Wednesday, March 2, 2011

എന്റെ പുസ്തകങ്ങള്‍                     കാത്തുശിക്ഷിക്കണേ

     ന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. 2008 മുതല്‍ 2012 വരെയുള്ള 5 വര്‍ഷങ്ങളിലെ എന്റെ ജീവിതത്തിലെ ഏകാന്തതയുടെ രാഷ്ട്രീയവും ഏകാകിയുടെ ലോകാന്തതയും ഒക്കെയാകാം ഈ കവിതകളിലെ പൊതുധാര. കരിപുരണ്ട ചിരിയും നിശിതസങ്കടങ്ങളും ആ കവിതകളെ കര്‍ക്കശമാക്കുന്നുണ്ടാവാം. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും കൊല്‍ക്കൊത്തയിലെ ഫിലിംസ് ഡിവിഷന്‍ ഡയറക്ടറുമായ ജോഷി ജോസഫാണ് പുസ്തകത്തിന് അവതാരികയെഴുതിയിരിക്കുന്നത്. ജോഷി എഴുതുന്നു: 'എം.എസ്.ബനേഷ് എന്ന കവി മൈതാനത്തില്‍ കളിക്കേണ്ട കളി മനസ്സില്‍ക്കളിച്ചിട്ടാണോ മൈതാനത്തിലേക്കിറങ്ങുന്നത് എന്ന് സത്യമായും എനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം: കവിത്വം തൂങ്ങുന്ന തുലാസ്സിലും കാല്‍പ്പടക്കങ്ങള്‍ പൊട്ടിക്കുന്ന ക്രീഡാപരതയിലും വിഷാദവും പ്രസാദവും ഒറ്റക്കുപ്പിയില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. ഇത് വീണ്ടും കുടിക്കാന്‍, കുടിച്ച് കുടിച്ച് പിന്നെയും കുടിച്ച് രസിക്കാന്‍ എന്നിലെ വായനക്കാരന് എന്നും ഹരമാണ്....'  പ്രശസ്ത യുവനിരൂപകന്‍ കെവി സജയ് ആണ് കവിതകളുടെ പഠനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2012ലെ മികച്ച 25 പുസ്തകങ്ങളിലൊന്നായി ഇന്ത്യ ടുഡേ ഈ പുസ്തകം തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തത് ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു. പ്രസാധനം: ഡിസി ബുക്‌സ്. വില: 70 രൂപ


              നെഞ്ചുംവിരിച്ച് തലകുനിക്കുന്നു

ന്റെ ആദ്യകവിതാസമാഹാരം.
അവതാരികകളുടെയോ,
പഠനങ്ങളുടെയോ
അലങ്കാരങ്ങളില്ലാതെ
2007 നവംബറില്‍
തിരുവനന്തപുരത്ത് വച്ച്
പുസ്തകം പ്രകാശനം ചെയ്തു.
ഡിസി ബുക്‌സാണ് പ്രസാധകര്‍.
വില 40 രൂപ.


കലി-ദ ഫ്ലെയ്മിംഗ് ഫെയ്സസ്   

കൊടുങ്ങല്ലൂര്‍ ഭരണിയെ സംസ്കാര പഠനത്തിന്റെ കണ്ണിലൂടെ ആവിഷ്കരിക്കുന്ന ഡോകുമെന്ററി. രണ്ടായിരത്തി രണ്ടിലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 11 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാവിനു കൂടുതല്‍ പ്രാചീനതാനഷ്ടം വന്നിരിക്കുന്നു. കോമരങ്ങള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. തല വെട്ടിപ്പൊളിക്കുമ്പോള്‍ ഉത്കണ്ഠയോടെ ഒരു ഫോണ്‍ അരമണികള്‍ക്കിടയില്‍ ആകുലപ്പെടുന്നുണ്ട്. തെറിപ്പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ ഉയരുന്ന മൊബൈല്‍ ഫോണുകള്‍ വന്യമുഖങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ആ കാലത്തിനു മുന്‍പുള്ള ഡോകുമെന്ററി. അതിന്റെ തിരക്കഥ കവര്‍‌സ്റ്റോറിയായി ആദ്യം പ്രസിദ്ധീകരിച്ചത് ഭാഷാപോഷിണി. പിന്നെ പുസ്തകമാക്കിയത് ഫാബിയന്‍ ബുക്സ്. അവതാരിക എഴുതിയത് സ്നേഹത്തിന്റെ നാട്ടുമാവ് എം എന്‍ വിജയന്‍ മാഷ്‌. പഠനം കൊണ്ട് തളിര്‍പ്പിച്ചത് ചിന്ത രവീന്ദ്രന്‍.കലാപത്തിന്റെ ഉത്തരങ്ങള്‍  

ലാകൗമുദി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്തിരുന്ന നാളുകളില്‍ തുടര്‍ച്ചയായി എം എന്‍ വിജയന്‍ മാഷിനെ, നാട്ടുമാവുകള്‍ ധാരാളമുള്ള കൊടുങ്ങല്ലൂരിലെ കരുണ എന്ന വീട്ടില്‍ വച്ച് നേരില്‍ കണ്ടു നടത്തിയ സംഭാഷണങ്ങളുടെ സമാഹാരം. മാഷിന്റെ എല്ലാമായ ഭാര്യ, വീണുകിടക്കുന്ന മാമ്പഴങ്ങള്‍ പെറുക്കി പൂളി പിഞ്ഞാണത്തില്‍ വച്ചിരുന്നത് വൈലോപ്പിള്ളിയോളം മധുരം പരത്തി. സംഭാഷണത്തില്‍ പക്ഷെ കണ്ണൂരിലെയും നാദാപുരത്തെയും തലശ്ശേരിയിലെയും ചോരയായിരുന്നു. അതിന്റെ ഗന്ധം ഉടനീളം ഈ പുസ്തകത്തില്‍ ഉണ്ട്. പ്രസിദ്ധീകരിച്ചത് ഫാബിയന്‍ ബുക്സ്.

ബുദ്ധിജീവികളുടെ മൌനം 

വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്കിയുടെ രാഷ്ട്രീയ ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും പരിഭാഷ. നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ അധീശത്വ മേല്‍ക്കോയ്മയുടെ പ്രവര്‍ത്തനക്ഷമത വളര്‍ന്നുവരുമ്പോള്‍ നിസ്സംഗതയും അരാഷ്ട്രീയ വാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം. പരിഭാഷ എം എസ്‌ ബനേഷ്, എന്‍ എം ഹുസൈന്‍. പ്രസാധകര്‍ ഫാബിയന്‍ ബുക്സ്.  
    


Post a Comment