Wednesday, April 16, 2014

പ്രതിബോധത്തിന്റെ കവിതകള്‍


വിരുദ്ധോക്തിയുടെ വിചിത്ര കല്പനകളാലും സൂക്ഷ്മരാഷ്ട്രീയ കൂര്‍പ്പിനാലും സഹജമായ കവിത്വത്താലും സമൃദ്ധമാണ് എം.എസ്. ബനേഷിന്റെ കവിതകള്‍. മെരുങ്ങാനും ഞെരുങ്ങാനും ഒരുക്കമല്ല ഈ കവിതകള്‍. കാവ്യശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്തുകെട്ടിവച്ചിട്ടുണ്ടോ എന്നു വായനക്കാര്‍ക്കു തോന്നിയേക്കാം. എയ്യുമ്പോള്‍ നൂറാണെങ്കിലും കൊള്ളുമ്പോള്‍ ആയിരമാകുന്ന അസ്ത്രങ്ങള്‍ ഏറെയുണ്ട് ഈ കാവ്യ ആവനാഴിയില്‍. 'നെഞ്ചും വിരിച്ചു തലകുനിക്കുന്നു' എന്ന ആദ്യ സമാഹാരത്തില്‍ തന്നെ ബനേഷിന്റെ കയ്യടക്കവും കാവ്യാഭിജ്ഞതയും പ്രകടമാക്കുന്ന രചനകളുണ്ടായിരുന്നു.


'കാത്തുശിക്ഷിക്കണേ' എന്ന രണ്ടാമത്തെ സമാഹാരത്തിലെത്തുമ്പോള്‍ ആ കവിതകള്‍ കൂടുതല്‍ ഏകാഗ്രമായിരിക്കുന്നു. അതേ സമയം തീക്ഷ്ണത ഒട്ടും കുറയാതെയുമുണ്ട്. രക്തസാക്ഷി പരിവേഷത്തില്‍ അഭിരമിക്കുന്ന കവിയോ കവിതയോ അല്ല ഇത്. നിഗ്രഹോത്സുകമായ നിസ്സംഗതയുണ്ട് കാത്തുശിക്ഷിക്കണേ എന്ന സമാഹാരത്തിലെ മിക്കവാറും കവിതകളില്‍.
'കൗണ്ട് ഡൗണ്‍' എന്ന ആദ്യകവിത ആത്മഹത്യക്ക് മൂന്നുമാസം മുമ്പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങിയ ഒരാളെ കാട്ടിത്തരുന്നു. നിര്‍മമതയോടെയാണ് അയാള്‍ ആത്മഹത്യക്കുമുമ്പ് ചെയ്തുതീര്‍ത്ത കാര്യങ്ങളെക്കുറിച്ച് എഴുതുന്നത്. ഉപരിപ്ലവമായ വൈകാരിക പ്രസ്താവനകളോ ഉച്ചത്തിലുള്ള വിലാപസ്വരമോ ആദര്‍ശനഷ്ടപ്രകീര്‍ത്തനമോ ഇവിടെ ഇല്ല. അതിസാധാരണമായി ഒരാള്‍ അസാധാരണമായ ഒരു കാര്യം ചെയ്യുന്നു. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

'…മലമൂത്രങ്ങളാല്‍ അളിഞ്ഞും
തുടകള്‍ മാന്തിപ്പൊളിഞ്ഞും
നാവുതുറിച്ചും തൂങ്ങി
അരാഷ്ട്രീയമായി
ഒരെഴുപത്തേഴു കിലോ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് എന്ന്
ആകാശവാണി മാത്രം
ആനന്ദം കൊണ്ടുവോ?'
   -(കൗണ്ട് ഡൗണ്‍)

റുത്ത ഹാസ്യത്തിന്റെ അടക്കിപ്പിരിച്ച കൊലച്ചിരി കാണുന്നു നാമീ വരികളില്‍. ആത്മഹത്യയിലേക്കു മനസ്സും ശരീരവും എറിഞ്ഞുകൊടുക്കുന്നതു നിത്യേനയുള്ള പതിവായി മാറിയ ഇടമാണ് വര്‍ത്തമാനകാല കേരള സമൂഹം. അവിടെയിരുന്നാണ് ഈ കവി എഴുതുന്നത്. ആത്മഹത്യക്ക് ഒരുക്കം കൂട്ടുന്ന സന്ദര്‍ഭങ്ങള്‍ ബനേഷിന്റെ കവിതയില്‍ ഇടക്കിടയ്ക്ക് കടന്നുവരുന്നുണ്ട്. ഫോണ്‍ബുക്കില്‍ നിന്ന്, മരിച്ചുപോയവരുടെ നമ്പരുകള്‍ വെട്ടിമാറ്റുന്നതിനെക്കുറിച്ചാണ് 'മരിച്ചവരുടെ നമ്പറുകള്‍' എന്ന കവിത. മരിച്ചുപോയവര്‍ ഓര്‍മ്മകളായി മാറിക്കഴിഞ്ഞു. ആ നമ്പരുകള്‍ ഓര്‍മ്മയുടെ രഹസ്യക്കലവറകള്‍ തുറക്കാനുള്ള താക്കോലുകള്‍ കൂടിയാണ്. അതു വെട്ടിമാറ്റുക എന്നുവച്ചാല്‍ മറവി ശീലിക്കുകയെന്നതാണ്. പറയുംപോലെ അനായാസമാണോ അത്?

'…മരിച്ചവരുടെ ഫോണ്‍ നമ്പരുകള്‍
വെട്ടിമാറ്റിയാല്‍
വിളിക്കാന്‍ പിന്നെ
എന്താണ് ബാക്കിയാവുക?...'
-എന്ന് സങ്കടത്തോടെ, ആശങ്കയോടെ, പകപ്പോടെ കവി ചോദിക്കുന്നു. ഒരു നടുക്കം ഇടിമിന്നല്‍ പോലെ നമ്മെ ചൂഴുന്നു.

'…മരിച്ചവരുടെ നമ്പരുകള്‍
എളുപ്പം വെട്ടിമാറ്റാനാവില്ല…'
-എന്ന തിരിച്ചറിവിലാണ് മരിച്ചവരുടെ നമ്പരുകള്‍ തീരുന്നത്. ജീവിതത്തില്‍ നിന്നു നമ്മെ വിട്ടുപോയവരെ അഗാധമായി ഓര്‍മ്മപ്പെടുത്തും ഈ കവിത.

'അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും', 'ബ്ലൂഫിലിം' തുടങ്ങിയ കവിതകള്‍ക്ക് പൊതുവായ ഒരു പ്രമേയ പരിസരമുണ്ട്. പെണ്ണുടലുകള്‍ വേട്ടയാടപ്പെടുന്ന കാലത്തിന്റെ അടയാളപ്പെടുത്തലാണത്. അക്രമാസക്തമായ പുരുഷ ലൈംഗികതയെക്കുറിച്ചും മൊബൈലിലെയും ഇന്റര്‍നെറ്റിലെയും രതിയിടങ്ങളില്‍ കെട്ടിയിടപ്പെടുന്ന കാമനകളെക്കുറിച്ചും ഈ കവിതകള്‍ സംസാരിക്കുന്നു.

'…ഗ്രാമഹോട്ടലില്‍
വഞ്ചിക്കപ്പെട്ട
ഏറ്റവും പുതിയ പെണ്‍കുട്ടിയുടെ
വീഡിയോ
ഇന്നു കാണില്ലെന്നുറപ്പിച്ച്
നാളെയിലേക്ക്
പ്രതീക്ഷാനിര്‍ഭരമാവുന്നു…'
    -('അപ്പോള്‍ മറ്റന്നാള്‍ എന്തു ചെയ്യും')

'…ശാലിനിയെന്നു
വിളിക്കുകയില്ല ഞാന്‍
ശാലിനി എന്‍ മകള്‍-
ക്കുള്ള പേരാകയാല്‍…' എന്നു തുടങ്ങുന്ന 'ബ്ലൂഫിലിം' എന്ന കവിതയുടെ ഒടുക്കം, നമ്മുടെ കാപട്യത്തിന്റെ കരണത്തേല്‍ക്കുന്ന അടിയാണ്. അതിങ്ങനെ വായിക്കാം:

