

'…ഗ്രാമഹോട്ടലില്‍
വഞ്ചിക്കപ്പെട്ട
ഏറ്റവും പുതിയ പെണ്‍കുട്ടിയുടെ
വീഡിയോ
ഇന്നു കാണില്ലെന്നുറപ്പിച്ച്
നാളെയിലേക്ക്
പ്രതീക്ഷാനിര്‍ഭരമാവുന്നു…'
    -('അപ്പോള്‍ മറ്റന്നാള്‍ എന്തു ചെയ്യും')

'…ശാലിനിയെന്നു
വിളിക്കുകയില്ല ഞാന്‍
ശാലിനി എന്‍ മകള്‍-
ക്കുള്ള പേരാകയാല്‍…' എന്നു തുടങ്ങുന്ന 'ബ്ലൂഫിലിം' എന്ന കവിതയുടെ ഒടുക്കം, നമ്മുടെ കാപട്യത്തിന്റെ കരണത്തേല്‍ക്കുന്ന അടിയാണ്. അതിങ്ങനെ വായിക്കാം:

'…പിന്നെ മയക്കം
വെടിഞ്ഞെണീല്‍ക്കുമ്പോള്‍
നാദിയയെന്നതു
ശാലിനിയാകുന്നു.
കണ്ടിരിക്കുന്നൂ
വിരാട് വിടനായൊരു
താതന്‍, തഥാഗതനല്ലയാള്‍
ഉത്സുകം.'
          -('ബ്ലൂ ഫിലിം')

പുതുകവിതയുടെ പരിചിതമായ സത്രങ്ങളിലൊന്നും നാം കണ്ടിട്ടില്ല ബനേഷിന്റെ കവിതയെ. കനമില്ലായ്മയുടെ കനമോ തീരെ കനം കുറഞ്ഞ ഒച്ചകളോ അല്ല ബനേഷിന് കവിത. ഏതെങ്കിലും സംജ്ഞകളുടെ തണലിലല്ല, ജീവിതത്തിന്റെ പൊരിവെയിലത്താണ് ഈ കവിതകള്‍ നില്‍ക്കുന്നത്. ഗദ്യത്തിലും പദ്യത്തിലും ഒരേ ഇഴയടുപ്പത്തോടെ കവിത കെട്ടുന്ന മികവ് ഈ സമാഹാരത്തിലെ മിക്കവാറും രചനകളില്‍ കാണാം. കയ്പന്‍ അനുഭവങ്ങളെ പച്ചയ്ക്ക് എഴുതാന്‍ മടിക്കാത്ത കവിയാണ് ബനേഷ്. എല്ലാത്തിനെയും വണങ്ങിനില്‍ക്കുന്ന, പരിചരിക്കുന്ന ശീലമില്ല ഈ കവിതകള്‍ക്ക്. സുഖം, സ്വസ്ഥമായി ചാരുകസേരയില്‍ ഇരുന്നുള്ള എഴുത്തല്ല അത്. പ്രതിബോധത്തില്‍ നിന്നാണ് ഈ കവിമൊഴിയുടെ ഉരുവപ്പെടല്‍.

'…എനിക്കൊന്നു കുളിക്കണം
കുളിച്ചൊന്നിരിക്കണം
ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം.
കട്ടന്‍ചായ കുടിച്ച,വര്‍
തിരിച്ചെത്തുംമുമ്പുതന്നെ
കയറില്‍ച്ചെന്നു കുരുങ്ങണം
കാര്യങ്ങള്‍ ശരിയാക്കണം…'
   -(സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു)

ബ്രാംസ്റ്റോക്കറുടെ പഴകിയ ചിതല്‍ക്കൊട്ടാരത്തെയും സ്‌നേഹത്തിന്റെ ഡ്രാക്കുളയെയും സങ്കല്പിക്കുന്ന കവിതയാണ് 'പരിത്യക്തന്റെ രാത്രി'

'…സ്‌നേഹ വിദ്വേഷങ്ങളുടെ
പ്രാചീനമായ കോട്ടയിലേക്ക്
നഗരത്തിലെ എല്ലാ തലച്ചോറുകളെയും
അയാള്‍ ക്ഷണിച്ചു,
ഡ്രാക്കുളയെപ്പോലെ…'
-ആസക്തികളുടെയും അടക്കിയ അഭിലാഷങ്ങളുടെയും സീല്‍ക്കാരങ്ങളെ അതിന്റെ പരമാവധി മുഴക്കത്തില്‍ ബനേഷിന്റെ കവിത പിടിച്ചെടുക്കുന്നു. ഉള്ളില്‍ത്തറയുന്ന മുള്ളുപോലെയാണ് കാത്തുശിക്ഷിക്കണേ എന്ന സമാഹാരത്തിലെ മിക്കവാറും രചനകള്‍. അംഗീകൃത ലാവണ്യബോധത്തിന്റെ ചതുരവടിവുകള്‍ക്കകത്ത് ഒതുങ്ങാന്‍ കൂസാക്കാത്ത ഒരു കവിക്കേ 'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' പോലുള്ള കവിതകള്‍ എഴുതാനാവൂ.

കാത്തുശിക്ഷിക്കണേ (കവിതകള്‍)
എം.എസ്. ബനേഷ്
വില 70 രൂപ
ഡിസി ബുക്‌സ്





Monday, April 14, 2014

യെസ്, യെസ്, നോ സര്‍



(എം.എസ് ബനേഷുമായി 2012 ഓഗസ്റ്റില്‍ കുങ്കുമം വാരിക സ്റ്റാഫംഗങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണം)

കുങ്കുമം: മാധ്യമപ്രവര്‍ത്തകനായ ഒരു എഴുത്തുകാരനും കവിയും എന്ന നിലയില്‍, മാധ്യമ ജീവിതം, എഴുത്തുജീവിതം, ഇതില്‍ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്താന്‍ കഴിയുന്നത് ഏത് മേഖലയോടാണ്?
മാധ്യമപ്രവര്‍ത്തകരിലെ എഴുത്തുകാര്‍ എന്ന ശീര്‍ഷകം എന്നെ അസ്വസ്ഥനാക്കുന്നു. മാസം തോറും അന്നം കഴിക്കാനുള്ള പണം ലഭിക്കുന്ന പലതരം ജോലികളില്‍ ഒരു പണി എന്ന നിലയിലാണ് 14 വര്‍ഷം മുമ്പ് ഈയുള്ളയാള്‍ മാധ്യമാധ്വാനം തുടങ്ങുന്നത്. അക്ഷരങ്ങള്‍ അതിന്റെ പണിയായുധങ്ങളാണ് എന്നത് അധികമായൊരു ആനന്ദം അന്ന് നല്‍കിയിരുന്നുവെന്നത് വാസ്തവം. അക്കാലം മാധ്യമപ്രവര്‍ത്തനം എന്ന വിചിത്രവാക്ക് ഉദയം കൊണ്ടിരുന്നില്ല. പത്രപ്രവര്‍ത്തനമേ ഉണ്ടായിരുന്നുള്ളൂ. കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ 2000 രൂപ ശമ്പളത്തിന് അന്ന് വാരികപ്പണി ആരംഭിക്കുന്നതിനും ഒമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പേ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് അടക്കമുള്ള മലയാളത്തിലെ എല്ലാ വാരികകളിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലിലാത്ത, തികച്ചും തൊഴില്‍രഹിതനായ എന്റെ കവിതകള്‍ അച്ചടിച്ചുവന്നിരുന്നു. എഴുത്തുകാരനായിരിക്കെത്തന്നെ ജീവിതോപാധിയായി മാധ്യമജോലി ചെയ്യുന്നതിനാല്‍ എഴുത്തുകാരിലെ മാധ്യമപ്രവര്‍ത്തകന്‍ എന്നായാല്‍ നേരത്തേപറഞ്ഞ അസ്വസ്ഥത ശമിച്ചേക്കും. ഇന്നും അന്നത്തെ അതേ തൊഴില്‍രഹിതന്റെ നാളെയെന്ത് എന്ന ഉള്ളാന്തലുമായാണ് എന്റെ ജീവിതം. ആ ആന്തലും കിടുക്കവുമില്ലെങ്കില്‍ നിങ്ങള്‍ക്ക് കവിയായിരിക്കാന്‍ കഴിയില്ല.


 കുങ്കുമം: സ്വദേശാഭിമാനി സൃഷ്ടിച്ച ഒരു മാധ്യമ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലാണ് നിങ്ങള്‍ എന്ന് പറയാന്‍ കഴിയുമോ?



 സ്‌കൂപ്പുകളും എക്‌സ്‌ക്ലൂസീവുകളും സൃഷ്ടിച്ച് വിജയശ്രീലാളിതനാകുന്ന, കക്ഷിരാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ഇവനെ സ്വാധീനിച്ചില്ലെങ്കില്‍ പ്രശ്‌നമാകും എന്ന് തോന്നിപ്പിക്കുന്നത്ര പിടിപാട് ശേഷിയുള്ള, അതുമല്ലെങ്കില്‍ പ്രസ്‌ക്ലബ് നിരങ്ങലുകള്‍ക്കും ബിസിനസ് പ്രസ് മീറ്റുകള്‍ക്കും പിറകേ പോയി ഹൗസിംഗ് ലോണുകളോ, ഫ്‌ളാറ്റുകളോ പടുത്തുയര്‍ത്താന്‍ ശേഷിയുള്ള ഇനങ്ങളിലൊന്നും പെടുത്താവുന്ന കഴിവുകളുള്ള മാധ്യമപ്രവര്‍ത്തകനല്ല ഞാന്‍. പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ എല്ലാത്തരം ജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് കീഴാളവും മേലാളവുമായ എല്ലാ അനുഭവങ്ങളെക്കുറിച്ചും ഡോക്യുമെന്റ്‌റി ഫിലിമുകളെടുക്കുക എന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി എന്നില്‍ നിക്ഷിപ്തമായ പ്രധാന ജോലി. സ്ഥിരം മാധ്യമപ്രവര്‍ത്തകരുടെ ജോലിസമ്മര്‍ദ്ദങ്ങളില്ലാതെ, ഏത് കവിയും കഥാകൃത്തും ആഗ്രഹിക്കുന്ന തരം വിചിത്രമായ യാത്രകള്‍ കേരളത്തിലും പുറത്തും നടത്തിക്കൊണ്ട് സങ്കടവും ക്ലേശങ്ങളും നിറഞ്ഞ ആനന്ദത്തോടെ അത് ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇത്തരം ഡോക്യുമെന്ററി യാത്രകള്‍ കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ഉള്‍വഴികളിലേക്ക് കാമറയുമായി എത്തിപ്പെടാനും അപരിചിത സ്ഥലങ്ങളിലേക്ക് അപ്രതീക്ഷിതമായി പതിക്കാനും എന്നെ സജ്ജനാക്കാറുണ്ട് എപ്പോഴും. ആ അര്‍ത്ഥത്തില്‍ എന്റേതായ സ്വദേശാഭിമാനങ്ങളും അതിനേക്കാള്‍ വിപുലമായ പരദേശാഭിമാനങ്ങളും എന്റെ എഴുത്തിലുണ്ടാവാം.


