Monday, April 14, 2014

തിരിച്ചുപോക്കിന്റെ താളം- ആനന്ദ്‌


'ആള്‍ക്കൂട്ട'വും 'മരണസര്‍ട്ടിഫിക്കറ്റും' 'മരുഭൂമികള്‍ ഉണ്ടാകുന്നതും' എഴുതിയ ആനന്ദ് എന്റെ ആദ്യകവിതാസമാഹാരമായ 'നെഞ്ചുംവിരിച്ച് തലകുനിക്കുന്നു'വിന് അവതാരികയെഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അപകര്‍ഷവും വിശദീകരിക്കാനറിയാത്ത മറ്റ് ചില വികാരങ്ങളും മൂലം ഞാന്‍ അതിന് ശ്രമിച്ചില്ല. ഗൗരവമേറിയ ഒരു ബഹുമാനത്തിന്റെ അപകടകരമല്ലാത്ത അകലത്തില്‍ ഞാന്‍ മാറിനില്‍ക്കുന്നു. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കത്തെഴുതിയിട്ടില്ല. ഫോണില്‍ വിളിച്ചിട്ടില്ല. ഇപ്പോള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എന്റെ 'ദി ബ്ലൈന്‍ഡ് ലൈബ്രേറിയന്‍' എന്ന ഡോക്യുമെന്ററി ചിത്രത്തെക്കുറിച്ച് അദ്ധേഹം എഴുതിയിരിക്കുന്നുവെന്നറിയുമ്പോള്‍, എന്റെ ഉള്ളിലെ കാമറയുടെ ലെന്‍സ് കൃതാര്‍ത്ഥത കൊണ്ട് ദീപ്തമാവുന്നു. ആനന്ദ് എഴുതിയ 'ജയിലില്‍ നിന്ന് പരോളിലേക്ക്' എന്ന ലേഖനത്തിലെ അവസാന ഖണ്ഡികകള്‍:
 

                       ജയിലില്‍ നിന്ന് പരോളിലേക്ക്
                                              ആനന്ദ്

…ഒരു ചെറിയ ഗ്രാമത്തിലെ കൊച്ചുവായനശാലയുടെ നിയന്ത്രണം ഒരു രാഷ്ട്രീയകക്ഷിക്ക് വലിയ നിര്‍ബന്ധമായി തോന്നി. ആ പാര്‍ട്ടി ഒരു പ്രത്യേക മതത്തിനോട് ആഭിമുഖ്യമുള്ളതായിരുന്നുവെന്നത് യാദൃച്ഛികമാകാം. ആധുനികകാലത്തെ, മതം പോലെത്തന്നെ പരിഷ്‌കരണവിരുദ്ധമായ, രാഷ്ട്രീയത്തിലെ യുക്തിവിരുദ്ധവിചാരങ്ങള്‍ എന്ന് കരുതാം. അവര്‍ ആ ചെറിയ വായനശാലയുടെ, വായനയോടുള്ള പ്രേമം കൊണ്ടുമാത്രം ആ ജോലിയേറ്റെടുത്ത തൊഴിലാളിവര്‍ഗ്ഗക്കാരന്‍ ലൈബ്രേറിയന്റെ മുഖത്ത് ആസിഡ് എറിഞ്ഞ് അയാളെ ആജീവനാന്തം അന്ധനാക്കി. ഒമ്പത് കൊല്ലത്തിനുശേഷം എംഎസ് ബനേഷ് എന്ന ഡോക്യുമെന്ററി സംവിധായകന്‍ അതീവദുരിതത്തില്‍ ജീവിക്കുന്ന മോഹനന്‍ എന്ന ലൈബ്രേറിയന്റെ അതിവിരൂപമായ മുഖം കണ്ടെത്തി. പക്ഷേ ടെലിവിഷന്‍ റേറ്റിംഗ് വിവാദങ്ങളും മാര്‍ക്കറ്റിംഗ് മാനദണ്ഡങ്ങളും പ്രകാരം ചാനല്‍ ആ ചിത്രം തടഞ്ഞുവച്ചു. ഈ മുഖം തുടര്‍ച്ചയായി കാണിച്ചാല്‍ പ്രേക്ഷകര്‍ ചാനല്‍ മാറ്റില്ലേ.? ഇത്രയും ദു:ഖകരമായ ഒന്ന് സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരുണ്ടാകും? ഈ തര്‍ക്കത്തിനിടയില്‍ അന്ധനായ ലൈബ്രേറിയന്‍
“ജീവിതത്തിന്റെ തത്സമയ സംപ്രേഷണം അവസാനിപ്പിച്ച്” യാത്രയായി. (എംഎസ് ബനേഷ്: മനുഷ്യര്‍ മനുഷ്യരെ അന്ധരാക്കുന്ന വിധം, പച്ചക്കുതിര, മെയ് 2013 )

 

ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുപോന്നപ്പോള്‍ മോഹനന്റെ കട്ടിക്കണ്ണടയുടെ പ്രതിഫലനത്തില്‍ കണ്ട തന്റെയും ക്രൂവിന്റെയും തിരിഞ്ഞുനടത്തത്തെ സംവിധായകന്‍ ഇങ്ങനെ വിവരിക്കുന്നു. “നമ്മുടെ എല്ലാവരുടെയും തിരിഞ്ഞുനടത്തം. മാനുഷികമായ കാരുണ്യങ്ങളില്‍ നിന്നും ദയയില്‍ നിന്നും പശ്ചാത്താപമില്ലാതെയുള്ള തിരിഞ്ഞുനടത്തം. ടെലിവിഷന്‍ റേറ്റിംഗുകള്‍ പരസ്യതാല്പര്യങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിന്റെ ആനന്ദമനശ്ശാസ്ത്രത്തിനും വേണ്ടി, അരികില്‍ നിന്ന്, അരികില്‍ നിന്ന്, അരികുകളിലേക്ക് നിരന്തരം തള്ളിനീക്കപ്പെടുന്ന എല്ലാത്തരം അധ:സ്ഥിത ജീവിതങ്ങളില്‍ നിന്നുമുള്ള തിരിഞ്ഞുനടത്തം. ലജ്ജയില്ലാതെ.” (എംഎസ് ബനേഷ്: മനുഷ്യര്‍ മനുഷ്യരെ അന്ധരാക്കുന്ന വിധം, പച്ചക്കുതിര, മെയ് 2013 )

ഈ തിരിച്ചുപോക്കിന്റെ താളം നമ്മുടെ മനസ്സില്‍ എവിടെയൊക്കെയോ പ്രതിധ്വനിക്കുന്നില്ലേ.

 

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആനന്ദ് എഴുതിയ 'ജയിലില്‍ നിന്ന് പരോളിലേക്ക്' എന്ന ലേഖനത്തിലെ അവസാന ഖണ്ഡികകള്‍)

No comments: