Thursday, April 10, 2014

റസാഖ് കോട്ടയ്ക്കലിന്റെ കാമറയൊരുക്കം

(പ്രശസ്ത ചലച്ചിത്രകാരന്‍ ജോഷി ജോസഫിനുവേണ്ടി പ്രമുഖ ഛായാഗ്രാഹകന്‍ റസാഖ് കോട്ടക്കല്‍ കാമറ നിര്‍വ്വഹിച്ച മേക്കിംഗ് ദി ഫെയ്‌സ് എന്ന സിനിമയുടെ ദൃശ്യാഖ്യാനം. ഇന്നലെ -2014 ഏപ്രില്‍ 9ന്- അന്തരിച്ച ശ്രീ റസാഖ് കോട്ടയ്ക്കലിന്, ഡിജിറ്റല്‍ അര്‍മാദകാലത്തിനും മുമ്പ്, സാധാരണ കാമറ കൊണ്ട് അമൂര്‍ത്തതയുടെ വികല്പങ്ങള്‍ വിന്യസിച്ച ഛായാഗ്രാഹകന്, ഓര്‍മ്മകളോടെ ഈ ദൃശ്യാഞ്ജലി)

രചന, സംവിധാനം: ജോഷി ജോസഫ്
കാമറ: റസാഖ് കോട്ടയ്ക്കല്‍
ദൃശ്യാഖ്യാനം: എം.എസ് ബനേഷ്


   തിളങ്ങുന്ന ഒരു ആഡംബര വസ്ത്രത്തിന്റെ സമീപദൃശ്യത്തിന്റെ പളപളപ്പും, മുഴങ്ങിക്കേള്‍ക്കുന്ന ഹരി ബോല്‍ ഹരി മന്ത്രോച്ചാരണങ്ങളും ഡ്രമ്മുകളുടെയും വാദ്യോപകരണങ്ങളുടെയും പ്രകമ്പനവും മാത്രം ആദ്യം. സംഗീതപ്പെരുക്കത്തില്‍ അഭ്രപാളി മുഴുവനായും നമ്മള്‍ കാണുന്ന ഈ അലങ്കാരവസ്ത്രം വാസ്തവത്തില്‍ 'പൊളോയ്' എന്നറിയപ്പെടുന്ന, മണിപ്പൂരിലെ വധുക്കളുടെ വിവാഹച്ചേലയാണ്. ഈ വിവാഹവസ്ത്രച്ചാരുദൃശ്യവും ഇഴപിരിയാത്ത പരമ്പരാഗത സംഗീതവും ചേര്‍ത്തുകൊണ്ട് സിനിമ തുടങ്ങുന്നു.

 പതുക്കെ, ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന വസ്ത്രത്തിന്റെ അതിസമീപക്കാഴ്ച്ചയുടെ പ്രതലങ്ങളില്‍ തലോടിക്കൊണ്ട് കാമറ നീങ്ങുമ്പോള്‍ നമ്മള്‍ ടോം ശര്‍മ്മയെ ആദ്യമായി തെല്ലിട കാണുന്നു. കറുത്ത വരകളുള്ള ടീഷര്‍ട്ട് ധരിച്ച ടോം ശര്‍മ്മ. നന്നായലങ്കരിച്ച മുറിയില്‍ ചുവന്ന സ്ലീവ്‌ലെസ് ഉടുപ്പിട്ട ഒരു യുവതിയെ മേക്കപ്പ് ചെയ്യുകയാണ് ഈ തെല്ലിടക്കാഴ്ച്ചയില്‍ ടോം ശര്‍മ്മ. തൊട്ടടുത്ത ഷോട്ടില്‍ ഏതോ വാഹനത്തിന്റെ റിയര്‍ വ്യൂ കണ്ണാടിയുടെ അത്യധികസമീപ ദൃശ്യം. അതിലെ സ്ഫടികത്തില്‍ വെള്ള അക്ഷരങ്ങളില്‍ വായിക്കാം, പ്രശസ്തമായ ഗതാഗതോപദേശം: ഒബ്ജക്ട്‌സ് ഇന്‍ ദ മിറര്‍ ആര്‍ ക്ലോസര്‍ ദാന്‍ ദേ അപ്പിയര്‍. (കാണുന്നതായി തോന്നുന്നതിനേക്കാള്‍ അരികിലായിരിക്കും കണ്ണാടി
കാണിക്കുന്ന വസ്തുക്കള്‍)

ഇപ്പോള്‍ കണ്ട കണ്ണാടിയില്‍ നിന്ന് നമ്മള്‍ പെട്ടെന്ന് മറ്റൊരു കണ്ണാടി കാണുന്നു. അതില്‍ ഒരു യുവതിയുടെ മുഖം പ്രതിഫലിക്കുന്നുണ്ട്. അവളുടെ മുഖത്ത് മേക്കപ്പ് ചെയ്യുന്ന മറ്റൊരു വ്യക്തിയുടെ വിരലുകളുടെ ദ്രുതചലനങ്ങള്‍. എത്ര ശ്രദ്ധാപൂര്‍വ്വമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ചലനങ്ങള്‍ എന്ന് കൗതുകപ്പെടുത്തും വിധത്തിലുള്ള ആകാംക്ഷാഭരിതമായ കോണിലാണ് കാമറയുടെ നില്പ്. ഇപ്പോള്‍ യുവതിയുടെ കണ്ണുകള്‍ക്ക് തൊട്ടുതാഴെ മെല്ലെ ചലിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ചെറുവിരല്‍. പിന്നെ കാണാം, കണ്‍പീലികളുടെ സ്ഥാനത്ത് ആര്‍ട്ടിസ്റ്റിന്റെ വിരലുകള്‍ പതിപ്പിച്ചുവയ്ക്കുന്ന ഒരു കൃത്രിമക്കണ്‍പീലി.  നൊടിയിടയില്‍ അതുവരെയില്ലാതിരുന്ന സമൃദ്ധമായ പീലികളോടെ മെല്ലെ തുറക്കുകയാണ് യുവതിയുടെ സുന്ദരമായ കണ്‍പോളകള്‍.

 

ഓടുന്ന ഒരു കാറിന്റെ റിയര്‍വ്യൂ കണ്ണാടിയിലൂടെ നമ്മള്‍ക്ക് ഇപ്പോള്‍ പുറത്തെ മഞ്ഞില്‍നരച്ച പ്രകൃതി കാണാം. കണ്ണാടിയിലെ പ്രതിഫലനം വിട്ട് കാറിനകത്തെ കാമറ കാണിച്ചുതരുന്ന  മലമ്പ്രദേശങ്ങളിലെ മഞ്ഞില്‍ മരവിച്ച പ്രകൃതി. ഹരിതാഭമാണെങ്കിലും അത് കാണാന്‍ പറ്റാത്ത വിധം സാന്ദ്രമാണ് പച്ചപ്പിനുമേലുള്ള ഹിമപടം. കണ്ണട വെച്ച ഒരു യുവതി കാറിലെ ചില്ലുജാലകത്തിനരികിലിരുന്ന് പുറത്തേക്ക് വിഷാദകരമായി നോക്കുന്നുണ്ട്. മൂടല്‍മഞ്ഞ് അല്പം നീങ്ങുമ്പോള്‍ കാറിനെതിരെ കുന്നിന്‍ചരുവിലൂടെ വരുന്ന രണ്ടു വാഹനങ്ങള്‍. ഈ രംഗങ്ങളെയെല്ലാം അനുഗമിച്ചുകൊണ്ടുയരുന്ന താളവാദ്യങ്ങളുടെ പനിപിടിച്ചതുപോലുള്ള സംഗീതം യാത്രക്ക് അസുഖകരമായ ഒരു സംഘര്‍ഷണം നല്‍കുന്നുണ്ട്.

സംഗീതം തുടരുന്നതിനിടെ, ആയുധധാരിയായ ഒരു സൈനികന്‍ കാര്‍ തടഞ്ഞ് പരിശോധിക്കുകയാണ്. ഓട്ടോമാറ്റിക് റൈഫിളുകളുമായി ഒരാള്‍ കാറിലെ ഡ്രൈവറുടെ ഡോര്‍ തുറന്ന് സീറ്റിനുതാഴെ തിരയന്നു.. മറ്റൊരു സൈനികന്‍ കാറിന്റെ അടുത്ത ഡോര്‍ തുറക്കുമ്പോള്‍ ഡോറില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ ഇങ്ങനെ. ഐ ലവ് മൈ മണിപ്പൂര്‍. യാത്രക്കാരുടെ സീറ്റുകളുടെ അടിവശങ്ങള്‍ സൈനികന്‍ പരിശോധിക്കുമ്പോഴും പശ്ചാത്തലത്തില്‍ സംഗീതം തുടരുന്നുണ്ട് പരിശോധന തുടരുന്ന സൈനികര്‍ക്കുനേരെ നോക്കുകയാണ് നീല ബന്‍ഡാനയും പിങ്ക് ടീഷര്‍ട്ടും ധരിച്ച യുവതി.

 
ഇതിനിടെ, കാറിലെ ഫോട്ടോഗ്രാഫറുടെ ബാഗ് പൊക്കിയെടുത്തുകൊണ്ട് സൈനികരിലൊരാള്‍ ചോദിക്കുന്നുണ്ട്: 'എന്താ നിങ്ങള്‍ ഇവിടെ ചെയ്യുന്നത്?'
കാറിനകത്തുനിന്ന് ആരോ പറയുന്ന ഉത്തരം കേള്‍ക്കാം:'ഞങ്ങള്‍ ഞങ്ങള്‍ടെ പണി ചെയ്യുന്നു. അതുതന്നെ ഞങ്ങള്‍ ചെയ്യുന്നത്.'

'പക്ഷേ...ഞങ്ങളുടെ പോസ്റ്റിന്റെ നേരെ മുന്നില്‍തന്നെയോ?'

'നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി ചെയ്യുന്നു, എനിക്കറിയാം. ഞാന്‍ എന്റെ ഡ്യൂട്ടിയും ചെയ്യുന്നു.'

കാര്‍ പിന്നെയും ചലിച്ചുതുടങ്ങുന്നു. കണ്ണാടിയില്‍ ഡ്രൈവറുടെ മുഖം പരിഭ്രാന്തമാണ്.. പുറത്ത് ഇരുളുന്ന ആകാശത്തിന്റെ പശ്ചാത്തലത്തില്‍ കാറില്‍ ഇരിക്കുന്നുണ്ട് മറ്റൊരാള്‍.

'പക്ഷേ, നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത് സര്‍?' സുരക്ഷാഉദ്യോഗസ്ഥന്റെ പിന്നെയും തുടരുന്ന ആകാംക്ഷ.

ഈ ചോദ്യത്തിന്റെ തൊട്ടുപിറകെ സിനിമയിലെ ആദ്യവിവരണപാഠം ഇങ്ങനെ തുടങ്ങുന്നു: 'ഐഡന്റിറ്റി എന്നത് തിരനിറച്ച ഒരു വാക്കാണ്. അര്‍ത്ഥംകൊണ്ടും ഊന്നല്‍ കൊണ്ടും പല തലങ്ങളുള്ള വ്യാഖ്യാനങ്ങള്‍ കൊണ്ടും വെടിയുണ്ട നിറച്ച വാക്ക്. വ്യത്യസ്ത ജനതയ്ക്കനുസരിച്ച് അത് വ്യത്യസ്തമായിക്കൊണ്ടിരിക്കും. പ്രത്യേകിച്ചും വിഭിന്ന കാലങ്ങളില്‍, വിഭിന്ന സ്ഥലങ്ങളില്‍.'

 
ഈ വിവരണപാഠത്തോടൊപ്പം നമ്മള്‍ കാണുന്നത് കറുത്ത തുണികൊണ്ട് മറച്ച ഒരു മുഖം.  കൃഷ്ണമണികള്‍ ചലിക്കുന്നത് മാത്രം കാണാം. തൊട്ടുപിറകെ, മറയ്ക്കപ്പെട്ട മുഖമുള്ള മറ്റൊരാള്‍ ധരിച്ചിരിക്കുന്ന കറുത്ത കണ്ണടയുടെ ചില്ലില്‍ പ്രതിബിംബിച്ചു കാണാവുന്ന കാറിലെ രണ്ടു മനുഷ്യരൂപങ്ങള്‍. ഏതോ ഒരു സംഗീതോപകരണം കൈയ്യില്‍ പിടിച്ചിട്ടുണ്ട് ഒരാള്‍. സ്വന്തം ക്യാമറയിലെ വ്യൂഫൈന്‍ഡറിലൂടെ ശ്രദ്ധാപൂര്‍വ്വം നോക്കുകയും ടെലിഫോട്ടോ ലെന്‍സിന്റെ ഫോക്കല്‍ ലംഗ്ത് കൈകള്‍ കൊണ്ട് ക്രമീകരിക്കുകയും ചെയ്യുകയാണ് മറ്റൊരാള്‍. 

വിവരണപാഠം തുടരുമ്പോള്‍ വാക്കുകള്‍ ഇങ്ങനെ: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിന്റെ തലസ്ഥാനനഗരമായ ഇംഫാലില്‍ നിങ്ങള്‍ എത്തിയാലുടന്‍, ആ നിമിഷം മുതല്‍ നിങ്ങള്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യേണ്ടിവരുന്ന കാര്യം നിങ്ങളുടെ ഐഡന്റിറ്റി എന്താണെന്ന് വിളിച്ചുപറയുകയെന്നതാണ്.

ഈ ശബ്ദാഖ്യാനത്തോടൊപ്പം നമ്മള്‍ കാണുന്നത് ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുന്ന ഗേറ്റില്‍ എഴുതിവച്ചിരിക്കുന്ന വാക്യമാണ്: 'നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുക'. ബാരിക്കേഡിനരികില്‍ ആയുധധാരിയായ സൈനികന്‍ നില്‍പ്പുണ്ട്. ഫിഡില്‍ പോലെയുള്ള സംഗീതോപകരണം വായിക്കുന്ന ഒരു സംഗീതജ്ഞന്റെ ദൃശ്യത്തൊടൊപ്പം നമ്മള്‍ ഇപ്പോള്‍ കാണുന്നത് സൈനികരുടെ കാക്കിയിട്ട കാലുകളും സര്‍വ്വായുധധാരികളായ സൈനികര്‍ ഒരു ഐഡന്റിറ്റി കാര്‍ഡിലേക്ക് തുറിച്ചുനോക്കുന്നതുമാണ്.

'നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത് സര്‍?' ചോദ്യം വീണ്ടും മുഴങ്ങുന്നു.

ഇപ്പോള്‍ നമ്മള്‍, തുണികൊണ്ട് മുഖം മറച്ചയാളുടെ കറുത്ത കണ്ണടയില്‍ പ്രതിബിംബിച്ചുകണ്ട, ടെലിഫോട്ടോ കാമറ കൈകാര്യം ചെയ്യുന്നയാളിലേക്ക് തിരികെയെത്തുന്നു. അയാളുടെ കാമറ ഇടത്തോട്ട് തിരിയുമ്പോള്‍ അതിന്റെ ലെന്‍സ് ഫോക്കസ് ചെയ്യപ്പെട്ടിരിക്കുന്നത് സൈനികന്റെ ഉന്നം വച്ചിരിക്കുന്ന റൈഫിളിന്റെ മുനയിലേക്കാണ്. കാമറയും സൈനികന്റെ തോക്കും ഇപ്പോള്‍ മുഖാമുഖം.

ഒപ്പം കാറിനകത്തുനിന്ന് ഒരാള്‍ ഇങ്ങനെ പറയുന്നതും കേള്‍ക്കാം: 'നിങ്ങള്‍ക്ക് തോക്കുകളുള്ളതുപോലെ ഞങ്ങള്‍ക്ക് കാമറയുമുണ്ട്.' 

ഈ ദൃശ്യത്തിനൊപ്പമുള്ള ഒറ്റവരിയില്‍ വിവരണ പാഠം ഇത്രമാത്രം:  'അതുകൊണ്ട്, ഐഡന്റിറ്റി എന്നത് ഇംഫാലിലെ സാമൂഹിക സന്ദിഗ്ധതയില്‍ ഒരു പതിവുവാക്ക് ആയി മാറുന്നു'.

 
ഈ വിവരണപാഠത്തോടൊപ്പം മണിപ്പൂരില്‍ നിന്നുള്ള ചില കറുപ്പും വെളുപ്പും നിശ്ചലചിത്രങ്ങള്‍ മൊണ്ടാഷായി ഇടിച്ചുകയറുന്നു. മണിപ്പൂരിന്റെ സ്വാതന്ത്ര്യമാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പോസ്റ്ററുകള്‍, നിരാഹാരസമരം ചെയ്യുന്ന മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയ്ക്ക് മൂക്കിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണം കൊടുക്കുന്നത്,  ഇംഫാലിലെ മുഖം മറച്ച് ജോലിചെയ്യുന്ന റിക്ഷാതൊഴിലാളികള്‍ എന്നിവയാണ് ക്രമത്തില്‍ നിശ്ചലചിത്രങ്ങളായി നിറയുന്നത്.

ഈ നിശ്ചലഫോട്ടോകളുടെ മൊണ്ടാഷിന്റെ അവസാനദൃശ്യത്തോടൊപ്പം തുടരുന്ന വിവരണപാഠം ഈ വിധം: 'ഇംഫാലിലെത്തുന്ന സന്ദര്‍ശകരെ ആദ്യം സ്വാഗതം ചെയ്യുന്ന ദൃശ്യം മുഖം മറച്ച് പണിയെടുക്കുന്ന റിക്ഷാതൊഴിലാളികളായിരിക്കും. അജ്ഞാതരായിരിക്കുക എന്നത് ഐഡന്റിററിയായി സ്വീകരിച്ചിരിക്കുന്ന റിക്ഷാവാലകള്‍.'

 
ദൃശ്യത്തില്‍ ഇപ്പോള്‍ ഒരു വിവാഹാഘോഷമാണ്. പരമ്പരാഗതവേഷം ധരിച്ച മണിപ്പൂരി യുവതി കോറസ് പാടുമ്പോള്‍ ഉത്സുകതയോടെ കേട്ടുനില്‍ക്കുന്ന വീട്ടമ്മ. തൊട്ടടുത്ത്, നിലത്ത്, ചുവന്ന ട്യൂണിക് അണിഞ്ഞിരിക്കുന്ന വധു, അരികിലെ പ്രായമായ സ്ത്രീ അവളുടെ അമ്മയാവാനാണ് സാധ്യത. ഈ രംഗത്തിലേക്ക് ടോം ശര്‍മ്മ കടന്നുവരുകയാണ്. വധുവിന്റെ വസ്ത്രത്തിനുചുറ്റും സ്‌കാര്‍ഫ് ചുറ്റാന്‍ ടോം നിര്‍ദ്ദേശിക്കുമ്പോള്‍ അവള്‍ അത് അനുസരിക്കുന്നുണ്ട്. സമീപക്കാഴ്ചയില്‍ ഇപ്പോള്‍ വധുവിന്റെ മുഖത്ത് ടോം ശര്‍മ്മയുടെ ചലിക്കുന്ന വിരലുകള്‍. നിലത്തിരുന്ന് പൊളോയ് വസ്ത്രം സ്റ്റിച്ച് ചെയ്യുന്നുണ്ട് മറ്റൊരു പ്രായമായ സ്ത്രീ.

വീണ്ടും വധുവിലേക്ക്. ഇത്തവണ വധുവിനെ നമ്മള്‍ കാണുമ്പോള്‍, ഒരു കാതില്‍ അവള്‍ സ്വയം കമ്മലിടുകയാണ്. അതേസമയംതന്നെ മറുകാതില്‍ അമ്മ ഇട്ടുകൊടുക്കാന്‍ ശ്രമിക്കുന്ന കമ്മലിന്റെ പിരിമുറുക്കുമ്പോളത്തെ അസ്വസ്ഥത വധുവിന്റെ മുഖത്ത് പ്രകടമാണ്.   വധുവിന്റെ മുഖത്ത് ബ്രഷ് കൊണ്ട് മേക്കപ്പ് ചെയ്യുന്ന ടോം ശര്‍മ്മയുടെ കൈ വീണ്ടും തെളിയുന്നു. പശ്ചാത്തലത്തില്‍ അത് നോക്കിനില്‍ക്കുന്നുണ്ട് ഒരുകൂട്ടം കൊച്ചുപെണ്‍കുട്ടികള്‍.

വധുവിന്റെ മുഖത്തുകൂടി ചലിക്കുന്ന ടോം ശര്‍മ്മയുടെ ബ്രഷിനൊപ്പം ഇങ്ങനെ കേള്‍ക്കാം വിവരണപാഠം: 'നന്നായി പരിശീലനം നേടിയ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സ്വന്തം കഥയാണ് ഇത്'.

വധുവും ടോം ശര്‍മ്മയും ഉള്‍പ്പെടുന്ന ദൃശ്യത്തിലേക്ക് കാമറ വിസ്തൃതമാകുന്നു. ഇരുവരും നിലത്തിരിക്കുകയാണ്. ടോമിന്റെ ബ്രഷിന്റെ വിദഗ്ധമായ ചടുലചലനങ്ങള്‍ വധുവിന്റെ മുഖം തുടുപ്പിക്കുന്നുണ്ട്. ഒപ്പം, മുറിയുടെ മുകളില്‍നിന്നെന്ന വണ്ണവും ഈ ദൃശ്യങ്ങള്‍ നമ്മള്‍ക്ക് കാണാം.

 
ഇപ്പോള്‍ കണ്ട ഈ ചമയരംഗങ്ങള്‍ക്കൊപ്പം ഉയരുന്ന വിവരണപാഠം ഇങ്ങനെ: 'മുഖങ്ങളെ ഇയാള്‍ സുന്ദരമാക്കുന്നു, വിവാഹങ്ങള്‍ക്കുവേണ്ടി, ഫാഷന്‍ ഷോകള്‍ക്കുവേണ്ടി, നാടകാവതരണങ്ങള്‍ക്കുവേണ്ടി, ചിലപ്പോള്‍ സിനിമകള്‍ക്കുവേണ്ടിപ്പോലും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മേക്കപ്പ് ചെയ്യുന്ന ഇയാള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. കാരണം, ഇയാളുടെ ഐഡന്റിറ്റി പുല്ലിംഗത്തിനും സ്ത്രീലിംഗത്തിനുമപ്പുറം സങ്കീര്‍ണ്ണമാണ്.'

സന്തോഷത്തോടെ നോക്കുന്ന ഒരു സ്ത്രീയുടെ മുഖത്തിന്റെ സമീപദൃശ്യം. നമ്മള്‍ പിന്നെയും വധുവിനെയും ടോമിനെയും കാണുന്നു. അവളുടെ വലംകയ്യില്‍ മേക്കപ്പിടുകയാണ് ടോം. പ്രായം കൂടിയ ഒരു സ്ത്രീ അടുത്തുള്ള മുറിയില്‍ കര്‍ട്ടനു പിന്നില്‍ മറഞ്ഞുനിന്ന് ഈ ചമയരംഗം നോക്കുന്നത് നൊടിയിടയില്‍ കാണാം. ഇപ്പോള്‍ കാമറ താഴെ നിന്ന് കാണിച്ചുതരുന്നത് വധുവിന്റെ സ്‌കര്‍ട്ടിന്റെ നീളം അളക്കുന്ന മറ്റൊരു സ്ത്രീയെയാണ്. വധുവിന്റെ പാദത്തില്‍ നിന്ന് തുടങ്ങി മുഖത്തേക്ക് എത്തിച്ചേരുന്ന കാമറ. നേരത്തേ അളവെടുത്ത സ്ത്രീ വധുവിന്റെ ഇടുപ്പിലെ ഉടുപ്പിന്റെ ചുററിക്കെട്ടില്‍ പച്ചനിറമുള്ള ടോപ്പ് തുന്നിച്ചേര്‍ക്കുകയാണ്. നില്‍ക്കുന്ന വധുവിനരികില്‍ മുട്ടുകുത്തിയിരുന്ന് തുന്നുന്ന സ്ത്രീ.  വധുവിന്റെ കൈ ആ സ്ത്രീ സ്വന്തം കയ്യിലേക്ക് വലിച്ചെടുത്ത് തന്റെ ശിരസ്സില്‍ എടുത്തുവയ്ക്കുന്നു. വധുവിന്റെ കൈ കഴയ്ക്കാതിരിക്കാന്‍ ഒരു തലത്താങ്ങ് പോലെ.

 
ഈ ദൃശ്യം മുതല്‍ നേരത്തേ കേട്ട തിമിലകളുടെയും പെരുമ്പറകളുടെയും സംഗീതം വീണ്ടും സമൃദ്ധമായി ഉയരുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയുടെ ആശ്ചര്യനോട്ടം ഇതിനിടയില്‍ കാണാം. സ്ത്രീ ഇപ്പോഴും വധുവിന്റെ ഇടുപ്പിനോട് ചേര്‍ന്ന ഉടുപ്പില്‍ ടോപ്പ് തുന്നിച്ചേര്‍ക്കുകയാണ്. മറ്റൊരു കാമറക്കണ്ണിലൂടെയും നാമത് കാണുന്നു. മണിപ്പൂരി വിവാഹത്തിനുള്ള പരമ്പരാഗത പൊള്ളോയ് വസ്ത്രം മിക്കവാറും തയ്യാറായിരിക്കുന്നു. അതിന്റെ ജ്വലിക്കുന്ന അലങ്കാരച്ചന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കാമറ അടി മുതല്‍ മുടി വരെ ഒരു സുഭഗസഞ്ചാരം നടത്തുന്നു. ആ സഞ്ചാരം സുഗമമായി എത്തിനില്‍ക്കുന്നത് വധുവിന്റെ ദീപ്തമുഖത്ത്. ടോം ശര്‍മ്മ ഇപ്പോഴും അവളുടെ മുഖത്ത് മേക്കപ്പ് ചെയ്യുന്നുണ്ട്. വധു ഇതാ എല്ലാ വിവാഹാഭരണങ്ങളും ഒന്നിച്ച് ധരിക്കുകയാണ്. അവളുടെ കണ്ണുകളുടെ സമീപദൃശ്യം ഒരിക്കല്‍ക്കൂടി. ടോം ശര്‍മ്മ ഇപ്പോള്‍ വധുവിന്റെ കണ്‍പീലികളുടെ സ്ഥാനത്ത് അപ്രതീക്ഷിതമായി ഒരു കൃത്രിമക്കണ്‍പീലി പിടിപ്പിക്കുന്നു, മെല്ലെ തുറക്കുകയാണ് അതുവരെയില്ലാതിരുന്ന സമൃദ്ധമായ പീലികളുമായി അവളുടെ കണ്ണുകള്‍.

 
അടഞ്ഞ കണ്ണ് തുറക്കുമ്പോള്‍ രംഗം മാറിയിരിക്കുന്നു. ടോം ശര്‍മ്മ ഒരു സ്‌കൂട്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍വശത്തുനിന്ന് ആ യാത്ര കാണാം. കറുത്ത മുഴുക്കയ്യന്‍ ടീഷര്‍ട്ട് ധരിച്ച് കറുത്ത തൊപ്പിയും കറുത്ത കണ്ണടയും വച്ചാണ് സഞ്ചാരം. പിന്‍ സീറ്റില്‍ ആരോ ഇരിക്കുന്നതും അരികിലൂടെ ഒരു ബസ് വരുന്നതും കാണാം.  ഈ യാത്രക്കാഴ്ച്ചയ്‌ക്കൊപ്പം പശ്ചാത്തലത്തില്‍ ചില പുരുഷശബ്ദങ്ങള്‍ കേള്‍ക്കാം:

'ടോം ശര്‍മ്മ...ഉം... ഇതെന്താണ്?'
'ഒകെ, അവന്റെ അച്ഛന്റെ പേര്.'

ഒരു പ്ലാസ്റ്റിക് മേശയുടെ മുകളില്‍ ചിതറിക്കിടക്കുന്ന ചില കടലാസുകളിലേക്ക് തിരിയുന്ന കാമറ. തുറസ്സായ ഏതോ സ്ഥലത്താണ് മേശ. വോട്ടര്‍ പട്ടിക പോലെ തോന്നിക്കുന്ന എന്തോ ചിലത് അച്ചടിച്ചിട്ടുണ്ട് കടലാസ്സുകളില്‍. മേശയ്ക്കു ചുറ്റും ചിതറിനില്‍ക്കുകയാണ് ചിലര്‍. കടലാസ്സുകളിലെ പേരുകളിലൂടെ ചലിക്കുന്നുണ്ട് അവരുടെ കൈകള്‍. നേരത്തേ കേട്ട പുരുഷശബ്ദങ്ങള്‍ വീണ്ടും:

'പാ...എന്നു പറഞ്ഞാല്‍ പുരുഷന്‍ എന്നാണോ?'
'അപ്പോള്‍ പാ എന്നാല്‍ മെയില്‍ എന്നര്‍ത്ഥം...'
'യെസ്, മെയില്‍.'