കുങ്കുമം: ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലി മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോ?

രു ഉദാഹരണം കൊണ്ട് പറയാന്‍ ശ്രമിക്കാം. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ മൂന്നാംദിവസം കറുത്ത കൊടികളും അതിനെക്കാള്‍ വലിയ മൗനങ്ങളും നിഗൂഡതകളും സംഘര്‍ഷഭരിതമായി പാറിയിരുന്ന ഒഞ്ചിയത്ത് ഞാനും കാമറാമാനും എത്തുന്നത് ഇടതുപക്ഷവിരോധം പ്രകടിപ്പിക്കണമെന്ന ഏതെങ്കിലും തരം മാധ്യമ മാനേജ്‌മെന്റ്-എഡിറ്റോറിയല്‍ അജണ്ട നിറവേറണം എന്ന ലക്ഷ്യവുമായിട്ടായിരുന്നില്ല. ആ യാത്രയിലേക്ക് എന്നെ സജ്ജനാക്കിയത്, തീര്‍ച്ചയായും ആ ആഴ്ച്ച റിമോട്ടുകളുടെ കാണിക്കണ്ണുകള്‍ അമ്പത്തൊന്നുതരം തിരുമുറിവുകളില്‍ നിന്നുള്ള ചന്ദ്രരക്തത്തിലേക്ക് താല്പര്യപ്പെടുമെന്നും കൂടുതല്‍ വിപണിസാധ്യത അതിനാണെന്നുമുള്ള പരസ്യവിചാരം കൊണ്ടും ഇത്ര മനുഷ്യത്വരഹിതമായ കടുംകൊല നടന്നിട്ട് അത് ആവിഷ്‌കരിക്കാതിരിക്കുന്നത് മാധ്യമധര്‍മ്മമല്ല എന്ന തിരിച്ചറിവുകൊണ്ടും മാത്രമായിരുന്നില്ല. ഒപ്പം,   വൈദ്യുതാഘാതമേറ്റോ, കല്ലേറുകൊണ്ടോ കൊല്ലപ്പെട്ട് മലച്ചുകിടക്കുന്ന കാക്കക്കരികിലേക്ക് ആര്‍ത്തലച്ചെത്തുന്ന മറുകാക്കകളിലൊന്നിന്റെ ഉള്ളിലെ ആശങ്കയുടെ പെരുക്കപ്പട്ടിക എന്നിലും ചിറകടിക്കുന്നതുകൊണ്ടുകൂടിയായിരുന്നു.
 
അതുകൊണ്ട് ടിപി ചന്ദ്രശേഖരന്റെ കൊലയുടെ രക്തം മണക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒഞ്ചിയത്തെ അദ്ധേഹത്തിന്റെ വീട്ടില്‍ പാതകത്തിന്റെ മൂന്നാംദിവസവും ഒരുതുള്ളി പോലും കരയാതെ ചന്ദ്രശേഖരനോടൊപ്പം കിടന്നിരുന്ന കിടക്കയുടെ കിഴക്കേ മൂലയില്‍ മുട്ടുകാലുകള്‍ നെഞ്ചോടുചേര്‍ത്ത് കുന്തിച്ചും കണ്ണട കര്‍ക്കശമായി ഉറപ്പിച്ചും നിസ്സംഗം ഇരുന്നിരുന്ന ഭാര്യ രമ കാമറയോടും എന്നോടുമായും 'സിപിഎം ഉന്നത സംസ്ഥാന നേതൃത്വം അറിയാതെ ഇത് നടക്കില്ല' എന്ന് താഴ്ന്ന സ്ഥായിയില്‍ ഉറച്ചുപറഞ്ഞപ്പോള്‍, ഹായ്, ഇടതുപക്ഷവിരോധം പ്രകടിപ്പിക്കാനുള്ള നിമിത്തം ഇതാ ഒരിക്കല്‍ക്കൂടി സമാഗതമായി എന്ന തരം നിര്‍വൃതിയൊന്നും എന്റെ സിരകളിലൂടെ പായുകയുണ്ടായില്ല. ഒരു കൊലയിലുടെ ഭൗതികമായി ഇല്ലാതായ സ്വന്തം ഭര്‍ത്താവിനെക്കുറിച്ചും സ്വന്തം നേതാവിനെക്കുറിച്ചും അയാളുടെ ഭാര്യക്ക് ഒരു ജനാധിപത്യരാഷ്ട്രത്തില്‍ പറയാനുള്ള കാര്യങ്ങള്‍ എന്റെ കാമറയില്‍ പതിഞ്ഞിരിക്കുന്നു എന്നുള്ള വിചാരമാണ് ഉണ്ടായത്. അതുകൊണ്ട് അന്‍പത്തൊന്നക്ഷരങ്ങളും വെട്ടുകളും തമ്മിലുള്ള ചാര്‍ച്ചയെ നടുവില്‍ നിര്‍ത്തിക്കൊണ്ട് ശ്രീ കെജി ശങ്കരപ്പിള്ള 'വെട്ടുവഴി' എന്ന കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതുംമുമ്പുതന്നെ ആ കൊലയിലെ ഭാഷാസ്‌നേഹപരമായ പാതകപ്രവണതയെ അന്‍പത്തൊന്നക്ഷരങ്ങള്‍ അമ്പത്തൊന്ന് വെട്ടുകള്‍ എന്ന ശീര്‍ഷകത്തോടെ ആവിഷ്‌കരിക്കുന്ന എന്റെ ഡോക്യുമെന്ററി ചിത്രമായ 'മുഖത്തെഴുത്ത്' ടെലിവിഷനിലൂടെയും കേരളത്തിലെ തെരുവുകളിലൂടെയും കൊലയുടെ ആറാംനാള്‍ മുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

 എനിക്ക് തോന്നുന്നത് കേരളത്തിലെ 7,000 രൂപ മുതല്‍ തുടങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ട്രെയിനി ജേണലിസ്റ്റുകള്‍ മുതല്‍ മുകളിലോട്ടുള്ള ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഈ കൊലയെ പൊതുസമൂഹം എത്ര ആശങ്കയോടെ കണ്ടുവോ അതേ ആശങ്കയുടെ പൊതുസ്വരത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ്. തൊണ്ണൂറ്റൊമ്പത് പേര്‍ കൊല്ലപ്പെട്ടപ്പോഴും ഇത്രമേല്‍ എതിര്‍കാഹളം മുഴക്കാതിരുന്ന നിങ്ങള്‍ ഈ നൂറാംകൊലയില്‍ ഇത്രലിറ്റര്‍ കണ്ണീരും മുദ്രാവാക്യവും പൊഴിക്കുന്നത് എന്തിന് എന്നാണ് ചോദ്യമെങ്കില്‍ സാമൂഹ്യജീവിതത്തിന്റെ ഏത് ഘട്ടത്തിലും മുന്‍ നിസ്സംഗതകളില്‍ നിന്ന് ഉണര്‍ന്ന് ഒരു ജനത ഇതാദ്യമായി അത്രമേല്‍ തീക്ഷ്ണമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ ആ ജാഗ്രതയ്‌ക്കൊപ്പം മാധ്യമങ്ങളും നില്‍ക്കണം എന്നാവണം ഉത്തരം. പക്ഷേ, മുന്‍ശവങ്ങളെയും മുന്‍കൊലകളെയും മുന്‍കൊലയാളികളെയും നിരത്തിവച്ചുകൊണ്ടുള്ള താരതമ്യ സാഹിത്യപഠനങ്ങള്‍ക്കാണ് ചിലര്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് ഈ ചര്‍ച്ചയുടെ ചോദ്യാവലി തന്നെ തുടങ്ങുന്നത് 'കേരളത്തിലെ മാധ്യമങ്ങളുടെ പൊതുസ്വഭാവം തന്നെ ഇടതുപക്ഷവിരോധം പ്രകടിപ്പിക്കുക എന്നതായിരിക്കുന്നു' എന്ന മുന്‍നിശ്ചയത്തോടെയാകുന്നു.