'…പിന്നെ മയക്കം
വെടിഞ്ഞെണീല്‍ക്കുമ്പോള്‍
നാദിയയെന്നതു
ശാലിനിയാകുന്നു.
കണ്ടിരിക്കുന്നൂ
വിരാട് വിടനായൊരു
താതന്‍, തഥാഗതനല്ലയാള്‍
ഉത്സുകം.'
          -('ബ്ലൂ ഫിലിം')

പുതുകവിതയുടെ പരിചിതമായ സത്രങ്ങളിലൊന്നും നാം കണ്ടിട്ടില്ല ബനേഷിന്റെ കവിതയെ. കനമില്ലായ്മയുടെ കനമോ തീരെ കനം കുറഞ്ഞ ഒച്ചകളോ അല്ല ബനേഷിന് കവിത. ഏതെങ്കിലും സംജ്ഞകളുടെ തണലിലല്ല, ജീവിതത്തിന്റെ പൊരിവെയിലത്താണ് ഈ കവിതകള്‍ നില്‍ക്കുന്നത്. ഗദ്യത്തിലും പദ്യത്തിലും ഒരേ ഇഴയടുപ്പത്തോടെ കവിത കെട്ടുന്ന മികവ് ഈ സമാഹാരത്തിലെ മിക്കവാറും രചനകളില്‍ കാണാം. കയ്പന്‍ അനുഭവങ്ങളെ പച്ചയ്ക്ക് എഴുതാന്‍ മടിക്കാത്ത കവിയാണ് ബനേഷ്. എല്ലാത്തിനെയും വണങ്ങിനില്‍ക്കുന്ന, പരിചരിക്കുന്ന ശീലമില്ല ഈ കവിതകള്‍ക്ക്. സുഖം, സ്വസ്ഥമായി ചാരുകസേരയില്‍ ഇരുന്നുള്ള എഴുത്തല്ല അത്. പ്രതിബോധത്തില്‍ നിന്നാണ് ഈ കവിമൊഴിയുടെ ഉരുവപ്പെടല്‍.

'…എനിക്കൊന്നു കുളിക്കണം
കുളിച്ചൊന്നിരിക്കണം
ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം.
കട്ടന്‍ചായ കുടിച്ച,വര്‍
തിരിച്ചെത്തുംമുമ്പുതന്നെ
കയറില്‍ച്ചെന്നു കുരുങ്ങണം
കാര്യങ്ങള്‍ ശരിയാക്കണം…'
   -(സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു)

ബ്രാംസ്റ്റോക്കറുടെ പഴകിയ ചിതല്‍ക്കൊട്ടാരത്തെയും സ്‌നേഹത്തിന്റെ ഡ്രാക്കുളയെയും സങ്കല്പിക്കുന്ന കവിതയാണ് 'പരിത്യക്തന്റെ രാത്രി'

'…സ്‌നേഹ വിദ്വേഷങ്ങളുടെ
പ്രാചീനമായ കോട്ടയിലേക്ക്
നഗരത്തിലെ എല്ലാ തലച്ചോറുകളെയും
അയാള്‍ ക്ഷണിച്ചു,
ഡ്രാക്കുളയെപ്പോലെ…'
-ആസക്തികളുടെയും അടക്കിയ അഭിലാഷങ്ങളുടെയും സീല്‍ക്കാരങ്ങളെ അതിന്റെ പരമാവധി മുഴക്കത്തില്‍ ബനേഷിന്റെ കവിത പിടിച്ചെടുക്കുന്നു. ഉള്ളില്‍ത്തറയുന്ന മുള്ളുപോലെയാണ് കാത്തുശിക്ഷിക്കണേ എന്ന സമാഹാരത്തിലെ മിക്കവാറും രചനകള്‍. അംഗീകൃത ലാവണ്യബോധത്തിന്റെ ചതുരവടിവുകള്‍ക്കകത്ത് ഒതുങ്ങാന്‍ കൂസാക്കാത്ത ഒരു കവിക്കേ 'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' പോലുള്ള കവിതകള്‍ എഴുതാനാവൂ.

കാത്തുശിക്ഷിക്കണേ (കവിതകള്‍)
എം.എസ്. ബനേഷ്
വില 70 രൂപ
ഡിസി ബുക്‌സ്





No comments: