Wednesday, February 12, 2014

അകാല്പനികതയുടെ ഐറണിപ്പാടങ്ങള്‍



     'എത്ര ശ്രമിച്ചിട്ടും പേരിടാന്‍ കഴിയാത്ത കവിത' എന്ന പേരില്‍ ഒരു കവിതയുണ്ട് എംഎസ് ബനേഷിന്റെ 'കാത്തുശിക്ഷിക്കണേ' എന്ന കവിതാസമാഹാരത്തില്‍.
'ഉപയോഗിക്കാന്‍ കഴിയാത്തവിധം വാക്കുകള്‍ വ്യഭിചരിക്കപ്പെട്ടുപോയി' എന്ന പ്രഖ്യാപനത്തോടെയാണ് ഈ കവിത ആരംഭിക്കുന്നത്. ഭാഷ തടവിലോ മൃതിയിലോ എന്നു ശങ്കിച്ചുകൊണ്ട് മൗനത്തിലേക്കാണ്ടുപോകുന്ന ഈ കവിമനസ്സ് , ഭാഷയുടെ അലങ്കാരങ്ങള്‍ ഇനി എനിക്കുവേണ്ട എന്ന് പ്രഖ്യപിക്കുന്നുമുണ്ട്. അലങ്കരിക്കപ്പെട്ട ഭാഷ പലപ്പോഴും വിവക്ഷിതത്തെയല്ല സൂചിപ്പിക്കുക. ഭാഷ നഗ്നമാകുമ്പോള്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളും. നമ്മള്‍ അതിജീവിക്കും എന്ന് പ്രഖ്യാപിക്കുമ്പോള്‍ ''നമ്മള്‍ ആത്മഹത്യചെയ്യും'' എന്ന അര്‍ത്ഥം കൊടുത്തുകൊണ്ട് ഭാഷ ഭാഷയെത്തന്നെയും മനുഷ്യനെയും വഞ്ചിക്കുകയാണെന്ന നിഗമനത്തിലേക്കും ഈ കവിത നീണ്ടുപോകുന്നുണ്ട്. ഇത്തരം അവസ്ഥാന്തരങ്ങളെ മറികടക്കാനുള്ള ഒരു പരിശ്രമം 'കാത്തു ശിക്ഷിക്കണേ' എന്ന കവിതാപുസ്തകത്തിലുടനീളം കാണാം.

    'കാത്തുരക്ഷിക്കണേ' എന്നത് ഒരു പ്രാര്‍ത്ഥനയുടെ പതിവ് പരിസമാപ്തിയാണ്. അതിനു പകരം കാത്തുശിക്ഷിക്കണേ എന്ന്  പ്രാര്‍ത്ഥിക്കുന്ന വിരുക്തിയില്‍ അന്തര്‍ലീനമായിരിക്കുന്നത് കടുത്ത ആത്മനിന്ദയും ഉപഹാസവുമാണ്. ഈ വിധം ഭാഷയുടെ പരിമിതിയെ മറികടക്കുകയും സാദ്ധ്യതയുടെ അടഞ്ഞ വാതിലുകള്‍ ചവിട്ടിത്തുറക്കുകയും ചെയ്യുന്ന ഒരു കാവ്യരീതി ശീര്‍ഷകങ്ങളിലെന്ന പോലെ വരികളിലും വരികള്‍ക്കിടയിലും പിന്തുടരുകയാണ് എം.എസ്.ബനേഷ് ചെയ്യുന്നത്.

   നമ്മുടെ പുറംപൂച്ചുകളും ബാഹ്യമോടികളും കൊണ്ട് നിര്‍മ്മിച്ചെടുത്ത കപടമായ സദാചാരത്തിന്റെയും, കാരുണ്യം സ്‌നേഹം തുടങ്ങിയ വികാരങ്ങളുടെ കൃത്രിമമായ     പ്രകടനങ്ങളുടെയും പ്രച്ഛന്നതകളെ, വാക്കുകളുടെ ബലപ്രയോഗത്തിലൂടെ അഴിച്ചുമാറ്റുകയും അങ്ങിനെ വിവസ്ത്രമാകുമ്പോഴുള്ള ജാള്യതയും അസ്വസ്ഥതയും വെപ്രാളവും കവിതയിലാവിഷ്‌കരിക്കുകയുമാണ് ബനേഷ് ചെയ്യുന്നത്. എത്ര ഒളിച്ചു വെച്ചാലും, കയ്യോടെ പിടികൂടപ്പെടുന്ന കള്ളനില്‍നിന്നും തൊണ്ടിമുതല്‍ എടുത്തുയര്‍ത്തിക്കാട്ടുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന ജാള്യതയും അസ്വസ്ഥതയും ഇതിനുസമാനമാണ്. കവി എന്നെയും നിങ്ങളെയും കയ്യോടെ പിടിക്കുകയും നമ്മില്‍ നിന്നും തൊണ്ടി മുതല്‍ എടുത്തുയര്‍ത്തിക്കാട്ടി നമ്മള്‍ കള്ളന്മാരാണെന്ന് പറയുകയും ചെയ്യുകയാണ്. ചിലപ്പോള്‍ താനും ഒരു കള്ളനാണെന്ന് സമ്മതിക്കുന്ന സത്യസന്ധത ബനേഷ് തന്റെ കവിതകളില്‍ പാലിക്കുകയും ചെയ്യുന്നുണ്ട്.  

    'രുചിയില്‍ നീ' എന്ന കവിതയില്‍ 'കാവ്യത്തിലാവാം കരു/ണാര്‍ദ്രതയെന്നാകിലും രുചിയില്‍ നിന്റെ മൃദു/മാംസമാണെനിക്കിഷ്ടം' എന്നെഴുതികൊണ്ട് താനും ഈ വിധം ഒരു കള്ളനാണെന്ന് സമ്മതിക്കുകയാണ് കവി ചെയ്യുന്നത്.


ബക്കര്‍ മേത്തല  
ഭാഷയുടെ വിപുലീകരണവും ശാക്തീകരണവും കവിതകളുടെ ലക്ഷ്യമല്ലെങ്കിലും കവിതയോടൊപ്പം അത് സംഭവിക്കാറുണ്ട്; സംഭവിക്കേണ്ടതുമുണ്ട്. ബനേഷിന്റെ കവിതകളില്‍ ബോധപൂര്‍വ്വം ഈ പ്രക്രിയനടക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകളുടെ വക്രീകരണത്തിലൂടെയായാലും വാക്കുകളുടെ വെളുത്ത അര്‍ത്ഥത്തേക്കാള്‍ കറുത്ത അര്‍ത്ഥങ്ങളിലേക്ക് കവിതയുടെ ആത്മാവിനെ ആനയിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ.
    ഒന്ന്: 'മണല്‍ മാഫിയയോട് പ്രിയപ്പെട്ടു' രണ്ട്: 'ഒരേപൂര്‍ണ്ണവിരാമത്തിലേക്ക് വികസിക്കാനുള്ളവരെന്ന് സന്തോഷപ്പെട്ടു' മൂന്ന്: 'സ്ത്രീകള്‍ക്ക് മലമൂത്ര സര്‍ജ്ജനങ്ങളില്ലെന്ന് കാല്പനികപ്പെട്ടു.' ഇതുപോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ടതില്‍. പണ്ട് മഹാകവി തോലന്‍ 'അന്നം പോലെ നടക്കുന്നവളേ' എന്ന അര്‍ത്ഥത്തില്‍ 'അന്നൊത്തപോക്കീ' എന്നും കുയിലിനെപ്പോലെ പാടുന്നവളേ എന്ന അര്‍ത്ഥത്തില്‍ 'കുയിലൊത്തപാട്ടീ' എന്നും പ്രയോഗിച്ചതിലെ സാരസ്യത്തോടടുത്തുനില്‍ക്കുന്ന ഒരു മധുരിമയും ഇവിടെ അനുഭവിക്കാം.

   'ചിക്പുക് ചിക്പുക് റെയിലേ' എന്ന കവിതയില്‍ തീവണ്ടിയുടെ ശബ്ദത്തെ ഉറക്കമുണര്‍ന്നിരുന്നു പാടുന്ന പക്ഷിയായും പക്ഷിയുടെ പാട്ടായും ആ പാട്ട് നാം മാനം കെടുത്തിയ ഭാഷയാവാം, 'കടന്നുപോ പുറത്തെന്ന് നാം ഇറക്കിവിട്ട അമ്പത്തൊന്നക്ഷരങ്ങളാവാം' എന്ന് കവി സംശയിക്കുന്നുണ്ട്. ഭാഷയെക്കുറിച്ച് തനിക്കുള്ള വേവലാതികള്‍ ഈ വിധം പല ഘട്ടങ്ങളിലും ഈ കവി പങ്കുവെയ്ക്കുന്നുണ്ട്.

    ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്ന കവിതകളാണ് ഇതില്‍ ഏറെയും. മങ്ങിയ ചുരിദാറും പിഞ്ഞിയ ബ്രായുമിട്ട ഒരു ലാബ് ടെക്‌നീഷ്യന്റെ ജീവിതം ബി.പി.എല്‍.എന്ന് രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡില്‍ മണ്ണെണ്ണയോളം ആളുന്നത്
'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ഒരു പൊള്ളലായി നാമറിയുന്നുണ്ട്. മൂത്രം തീര്‍ത്ഥമായും മലം നിവേദ്യമായും കഫം മുല്ലപ്പൂവായും വിരിയുകയും ചെയ്യുന്ന അവളുടെ ജീവിതം നിവേദ്യങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആദിമദേവതയെപ്പോലെ നശ്വരയാണ് അവള്‍ എന്ന് എഴുതുന്നിടത്ത്, വീണടിഞ്ഞുപോകുന്ന ദരിദ്ര ജീവിതങ്ങളുടെ സത്യത്തെക്കുറിച്ച് ഇപ്പോഴും പാട്ടുകള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന തിരിച്ചറിവ് രേഖപ്പെടുന്നുണ്ട്.

    ജീവിതത്തില്‍ നിന്നും സ്വയം ഔട്ടാകേണ്ടി വന്ന ജീവിതങ്ങള്‍ക്കും ഈ കവിതാപുസ്തകത്തില്‍ ചില സ്മാരകങ്ങള്‍ പണിതിട്ടുണ്ട്. 'ശയനം', 'ശേഖരേട്ടന്റെ മരണം എക്‌സ്ട്രാപവര്‍', 'വിഷയാസക്തന്‍', 'മരിച്ചവരുടെ നമ്പറുകള്‍', 'കൗണ്ട്ഡൗണ്‍' തുടങ്ങിയ കവിതകളാണ് ആ സ്മാരകങ്ങള്‍. പരിശുദ്ധരുടേയും ആത്മപീഡനമനുഭവിക്കുന്നവരുടെയും ഒരു കോറസ് ഈ സ്മാരകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരശരീരിപോലെ ഉയരുന്നതും നമുക്ക് കേള്‍ക്കാനാവും, ചെവി ചേര്‍ത്തുവച്ചാല്‍.
   
  
ആള്‍ദൈവങ്ങളും കന്യാസ്ത്രീകളും ആരാധനാപാത്രങ്ങളായിമാറുന്നത് അവരുടെ മനുഷ്യസഹജമായ ചോദനകളെ പലപ്പോഴും നമ്മള്‍ മൈനസ് ചെയ്ത് കളയുമ്പോഴാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇത്തരം ജുഗുപ്‌സതകളെ ഓര്‍മ്മകളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഈ പൂജിത ബിംബങ്ങളെ ബനേഷ് ഉടച്ചുകളയുന്നത് കാണുക.
    'കന്യാസ്ത്രീക്ക് വായ്‌നാറ്റമോ/മലമൂത്രസര്‍ജ്ജനമോ, എക്കിളോ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു' (അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും)
   
    എത്ര സുന്ദരിയാണെങ്കിലും ക്ലോസറ്റില്‍ വെള്ളമൊഴിക്കാന്‍ മറന്നാലുണ്ടാകുന്ന അവസ്ഥയെ അവള്‍ ചന്ദനം ചാര്‍ത്തിനിന്നാലും  മറക്കാന്‍ കഴിയില്ല. 'ഊട്ടിയില്‍ ഒരു പ്രണയകാലത്ത്'  എന്ന കവിതയില്‍ ഇത്തരം മനംപിരട്ടലുകളിലേക്കും കവി നമ്മെ കൊണ്ടു പോകുന്നുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ , പറയാനിഷ്ടപ്പെടാത്തതും കാണാനറപ്പുള്ളതുമായ പലതുമാണ് ജീവിതത്തിന്റെ സത്യങ്ങള്‍ എന്നൊരു കൂവിപ്പറയലും ഇവിടെയുണ്ട്. 
   
    'തെക്കോട്ടിറക്കം' എന്ന കവിതയില്‍ 'ചെയ്യാത്ത തെറ്റിന് ദളിതനെ തല്ലുന്ന പോലീസുപോല്‍ ക്രൂരവേനല്‍' എന്ന ഒരു പ്രയോഗത്തിലൂടെ ഭരണകൂടങ്ങള്‍ മാറിമാറി വന്നാലും സാമൂഹ്യനീതിയുടെ കപ്പലുകള്‍ ഒരിക്കലും കരക്കടുക്കാന്‍ സമ്മതിക്കാത്ത സവര്‍ണ്ണ/ രാഷ്ട്രീയധാര്‍ഷ്ട്യങ്ങളുടെ കരിങ്കൊടികള്‍ കാര്‍മേഘങ്ങളെപ്പോലെ ഇപ്പോഴും പാറിക്കളിക്കുന്നത് കവി ചൂണ്ടിക്കാട്ടുന്നു.
'തീരാമഴയിലും ദാഹനീര്‍
 കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
 ചായം തേച്ച കിനാനദിയെ
 കുപ്പിയില്‍ത്തന്നുകൊള്ളണേ' എന്ന് 'കാത്തുശിക്ഷിക്കണേ' എന്ന കവിതയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജലസമൃദ്ധിയുടെ പുഴയാഘോഷങ്ങളെ (സ്വപ്നങ്ങളടക്കം) കുപ്പിയിലൊതുക്കേണ്ടിവരുന്ന നവകാല വിപര്യയങ്ങളിലേക്ക് ഞാന്‍ കണ്‍തുറന്നിരിക്കുന്നു എന്ന ഒരാണയിടലുമുണ്ട് കവിയുടേതായിട്ട്.

   
'തണുപ്പിന്‍ സുരതത്തിന്മേല്‍
തീ കാഞ്ഞുനില്‍ക്കുന്നു
ഞാന്‍ കൊന്ന കൂട്ടുകാരന്‍്' എന്നും
'ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം' എന്നും വിഭ്രമാത്മകമായ ഒരന്തരീക്ഷസൃഷ്ടി നടത്തിക്കൊണ്ടാണ് 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു'  എന്ന കവിത രൂപപ്പെടുത്തിയിട്ടുള്ളത്. 'തെക്കോട്ടിറക്കം' എന്ന കവിതയില്‍
'പൊന്തുമോ പൂങ്കണിക്കൊന്നപോല്‍ ദേഹത്ത്
 തീയായ് തണുപ്പിക്കും ബോധവസൂരികള്‍' എന്നെഴുതുമ്പോള്‍ വസൂരിയെ കണിക്കൊന്നപ്പൂവിനോട് സാദൃശ്യപ്പെടുത്തിയും പൊള്ളിക്കുന്നതിനുപകരം തണുപ്പിക്കുന്ന, തീയിന്റെ വിപരീത ഗുണത്തിലൂന്നിയും ഭാഷയുടെ പതിവു പ്രയോഗങ്ങളെ കവി നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഭാഷയെ നവീകരിക്കുകയുമാണ് ചെയ്യുന്നത്.
   

 ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സമകാലീന ജീവിതത്തെ പരമാവധി തോണ്ടി പുറത്തിടുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകള്‍. പ്രണയവും ലൈംഗികതയും രാഷ്ട്രീയവും ജീവിതദര്‍ശനങ്ങളുമെല്ലാം ഈ കാലത്ത് ഏതുവിധേനയെല്ലാം അര്‍ത്ഥരഹിതമായിരിക്കുന്നു എന്ന് കൂത്തുപറയുന്ന ചാക്യരുടെ ഹാസ്യ വൈഭവത്തോടെയാണ് ബനേഷ് പറഞ്ഞു ഫലിപ്പിക്കുന്നത്. കേവല ഹാസ്യത്തിനുപകരം കറുത്ത ഹാസ്യം കാവ്യ നിര്‍മ്മിതിയില്‍ ഏതു വിധം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതിന് ദൃഷ്ടാന്തമാണ് ഇതിലെ പല കവിതകളും. അതിനായി ഭാഷയെ പരമാവധി അകാല്പനികവും
അനാര്‍ഭാടമാക്കുകയും ഐറണി (വിരുദ്ധോക്തി)യുടെ പാടത്ത് ആക്ഷേപഹാസ്യത്തിന്റെ വിത്തിറക്കുകയുമാണ് കവി ചെയ്യുന്നത്.
   
   ഇങ്ങിനെയൊക്കെയാണെങ്കിലും 'ക്ഷുഭിതയാത്രകള്‍ ദീപ്തങ്ങളാകണേ'(മോചനം) എന്ന പ്രാര്‍ത്ഥന ജീവിതയാത്രയിലുടനീളം കവി ഊന്നുവടിയാക്കുന്നുമുണ്ട്. മൂടി നില്‍ക്കുന്ന ഇരുളിനിടയിലും പ്രത്യാശയുടെ ഒരു തരിവെട്ടം വിദൂരതയിലെവിടെയോ മിന്നുന്നുണ്ടെന്ന ഒരുറച്ച ബോധം ഈ കവിതകളില്‍ ആത്മബലമായി വര്‍ത്തിക്കുന്നുണ്ട്.

(ഇന്ത്യ ടുഡേ, ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, January 10, 2014

'അമ്മ' അറിയാന്‍



ക്ഷാമങ്ങളുടെ കാലത്ത് മനുഷ്യര്‍ പുസ്തകങ്ങള്‍ അട്ടിയട്ടിയായിട്ട് അതിനുമുകളില്‍ കയറിനിന്ന്  അലമാരയിലെ അവസാനത്തെ അപ്പത്തിനുവേണ്ടി കൈനീട്ടും എന്ന് 'പുസ്തകങ്ങളുടെ പ്രയോജനം'എന്ന കവിതയില്‍ സച്ചിദാനന്ദന്‍ എഴുതിയത് ഈയുള്ളവന്‍ വായിക്കുന്നത് പ്രീഡിഗ്രിക്കാലത്താണ്. അന്ന് അത് വായിക്കുമ്പോളും എന്റെ വില കുറഞ്ഞ അലമാരയില്‍ എനിക്കരികില്‍ ഉണ്ടായിരുന്ന പുസ്തകമാണ് റഷ്യന്‍ ഐതിഹാസിക എഴുത്തുകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'. അന്ന് 'അമ്മ'യെ മടിയിലെടുത്തുവച്ച് മനസ്സില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏത് ദാരിദ്ര്യകാലത്തും ഗോര്‍ക്കിയുടെ മാത്രമല്ല മുഴുവന്‍ മനുഷ്യരുടെയും ഈ അമ്മയുടെ ചങ്കില്‍  ഞാന്‍ ചവുട്ടില്ല എന്ന്.

ന്ന് ഫെയ്‌സ്ബുക്കുകളുടെയും ഇ വായനാ പ്രതീതി യാഥാര്‍ത്ഥ്യങ്ങളുടെയും 'ഇ'ക്കാലത്ത്, വീട്ടുമുറിയില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുക എന്നത് അറുപഴഞ്ചന്‍ നടപ്പുദീനമായി പരിഹസിക്കപ്പെടാന്‍ ഇടയുള്ള ഇന്നാളുകളില്‍ പുസ്തകങ്ങളെല്ലാം ഡാറ്റകളായി സംസ്‌കരിക്കപ്പെട്ടാലും എഴുപതുകളിലെ കടുപ്പന്‍ ഹാഡ്‌ബോഡ് കവറില്‍ കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തകനായിരുന്ന ടിഎന്‍ കുമാരന്‍ എനിക്ക് സമ്മാനമായി തന്ന 'അമ്മ'യെ നൂലിടറിയ താളുകളും മഷിപ്പടരലുകളും റഷ്യന്‍ ബയന്‍ഡിംഗിന്റെ കാര്‍ക്കശ്യവും  കടലാസുപുഴുക്കളുടെ ഒളിസങ്കേതങ്ങളുമുള്ള അതേ കട്ടിപ്പുസ്തകം തന്നെയായി ഞാന്‍ സൂക്ഷിക്കും. കാരണം, റഷ്യ, സോഷ്യലിസത്തിലേയ്ക്ക് അസംഖ്യം തൊഴിലാളിയുവാക്കളുടെ ചോരയും കൈത്തയമ്പും വിയര്‍പ്പും കൊണ്ട് പടുത്ത കല്‍ക്കെട്ടുകളിലൂടെ മുന്നേറിയപ്പോള്‍ അന്നവും വാത്സല്യവും ആത്മധൈര്യവും ചങ്കുറപ്പും ലഘുലേഖാവിതരണങ്ങളും കൊണ്ട് വിപ്ലവമനസ്സുകള്‍ക്ക് സഫലമായ മാതൃകയൊരുക്കിയത് പോരാളിയായ പാവെലിന്റെ ഈ അമ്മയായിരുന്നു.


ദ്യപനായ ഭര്‍ത്താവിന്റെ നിരന്തര ഹസ്തതാഡനങ്ങളാല്‍ തലതാഴ്ത്തപ്പെട്ട് റഷ്യയിലെ പതിവുമൂടല്‍മഞ്ഞില്‍ അപ്രസക്തമായി പുതഞ്ഞുപോകേണ്ടിയിരുന്ന ഒരമ്മയെ, റഷ്യന്‍ വിപ്ലവത്തിന്റെ യുവമനസ്സറിയുന്ന മഹാമാതൃത്വമായി ഗോര്‍ക്കി വളര്‍ത്തിയെടുക്കുകയാണ് ഈ പുസ്തകത്തില്‍. അതുകൊണ്ട് അമ്മ വായിക്കുമ്പോള്‍, പലപ്പോഴും പാവെലിന്റെ വിപ്ലവ വഴികളിലേക്ക് ഇറങ്ങിപ്പോകാന്‍ പ്രിയപ്പെട്ടിരുന്ന എന്റെ വിപ്ലവമനസ്സ്, അതിനേക്കാള്‍ ആഴത്തില്‍ എനിക്കും ഇതേ പോലുള്ള ഒരമ്മയായാല്‍ മതിയെന്ന് നിഷ്‌കളങ്കപ്പെടും എപ്പോഴും. ചിലപ്പോള്‍ തോന്നും ജീവിതത്തിന്റെ കഷ്ടക്കടലുകളില്‍ ഉലയുമ്പോള്‍, ബൈബിളും ഭഗവദ്ഗീതയും ഖുര്‍ആനും നല്‍കുന്നതിനേക്കാള്‍ നേര്‍ത്തെളിച്ചം നല്‍കുന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ അടക്കമുള്ള കൃതികളിലേതിനേക്കാള്‍ ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നല്‍കുന്നത് അമ്മയുടെ താളുകള്‍ മറിയുമ്പോളാണെന്ന്.

പില്‍ക്കാലത്ത്, ടിഎന്‍ കുമാരന്‍ സ്മാരകവായനശാല എന്ന കവിത എഴുതിയ വേളയില്‍ ഗോര്‍ക്കിയുടെ ഈ അമ്മ എന്റെ കവിതയിലേക്കുകൂടി വിരുന്നുവന്നു. ടിഎന്‍ കുമാരന്‍മാസ്റ്റര്‍ എനിക്ക് കൗമാരത്തില്‍ അമ്മയെന്ന പുസ്തകം തന്നതിനെക്കുറിച്ച് ഇങ്ങനെയായിരുന്നു ഞാന്‍ എഴുതിയത്:

…അടുക്കും ചിട്ടയുമില്ലാത്ത
എന്റെ അരാജകമുറിയിലേക്ക്
ഗോര്‍ക്കിയുടെ അമ്മയെ
ചിതല്‍ കരണ്ട സാരിയുടുപ്പിച്ച്
പറഞ്ഞയച്ചിരുന്നു…

ന്നും ചില അപൂര്‍വ്വ രാത്രികളില്‍ തീരുമാനങ്ങളെടുക്കായ്കകളുടെ അസ്വസ്ഥ മൂഹൂര്‍ത്തങ്ങളില്‍ എനിക്കായി പ്രതീക്ഷകളുടെ ഏതെങ്കിലും ലഘുലേഖകള്‍ ശത്രുക്കളറിയാതെ വിതരണം ചെയ്യണോ മോനേ എന്നു ചോദിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട് പാവെലിന്റെ ആ വളരെ പഴയ അമ്മ. അതിജീവനങ്ങളുടെ വാത്സല്യവും മുലപ്പാലും ചോരയും കാര്‍ക്കശ്യവുമായി.

  -(സ്മാര്‍ട്ട് ഫാമിലി മാസികയുടെ കോളമായ ഹോം ലൈബ്രറിയില്‍ 2012 ഡിസംബറില്‍ എഴുതിയത്)

Tuesday, March 15, 2011

എന്റെ കവിതകളുടെ ഭൂമിശാസ്ത്രം




  വിതകളുടെ അന്നവും അനുഭവവും കൊണ്ട് ജീവിതത്തില്‍ തുടരുന്ന ഒരാളുടെ ഭൂമിശാസ്ത്രമാണ് ഈയിടം. എങ്കിലോ എന്റെ  ഒരു കവിത പോലും ഈ മണ്ണില്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ല. കവിത സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്ന് ഇപ്പോഴും കരുതുന്നു. എങ്കിലും എന്റെ മനസ്സിന്റെ വിചിത്രവ്യവഹാരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന   വായനക്കാര്‍, കാവ്യാനുശീലനത്തിന്റെ സംസ്കാരം കൊണ്ട് സിദ്ധിച്ച ശില്പബദ്ധത എന്നീ ഘടകങ്ങള്‍, ഓരോ കവിതയും എഴുതിക്കഴിഞ്ഞാലും കയ്യില്‍ വച്ചുകൊണ്ടിരിക്കാനും എഴുതിയ വേളയിലെ  അനുഭൂതിയേക്കാള്‍  തീവ്രമായ ലഹരിയോടെ തിരുത്താനും  എന്നിട്ടും ആ കവിതയെ മറക്കാനും പിന്നെ മാസങ്ങള്‍ക്ക് ശേഷം പുതിയ ഒരാളെപ്പോലെ അതേ കവിത വീണ്ടും വായിച്ചു പുതുക്കാനും പ്രേരിപ്പിക്കുന്നു. അതുകൊണ്ട്, എഴുതുന്ന ഓരോ പുതിയ കവിതയും എന്റെ യൌവനത്തിന്റെ നിരാലംബതകളില്‍ എത്രമേല്‍ ഉള്ളുരുക്കത്തോടെ ഇല്ലാപ്പണം തേടിപ്പിടിച്ച്‌ സ്റ്റാമ്പ്‌ ഒട്ടിച്ചു മാസികകള്‍ക്ക്‌ അയച്ചുവോ, അത്ര മേല്‍ നിഷ്ഠയോടെ മാത്രം അയക്കാൻ  ഇപ്പോഴും കരുത്തു നല്കുന്നു. 

   തൊണ്ണൂറുകളുടെ പകുതികളിൽ, ബിഎയ്ക്ക് പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച മൃഗശാല എന്ന കവിത, ഇന്നും ഏത് കവിത എഴുതിയാലും അത് വാരികയ്ക്കോ മാസികയ്ക്കോ അയച്ചുകൊടുത്തു കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ബ്ലോഗിന്റെ പുത്തന്‍ സ്വതന്ത്രസ്ഥലം എന്നെ ഒരുതരത്തിലും വ്യമോഹിപ്പിക്കുന്നില്ല. എന്റെ കവിതകള്‍ പ്രിയപ്പെടുന്നവര്‍ അവ മാസികകളിലും ആഴ്ച്ചപ്പതിപ്പുകളിലും തേടിക്കൊള്ളും എന്ന് എനിക്കറിയാം. ഒന്നിച്ച്‌ അവയുടെ നെഞ്ചിടിപ്പ് കേള്‍ക്കണമെന്നുള്ളവര്‍  ഡി സി  ബുക്സില്‍ ചെന്ന് നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു എന്ന ആദ്യ സമാഹാരമോ കാത്തുശിക്ഷിക്കണേ എന്ന രണ്ടാമത്തെ സമാഹാരമോ ചോദിച്ചു വാങ്ങും എന്നും അറിയാം. ഇതിനെല്ലാം അര്‍ഥം ആകാശത്തിനും ഭൂമിക്കും ഇടയിലെ ഈ  സമ്മോഹനസ്ഥലം അതിര്‍ത്തിയില്ലാതെ സൌജന്യമായി  കിട്ടിയിട്ട് ഒരു തൈ പോലും നടാത്തവനാണ് ഇയാള്‍ എന്നല്ല. ഇത് എന്റെ കവിതയുടെ മഞ്ഞും മഴയും ചോരയും ബീജവും  വെയിലും മിന്നലും  വീഴുന്ന മനസ്സിന്റെ തുറസ്സാണ്. കവിയായിരിക്കുന്നതിന്റെ രസം കവിയായിരിക്കുന്നതിലെ രഹസ്യം കൂടിയാണ്. കവിതയോട് താല്പര്യം ഇല്ലാത്തവര്‍ യാദൃശ്ചികമായി  ഈയുള്ളയാളുടെ  ഏതെങ്കിലും കവിത വാരികയിലോ മറ്റോ കണ്ടുവെന്നു പറഞ്ഞാല്‍ അത് ഞാന്‍ അല്ലെന്നും മറ്റേതോ ബനേഷ് ആണെന്നും പറയാനുള്ള ഗഹനമായ നിസ്സംഗത എനിക്കുണ്ട്. എന്റെ രീതികളും കാര്‍ക്കശ്യങ്ങളും രാഷ്ട്രീയമായ ഉള്ളുരകളും ചെരിനോട്ടങ്ങളും മനസ്സിലാകുന്നവര്‍ മാത്രമാണ് എന്റെ വായനക്കാര്‍ എന്ന ഉത്തമ ബോധ്യത്തോടെ.

---------------------------------------------------------------------------------

ആദ്യകവിതാസമാഹാരത്തിന്റെ  ആമുഖം 

കുറഞ്ഞ ഒരു ജീവിതത്തിനായുള്ള ക്യു നില്‍ക്കലാകാം കവിത. നീണ്ടതും വ്യവസ്ഥയില്ലാത്തതുമായ നേര്‍രേഖ. എപ്പോള്‍ വേണമെങ്കിലും അത് പിരിച്ചുവിടപ്പെട്ടേക്കാം. സാമൂഹികതയെ ക്രുദ്ധമായി തകര്‍ത്ത് ഇടിച്ചുകയറല്‍ നടന്നേക്കാം. എങ്കിലും ആ രേഖയില്‍ മുന്നുംപിന്നുമെന്ന ഒരു കൂട്ടായ്മയുണ്ട്. ഭാഷയുടെയും അനുഭവത്തിന്റെയും പ്രതികരണങ്ങളുടെയും കൂട്ടായ്മ. എത്തിച്ചേരുന്ന ഇടം ഒരേ സമയം ഒരു മുഷ്ടിക്കു മാത്രം പ്രവേശിക്കാവുന്ന ഒറ്റയഴി മാത്രമാവാം. ഭാഷ വേണ്ടാത്ത ഒരു കൈ നീട്ടല്‍ മാത്രമാവാം പിന്നെ വേണ്ടത്. ചിലപ്പോള്‍ അര്‍ത്ഥനയുടേതോ അപേക്ഷയുടേതോ ആയ  കാലപ്പഴക്കമുള്ള വാക്കുകള്‍. ഒരു പക്ഷേ അവകാശം ഉന്നയിക്കല്‍ . തെറിക്കുന്ന വാക്കുകളും വേണ്ടിവന്നേക്കാം. മുഷ്ടിയും ഭാഷയും ഇടയ്ക്കിടെ ഈ നില്പില്‍ ഭാവിയിലേക്ക് സജ്ജമാകും. ക്യു പക്ഷേ നീണ്ടതാണ്. വീട്ടുമുറികളും ഇടവഴികളും മരുഭൂമിയും കടന്ന് നിഴലുകള്‍ തെളിഞ്ഞു മാറിക്കൊണ്ട് അത് തുടരുന്നുണ്ട്. അതുകൊണ്ട് ഇന്നിന്റെ എല്ലാ മഴയും എല്ലാ വെയിലും നേരേ നനയുന്നുണ്ട്. പായലും പൂപ്പലും പിടിച്ചും വിലകുറഞ്ഞ ഷാംപൂക്കളാല്‍ ഇടയ്ക്ക് മിനുസപ്പെട്ടും ശല്‍ക്കങ്ങള്‍ പടര്‍ന്നും വിയര്‍ത്തും ഭാവം പകര്‍ന്നും ജ്വലിച്ചും മങ്ങിയുമാണ്‌ നില്‍പ്പ്. നീക്കങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഈ തനിനില്പ്പു തന്നെയാണ് എഴുത്ത്. 1990 ല്‍ എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്. വേഴാമ്പല്‍ അന്നാണെഴുതിയത് ; 18 വയസ്സില്‍. വികാരങ്ങള്‍ അധികം കളിക്കരുതെന്ന് വ്യാകുലപ്പെട്ടു; വിവേകം ഒരു അധ്യാപകനാകരുതെന്നും. പാളിയും ഫലിച്ചും തുടര്‍ന്നു. അനുഭവം അതുകൊണ്ട് ഗാഡമായ ഒരു സംസ്കാരലോകമായി.

 വ്യക്തിജീവിതത്തില്‍ മൌനമാണ് പ്രധാന ഭാഷ. വ്യവഹാരങ്ങളില്‍, ബന്ധങ്ങളില്‍, മുന്നേറ്റങ്ങളില്‍, അത് നമ്മെ തോല്‍പ്പിക്കും. കരയിപ്പിക്കുന്ന ചിരികളോ കൊല്ലുന്ന സത്യവാങ്ങ്മൂലങ്ങളോ അതിനെ കരുവാക്കി ആക്രമിക്കും. പക്ഷെ, കൊല്ലാന്‍ കൊണ്ടുപോകുമ്പോളും മഴവെള്ളത്തില്‍ കാലുകൊണ്ട്‌ ഒരു പടക്കം പൊട്ടിച്ച് അത് രസിക്കും. കബഡി കളിയിലും എളിയില്‍ ഒരു കത്തി കരുതും. വ്യക്തിജീവിതത്തില്‍ അതിന്റെ ഭാഷയെ, മുന്‍നോക്കിനെ തെളിയിക്കാനാവില്ല. കവിതയില്‍ അതേ മൗനം അനുഭവത്തെ തൊട്ടും, അതിനകത്തെ ജ്വലിപ്പിച്ചും പറന്നുവ്യാപിക്കും. ശൈലികളില്‍ ഒതുങ്ങായ്ക കൊണ്ടും വികാരങ്ങളും വിവേകങ്ങളും നിറഞ്ഞു കളിക്കായ്ക കൊണ്ടും വിഷത്തിന്റെയും അമൃതിന്റെയും രുചികള്‍ക്കിടയിലൂടെ അത് പാഞ്ഞുകൊള്ളും. താണ്ടിയ ദൂരം കൊണ്ടും എത്തിച്ചേരുന്ന ഇടം കൊണ്ടും ത്യജിക്കാനായി മാത്രം നേടുന്ന അര്‍ഥം കൊണ്ടും അത് ശിരസ്സുയര്‍ത്തിപ്പിടിക്കും.

ഈ ആദ്യ സമാഹാരം, എളിയ ജീവിതത്തിലും ഭാഷ പോലെ ഭക്ഷണവും അതിജീവനവും തന്ന് എന്നെ പുലര്‍ത്തിയ അച്ഛനും അമ്മയ്ക്കും.
കൊടുങ്ങല്ലൂര്‍
01.11.2007.
---------------------------------------------------------------------------------

നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു
കവിതകള്‍
എം എസ് ബനേഷ്
ഡി സി ബുക്സ്
വില നാല്‍പതു രൂപ

ഈ സമാഹാരത്തിലെ കവിതകളുടെ പേരുകള്‍

ജലത്തിന്റെ സാരാംശം-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 ജൂണ്‍ 
തുറക്കല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 മാര്‍ച്ച്‌ 
അടിയന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2006 ഫെബ്രുവരി 
കബഡി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ജൂണ്‍ 
ഇരട്ട-മാധ്യമം ആഴ്ചപ്പതിപ്പ്-2005 ജൂണ്‍
കല്യാണക്കാസെറ്റ്വീണ്ടുംകാണല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ഫെബ്രുവരി
തൊണ്ടയിലെ മീന്മുള്ള്-വായന മാസിക-2005 ജൂലൈ 
ദീര്‍ഘക്കിഴങ്ങ്-മാധ്യമം ആഴ്ചപ്പതിപ്പ്-
തെണ്ടി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഒക്ടോബര്‍ 
അടക്കം-മലയാളം വാരിക-2007 ജൂണ്‍ 
വായനശീലം-വായന മാസിക-2004 ഓഗസ്റ്റ്‌ 
കണ്ടുകൊണ്ടേന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2003 മെയ്‌ 
ഭയോഡാറ്റ-കലാകൌമുദി ആഴ്ചപ്പതിപ്പ്-2002 ഡിസംബര്‍ 
പുരുഷ നിതംബമേ-മലയാളം വാരിക-2002 നവംബര്‍ 
ചുംബിതം-ഭാഷാപോഷിണി-2002
കേരളീയ ചിത്രകല -മാധ്യമം ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
ഒച്ച്‌-കലാകൌമുദി ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
കണങ്കാലിലെ  മൃദുരോമങ്ങള്‍-കലാകൌമുദി ആഴ്ചപ്പതിപ്പ് -2007 നവംബര്‍ 
കഠിനം-മാധ്യമം ആഴ്ചപ്പതിപ്പ്-2000 ജനുവരി 
മൂരിനിവര്‍ത്തല്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജനുവരി   
ഛെ-ന്നായ-ഭാഷാപോഷിണി-1999 സെപ്റ്റംബര്‍ 
തൊണ്ടയിലെ മുള്ള്-മാധ്യമം ആഴ്ചപ്പതിപ്പ്-2006 മെയ്‌ 
കൊലപാതകം:ചില നിരീക്ഷണങ്ങള്‍-മാധ്യമം ആഴ്ചപ്പതിപ്പ്-1999 മെയ്‌ 
ആനയെ കുളിപ്പിക്കുന്ന വിധം-മലയാളം വാരിക-1999 ഏപ്രില്‍ 
രാജവെമ്പാല-കുങ്കുമം വാരിക
മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്-മലയാളം വാരിക-2007 ഏപ്രില്‍ 
കിണര്‍-കലാകൌമുദി ആഴ്ചപ്പതിപ്പ്- 1998 ജൂണ്‍ 
ഉറുമ്പിനെ കണ്ടെത്തല്‍-മലയാളം വാരിക-1997 സെപ്റ്റംബര്‍ 
-മാധ്യമം ആഴ്ചപ്പതിപ്പ്-2007 നവംബര്‍ 
മൃഗശാല-മാതൃഭൂമി ആഴ്ചപ്പതിപ്പ്-1997 ഏപ്രില്‍ 
താന്‍ കുറെ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്-കേരള കവിത-2007
വളകള്‍-ഭാഷാപോഷിണി-1996 നവംബര്‍ 
ഈയല്‍-കലാദര്‍പ്പണം- 1996 ഒക്ടോബര്‍ 
സ്വര്‍ഗാരോഹണത്തിലെ പ്രശ്നങ്ങള്‍-പച്ചക്കുതിര-2007 ജൂണ്‍
ചര്‍മം ഇറച്ചിയോട്--മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജൂണ്‍ 
ഓന്ത്-സുകൃതം മാസിക-1996 ഓഗസ്റ്റ്‌ 
കാട്ടിലെ രാത്രി-എക്സ്പ്രസ്സ്‌ ആഴ്ചപ്പതിപ്പ് -1990
ഒഎന്‍വിയെ ഞാന്‍ അനുകരിക്കും-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഏപ്രില്‍ 
കൂര്‍ക്ക -ഭാഷാപോഷിണി-2007
ട്രാഫിക് ലൈറ്റിനെകുറിച്ച് അല്പം സ്വകാര്യ ട്യുഷന്‍-സാഹിത്യ ലോകം 1999
കാരണവര്‍-സാഹിത്യ ലോകം-1993 മെയ്‌ 
വേഴാമ്പല്‍-സരോവരം ഓണപ്പതിപ്പ്-1990
--------------------------------------------------------------------------------

   


     

Wednesday, March 2, 2011

എന്റെ പുസ്തകങ്ങള്‍



                     കാത്തുശിക്ഷിക്കണേ

     ന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. 2008 മുതല്‍ 2012 വരെയുള്ള 5 വര്‍ഷങ്ങളിലെ എന്റെ ജീവിതത്തിലെ ഏകാന്തതയുടെ രാഷ്ട്രീയവും ഏകാകിയുടെ ലോകാന്തതയും ഒക്കെയാകാം ഈ കവിതകളിലെ പൊതുധാര. കരിപുരണ്ട ചിരിയും നിശിതസങ്കടങ്ങളും ആ കവിതകളെ കര്‍ക്കശമാക്കുന്നുണ്ടാവാം. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും കൊല്‍ക്കൊത്തയിലെ ഫിലിംസ് ഡിവിഷന്‍ ഡയറക്ടറുമായ ജോഷി ജോസഫാണ് പുസ്തകത്തിന് അവതാരികയെഴുതിയിരിക്കുന്നത്. ജോഷി എഴുതുന്നു: 'എം.എസ്.ബനേഷ് എന്ന കവി മൈതാനത്തില്‍ കളിക്കേണ്ട കളി മനസ്സില്‍ക്കളിച്ചിട്ടാണോ മൈതാനത്തിലേക്കിറങ്ങുന്നത് എന്ന് സത്യമായും എനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം: കവിത്വം തൂങ്ങുന്ന തുലാസ്സിലും കാല്‍പ്പടക്കങ്ങള്‍ പൊട്ടിക്കുന്ന ക്രീഡാപരതയിലും വിഷാദവും പ്രസാദവും ഒറ്റക്കുപ്പിയില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. ഇത് വീണ്ടും കുടിക്കാന്‍, കുടിച്ച് കുടിച്ച് പിന്നെയും കുടിച്ച് രസിക്കാന്‍ എന്നിലെ വായനക്കാരന് എന്നും ഹരമാണ്....'  പ്രശസ്ത യുവനിരൂപകന്‍ കെവി സജയ് ആണ് കവിതകളുടെ പഠനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2012ലെ മികച്ച 25 പുസ്തകങ്ങളിലൊന്നായി ഇന്ത്യ ടുഡേ ഈ പുസ്തകം തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തത് ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു. പ്രസാധനം: ഡിസി ബുക്‌സ്. വില: 70 രൂപ


              നെഞ്ചുംവിരിച്ച് തലകുനിക്കുന്നു

ന്റെ ആദ്യകവിതാസമാഹാരം.
അവതാരികകളുടെയോ,
പഠനങ്ങളുടെയോ
അലങ്കാരങ്ങളില്ലാതെ
2007 നവംബറില്‍
തിരുവനന്തപുരത്ത് വച്ച്
പുസ്തകം പ്രകാശനം ചെയ്തു.
ഡിസി ബുക്‌സാണ് പ്രസാധകര്‍.
വില 40 രൂപ.


കലി-ദ ഫ്ലെയ്മിംഗ് ഫെയ്സസ്   

കൊടുങ്ങല്ലൂര്‍ ഭരണിയെ സംസ്കാര പഠനത്തിന്റെ കണ്ണിലൂടെ ആവിഷ്കരിക്കുന്ന ഡോകുമെന്ററി. രണ്ടായിരത്തി രണ്ടിലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 11 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാവിനു കൂടുതല്‍ പ്രാചീനതാനഷ്ടം വന്നിരിക്കുന്നു. കോമരങ്ങള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. തല വെട്ടിപ്പൊളിക്കുമ്പോള്‍ ഉത്കണ്ഠയോടെ ഒരു ഫോണ്‍ അരമണികള്‍ക്കിടയില്‍ ആകുലപ്പെടുന്നുണ്ട്. തെറിപ്പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ ഉയരുന്ന മൊബൈല്‍ ഫോണുകള്‍ വന്യമുഖങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ആ കാലത്തിനു മുന്‍പുള്ള ഡോകുമെന്ററി. അതിന്റെ തിരക്കഥ കവര്‍‌സ്റ്റോറിയായി ആദ്യം പ്രസിദ്ധീകരിച്ചത് ഭാഷാപോഷിണി. പിന്നെ പുസ്തകമാക്കിയത് ഫാബിയന്‍ ബുക്സ്. അവതാരിക എഴുതിയത് സ്നേഹത്തിന്റെ നാട്ടുമാവ് എം എന്‍ വിജയന്‍ മാഷ്‌. പഠനം കൊണ്ട് തളിര്‍പ്പിച്ചത് ചിന്ത രവീന്ദ്രന്‍.



കലാപത്തിന്റെ ഉത്തരങ്ങള്‍  

ലാകൗമുദി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്തിരുന്ന നാളുകളില്‍ തുടര്‍ച്ചയായി എം എന്‍ വിജയന്‍ മാഷിനെ, നാട്ടുമാവുകള്‍ ധാരാളമുള്ള കൊടുങ്ങല്ലൂരിലെ കരുണ എന്ന വീട്ടില്‍ വച്ച് നേരില്‍ കണ്ടു നടത്തിയ സംഭാഷണങ്ങളുടെ സമാഹാരം. മാഷിന്റെ എല്ലാമായ ഭാര്യ, വീണുകിടക്കുന്ന മാമ്പഴങ്ങള്‍ പെറുക്കി പൂളി പിഞ്ഞാണത്തില്‍ വച്ചിരുന്നത് വൈലോപ്പിള്ളിയോളം മധുരം പരത്തി. സംഭാഷണത്തില്‍ പക്ഷെ കണ്ണൂരിലെയും നാദാപുരത്തെയും തലശ്ശേരിയിലെയും ചോരയായിരുന്നു. അതിന്റെ ഗന്ധം ഉടനീളം ഈ പുസ്തകത്തില്‍ ഉണ്ട്. പ്രസിദ്ധീകരിച്ചത് ഫാബിയന്‍ ബുക്സ്.

ബുദ്ധിജീവികളുടെ മൌനം 

വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്കിയുടെ രാഷ്ട്രീയ ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും പരിഭാഷ. നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ അധീശത്വ മേല്‍ക്കോയ്മയുടെ പ്രവര്‍ത്തനക്ഷമത വളര്‍ന്നുവരുമ്പോള്‍ നിസ്സംഗതയും അരാഷ്ട്രീയ വാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം. പരിഭാഷ എം എസ്‌ ബനേഷ്, എന്‍ എം ഹുസൈന്‍. പ്രസാധകര്‍ ഫാബിയന്‍ ബുക്സ്.  
    


Monday, August 30, 2010

അവര്‍ സമരം ചെയ്തുകൊണ്ടിരുന്നപ്പോഴും നമ്മള്‍ എന്ത് ചെയ്തു?

ടിയന്തരാവസ്ഥയുടെ കാലത്ത് ജനിക്കാന്‍ കഴിയാത്തതിലെ സങ്കടമോര്‍ത്ത്‌, അടച്ചിട്ട മുറികളിലെ എഴുത്തുസ്വര്‍ഗങ്ങളില്‍ രസിക്കുമ്പോള്‍‍, കേരളത്തിലെ സമരമുഖങ്ങളുടെ തുറന്നിട്ട വാതിലുകള്‍, കാണാത്തത് എന്തുകൊണ്ടാണ്? ഒരു കാലാവസ്ഥയും നേരേ അനുഭവിക്കാത്തവര്‍ എന്ന്, കാലത്തെ അഭിമുഖീകരിക്കാതെ ചടഞ്ഞിരിക്കുമ്പോള്‍, പുറത്ത് കേരളം അവഗണിച്ചുവിട്ടിരിക്കുന്ന സമരച്ചതുപ്പുകളില്‍ ഇരകള്‍ തന്നെ ആഴ്ന്നുപോകുന്നത് കണ്ടുകൊണ്ട് നാം നമ്മുടെ വിശകലനവിദഗ്ധമായ ഇരിപ്പ് തുടരുന്നു.
പുറത്ത് കാസര്‍കോട്ടെ എന്റൊസള്‍ഫാന്‍ കീടനാശിനി ദുരന്തബാധിതരുടെ വിഫല സമരം, പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി നടത്തിയ ജലചൂഷണത്തിന്റെയും പരിസ്ഥിതിനാശത്തിന്റെയും ഇരകള്‍ നഷ്ടപരിഹാരം യാഥാര്‍ത്യമാക്കാന്‍ നടത്തുന്ന ജലകീയ സമരം, ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നടത്തിപ്പോരുന്ന എതിര്‍ യാത്രകള്‍, കൃഷിയിടവും കിടപ്പാടവും സംരക്ഷിക്കാന്‍ കിനാലൂര്‍ ജനത ഇപ്പോളും ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധങ്ങള്‍, കണ്ടല്‍ക്കാടുകള്‍ കാണാക്കാടുകളാകുന്ന കണ്ണൂര്‍ വളപട്ടണത്തും കൊച്ചി വളന്തക്കാട്ടും ചതുപ്പില്‍ നിന്നുയരുന്ന എതിര്‍മൊഴികള്‍, ഏലൂര്‍-എടയാര്‍ വ്യവസായ മലിനീകൃത പ്രദേശങ്ങളിലെ ഇരകളുടെ നീതിതേടലുകള്‍, തീരത്തിലേക്കും കടലിലേക്കുമുള്ള മൂലധന പ്രബലരുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരത്തുഴകള്‍, സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ കൃഷിയോഗ്യമായ ഭൂമിക്കു വേണ്ടി ഇപ്പോഴും പ്രക്ഷോഭ സന്നദ്ധരായ ചെങ്ങറ സമരസമിതിക്കാര്‍, ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഭയം കൊണ്ട് ഉറങ്ങാതിരിക്കുന്ന മുല്ലപ്പെരിയാര്‍ വാസികളുടെ കൂട്ടംചേരലുകള്‍, ചാലക്കുടി കാതിക്കുടം നിറ്റാ ജെലാറ്റിന്‍ കമ്പനി ഗ്രാമപ്പുഴയിലേക്ക് കലക്കിവിടുന്ന വിഷമാലിന്യങ്ങളോട് കലഹിക്കുന്ന ഗ്രാമ ശബ്ദങ്ങള്‍, നാറിയിട്ട്‌ നില്‍ക്കാന്‍ വയ്യ സാറെ എന്ന ലാലൂരുകാരുടെ വൃത്തിതേടലുകള്‍, എഴുപതു വര്‍ഷങ്ങള്‍ ഭരണകൂടം വര്‍ഷിച്ച അഴുക്കുകള്‍ കൊണ്ട് അളിഞ്ഞ കോഴിക്കോട്ടെ ഞെളിയന്‍ പറമ്പിലെ ജ്വലിക്കുന്ന കൂട്ടായ്മകള്‍, വെളിച്ചിക്കാല, മൂരിയാട്, കഞ്ചിക്കോട്, പെപ്സി, മമ്പാട്, വടവാതൂര്‍, മാടായിപ്പാറ, എരയാംകുടി, എന്നിങ്ങനെ കൊച്ചുകേരളം എന്ന് ഇനിയും പറയുന്നവരോട് പൊട്ടിത്തെറിക്കാവുന്നത്ര വിയര്‍പ്പുമണമുള്ള ജനസമരങ്ങള്‍ നമ്മുടെ ഇന്നുകളെ തേടുന്നു.
നാമോ, അനുഭവങ്ങളുടെ ഗഹന രചനയ്ക്ക് പാകത്തിന് ഒരു യുദ്ധമോ പട്ടിണിയോ ഉണ്ടാവാത്ത നാട്ടില്‍ എന്ത് എഴുത്ത് എന്ന് ആത്മരതിയുടെ കണ്ണാടിപ്പുഴയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നു. മഴയും വെയിലും ഈര്‍പ്പവും ഉഷ്ണവും സാന്ദ്രമാക്കിയ അര്‍ത്ഥഗര്‍ഭമായ എഴുത്തിലേക്ക്‌ നമ്മള്‍ എന്ന് പ്രവര്‍ത്തിക്കും?

എന്റെ ഡോക്യുമെന്ററികള്‍


 ഗര്‍ഭിണികളുടെ വാര്‍ഡ്‌  

സംവിധാനം : എം എസ് ബനേഷ്

ക്യാമറ : ഷാജഹാന്‍


അവാര്‍ഡ്‌  :
കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌ 2002

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവമുറികളെ ഇരട്ട മനുഷ്യാവകാശത്തിന്റെ കണ്ണുകളോടെ കാണാന്‍ ശ്രമിക്കുന്ന ഡോക്യുമെന്ററി . പ്രസവവാര്‍ഡുകളില്‍ ഒരേ സമയം മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും ഹതാശമായ കിടപ്പുകളെ ഇത് പകര്‍ത്തുന്നു. മെഡിക്കല്‍ കോളേജുകളിലെ പ്രസവവാര്‍ഡുകളിലെ ഇടനാഴികളില്‍ ഇരുട്ടില്‍ തലങ്ങും വിലങ്ങും കിടക്കുന്ന നിസ്സഹായരായ ഗര്‍ഭിണികളെ ഈ ഡോക്യുമെന്ററി കാണിച്ചു തരുന്നു. ഇരുട്ടില്‍ ഇടറി നടക്കുന്ന ഗര്‍ഭിണികളുടെ ‍ചവിട്ടേറ്റ്, നിലത്തുകിടക്കുന്ന ഗര്‍ഭിണി പ്രസവിച്ചതടക്കമുള്ള ദൈന്യതകള്‍ ഈ ഡോക്യുമെന്ററി പങ്കുവയ്ക്കുന്നു. ഒപ്പം ശവശരീരങ്ങളെപ്പോലെ ആശുപത്രികള്‍ക്ക് മുന്നില്‍ അവസാനത്തെ മനുഷ്യാവകാശങ്ങള്‍ക്കെങ്കിലും വേണ്ടി സമരം ചെയ്യുന്നവരുടെ കിടപ്പുകളെയും. സംസ്ഥാന ആരോഗ്യ വകുപ്പിനെ നിശിതമായി വിമര്‍ശിക്കുന്ന ഈ ഡോക്യുമെന്ററി രണ്ടായിരത്തി രണ്ടിലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌ നേടി


ചന്ദനത്താല്‍ മുറിവേറ്റവര്‍
സംവിധാനം :എം എസ് ബനേഷ്
ക്യാമറ:തങ്കച്ചന്‍ പീറ്റര്‍
അവാര്‍ഡ്‌:ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ 2003 .
കേരളത്തിലെ ചന്ദനമാഫിയയുടെ പ്രബലതകളെക്കുറിച്ച് ക്ഷുഭിതമായി സംസാരിക്കുന്ന ഡോക്യുമെന്ററിയാണ് ചന്ദനത്താല്‍ മുറിവേറ്റവര്‍. ഡോക്യുമെന്ററിയുടെ പതിവ് ആഖ്യാനഘടനകള്‍ ഉപേക്ഷിക്കുന്ന ഇരുപതു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ആവിഷ്കാരം ഇടുക്കി ജില്ലയിലെ മറയൂര്‍ ചന്ദനക്കാടുകളിലെ ജോര്‍ജ് എന്ന നാടന്‍ കര്‍ഷകന്റെ വിക്ഷുബ്ധമായ വാഗ് പ്രകടനങ്ങളിലൂടെ മാഫിയ വെട്ടിനീക്കിയ വന്‍ ചന്ദനമരങ്ങളുടെ അടരുകളിലേക്കും ചന്ദനമാഫിയയാല്‍ കൊല്ലപ്പെട്ടവരിലേക്കും നീങ്ങുന്നു. മറയൂരിലെ ചന്ദനമാഫിയയുടെ വധഭീഷണികള്‍ക്കിടയില്‍ ഇപ്പോഴും ചെറുകിട കൃഷികള്‍ ചെയ്തു ജോര്‍ജ് ജീവിക്കുന്നു. രണ്ടായിരത്തി മൂന്നിലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ നേടിയ ഈ ചിത്രം നിരവധി ഡോക്യുമെന്ററി മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അസഹ്യന്‍ -The Vanishing Breast
സംവിധാനം :എം എസ് ബനേഷ്

ക്യാമറ:
ടി കെ ബാബുരാജ്‌
അവാര്‍ഡ്‌:
ഫോട്ടോ ഫെസ്റ്റ് ഇന്ത്യ നാഷണല്‍ അവാര്‍ഡ്‌, 2004
കേരളത്തിലെ ഇടിച്ചുനിരപ്പാക്കപ്പെടുന്ന ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍ക്കൊപ്പം നില്‍ക്കുന്നു ഈ ഡോക്യുമെന്ററി. ചെങ്കല്‍ മാഫിയയുടെ ജെ സി ബി വായ്‌ത്തലകള്‍ നിമിഷനേരം കൊണ്ട് പ്രകൃതിയിലെ നൈസര്‍ഗികതകളെ ഒന്നൊന്നായി ഇല്ലാതാക്കുന്നതിന്റെ സൂക്ഷ്മസങ്കടം. സഹ്യനെ സാക്ഷി നിര്‍ത്തി ഭൂമിയിലെ ചെറു ജല സ്രോതസ്സുകളായ ചെങ്കല്‍ക്കുന്നുകളെ ലാഭത്തിന്റെ ആര്‍ത്തികള്‍ ലോറി കയറ്റുമ്പോള്‍ അസഹ്യന്‍ എന്ന പേരും ദി വാനിഷിംഗ് ബ്രസ്റ്റ് എന്ന വിലാപ വിശേഷണവും അര്‍ത്ഥഗര്‍ഭമാകുന്നു. ഒരിക്കല്‍ പുഴയായിരുന്ന, ഇപ്പോള്‍ ചാല് മാത്രമായ ഒരു തരിശിലേക്ക് നിരപ്പാക്കപ്പെട്ട പ്രതലത്തിലൂടെ ക്യാമറ ഇടവിടാതെ സഞ്ചരിക്കുന്നു. ഇപ്പോഴും തുടരുന്ന ഗളചേദങ്ങളുടെ ആവിഷ്കാരമായ ഈ ഡോക്യുമെന്ററി 2004 ഫോട്ടോ ഫെസ്റ്റ് ഇന്ത്യ ദേശീയതല ഡോക്യുമെന്ററി മത്സരത്തില്‍ രണ്ടാമത്തെ പുരസ്കാരത്തിന് അര്‍ഹമായി.

ശവമുറിയില്‍ നിങ്ങളെയും കാത്ത്
സംവിധാനം : എം എസ് ബനേഷ്
ക്യാമറ :ഷാജഹാന്‍
അവാര്‍ഡ്‌ :
കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌ 2005.

മോര്‍ച്ചറികളിലെ വിജനതകളില്‍ ദിവസങ്ങളോളം പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടാതെ, അഴുകിയും കോടിയും എലികളാല്‍ കാര്‍ന്നുതിന്നപ്പെട്ടും പാറ്റകളാലും ഉറുമ്പുകളാലും അരിക്കപ്പെട്ടും കിടക്കുന്ന ശവശരീരങ്ങള്‍ക്കിടയിലാണ് ഈ ഡോക്യുമെന്ററി. ഒരിക്കല്‍ നമ്മോടൊപ്പം ജീവിച്ചതിന് ബാക്കിയായ അനാഥശരീരങ്ങളുടെ കാത്തുകിടക്കല്‍ . ആശുപത്രി bureaucracy ദരിദ്രരായ മൃതശരീരങ്ങളെയും അവയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെയും അവഗണിച്ച് പരിഹസിക്കുന്നതിനെ ഈതറിന്റെയും ഡെറ്റോളിന്റെയും മണത്തില്‍ അവതരിപ്പിക്കുന്നു ഈ ഡോക്യുമെന്ററി.

ഉള്ളടക്കങ്ങള്‍
സംവിധാനം :എം എസ് ബനേഷ്
ക്യാമറ :രാജ് കുമാര്‍
അവാര്‍ഡ്‌:
കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌ 2006 .

ഉള്ളടക്കങ്ങള്‍, ഡോക്യുമെന്ററിയില്‍ നിന്ന്
നാലാംക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ എഴാംക്ലാസ്സില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിക്ക് പ്രലോഭിപ്പിക്കാന്‍ കഴിയുമെന്നും, വീട്ടില്‍ വന്നാല്‍ മിറായി തരാമെന്ന് പറയാന്‍ കഴിയുമെന്നും വീട്ടിലെത്തിച്ചു ബാലാത്കാരം ചെയ്യാന്‍ ശ്രമിക്കാമെന്നും പെണ്‍കുട്ടി ശബ്ദം വച്ചാല്‍ തലയണ കൊണ്ട് മുഖം അമര്‍ത്തി കൊല്ലാന്‍ കഴിയുമെന്നും ആരും കാണാതിരിക്കാന്‍ അലമാരയില്‍ ശവം സൂക്ഷിക്കാമെന്നും കൊല്ലത്തെ ഒരു ബാലന്‍ തെളിയിക്കുന്നു. എന്നിട്ട് മലയാളി പുരുഷന്റെ ഉള്ളില്‍ അടക്കം ചെയ്തിട്ടുള്ള രതി ഫോള്‍ഡറുകള്‍ തുറക്കാന്‍ ‍ ശ്രമിക്കുന്നു.


ദ ഗ്രേറ്റ് പീപ്പ്ള്‍സ് സ്ലം

രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ധിഖ് ബാവ
അവാര്‍ഡ്: കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് 2011 


ലയാള സിനിമകളില്‍ സ്ഥിരമായി അധോലോക ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിയായി ചിത്രീകരിക്കുന്ന കൊച്ചി മട്ടാഞ്ചേരിയിലെ മഹാജനവാടി-അസര്‍ജാന്‍ പുരാതനകെട്ടിടങ്ങളിലെ മുസ്ലിംജീവിതങ്ങളിലാണ് ഈ ഡോക്യുമെന്ററിയുടെ ശ്രദ്ധ.
ഇന്ത്യ പാകിസ്ഥാന്‍ വിഭജനകാലത്ത് ഗുജറാത്തി കച്ചവടക്കാര്‍ ഉപേക്ഷിച്ചുപോയ ഇപ്പോള്‍ തകര്‍ന്നുവീഴാറായ ഈ കെട്ടിടങ്ങളിലെ കുടുസ്സുമുറികളില്‍ പട്ടയരേഖകളൊന്നുമില്ലാതെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉറങ്ങുകയും ഇണചേരുകയും ചെയ്യുന്ന മനുഷ്യജീവിതങ്ങളിലാണ് ഈ ചിത്രത്തിലെ ദൃശ്യങ്ങളുടെ ഊന്നല്‍. 2011ലെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി.


പുഴയുടെ ജാതകം


രചന, സംവിധാനം: എം.എസ്. ബനേഷ്
അവാര്‍ഡ്: ശരത്ചന്ദ്രന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി അവാര്‍ഡ് 2012



റണാകുളത്തെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിനുവേണ്ടി ഒരു പുഴ നികത്തപ്പെട്ട വിധം. ജെസിബികള്‍ പായുന്ന വമ്പന്‍ റോഡിന്റെ നടുവില്‍ നിന്ന് ഇവിടെ ഒരു പുഴയുണ്ടായിരുന്നുവെന്ന്, മുളവുകാട് എന്ന ജൈവവൈവിധ്യ ഗ്രാമത്തിലെ നാട്ടുകാര്‍ സങ്കടപ്പെടും. പുഴ ഇല്ലാതാവുകയും അവശേഷിച്ച പുഴ ചതുപ്പാവുകയും ചെയ്യുമ്പോള്‍, വളരെപെട്ടെന്ന് അതിന്റെ അനന്തരഫലങ്ങള്‍ പ്രകടമാകുന്നതും ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. കണ്ടല്‍ക്കാടുകളും മീനുകളും ഇല്ലാതായ ഒരു ഗ്രാമത്തില്‍ നിന്ന് വര്‍ഷങ്ങളുടെ പുഴമണമുള്ള മീന്‍കാരികള്‍ ഇപ്പോള്‍ എറണാകുളത്തെ ഫ്‌ളാറ്റുകളില്‍ പ്രസവമെടുക്കാനും വീട്ടുജോലിക്കും പോകുന്നതിന്റെ കഥ. 2012ലെ ശരത്ചന്ദ്രന്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി. 


ശ്മശാനത്തില്‍ നിന്നുള്ള വാക്കുകള്‍


രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: എം.പി. വിജയന്‍
അവാര്‍ഡ്: കേരള ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ് 2012


തിരുവില്വാമലയില്‍ ഭാരതപ്പുഴയോടു ചേര്‍ന്നുള്ള പ്രശസ്തമായ ഐവര്‍മഠം ശ്മശാനത്തില്‍ ചിതകളെരിയുന്ന പുകയെ സാക്ഷിനിര്‍ത്തി അതേ പുഴയുടെ തീരത്ത് നിന്ന് പരസ്യമായി മണല്‍വാരുന്നവരെ നിസ്സംഗം കാണിച്ചുതരുന്നു ഈ ചിത്രം. ഒരു ഭാഗത്ത് മനുഷ്യന്‍ എരിഞ്ഞ് മണ്ണാകുന്നതിന്റെ ചിതാദൃശ്യവും മറുഭാഗത്ത് മണ്ണ് വാരിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യവും ചേരുമ്പോള്‍ മണ്ണ്, ജീവിതം, പരിസ്ഥിതി എന്നിവ സമാസമം നമ്മോട് മരണത്തെയും പ്രകൃതിയെയും ആസക്തിയെയും കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. 2012ലെ കേരള ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി.


സ്വാതന്ത്ര്യക്കുടിയിറക്കല്‍


രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ദിഖ് ബാവ
അവാര്‍ഡ്: നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ മീഡിയ അവാര്‍ഡ് 2010.
നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് 2011


ഹാത്മാഗാന്ധി സര്‍വ്വകലാശാലാ ആസ്ഥാനമായ കോട്ടയം അതിരമ്പുഴയില്‍ കടത്തിണ്ണയില്‍ കഴിയുന്ന എട്ടംഗകുടുംബത്തിലെ രണ്ടുകുട്ടികള്‍ ദിവസവും കടത്തിണ്ണയില്‍ നിന്ന് ഉറക്കമുണര്‍ന്ന് സ്‌കൂളില്‍ പോകുന്നതിന്റെയും തിരികെ കടത്തിണ്ണയിലെത്തി മെഴുകുതിരി കത്തിച്ച് പഠിക്കുന്നതിന്റെയും ആഖ്യാനം. 2010ലെ സ്വാതന്ത്ര്യദിനത്തലേന്ന് ആ കടത്തിണ്ണയില്‍ നിന്നും ഇവരെ കുടിയൊഴിപ്പിക്കാന്‍ കടയുടമ ശ്രമിച്ചു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ബിആര്‍ അംബേദ്കര്‍, ഇന്ത്യന്‍ സ്വാതന്ത്ര്യം, എംജി സര്‍വ്വകലാശാല, എന്നീ രൂപകങ്ങള്‍ക്കൊപ്പം കടത്തിണ്ണയില്‍ പാഠം നിവര്‍ത്തുന്ന ഒരു ദളിത് കുടുംബം ഈ ചിത്രത്തിന് ചില അധികമാനങ്ങള്‍ നല്‍കുന്നുണ്ടാവാം. 2010ലെ നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ മീഡിയ അവാര്‍ഡ്, 2011ലെ നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് എന്നിവ നേടിയ ഡോക്യുമെന്ററി..


ലാലൂരിലെ പട്ടികള്‍

രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: എം.പി. വിജയന്‍
അവാര്‍ഡ്: ടെലിവിഷന്‍ പ്രോഗ്രാംസ് പ്രൊമോഷന്‍ കൗണ്‍സില്‍ അവാര്‍ഡ് 2012


വിളപ്പില്‍ശാലയിലടക്കം മാലിന്യം കൊണ്ട് മുറിവേറ്റ ജനതയെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠകള്‍ തുടരുമ്പോള്‍ ഈ ചിത്രത്തില്‍ കാമറ നിസ്സംഗമായി ഒരു കാഴ്ച്ച കാണിച്ചുതരുന്നു. ലാലൂരിലെ മാലിന്യ നിക്ഷേപ കൂമ്പാരത്തിനുള്ളില്‍ ചത്തുമലച്ചുകിടക്കുന്ന സാന്താക്ലോസിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ശവമാണെന്ന് കരുതി കടിച്ചുകീറുന്ന നായകളെ. ഒരു കൈ കൊണ്ട് മൂക്കുപൊത്തിക്കൊണ്ടും മറുകൈ കൊണ്ട് മുദ്രാവാക്യം വിളിച്ചും കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന ജീവിതാവകാശ സമരത്തിന്റെ ആഖ്യാനം. 2012ലെ ടെലിവിഷന്‍ പ്രോഗ്രാംസ് പ്രൊമോഷന്‍ കൗണ്‍സില്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി. 


നരകത്തില്‍ നിന്നുള്ള സമരങ്ങള്‍
രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ധിഖ് ബാവ
അവാര്‍ഡ്: വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് 2011


 തൃശ്ശൂര്‍ജില്ലയിലെ കാതികൂടത്തെ നിറ്റാജലാറ്റിന്‍ കമ്പനിയില്‍നിന്നുള്ള മലിനീകരണത്താല്‍ ഒരു ഗ്രാമമാകെ മൂക്കുപൊത്തിജീവിക്കുന്നതിന്റെ ദുര്‍ഗന്ധമയമായ സമരാഖ്യാനമാണ് ഈ ഡോക്യുമെന്ററി. മൃഗാവശിഷ്ടങ്ങളില്‍നിന്ന് ഉല്പന്നങ്ങളുണ്ടാക്കുന്ന കമ്പനി ഒരുഭാഗത്തും മാലിന്യങ്ങളാല്‍ നരകമാക്കപ്പെട്ട ഗ്രാമം മറ്റൊരുഭാഗത്തും. സെപ്റ്റിക് ടാങ്കുകളെപ്പോലെയായ കിണറുകളില്‍നിന്ന് വെള്ളമെടുത്ത് പാചകംചെയ്യുന്ന വീട്ടമ്മമാരും ഹോട്ടലുകളില്‍ മൂക്കുപൊത്തി ഭക്ഷണം കഴിക്കുന്ന തൊഴിലാളികളും ഈ ഡോക്യുമെന്ററിയിലുടനീളം പ്രതിഷേധിച്ചും ശ്വാസംമുട്ടിയും പ്രത്യക്ഷപ്പെടുന്നു. കമ്പനിക്കുമുന്നിലെ സമരപ്പന്തലിലിരുന്ന് കള്ളിമുണ്ട് മാത്രമുടുത്ത വൃദ്ധന്‍, ഒലിക്കുന്ന കണ്ണീരിനേക്കാള്‍ കര്‍ക്കശമായി പറയുന്നത് ഇങ്ങനെയാണ്, ഇത് വരുംതലമുറകള്‍ക്കുവേണ്ടിയുള്ള സമരമാണ്. നരകത്തില്‍നിന്നുള്ള ഈസമരം അങ്ങനെ പരിസ്ഥിതിക്കായി അമ്മമാരും കുഞ്ഞുങ്ങളും കൂടിനടത്തുന്ന ജനകീയ സമരമാകുന്നു. 2011ലെ വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് അവാര്‍ഡ് നേടിയ ഡോക്യുമെന്ററി


മഹാ ആഗ്നസ് ദേവി
രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ധിഖ് ബാവ
അവാര്‍ഡ്: ലോഹിതദാസ് അവാര്‍ഡ് 2012


കൊച്ചി മൂലമ്പിള്ളിയില്‍ വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസപാക്കേജ് നല്‍കാതെ  വഞ്ചിക്കുന്നതിനോട് ആഗ്നസ് എന്ന സ്ത്രീ പ്രക്ഷ്ബുധമായ ആത്മഭാഷണങ്ങളോടെ കലഹിക്കുന്നതിന്റെ ആവിഷ്‌കാരമാണി ഈ ഡോക്യുമെന്ററി. 2011 ജൂണില്‍ പ്രമുഖ ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി മൂലമ്പിള്ളി സന്ദര്‍ശിക്കുമെന്ന നോട്ടീസുകള്‍ എറണാകുളത്ത് പ്രചരിച്ചപ്പോള്‍ നോട്ടീസിലെ മഹാശ്വേതാദേവിയുടെ മുഖച്ഛായയും മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ട ആഗ്നസിന്റെ മുഖച്ഛായയും ഒരേപോലെയാണല്ലോ എന്ന വെളിപാടില്‍ നിന്നാണ് ഈ ഡോക്യുമെന്ററി തുടങ്ങുന്നത്. മൂലമ്പിള്ളിയുടെ മണ്ണില്‍ ആഗ്നസ് ഇന്ത്യയിലെ എല്ലാത്തരം മണ്ണുകള്‍ക്കും ബാധകമായ ഒരു സമരചരിത്രം എഴുതുകയാണ് ഈ ചിത്രത്തില്‍. 2012ലെ ലോഹിതദാസ് അവാര്‍ഡ് നേടിയ ഡോക്യുമെന്ററി.

Sunday, August 29, 2010

3 രാപ്പകലുകള്‍ 3 നേതാക്കള്‍ 3 ഒളിവോര്‍മകള്‍

മാധ്യമം വാര്‍ഷികപ്പതിപ്പില്‍ (2010 ഓഗസ്റ്റ്‌) മുത്തങ്ങ സമര നേതാക്കളുടെ ഒളിവു ജീവിതത്തിന്റെ കേള്‍ക്കാക്കഥകള്‍ ഇതാദ്യമായി പുറത്തു വരുന്നു. സി കെ ജാനു, ഗീതാനന്ദന്‍, ശ്രീരാമന്‍ കൊയ്യോന്‍ എന്നിവരുടെ ഒളിവിലെ ഓര്‍മ്മകള്‍.

മുത്തങ്ങയില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ക്ക് നേരെ വെടിവെപ്പ് നടന്നയുടന്‍ ഒളിവില്‍ പോയ മൂന്ന് ആദിവാസി സമര നേതാക്കള്‍. സി കെ ജാനു, ഗീതാനന്ദന്‍, ശ്രീരാമന്‍ കൊയ്യോന്‍. മൂന്ന് പകലും മൂന്ന് രാത്രിയും മൂന്ന് പേരും ഒളിവില്‍ പ്രവര്‍ത്തിച്ചത് എവിടെയായിരുന്നു. മൂന്ന് രാപകലുകള്‍ പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ നാളുകളിലെ മൂവരുടെയും ആത്മ സഞ്ചാരങ്ങള്‍ എങ്ങനെയായിരുന്നു. മൂന്നാംനാള്‍ സി കെ ജാനുവും ഗീതാനന്ദനും പോലീസിന് കീഴടങ്ങുന്നു. ജാനുവിനോടോപ്പമുള്ള ഗീതാനന്ദന്റെ ഒളിവിലെ ഓര്‍മ്മകള്‍ അതുകൊണ്ടും തീരുന്നില്ല. മുത്തങ്ങ, വൈപ്പിന്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ മൂന്ന് മാസം നീണ്ട ഒളിപാര്‍ക്കലിന്റെ കഥ ശ്രീരാമന്‍ കൊയ്യോനും പറയുന്നു. ജാനുവിനെയും ഗീതാനന്ദനെയും എതിര്‍ത്തുകൊണ്ട് പശ്ചാത്താപത്തിന്റെയും രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും ഭാഷയില്‍ . (മാധ്യമം വാര്‍ഷികപ്പതിപ്പ്-ഓഗസ്റ്റ്‌ 2010, പേജ് 118, എം എസ് ബനേഷ് )