    ഒരു കൊലയോടുള്ള വിരോധം പ്രകടിപ്പിക്കുക എന്നത് ആത്യന്തികമായി കൊലയാളിയോടും കൊല ചെയ്യാന്‍ പ്രേരിപ്പിച്ച തന്ത്രമനസ്സിനോടും വ്യവസ്ഥയോടുമുള്ള വിരോധം പ്രകടിപ്പിക്കലാണ്. കൊലയാളി ആരെന്ന് കറതീര്‍ന്ന് തെളിയിക്കപ്പെടുംവരെ വിരോധം പ്രകടിപ്പിക്കപ്പെടരുത് എന്നത് നിയമവ്യവസ്ഥയിലെയും മനുഷ്യാവകാശചിന്തകളിലെയും പല ഏടുകളിലൊന്നിലെ സാമൂഹ്യരേഖയാണ്. പക്ഷേ, കൊലയ്ക്ക് ശേഷം സ്വാഭാവികമായും ലഭിക്കുന്ന സൂചനകള്‍, അന്വേഷണ വഴിത്തിരിവുകള്‍, ചോദ്യം ചെയ്യപ്പെടുന്ന വ്യക്തികള്‍, ജുഡീഷ്യല്‍-പോലീസ് കസ്റ്റഡികളില്‍ തുടരുന്ന നേതാക്കള്‍, റിമാന്‍ഡിലാകുന്നവര്‍, ഒളിവില്‍ പോകുന്നവര്‍, ഒളിവിലല്ലാതെ തെളിവിലുള്ള നേതാക്കളുടെ വെല്ലുവിളികള്‍, വെളിപ്പെടുത്തലുകള്‍, എന്നിവയെല്ലാം മാധ്യമപ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലെത്തുന്ന നേര്‍ക്കാഴ്ച്ചകളാണ്. ഇത്തരം ആവിഷ്‌കാരങ്ങളെ ഇടതുപക്ഷ വിരോധം എന്ന തരത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അത് കൊലയോടുള്ള വിരോധത്തിന്റെ മറുവിരോധമായി മാറും. ഈ റിപ്പോര്‍ട്ടുകളെ ഖണ്ഡിക്കാന്‍ വെല്ലുവിളികളുടെയും മുന്‍കൊലകളുടെ കണക്കുപറഞ്ഞുള്ള ഭീഷണികളുടെയും കഥാകഥനങ്ങളുമായി നേതാക്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ആത്മശക്തി കൊണ്ട് പ്രതിരോധിക്കുന്ന ഒരാളെ എന്നതിലുപരി, പഴയ മോഷണ കഥയിലെ കിണ്ണം മോഷ്ടിച്ചയാളുടെ മുന്നിലെ പോളിഗ്രാഫ് ടെസ്റ്റിനെയാണ് ഓര്‍മ്മ വരിക. അതുകൊണ്ട്, കേരളത്തിലെ ഇടതുപക്ഷം, അത് അടിസ്ഥാനമലയാളിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിലുണ്ടാക്കിയ സാമ്പത്തികവും ഭാവുകത്വപരവുമായ ശ്രേഷ്ഠവിപ്ലവങ്ങളുടെ സ്മരണ ഇപ്പോഴും ഇരമ്പുന്ന ഒരു മനസ്സുള്ളതുകൊണ്ട് ഓരോ രാത്രിയും ഉറങ്ങുമ്പോള്‍ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ ഇടതുപക്ഷത്തോട് പഴയ പോലെ അഭിനിവേശവും സ്‌നേഹവും തോന്നുന്ന ഒരു വാര്‍ത്ത നാളെ ഉണ്ടാകണേ എന്നാണ് വിചാരം. പക്ഷേ, പുതിയ ഓരോ വാര്‍ത്തയും ആശാരഹിതമാകുന്നു. ഇടതുപക്ഷം, ഭൂപരിഷ്‌കരണ നയം, കാര്‍ഷികമുന്നേറ്റങ്ങള്‍, സാമ്രാജ്യത്വവിരുദ്ധ പ്രതിരോധങ്ങള്‍, പുരോഗമനസാഹിത്യത്തിന്റ ഊര്‍ജ്ജ പ്രവാഹം എന്നിങ്ങനെ ഇന്നും ഇടുതപക്ഷംകൂടി കിളച്ചുവിതച്ച ഭൂമിയിലാണല്ലോ നില്പ് എന്ന വിചാരം എന്നെ ഓരോ പ്രഭാതത്തെയും ജാഗ്രതയോടെ കാണാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ മാധ്യമങ്ങളിലൂടെ പ്രത്യക്ഷമാകുന്ന പക്ഷപാത സാധ്യതയുണ്ടെന്ന് എളുപ്പം പറയാവുന്ന ലേഖനങ്ങളും വിശകലനങ്ങലും എഡിറ്റോറിയലുകളും കാര്‍ട്ടൂണുകളും അടക്കം മാറ്റിവച്ചാലും പോലീസ്ഭാഷ്യങ്ങളും വളച്ചൊടിക്കലുകളും അടക്കമുള്ള കള്ളത്തൊങ്ങലുകള്‍ പറിച്ചുകളഞ്ഞാലും വസ്തുത വസ്തുത തന്നെയായി നില്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കുകയും കാണുകയും സ്വയം ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍, ഈ ചര്‍ച്ചയിലെ ചോദ്യാവലിയിലെ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരമായി തെളിയുന്നത്, മാധ്യമങ്ങളുടെ വിശ്വാസ്യതയേക്കാള്‍ മങ്ങുന്നത് നയിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും ഒളിവിലും തെളിവിലുമുള്ള അവരുടെ വചനങ്ങളുമാണെന്നാണ്.
തീര്‍ച്ചയായും സിപിഎമ്മിനോടും ഇടതുപക്ഷത്തോട് പൊതുവിലും അന്ധവും തെളിഞ്ഞതുമായ എതിര്‍പ്പുള്ള മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഈ വിപത്ഘട്ടത്തെ സമ്മോഹനമായ തന്ത്രപരതയോടെ മുതലെടുക്കുന്നുണ്ടാകാം. അത് കോട്ടകള്‍ പിടിച്ചെടുക്കുന്ന പോര്‍ക്കാലങ്ങളിലെ യുദ്ധതന്ത്രമാണ്. അതിനപ്പുറം, ഈ വിഷയത്തില്‍ കേരളത്തിലെ പൊതുമാധ്യമസമൂഹം എടുത്ത നിലപാടുകള്‍ മാധ്യമങ്ങളുടെ നൈതികതെയും വിശ്വാസ്യതയെയും ഉയര്‍ത്തി എന്നു ഞാന്‍ കരുതുന്നു. പ്രത്യേകിച്ചും ഇന്ദ്രപ്രസ്ഥം മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന മാധ്യമപിമ്പുകളുടെയും അഴിമതിക്കാരുടെയും ഇടയില്‍ത്തന്നെയാണ് സ്‌പെക്ട്രം അഴിമതിയില്‍ നേതാക്കളെ ജയിലില്‍ കയറ്റുംവിധം അത് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരും ചന്ദ്രശേഖരന്റെ കൊലയെ ഭയരഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും പുലരുന്നത് എന്നത് എന്നെ നിരാശനാക്കിതിരിക്കുന്നു.

കുങ്കുമം: മാധ്യമജീവിതം മറ്റുള്ളവരുടെ ഭീഷണി നേരിടുന്ന ഒരു തൊഴില്‍മേഖലയായി മാറുന്നുണ്ടോ?

രു മാധ്യമസ്ഥാപനത്തില്‍ ജോലിക്കെത്തുമ്പോള്‍ നിങ്ങള്‍ എടുക്കുന്ന പല തീരുമാനങ്ങളിലൊന്ന് ആക്രമണങ്ങളോ ഭീഷണികളോ നേരിടാന്‍ കൂടി തയ്യാറാവുക എന്നതാണ്. അതുകൊണ്ട് ലോകമെങ്ങും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്നും മറ്റുള്ളവരുടെ ഭീഷണി നേരിടുന്ന തൊഴില്‍ മേഖലയായി മാധ്യമജീവിതം മാറുന്നുവെന്നുമുള്ള തരം നിരീക്ഷണങ്ങള്‍ എന്നെ അലട്ടുകയോ ബാധിക്കുകയോ ചെയ്യുന്നില്ല. കൃത്യമായ നീതിബോധത്തോടെ നിങ്ങള്‍ പുറത്തുവിടുന്ന ഒരു യാഥാര്‍ത്ഥ്യം നിങ്ങളുടെ ജീവനെടുക്കാന്‍ കെല്പുള്ള പ്രത്യാഘാതമുണ്ടാക്കാന്‍ പോകുന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ കൊലയെയോ, അംഗഭംഗത്തെയോ മുന്‍കൂട്ടികാണേണ്ടിയിരിക്കുന്നു. അങ്ങനെ കഴിയാത്തവര്‍ക്ക് സുരക്ഷിതവാര്‍ത്തകളുടെ ശീതീകൃതമുറികളില്‍ വാര്‍ത്തകളെ വ്യനിസിച്ചിരിക്കാം. യാഥാര്‍ത്ഥ്യബോധത്തോടെ ജോലി ചെയ്യുന്ന ഒരു നിയമപാലകനെയും വക്കീലിനെയും കാത്തിരിക്കുന്ന തരം ദുരന്തങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല അത്.

കുങ്കുമം: മാധ്യമ സ്ഥാപനങ്ങളില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പെരുകുകയാണോ?
തൊട്ടുമുമ്പ് ഞാന്‍ സൂചിപ്പിച്ചതിന്റെ മറുവശമാണ് വ്യാജവാര്‍ത്തകളുടെ സമര്‍ത്ഥമായ നിര്‍മ്മിതിയും അതിലൂടെ പിഴച്ചുപോകലും. തീവ്രവാദം, മുസ്ലിം പേരുകള്‍, അതിര്‍ത്തി, പോലീസ് ഭാഷ്യം എന്നിങ്ങനെയുള്ള നാലുചേരുവകളുണ്ടെങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ അവസ്ഥയില്‍ ഏത് മാധ്യമപ്രവര്‍ത്തകനും സമര്‍ഥനായ എക്‌സ്‌ക്ലൂസീവ് എസ്പര്‍ട്ട് റിപ്പോര്‍ട്ടറായി വിലസനാവും എന്നതാണ് യാഥാര്‍ത്ഥ്യം. 'രസകരമാകിയ കഥകള്‍ പറയണം, അതിനാണല്ലോ മാനുഷജന്മം' എന്ന തരത്തില്‍ വ്യാജകഥകളുടെ നിര്‍മ്മാണവും അതിന്റെ സമ്മതിയും അവിഘ്‌നം നടന്നുകൊണ്ടിരിക്കുന്നു, ദൃശ്യമാധ്യമങ്ങളിലേതിനേക്കാള്‍ കൂടുതലായി പത്രസ്ഥലങ്ങളില്‍. മാധ്യമങ്ങളുടെ വ്യാജസമ്മതികളുടെ നിര്‍മ്മിതികളെ പ്രതിരോധിക്കാന്‍ ജനപക്ഷത്ത് നിന്ന് സ്വൂരൂപിച്ച പണം കൊണ്ടുണ്ടാക്കിയ പത്രത്തിന് പോലും പ്രതിരോധത്തിന്റെ ഭാഗമായി വ്യാജനിര്‍മ്മിതികള്‍ നിരന്തരം ഉണ്ടാക്കേണ്ടിവരുന്ന ഗതികേടും ഒരു ഭാഗത്തുണ്ട്. വ്യാജകഥകളെ റിപ്പോര്‍ട്ടുകളായി രംഗപ്രവേശം ചെയ്യിക്കുകയും ലോബിയിസ്റ്റുകളെപ്പോലെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനും ജയിപ്പിച്ചവരെ മന്ത്രിമാരാക്കാനും മന്ത്രിമാര്‍ക്ക് ഖനി പോലുള്ള വകുപ്പുകള്‍ സംഘടിപ്പിച്ചുകൊടുക്കാനും ഇത്തരം വകുപ്പുകളും വിദേശ കോര്‍പ്പറേററുകളും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ ബന്ധമുണ്ടാക്കാനും കഴിയുന്നത്ര രീതിയിലുള്ള ക്രിമിനല്‍ ദല്ലാള്‍ സ്വഭാവമുള്ള മീഡിയാവേള്‍ഡിനകത്തുനിന്നുകൊണ്ടാണ് നാം മാധ്യമപ്രവര്‍ത്തകന്റെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുന്നത്.

കുങ്കുമം: അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് ആദ്യം ചോദിച്ചത്?

ക്ഷരങ്ങളെ അറിഞ്ഞുതുടങ്ങുന്ന നാള്‍ മുതല്‍ നമ്മില്‍ ഉരുവം കൊള്ളുന്ന അക്ഷരമായ സാമൂഹ്യപ്രതിബദ്ധതയില്‍ നിന്ന് വ്യത്യസ്തമായ സവിശേഷപ്രതിബദ്ധത മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മാധ്യമജീവിതം എഴുത്തുജീവിതം കുടുംബജീവിതം സൗഹൃദജീവിതം എന്നിങ്ങനെ വേര്‍തിരിച്ച് നിര്‍ത്തേണ്ട ഒന്നാണ് ജീവിതം എന്ന് കരുതുന്നില്ല. ഉഭയജീവിതത്തിനപ്പുറം, ജോലിക്കായുള്ള എല്ലായാത്രകളെയും കവിത വായിക്കാന്‍ പോകുന്ന ഒരു യാത്ര പോലെയും ആള്‍ക്കുട്ടത്തെയും ഏകാന്തപഥികരെയും കാണാന്‍ പോകുന്ന യാത്ര പോലെയും കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു. എങ്കിലും എല്ലാറ്റിനുമപ്പുറം ഈ വാക്കുകള്‍ എന്നെ ഇങ്ങനെ ജാഗരൂകനാക്കുന്നു, 'വാര്‍ത്തകള്‍ കൊണ്ട് അനീതി അവസാനിക്കുന്നില്ലെങ്കില്‍ വാര്‍ത്തകള്‍ അവസാനിക്കുന്നതായിരിക്കും നല്ലത്.'

(2012 ഓഗസ്റ്റില്‍ കുങ്കുമം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

തിരിച്ചുപോക്കിന്റെ താളം- ആനന്ദ്‌


'ആള്‍ക്കൂട്ട'വും 'മരണസര്‍ട്ടിഫിക്കറ്റും' 'മരുഭൂമികള്‍ ഉണ്ടാകുന്നതും' എഴുതിയ ആനന്ദ് എന്റെ ആദ്യകവിതാസമാഹാരമായ 'നെഞ്ചുംവിരിച്ച് തലകുനിക്കുന്നു'വിന് അവതാരികയെഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അപകര്‍ഷവും വിശദീകരിക്കാനറിയാത്ത മറ്റ് ചില വികാരങ്ങളും മൂലം ഞാന്‍ അതിന് ശ്രമിച്ചില്ല. ഗൗരവമേറിയ ഒരു ബഹുമാനത്തിന്റെ അപകടകരമല്ലാത്ത അകലത്തില്‍ ഞാന്‍ മാറിനില്‍ക്കുന്നു. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കത്തെഴുതിയിട്ടില്ല. ഫോണില്‍ വിളിച്ചിട്ടില്ല. ഇപ്പോള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എന്റെ 'ദി ബ്ലൈന്‍ഡ് ലൈബ്രേറിയന്‍' എന്ന ഡോക്യുമെന്ററി ചിത്രത്തെക്കുറിച്ച് അദ്ധേഹം എഴുതിയിരിക്കുന്നുവെന്നറിയുമ്പോള്‍, എന്റെ ഉള്ളിലെ കാമറയുടെ ലെന്‍സ് കൃതാര്‍ത്ഥത കൊണ്ട് ദീപ്തമാവുന്നു. ആനന്ദ് എഴുതിയ 'ജയിലില്‍ നിന്ന് പരോളിലേക്ക്' എന്ന ലേഖനത്തിലെ അവസാന ഖണ്ഡികകള്‍:
 

                       ജയിലില്‍ നിന്ന് പരോളിലേക്ക്
                                              ആനന്ദ്

…ഒരു ചെറിയ ഗ്രാമത്തിലെ കൊച്ചുവായനശാലയുടെ നിയന്ത്രണം ഒരു രാഷ്ട്രീയകക്ഷിക്ക് വലിയ നിര്‍ബന്ധമായി തോന്നി. ആ പാര്‍ട്ടി ഒരു പ്രത്യേക മതത്തിനോട് ആഭിമുഖ്യമുള്ളതായിരുന്നുവെന്നത് യാദൃച്ഛികമാകാം. ആധുനികകാലത്തെ, മതം പോലെത്തന്നെ പരിഷ്‌കരണവിരുദ്ധമായ, രാഷ്ട്രീയത്തിലെ യുക്തിവിരുദ്ധവിചാരങ്ങള്‍ എന്ന് കരുതാം. അവര്‍ ആ ചെറിയ വായനശാലയുടെ, വായനയോടുള്ള പ്രേമം കൊണ്ടുമാത്രം ആ ജോലിയേറ്റെടുത്ത തൊഴിലാളിവര്‍ഗ്ഗക്കാരന്‍ ലൈബ്രേറിയന്റെ മുഖത്ത് ആസിഡ് എറിഞ്ഞ് അയാളെ ആജീവനാന്തം അന്ധനാക്കി. ഒമ്പത് കൊല്ലത്തിനുശേഷം എംഎസ് ബനേഷ് എന്ന ഡോക്യുമെന്ററി സംവിധായകന്‍ അതീവദുരിതത്തില്‍ ജീവിക്കുന്ന മോഹനന്‍ എന്ന ലൈബ്രേറിയന്റെ അതിവിരൂപമായ മുഖം കണ്ടെത്തി. പക്ഷേ ടെലിവിഷന്‍ റേറ്റിംഗ് വിവാദങ്ങളും മാര്‍ക്കറ്റിംഗ് മാനദണ്ഡങ്ങളും പ്രകാരം ചാനല്‍ ആ ചിത്രം തടഞ്ഞുവച്ചു. ഈ മുഖം തുടര്‍ച്ചയായി കാണിച്ചാല്‍ പ്രേക്ഷകര്‍ ചാനല്‍ മാറ്റില്ലേ.? ഇത്രയും ദു:ഖകരമായ ഒന്ന് സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരുണ്ടാകും? ഈ തര്‍ക്കത്തിനിടയില്‍ അന്ധനായ ലൈബ്രേറിയന്‍
“ജീവിതത്തിന്റെ തത്സമയ സംപ്രേഷണം അവസാനിപ്പിച്ച്” യാത്രയായി. (എംഎസ് ബനേഷ്: മനുഷ്യര്‍ മനുഷ്യരെ അന്ധരാക്കുന്ന വിധം, പച്ചക്കുതിര, മെയ് 2013 )

 

ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുപോന്നപ്പോള്‍ മോഹനന്റെ കട്ടിക്കണ്ണടയുടെ പ്രതിഫലനത്തില്‍ കണ്ട തന്റെയും ക്രൂവിന്റെയും തിരിഞ്ഞുനടത്തത്തെ സംവിധായകന്‍ ഇങ്ങനെ വിവരിക്കുന്നു. “നമ്മുടെ എല്ലാവരുടെയും തിരിഞ്ഞുനടത്തം. മാനുഷികമായ കാരുണ്യങ്ങളില്‍ നിന്നും ദയയില്‍ നിന്നും പശ്ചാത്താപമില്ലാതെയുള്ള തിരിഞ്ഞുനടത്തം. ടെലിവിഷന്‍ റേറ്റിംഗുകള്‍ പരസ്യതാല്പര്യങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിന്റെ ആനന്ദമനശ്ശാസ്ത്രത്തിനും വേണ്ടി, അരികില്‍ നിന്ന്, അരികില്‍ നിന്ന്, അരികുകളിലേക്ക് നിരന്തരം തള്ളിനീക്കപ്പെടുന്ന എല്ലാത്തരം അധ:സ്ഥിത ജീവിതങ്ങളില്‍ നിന്നുമുള്ള തിരിഞ്ഞുനടത്തം. ലജ്ജയില്ലാതെ.” (എംഎസ് ബനേഷ്: മനുഷ്യര്‍ മനുഷ്യരെ അന്ധരാക്കുന്ന വിധം, പച്ചക്കുതിര, മെയ് 2013 )

ഈ തിരിച്ചുപോക്കിന്റെ താളം നമ്മുടെ മനസ്സില്‍ എവിടെയൊക്കെയോ പ്രതിധ്വനിക്കുന്നില്ലേ.

 

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആനന്ദ് എഴുതിയ 'ജയിലില്‍ നിന്ന് പരോളിലേക്ക്' എന്ന ലേഖനത്തിലെ അവസാന ഖണ്ഡികകള്‍)

Tuesday, April 8, 2014

ആനന്ദവും ബലിയും കാണുന്ന കണ്ണുകള്‍


(എം എസ് ബനേഷിന്റെ  നെഞ്ചുംവിരിച്ച് തലകുനിക്കുന്നു എന്ന സമാഹാരത്തെ കുറിച്ച് )




ഛെന്നായ 
ചെന്നായയോടു നീ 
ക്രൂരഭാവത്തില്‍ 
ഛെയെന്നു  തന്നെ- 
യൊന്നാട്ടി.
                                          തുമ്മിത്തെറിച്ചു  ചെ- 
                                        പോയി നീ നോക്കുമ്പോള്‍ 
                                         വാലാട്ടി നില്‍ക്കുന്നു
                                         നാവടക്കിക്കൊണ്ട് 
                                         നമ്മുടെ മുറ്റത്തു നായ.

   എം എസ്‌ ബനേഷിന്റെ കവിതകള്‍ പലപ്പോഴും സംസാരിക്കുന്നത്  മൃഗപക്ഷിരൂപങ്ങളിലൂടെയാണ്; വാക്കുകളുടെ ആദിരൂപങ്ങള്‍ക്ക്‌ ജന്തുച്ഛായയാണ് എന്ന് തോന്നുംവിധം. എന്നാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ രേഖപ്പെടുത്തുന്നത് കാനനാന്തരമോ മൃഗശാലാവളപ്പോ അല്ല, നാം പെരുമാറുന്ന ഇടങ്ങള്‍ തന്നെയാണ്. സമകാലത്തില്‍ നിന്ന് ഒരിഞ്ചുപോലും ഒരു സെക്കന്റ്‌ പോലും അകലാന്‍ അത് ആഗ്രഹിക്കുന്നില്ല. സമകാല കാനനത്തിന്റെ, ആര്‍ത്തികൊണ്ട് വലുതെന്നു തോന്നിപ്പിക്കുന്ന, എന്നാല്‍ ഇടുങ്ങിയ സ്ഥലം തന്നെയാണ് അതിന്റെ സ്ഥലവും. വേഗംകൊണ്ട് വലിച്ചുനീട്ടിയിട്ടും വിലയില്ലാതായ നിമിഷങ്ങളില്‍ തന്നെയാണ് അതിന്റെ കാലവും.

   നുഷ്യജീവിതം മുഖംമൂടി മാത്രമായിപ്പോകുമ്പോള്‍ മുഖം മൃഗത്തിന്റേതാവുക സ്വാഭാവികം. അതിനാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ മുന്‍പ് കവിതകളില്‍ കണ്ടപോലെ ചിന്തയുടെ രൂപകങ്ങളല്ല. പരിണാമത്തില്‍ ചതഞ്ഞരഞ്ഞുപോയ, ചവിട്ടിത്താഴ്തപ്പെട്ട  ജീവന്റെ പദവികളുമല്ല. വര്‍ത്തമാനം ആണത്. ചിന്തയിലും കര്‍മത്തിലും    വികാരത്തിലും ഉള്ള വര്‍ത്തമാനം. വര്‍ത്തമാനത്തിന്റെ വിരൂപത വര്‍ത്തമാനത്തില്‍ തന്നെ കാണിച്ചുതരുന്നത്. അതിനാല്‍ ഈയല്‍ 'വരുന്നതും പോകുന്നതും അറിയുന്നില്ല, അറിയിക്കുന്നുമില്ല.' ഉറുമ്പ്‌, 'അരി നിലത്തുവച്ചൊരു  കടിതരാം കാലില്‍, അതാണുത്തരം'  എന്ന് പറയുന്നു. ആന 'പകല്‍ക്കിനാവില്‍ പതയാതെ പതഞ്ഞുകിടക്കുന്നു. ' നാവടക്കിക്കൊണ്ട് ചെന്നായ 'നായായ്‌ മുറ്റത്ത്‌ നില്‍ക്കും.' ഒച്ച്‌ കുളിമുറികളെയും നനഞ്ഞ ചുമരുകളെയും വിട്ട്‌, 'ആത്മചിന്ത തന്‍ തുറസ്സിലേക്കിഴയും.'   

ല്ലാറ്റിനെയും പതച്ചു ചിരിയാക്കാന്‍ എം എസ്‌ ബനേഷിന്‌   ഇഷ്ടം കൂടും.അകവും പുറവും തമ്മിലുള്ള അഗാധമായ ഈ വിടവില്‍ നിന്നാണ് ഇന്ന് ചിരി ജനിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയല്ല അത്. ശുഭാപ്തിയുടെ തിളക്കവുമല്ല. നഷ്ട്ടപ്പെട്ടവന്റെ നഷ്ട്ടപ്പെടായ്കയാണ് ഈ ചിരി. അതൊരു ഭാഷയാണ്. ഉടലിന്റെ ഭാഷയല്ല. സ്വന്തം ഉടലിനെപ്പോലും അവിശ്വസിക്കുന്ന മനസ്സിന്റെ ഭാഷ. ആ മനസ്സ് തന്റെ സ്വാര്‍ത്ഥത്തിലോ  കൌശലത്തിലോ ഹിംസയിലോ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല. അത് കവിതയുടെ മനസ്സാണ്. സംസ്കാരത്തിന്റെ മനസ്സാണ്. സ്വത്വത്തിന്റെ മനസ്സാണ്.
ഈ മനസ്സിന്റെ വെളിച്ചമാണ് എം എസ്‌ ബനേഷിന് കവിത. അതിനാല്‍ ചിലപ്പോഴൊക്കെ സെന്‍സേഷണലിസത്തിലേക്കോ ഞെട്ടിക്കുന്ന കൌതുകങ്ങളിലേക്കോ കുതിക്കാന്‍ ശ്രമിക്കുമ്പോളൊക്കെ ആ മനസ്സ് കവിതയെ പിടിച്ചുവലിക്കും. ചിലപ്പോള്‍ ദോഷൈകദൃക്കിനെപ്പോലെ ആ മനസ്സ് പെരുമാറുന്നുണ്ടാകാം. അത് കാമുകിയെ മാത്രമല്ല, കാമത്തെയും വിശ്വസിക്കുന്നില്ല. തന്നെത്തന്നെയും വിശ്വസിക്കുന്നില്ല.
ഞാന്‍ എന്താണ് എന്ന് പല വര്‍ണത്തിലും പല സ്വരത്തിലും വരയ്ക്കുകയും പറയുകയുമല്ല, മറിച്ച്‌, ഞാന്‍ എങ്ങനെയാണ്‌ എന്ന് അന്വേഷിക്കുകയാണ് എം എസ്‌ ബനേഷ്. അയാള്‍ ആനന്ദം മാത്രമല്ല, ബലിയും കാണുന്നു.

Monday, April 7, 2014

ബനേഷിന്റെ കവിത, വേഗതയുടെ പാഠാന്തരം- ഡോ. എം.എ. സിദ്ദിഖ്‌

               

ഡോ. എം.എ. സിദ്ദിഖ്‌

മകാല നിര്‍ദ്ധാരണത്തിന്റെ രീതിശാസ്ത്രമാണ് എംഎസ്‌.ബനേഷിന്റെ 'നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു' എന്ന  കവിതാപുസ്തകത്തിലേക്ക് നോക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന പടിപ്പുര.  
തന്റെ കവിതകളെ വായിക്കുമ്പോഴുള്ള അവനവന്‍കടമ്പകള്‍ മുറിച്ചുകളയാന്‍ കവി തന്നെ ആമുഖത്തില്‍ കുറിച്ചിട്ട ചില കുറുക്കുവഴികളുണ്ട്. 'ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ എഴുതിയതുമുതലുള്ളവ ഈ സമാഹാരത്തിലുണ്ട് . വേഴാമ്പല്‍ അന്നാണ് എഴുതിയത്. പതിനെട്ടു വയസ്സില്‍ ' പോലുള്ള ചില കുറുക്കുവഴികള്‍.
   ബോധത്തോട്  പോലും സമരസപ്പെടാത്ത ഒരു ഭാവുകത്വത്തിന്റെ രൂപീകരണശ്രമമാണ് ഈ സമാഹാരത്തിലെ ആദ്യകവിതയായ 'വേഴാമ്പല്‍'.  ഛന്ദോനിരാസത്തിന്റെ ആന്തരികമായ ഒരു യുക്തിയെ, തന്റെ കവിതയുടെ ശില്പവിദ്യ രൂപപ്പെടുത്തിയെടുക്കാനുള്ള ഘടകമായി എംഎസ്.ബനേഷ് തുടക്കം മുതല്‍ക്കുതന്നെ ഈ കവിതയില്‍ നിന്ന് തെളിയിച്ചെടുക്കുന്നുണ്ട്. കാവ്യശില്പപരവും ഭാഷാപരവുമായ ഈയൊരു തോന്ന്യാസത്തിന്റെ ധീരത ഈ സമാഹാരത്തിലെ എല്ലാ കവിതകളിലുമുണ്ട്. 
   വിതയെന്നാല്‍ അതിനുള്ളില്‍ത്തന്നെ ക്രമപ്പെടുത്തേണ്ട ഒന്നാണെന്ന രൂപപരമായ ശാഠ്യത്തെയാണ്  ഛന്ദസ്സ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കേണ്ടത്. കവിതയെന്നത്‌ അതിന്റെ രൂപപരമായ ജയിലില്‍ നിന്ന് പുറപ്പെട്ടുപോകാന്‍ പാടില്ലാത്ത തടവുപുള്ളിയാണെന്ന ധിക്കാരത്തിന്റെ ശാഠ്യമാണത്. പതിനെട്ടാം വയസ്സില്‍ തന്നെ ഇതിനെതിരെയൊരു തെളിച്ചെടുക്കല്‍   നടത്താന്‍ ബനേഷിനു കഴിഞ്ഞുവെന്നത് നിസ്സാരമല്ല. മൌനത്തിന്റെ സമര്‍ത്ഥമായ വ്യക്തിഭാഷയായി തന്റെ കവിതകള്‍ രൂപപ്പെട്ടുവരുന്നതിന്റെ ഒരു മുന്‍ ബോധ്യം തരാനെന്നവണ്ണം  'വേഴാമ്പലി'ല്‍  ഉപയോഗിക്കുന്ന കവിയെന്ന ബിംബം പിന്നീടുപിന്നീടുള്ള കവിതകളില്‍ അമൂര്‍ത്തമാവുന്നുണ്ട്.
ആ നിശ്ശബ്ദതയുടെ വ്യാഖ്യാനങ്ങള്‍ 
'യിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍  എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്'' എന്ന് എം.എസ്.ബനേഷ് ആമുഖത്തില്‍ വളരെ ബോധപൂര്‍വമാണ് എഴുതിചേര്‍ത്തത് എന്ന് കരുതണം. കാരണം, ഈ കാലസൂചന അദ്ദേഹത്തിന്റെ പില്‍ക്കാല കവിതയെ രൂപപ്പെടുത്തിയ മാനസിക ഘടനയെ അപഗ്രഥിക്കാന്‍ വളരെ സഹായകമാണ്. 'വേഴാമ്പലി'ല്‍ അനുഭവവേദ്യമാകുന്ന നിശ്ശബ്ദതയുടെ വ്യക്തിഭാഷ പിന്നീടുള്ള കവിതകളില്‍ ഒരുതരം സ്വാത്മവിമര്‍ശനഹാസ്യമായാണ് രൂപപ്പെടുന്നത്. ഹാസ്യമെന്നത് പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു സാംസ്കാരിക ഭാഷാവിനിമയമായി പുതുകവികള്‍ കൊണ്ടുവരുന്നതിന്റെ ഒന്നാംതരം ഉദാഹരണങ്ങളാണ് എംഎസ്  ബനേഷിന്റെ കവിതകള്‍. അവ നമ്മെ ചിരിപ്പിക്കുന്നില്ല എന്നതാണ് അവയുടെ കരുത്ത്. കോമാളിജീവിതത്തിന്റെ ഏറ്റവും വലിയ ഉപോല്പന്നമായിത്തീര്‍ന്നിരിക്കുന്ന പുതിയ സാമ്രാജ്യത്വകാലത്ത് ചിരിക്കാതിരിക്കലാണ് നല്ല ഹാസ്യാനുഭവത്തിന്റെ ലക്ഷണം. 
'കാവിയാം വിരിപ്പിട്ട
സഹ്യനില്‍ എന്നും മറ്റും
കര്‍ക്കശം പാറും കാവി
ലുങ്കികള്‍ ഞെട്ടിക്കണ്ടും'.....
                      (കണ്ടുകൊണ്ടേന്‍)

'കലാപത്തിന്റെ വന്‍കരേ  
മതം തെളിവതാണെന്റെ പേര്‍ 
തൊഴില്‍ തരും സ്വര്‍ഗപ്പച്ചയേ  
മുപ്പത്തഞ്ചെന്റെ  മെഴുതിരി. 
റേഷന്‍ കനിയും ക ലവറേ   
കെയറോഫാണെന്റെ ജീവിതം '...
                       (ഭയോഡാറ്റ )
എന്നതൊക്കെ ഈ ഹാസ്യത്തിന് ഉദാഹരണമാണ്. അതിന്റെ ഒരു സമഗ്രാവലോകനത്തിന്  'മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്' എന്ന  കവിത പരിശോധിച്ചാല്‍ മതി.  ഓര്‍മകളിലാണ്, ഓര്‍മകളുടെ ജീവിതത്തില്‍ ആണ് സാമൂഹിക പ്രതികരണങ്ങളുടെ എതുവിധമായ ഊര്‍ജവും നിറച്ചു വചിരിക്കുന്നതെന്ന ധ്വനി ഈ കവിതയിലുണ്ട്. 'മുടിയുടെ തമിഴന്‍വിശേഷണം'  എന്നതുപോലും ഓര്‍മയിലെ നിരുപദ്രവമായ ഒരു തെറിയാണല്ലോ.' സാമാന്യ ഭാഷയില്‍ നിരന്തരോപയോഗം നടന്നുകഴിഞ്ഞ ഒരു തെറിവാക്കിനു പകരം അതിന്റെ ഏതാണ്ടൊരു ഡിക്ഷനറി അര്‍ഥം സ്വയം മെനഞ്ഞെടുക്കുകവഴി ഈ കവി ഉദ്ദേശിക്കുന്നത് തന്നെത്തന്നെ ഒളിച്ചുവയ്ക്കാനാണ്. വാക്കില്‍ അര്‍ഥം ഒളിഞ്ഞിരിക്കുന്നതുപോലെ, കവിതകളില്‍ തന്നെത്തന്നെ ഒളിച്ചുവയ്ക്കുന്ന ഭീതിയുടെ ഒരു സാംസ്കാരിക മറഞ്ഞിരിക്കല്‍.


'മൈര് '  എന്നതിന് പകരം മുടിയുടെ തമിഴന്‍ വിശേഷണം എന്നെഴുതുന്നതിലൂടെ ലഭിക്കുന്ന ഒരു സാംസ്കാരിക ഭദ്രതയുണ്ട്. പദവിസംരക്ഷണവ്യഗ്രതയുണ്ട്. ഈ പദവിസംരക്ഷണം, പുതിയ കാലത്തിന്റെ മര്യാദകളോട്  പൊരുത്തപ്പെടുകയെന്നതാണ്. ഈ പദവിവ്യഗ്രതകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള അര്‍ത്ഥതലത്തിലെ സാമൂഹികബോധ്യവും പ്രതികരണവുമാണ് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് ബലമുള്ള അടിത്തറ നല്‍കുന്ന ഒരു ഘടകം. അതുകൊണ്ടാണ് ഭാഷയിലെ ഞാന്‍ എന്ന  മിത്തിനെ എംഎസ്.ബനേഷ്, അപനിര്‍മിക്കുന്ന  ശക്തമായ ഹാസ്യത്തിലൂടെ പൊളിച്ചെറിയുന്നത്. ആ ഞാന്‍ ആണ് കവിതയിലെമ്പാടും നെഞ്ചുംവിരിച്ചു തല കുനിക്കുന്ന ഞാന്‍. ആ ഞാന്‍ പുതിയ കാലത്തിലെ വ്യക്തി (വ്യക്തിബിംബം) ആണ്. 

വ്യക്തിഭാവത്തിന്റെ മൌനവും മുറിക്കുന്ന ഹാസ്യവും സൃഷ്ടിക്കാന്‍ എംഎസ് ബനേഷിനു കഴിഞ്ഞത് കാലത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആ കാലം വളരെ പ്രകടമായ ചില ദൃശ്യവല്‍കരണത്തിന് വിധേയമായിത്തന്നെ കവിതകളില്‍ വരുന്നുണ്ട്. 
'തൊമ്മിയുടെ തിയ്യറ്റര്‍ ഇന്നില്ല.
വീസീഡികളും ഫോണ്‍ ക്യാമറകളും  

കറുത്ത എറുമ്പുകളെപ്പോലെ 
മഞ്ചലുകളുമായി വന്നു.'
                   (ഇരട്ട)
'ഒരു പൈന്റ് നിള  
എന്ന് പറയുമോ
ഓള്‍ഡ്‌ കാസ്ക് റമ്മിന്റെ 
മുഴുക്കുപ്പിയില്‍ 
പകുതി കിട്ടിയ 
ഭാരതപ്പുഴയെ.'
                    (അടക്കം)
എന്നെല്ലാം എംഎസ്.ബനേഷ് എഴുതുന്നത്‌ ആഗോളീകരിക്കപ്പെട്ട കേരളീയ ജീവിതത്തിന്റെ അപകടമുഖം കണ്ടറിഞ്ഞത്‌ കൊണ്ടാണ്. വെല്ലുവിളിക്കുന്ന ഹാസ്യവും ഇമ്മാതിരിയുള്ള തുറന്നെഴുത്തും കാലത്തോടുള്ള സചേതനമായ പ്രതികരണം ആണ്. ഈ പ്രതികരണം അനുഭാവാത്മകമാണ്. സാധാരണയായി ചിലര്‍ സര്‍വ്വപുച്ഛതലത്തില്‍ നിന്നുകൊണ്ടാണ് ഈ അനുഭവങ്ങളോട് പ്രതികരിക്കുക. പക്ഷെ എംഎസ്.ബനേഷ് തന്നെക്കൂടി ആവിഷ്കരിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നിര്‍വഹിക്കുന്നത്. ഇത് എല്ലാത്തരം ആദര്‍ശവത്കരണങ്ങളില്‍ നിന്നും 'ഞാന്‍ ' മോചിതനാണെന്ന്  കൂടിയുള്ള  പ്രഖ്യാപനമാണ്.  ഇവിടെ കവിത ആദര്‍ശവല്‍കരിക്കപ്പെട്ട ദാര്‍ശനികതയോ മുഖം മൂടിയോ അല്ല; ജീവിതത്തിന്റെ സമകാലച്ഛായാഗ്രഹണമാണ്. ഇതാണ് 'കബഡി'യില്‍ പുതിയ കളിജീവിതങ്ങള്‍ക്കെതിരെയുള്ള അലംഭാവമായും 'ഇരട്ട'യില്‍ സ്വത്വശൈഥില്യത്തിനെതിരെയുള്ള രേഖപ്പെടുത്തലായും 'കല്ല്യാണക്കാസ്സെറ്റ്  വീണ്ടും കാണലി'ല്‍ അതിയഥാര്‍ത്ഥതയുടെ സൃഷ്ടാവായ ക്യാമറയോടുള്ള മധ്യവര്‍ഗ അപകര്‍ഷമായും 'തെണ്ടി'യില്‍ കപട മതേതരത്വത്തിന്റെ ആവിഷ്കാരമായും 'അടക്ക'ത്തില്‍ പാരിസ്ഥിതിക നാശത്തിന്റെ അറിയിപ്പായും 'കണ്ടുകൊണ്ടേനി'ല്‍ മത-വര്‍ഗീയത കീഴ്പ്പെടുത്തുന്ന പൊതുമണ്ഡലത്തോടുള്ള ജാഗ്രതയായും 'ഭയോഡാറ്റ'യില്‍ ഗുജറാത്താനന്തര വിചാരമായും 'പുരുഷനിതംബമേ'യില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടതിനോടുള്ള സഹാനുഭാവമായും 'കേരളീയ ചിത്രകല'യില്‍ ദൃശ്യാധിനിവേശിത  ജീവിതത്തിന്റെ കളങ്ങള്‍ ആയും 'ആനയെ കുളിപ്പിക്കുന്ന വിധ'ത്തില്‍ വിപണിജീവിതത്തോടുള്ള വിമര്‍ശനമായും കവിതയുടെ അസ്ഥിവാരം തൊട്ടേ പ്രഖ്യാപിക്കപ്പെടുന്ന പ്രതിമനസ്സും പ്രതികരണവും. അതിലൂടെ വായനക്കാര്‍ അവരവരെത്തന്നെ വായിക്കുന്നു. അതിനു വലിയ ദാര്‍ശനിക മര്യാദകളുടെയൊന്നും കാപട്യങ്ങള്‍ ആവശ്യമില്ലെന്നാണ് എംഎസ് ബനേഷിന്റെ പക്ഷം. ഈ പക്ഷപാതമാണ്  'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന  കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇതൊരു ഒഎന്‍വി വിമര്‍ശനമാണ്. 
  
ലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ അനുഭവപ്പെടുന്ന സകല കാപട്യങ്ങളെയും വിമര്‍ശനപരമായി 'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന കവിത സമീപിക്കുന്നു. കവിതയുടെ പാരമ്പര്യത്തെ ഏതെല്ലാം വിധത്തില്‍ പൊളിച്ചെഴുതാനാകുമെന്ന് സാംസ്കാരിക വിമര്‍ശനത്തിന്റെ ഭാഷയില്‍ ശ്രമിക്കുകയാണിതില്‍. കാവ്യ ഭാഷയും കാവ്യ വിഷയവും സമകാലത്തില്‍ നിന്നും കാവ്യലക്ഷ്യത്തില്‍ നിന്നും വേറിട്ടതല്ലെന്നു ബോധ്യപ്പെടുത്താന്‍ ഈ കവിതയ്ക്ക് കഴിയും. 
'ഭാഷയാലൊരു വട്ടമെങ്കിലും
ഋജുസഞ്ചാരിയാകും ഞാന്‍,  
ഭാഷണത്തിന്‍ പിഴ കൊണ്ടെന്‍ 
ചെകിട്ടത്തടി കൊണ്ടാലും'
എന്ന വരികളിലുണ്ട് സാംസ്കാരിക വിമര്‍ശനത്തിന്റെ ആ പ്രഖ്യാപനം. ഋജുസഞ്ചാരത്തിന്റെ ഒരു പഥമല്ല, ഋജുസഞ്ചാരത്തെക്കുറിച്ച്  എഴുതുന്ന ജീവിതമാണ് വേണ്ടതെന്ന അര്‍ത്ഥതലത്തിലെ   വൈരുധ്യാത്മകതയാണ് ആക്ഷേപാലങ്കാരത്തില്‍ എഴുതപ്പെട്ട ഈ കവിതയുടെ കരുത്ത്.

കവിതയുടെ നിലപാടും സാമ്പത്തിക വൈരുധ്യവും

രു വിമോചന പ്രത്യയശാസ്ത്രത്തിനും തുടച്ചുനീക്കാനാകാത്ത അധമത്വത്തിന്റെ രാഷ്ട്രീയാവബോധമാണ് 'അടിയന്‍', 'ചെന്നായ', 'കാരണവര്‍' തുടങ്ങിയ കവിതകളുടെ സ്വരം. നെഞ്ചുംവിരിച്ച്  തലകുനിക്കാന്‍ പ്രേരിപ്പിക്കുന്ന വികാരമാണ് ഈ അധമത്വം. ഇതിനു പിന്നിലെ സാമ്പത്തിക വൈരുദ്ധ്യത്തിന്റെ തലം സൂക്ഷ്മമായി രേഖപ്പെടുത്താന്‍ കഴിയുന്നുവെന്നത്‌ ഈ കവിതകളുടെ മികവാണ് . ഇതുതന്നെ ഒരു കാവ്യനിലപാടായിത്തീരുന്നുണ്ട്. ഈ നിലപാടിന്റെ പ്രശ്നമുഖമാണ് അനുഭവങ്ങളുടെ സാമൂഹികാംശത്തെ സമകാലകേരളീയപരിസരത്തിന്റെ എല്ലാത്തരം പൊള്ളത്തരങ്ങളെയും ആവിഷ്കരിക്കാനുള്ള കരുത്ത് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് നല്‍കുന്നത്. എങ്കിലും അമിതമായ ദൃശ്യപരതയും ദൃശ്യഭാഷയുടെ ത്രീഡയമെന്‍ഷണല്‍  വികാരത്തിലേക്ക് എത്താനുള്ള വ്യഗ്രതയും പുതിയൊരു ഭാഷ അന്വേഷിക്കുകയെന്ന ധര്‍മ്മത്തെ തടസ്സപ്പെടുത്തുന്നുണ്ട്. പക്ഷെ, കവിത സാരാംശമല്ല, സര്‍വസ്വവുമാണെന്ന ഓര്‍മ്മ  എംഎസ് ബനേഷിന്റെ കവിതകള്‍ നല്‍കുന്നു. രാജവെമ്പാല എന്ന  കവിതയിലെ 'മിന്നല്‍ പോല്‍ ഓര്‍ക്കുക 
                      ഒച്ചിനെപ്പോലെ പായുമ്പോള്‍ '-എന്ന  പ്രയോഗം തിരിചിട്ടുപറഞ്ഞാല്‍, ഒച്ചിനെപ്പോലെങ്കിലും ഓര്‍ക്കുക, മിന്നല്‍ പോല്‍ പായുമ്പോള്‍-എന്ന് പുതിയ കാലത്തിന്റെ വേഗത്തെ പാഠാന്തരം ചെയ്യുന്ന കവിതകളാണ് 'നെഞ്ചും വിരിച്ച് തലകുനിക്കുന്നു' എന്ന കാവ്യസമാഹാരത്തിന്റെ ശക്തി.

-------------------------------------------------------------------------------

Wednesday, February 12, 2014

അകാല്പനികതയുടെ ഐറണിപ്പാടങ്ങള്‍



     'എത്ര ശ്രമിച്ചിട്ടും പേരിടാന്‍ കഴിയാത്ത കവിത' എന്ന പേരില്‍ ഒരു കവിതയുണ്ട് എംഎസ് ബനേഷിന്റെ 'കാത്തുശിക്ഷിക്കണേ' എന്ന കവിതാസമാഹാരത്തില്‍.
'ഉപയോഗിക്കാന്‍ കഴിയാത്തവിധം വാക്കുകള്‍ വ്യഭിചരിക്കപ്പെട്ടുപോയി' എന്ന പ്രഖ്യാപനത്തോടെയാണ് ഈ കവിത ആരംഭിക്കുന്നത്. ഭാഷ തടവിലോ മൃതിയിലോ എന്നു ശങ്കിച്ചുകൊണ്ട് മൗനത്തിലേക്കാണ്ടുപോകുന്ന ഈ കവിമനസ്സ് , ഭാഷയുടെ അലങ്കാരങ്ങള്‍ ഇനി എനിക്കുവേണ്ട എന്ന് പ്രഖ്യപിക്കുന്നുമുണ്ട്. അലങ്കരിക്കപ്പെട്ട ഭാഷ പലപ്പോഴും വിവക്ഷിതത്തെയല്ല സൂചിപ്പിക്കുക. ഭാഷ നഗ്നമാകുമ്പോള്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളും. നമ്മള്‍ അതിജീവിക്കും എന്ന് പ്രഖ്യാപിക്കുമ്പോള്‍ ''നമ്മള്‍ ആത്മഹത്യചെയ്യും'' എന്ന അര്‍ത്ഥം കൊടുത്തുകൊണ്ട് ഭാഷ ഭാഷയെത്തന്നെയും മനുഷ്യനെയും വഞ്ചിക്കുകയാണെന്ന നിഗമനത്തിലേക്കും ഈ കവിത നീണ്ടുപോകുന്നുണ്ട്. ഇത്തരം അവസ്ഥാന്തരങ്ങളെ മറികടക്കാനുള്ള ഒരു പരിശ്രമം 'കാത്തു ശിക്ഷിക്കണേ' എന്ന കവിതാപുസ്തകത്തിലുടനീളം കാണാം.

    'കാത്തുരക്ഷിക്കണേ' എന്നത് ഒരു പ്രാര്‍ത്ഥനയുടെ പതിവ് പരിസമാപ്തിയാണ്. അതിനു പകരം കാത്തുശിക്ഷിക്കണേ എന്ന്  പ്രാര്‍ത്ഥിക്കുന്ന വിരുക്തിയില്‍ അന്തര്‍ലീനമായിരിക്കുന്നത് കടുത്ത ആത്മനിന്ദയും ഉപഹാസവുമാണ്. ഈ വിധം ഭാഷയുടെ പരിമിതിയെ മറികടക്കുകയും സാദ്ധ്യതയുടെ അടഞ്ഞ വാതിലുകള്‍ ചവിട്ടിത്തുറക്കുകയും ചെയ്യുന്ന ഒരു കാവ്യരീതി ശീര്‍ഷകങ്ങളിലെന്ന പോലെ വരികളിലും വരികള്‍ക്കിടയിലും പിന്തുടരുകയാണ് എം.എസ്.ബനേഷ് ചെയ്യുന്നത്.

   നമ്മുടെ പുറംപൂച്ചുകളും ബാഹ്യമോടികളും കൊണ്ട് നിര്‍മ്മിച്ചെടുത്ത കപടമായ സദാചാരത്തിന്റെയും, കാരുണ്യം സ്‌നേഹം തുടങ്ങിയ വികാരങ്ങളുടെ കൃത്രിമമായ     പ്രകടനങ്ങളുടെയും പ്രച്ഛന്നതകളെ, വാക്കുകളുടെ ബലപ്രയോഗത്തിലൂടെ അഴിച്ചുമാറ്റുകയും അങ്ങിനെ വിവസ്ത്രമാകുമ്പോഴുള്ള ജാള്യതയും അസ്വസ്ഥതയും വെപ്രാളവും കവിതയിലാവിഷ്‌കരിക്കുകയുമാണ് ബനേഷ് ചെയ്യുന്നത്. എത്ര ഒളിച്ചു വെച്ചാലും, കയ്യോടെ പിടികൂടപ്പെടുന്ന കള്ളനില്‍നിന്നും തൊണ്ടിമുതല്‍ എടുത്തുയര്‍ത്തിക്കാട്ടുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന ജാള്യതയും അസ്വസ്ഥതയും ഇതിനുസമാനമാണ്. കവി എന്നെയും നിങ്ങളെയും കയ്യോടെ പിടിക്കുകയും നമ്മില്‍ നിന്നും തൊണ്ടി മുതല്‍ എടുത്തുയര്‍ത്തിക്കാട്ടി നമ്മള്‍ കള്ളന്മാരാണെന്ന് പറയുകയും ചെയ്യുകയാണ്. ചിലപ്പോള്‍ താനും ഒരു കള്ളനാണെന്ന് സമ്മതിക്കുന്ന സത്യസന്ധത ബനേഷ് തന്റെ കവിതകളില്‍ പാലിക്കുകയും ചെയ്യുന്നുണ്ട്.  

    'രുചിയില്‍ നീ' എന്ന കവിതയില്‍ 'കാവ്യത്തിലാവാം കരു/ണാര്‍ദ്രതയെന്നാകിലും രുചിയില്‍ നിന്റെ മൃദു/മാംസമാണെനിക്കിഷ്ടം' എന്നെഴുതികൊണ്ട് താനും ഈ വിധം ഒരു കള്ളനാണെന്ന് സമ്മതിക്കുകയാണ് കവി ചെയ്യുന്നത്.


ബക്കര്‍ മേത്തല  
ഭാഷയുടെ വിപുലീകരണവും ശാക്തീകരണവും കവിതകളുടെ ലക്ഷ്യമല്ലെങ്കിലും കവിതയോടൊപ്പം അത് സംഭവിക്കാറുണ്ട്; സംഭവിക്കേണ്ടതുമുണ്ട്. ബനേഷിന്റെ കവിതകളില്‍ ബോധപൂര്‍വ്വം ഈ പ്രക്രിയനടക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകളുടെ വക്രീകരണത്തിലൂടെയായാലും വാക്കുകളുടെ വെളുത്ത അര്‍ത്ഥത്തേക്കാള്‍ കറുത്ത അര്‍ത്ഥങ്ങളിലേക്ക് കവിതയുടെ ആത്മാവിനെ ആനയിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ.
    ഒന്ന്: 'മണല്‍ മാഫിയയോട് പ്രിയപ്പെട്ടു' രണ്ട്: 'ഒരേപൂര്‍ണ്ണവിരാമത്തിലേക്ക് വികസിക്കാനുള്ളവരെന്ന് സന്തോഷപ്പെട്ടു' മൂന്ന്: 'സ്ത്രീകള്‍ക്ക് മലമൂത്ര സര്‍ജ്ജനങ്ങളില്ലെന്ന് കാല്പനികപ്പെട്ടു.' ഇതുപോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ടതില്‍. പണ്ട് മഹാകവി തോലന്‍ 'അന്നം പോലെ നടക്കുന്നവളേ' എന്ന അര്‍ത്ഥത്തില്‍ 'അന്നൊത്തപോക്കീ' എന്നും കുയിലിനെപ്പോലെ പാടുന്നവളേ എന്ന അര്‍ത്ഥത്തില്‍ 'കുയിലൊത്തപാട്ടീ' എന്നും പ്രയോഗിച്ചതിലെ സാരസ്യത്തോടടുത്തുനില്‍ക്കുന്ന ഒരു മധുരിമയും ഇവിടെ അനുഭവിക്കാം.

   'ചിക്പുക് ചിക്പുക് റെയിലേ' എന്ന കവിതയില്‍ തീവണ്ടിയുടെ ശബ്ദത്തെ ഉറക്കമുണര്‍ന്നിരുന്നു പാടുന്ന പക്ഷിയായും പക്ഷിയുടെ പാട്ടായും ആ പാട്ട് നാം മാനം കെടുത്തിയ ഭാഷയാവാം, 'കടന്നുപോ പുറത്തെന്ന് നാം ഇറക്കിവിട്ട അമ്പത്തൊന്നക്ഷരങ്ങളാവാം' എന്ന് കവി സംശയിക്കുന്നുണ്ട്. ഭാഷയെക്കുറിച്ച് തനിക്കുള്ള വേവലാതികള്‍ ഈ വിധം പല ഘട്ടങ്ങളിലും ഈ കവി പങ്കുവെയ്ക്കുന്നുണ്ട്.

    ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്ന കവിതകളാണ് ഇതില്‍ ഏറെയും. മങ്ങിയ ചുരിദാറും പിഞ്ഞിയ ബ്രായുമിട്ട ഒരു ലാബ് ടെക്‌നീഷ്യന്റെ ജീവിതം ബി.പി.എല്‍.എന്ന് രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡില്‍ മണ്ണെണ്ണയോളം ആളുന്നത്
'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ഒരു പൊള്ളലായി നാമറിയുന്നുണ്ട്. മൂത്രം തീര്‍ത്ഥമായും മലം നിവേദ്യമായും കഫം മുല്ലപ്പൂവായും വിരിയുകയും ചെയ്യുന്ന അവളുടെ ജീവിതം നിവേദ്യങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആദിമദേവതയെപ്പോലെ നശ്വരയാണ് അവള്‍ എന്ന് എഴുതുന്നിടത്ത്, വീണടിഞ്ഞുപോകുന്ന ദരിദ്ര ജീവിതങ്ങളുടെ സത്യത്തെക്കുറിച്ച് ഇപ്പോഴും പാട്ടുകള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന തിരിച്ചറിവ് രേഖപ്പെടുന്നുണ്ട്.

    ജീവിതത്തില്‍ നിന്നും സ്വയം ഔട്ടാകേണ്ടി വന്ന ജീവിതങ്ങള്‍ക്കും ഈ കവിതാപുസ്തകത്തില്‍ ചില സ്മാരകങ്ങള്‍ പണിതിട്ടുണ്ട്. 'ശയനം', 'ശേഖരേട്ടന്റെ മരണം എക്‌സ്ട്രാപവര്‍', 'വിഷയാസക്തന്‍', 'മരിച്ചവരുടെ നമ്പറുകള്‍', 'കൗണ്ട്ഡൗണ്‍' തുടങ്ങിയ കവിതകളാണ് ആ സ്മാരകങ്ങള്‍. പരിശുദ്ധരുടേയും ആത്മപീഡനമനുഭവിക്കുന്നവരുടെയും ഒരു കോറസ് ഈ സ്മാരകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരശരീരിപോലെ ഉയരുന്നതും നമുക്ക് കേള്‍ക്കാനാവും, ചെവി ചേര്‍ത്തുവച്ചാല്‍.
   
  
ആള്‍ദൈവങ്ങളും കന്യാസ്ത്രീകളും ആരാധനാപാത്രങ്ങളായിമാറുന്നത് അവരുടെ മനുഷ്യസഹജമായ ചോദനകളെ പലപ്പോഴും നമ്മള്‍ മൈനസ് ചെയ്ത് കളയുമ്പോഴാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇത്തരം ജുഗുപ്‌സതകളെ ഓര്‍മ്മകളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഈ പൂജിത ബിംബങ്ങളെ ബനേഷ് ഉടച്ചുകളയുന്നത് കാണുക.
    'കന്യാസ്ത്രീക്ക് വായ്‌നാറ്റമോ/മലമൂത്രസര്‍ജ്ജനമോ, എക്കിളോ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു' (അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും)
   
    എത്ര സുന്ദരിയാണെങ്കിലും ക്ലോസറ്റില്‍ വെള്ളമൊഴിക്കാന്‍ മറന്നാലുണ്ടാകുന്ന അവസ്ഥയെ അവള്‍ ചന്ദനം ചാര്‍ത്തിനിന്നാലും  മറക്കാന്‍ കഴിയില്ല. 'ഊട്ടിയില്‍ ഒരു പ്രണയകാലത്ത്'  എന്ന കവിതയില്‍ ഇത്തരം മനംപിരട്ടലുകളിലേക്കും കവി നമ്മെ കൊണ്ടു പോകുന്നുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ , പറയാനിഷ്ടപ്പെടാത്തതും കാണാനറപ്പുള്ളതുമായ പലതുമാണ് ജീവിതത്തിന്റെ സത്യങ്ങള്‍ എന്നൊരു കൂവിപ്പറയലും ഇവിടെയുണ്ട്. 
   
    'തെക്കോട്ടിറക്കം' എന്ന കവിതയില്‍ 'ചെയ്യാത്ത തെറ്റിന് ദളിതനെ തല്ലുന്ന പോലീസുപോല്‍ ക്രൂരവേനല്‍' എന്ന ഒരു പ്രയോഗത്തിലൂടെ ഭരണകൂടങ്ങള്‍ മാറിമാറി വന്നാലും സാമൂഹ്യനീതിയുടെ കപ്പലുകള്‍ ഒരിക്കലും കരക്കടുക്കാന്‍ സമ്മതിക്കാത്ത സവര്‍ണ്ണ/ രാഷ്ട്രീയധാര്‍ഷ്ട്യങ്ങളുടെ കരിങ്കൊടികള്‍ കാര്‍മേഘങ്ങളെപ്പോലെ ഇപ്പോഴും പാറിക്കളിക്കുന്നത് കവി ചൂണ്ടിക്കാട്ടുന്നു.
'തീരാമഴയിലും ദാഹനീര്‍
 കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
 ചായം തേച്ച കിനാനദിയെ
 കുപ്പിയില്‍ത്തന്നുകൊള്ളണേ' എന്ന് 'കാത്തുശിക്ഷിക്കണേ' എന്ന കവിതയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജലസമൃദ്ധിയുടെ പുഴയാഘോഷങ്ങളെ (സ്വപ്നങ്ങളടക്കം) കുപ്പിയിലൊതുക്കേണ്ടിവരുന്ന നവകാല വിപര്യയങ്ങളിലേക്ക് ഞാന്‍ കണ്‍തുറന്നിരിക്കുന്നു എന്ന ഒരാണയിടലുമുണ്ട് കവിയുടേതായിട്ട്.

   
'തണുപ്പിന്‍ സുരതത്തിന്മേല്‍
തീ കാഞ്ഞുനില്‍ക്കുന്നു
ഞാന്‍ കൊന്ന കൂട്ടുകാരന്‍്' എന്നും
'ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം' എന്നും വിഭ്രമാത്മകമായ ഒരന്തരീക്ഷസൃഷ്ടി നടത്തിക്കൊണ്ടാണ് 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു'  എന്ന കവിത രൂപപ്പെടുത്തിയിട്ടുള്ളത്. 'തെക്കോട്ടിറക്കം' എന്ന കവിതയില്‍
'പൊന്തുമോ പൂങ്കണിക്കൊന്നപോല്‍ ദേഹത്ത്
 തീയായ് തണുപ്പിക്കും ബോധവസൂരികള്‍' എന്നെഴുതുമ്പോള്‍ വസൂരിയെ കണിക്കൊന്നപ്പൂവിനോട് സാദൃശ്യപ്പെടുത്തിയും പൊള്ളിക്കുന്നതിനുപകരം തണുപ്പിക്കുന്ന, തീയിന്റെ വിപരീത ഗുണത്തിലൂന്നിയും ഭാഷയുടെ പതിവു പ്രയോഗങ്ങളെ കവി നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഭാഷയെ നവീകരിക്കുകയുമാണ് ചെയ്യുന്നത്.
   

 ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സമകാലീന ജീവിതത്തെ പരമാവധി തോണ്ടി പുറത്തിടുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകള്‍. പ്രണയവും ലൈംഗികതയും രാഷ്ട്രീയവും ജീവിതദര്‍ശനങ്ങളുമെല്ലാം ഈ കാലത്ത് ഏതുവിധേനയെല്ലാം അര്‍ത്ഥരഹിതമായിരിക്കുന്നു എന്ന് കൂത്തുപറയുന്ന ചാക്യരുടെ ഹാസ്യ വൈഭവത്തോടെയാണ് ബനേഷ് പറഞ്ഞു ഫലിപ്പിക്കുന്നത്. കേവല ഹാസ്യത്തിനുപകരം കറുത്ത ഹാസ്യം കാവ്യ നിര്‍മ്മിതിയില്‍ ഏതു വിധം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതിന് ദൃഷ്ടാന്തമാണ് ഇതിലെ പല കവിതകളും. അതിനായി ഭാഷയെ പരമാവധി അകാല്പനികവും
അനാര്‍ഭാടമാക്കുകയും ഐറണി (വിരുദ്ധോക്തി)യുടെ പാടത്ത് ആക്ഷേപഹാസ്യത്തിന്റെ വിത്തിറക്കുകയുമാണ് കവി ചെയ്യുന്നത്.
   
   ഇങ്ങിനെയൊക്കെയാണെങ്കിലും 'ക്ഷുഭിതയാത്രകള്‍ ദീപ്തങ്ങളാകണേ'(മോചനം) എന്ന പ്രാര്‍ത്ഥന ജീവിതയാത്രയിലുടനീളം കവി ഊന്നുവടിയാക്കുന്നുമുണ്ട്. മൂടി നില്‍ക്കുന്ന ഇരുളിനിടയിലും പ്രത്യാശയുടെ ഒരു തരിവെട്ടം വിദൂരതയിലെവിടെയോ മിന്നുന്നുണ്ടെന്ന ഒരുറച്ച ബോധം ഈ കവിതകളില്‍ ആത്മബലമായി വര്‍ത്തിക്കുന്നുണ്ട്.

(ഇന്ത്യ ടുഡേ, ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, January 6, 2010

ബനേഷിന്റെ ഉള്ളുരുക്കം-ഡി. വിനയചന്ദ്രന്‍

                                                                    അതിഥിവാക്ക് 
                                                                  ഡി വിനയചന്ദ്രന്‍ 

പ്പോള്‍ വല്ലപ്പോഴും ഒരു കവിതയുടെ ഇടവും സൗഹൃദവുമായി ബനേഷിനെ ആനുകാലികങ്ങളില്‍ കാണാറുണ്ട്‌. തിരക്കില്ലാതെ കവിതയ്ക്ക് വേണ്ട കനലടക്കവും പുതുരശ്മികളുമായി 'നെഞ്ചും വിരിച്ചു തലകുനിക്കുന്നു' എന്ന സമാഹാരം സവിശേഷതകള്‍ കൊണ്ട് നമ്മെ ക്ഷണിച്ചിരുത്തും. തുറക്കല്‍ എന്ന കവിതയുടെ തുടക്കം: 'കൊലയാളിയുടെ പഴ്സിലും/ ഒരു കുടുംബ ചിത്രമുണ്ടാകും./പഴയ സമൂസയുടെ എണ്ണയോ/പപ്പടത്തിന്റെ ഒരരികോ പടര്‍ന്നത് '....അത് വായിച്ചു തീര്‍ക്കാതെ നാം പിന്‍വാങ്ങില്ല. അടിയന്‍ എന്ന കവിത പേടിയുടെ ഭൂപടങ്ങള്‍ വരയുന്നു.: 'ഒരേയൊരു തവണ/പോകാന്‍ പറഞ്ഞതാണെന്ന് കരുതി/മറ്റെല്ലാ തെറ്റും ഇറയത്തു തന്നെ വച്ച് / ഒറ്റ തെറ്റുമായി പറമ്പില്‍ ഇറങ്ങി /മൂത്രമൊഴിച്ചു തിരിച്ചു വന്നു/മറ്റൊരു പേടി.'....

   'രട്ട' എന്ന കവിത സാമൂഹിക വാസ്തവത്തിന്റെ കാഠിന്യത്തിന്റെ സങ്കീര്‍ണമായ  പ്രതിധ്വന്ദി സ്വഭാവം ജ്വലിപ്പിക്കുന്നു. ഛെന്നായ, മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്, താന്‍ കുറേ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്, തുടങ്ങിയ കാവ്യനാമങ്ങള്‍ തന്നെ നൂതനമായ ഒരു കാവ്യപാഥേയത്തിന്റെ പൊരുള്‍ അടക്കുന്നു. പല കവിതകളിലും ഫലിതത്തിന്റെ കാര്‍ക്കശ്യവും കുസൃതിയുമുണ്ട്.ഛന്ദസ്സിന്റെയും വര്‍ത്തമാനത്തിന്റെയും പൊളിച്ചെഴുത്തിന്റെയും വഴക്കങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആകെയും പുതുകവിതയുടെ ദിനങ്ങളില്‍ മൂരി നിവര്‍ത്തുന്ന ജലത്തിന്റെ സാരാംശങ്ങളും രൂപാന്തരങ്ങളും ആയ ഈ നടപ്പിന് വ്യാകുലമായ വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുകലാണുള്ളത്.
                                         -(2008ല്‍ മാധ്യമം ദിനപ്പത്രത്തിലെ സ്വന്തം കോളത്തില്‍ വിനയചന്ദ്രന്‍മാഷ് എഴുതിയത്)