ഇത്രയും നേരം കേട്ട പുരുഷശബ്ദങ്ങള്‍ ആരുടേതാണെന്നറിയാന്‍ കടലാസുകളില്‍ നിന്ന് ഉയരുകയാണ് കാമറ. ജേണലിസ്‌ററുകള്‍ ധരിക്കുന്ന തരം ജാക്കറ്റിട്ടുകൊണ്ട് നില്‍ക്കുന്ന ഒരാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും മറ്റുള്ളവര്‍ മേശയ്ക്കു ചുറ്റും നില്‍ക്കുന്നതും കാണാം.

'പിന്നെ...ഈ...28?...'
'യെസ്'
'ഓ... പ്രായം 28'.
'പുരുഷന്‍, വയസ്സ് 28...'

ചുറ്റും നില്‍ക്കുന്നവരില്‍ ചിലരുടെ വിരലുകള്‍ മേശപ്പുറത്തെ കടലാസുകളില്‍ പരതുന്നതിനും മറ്റു ചിലരുടെ കൈകള്‍ മേശപ്പുറത്ത് വിശ്രമിക്കുന്നതിനുമിടയില്‍ കടലാസുകളുടെ സമീപക്കാഴ്ച്ചയിലാണ് കാമറ. പശ്ചാത്തലത്തില്‍ ഇത്തവണ മറ്റൊരു പുരുഷന്റെ ശബ്ദമാണ് നമ്മള്‍ കേള്‍ക്കുന്നത്:

'ടോം...ഇതെന്താ പുരുഷന്‍ എന്നെഴുതിയിരിക്കുന്നത്?'
മറുപടിയില്‍ മറ്റൊരാളുടെ ശബ്ദം:
'ടോം ശര്‍മ്മ പുരുഷനാണ്'.

കാമറ ഒരിക്കല്‍ക്കൂടി താഴെനിന്ന് മുകളിലേക്ക്. ഇത്തവണ, മറ്റാരെയുമല്ല ടോം ശര്‍മ്മയെത്തന്നെ കാണിക്കാനാണ് ഈ മേല്‍നോട്ടം. ചോദ്യങ്ങള്‍ കേട്ട് ചിരിക്കുകയാണ് ടോം. ചുററും നില്‍ക്കുന്നവരോട് സംസാരിക്കുന്ന ടോം. ടോമിനെ പിന്നില്‍ നിന്ന് നോക്കുന്ന ജേണലിസ്റ്റിന്റെ പ്രകൃതമുള്ളയാള്‍. പശ്ചാത്തലത്തില്‍ മറ്റൊരു സ്വരമുയരുന്നു:

'പി....പി എന്നാല്‍ ഫീമെയില്‍..'
ഇതേ കാര്യം സ്‌ത്രൈണ ശബ്ദത്തില്‍ ആവര്‍ത്തിക്കുന്ന ടോം ശര്‍മ്മയെ നമ്മള്‍ക്ക് കാണാം:
'പി എന്നാല്‍ ഫീമെയില്‍'
'പാ എന്നാല്‍...മെയില്‍'
'അപ്പോള്‍ ഞാനോ?'
'ഫിഫ്റ്റി-ഫിഫ്റ്റി'

ഇതു പറഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം പൊട്ടിച്ചിരിക്കുകയാണ് ടോം ശര്‍മ്മ.

മറ്റൊരു സന്ദര്‍ഭം.
ഒരു വരാന്തയോട് ചേര്‍ന്ന മുറിയില്‍ നിന്ന് പുറത്തേക്ക് നീണ്ടുകിടക്കുന്ന സ്ത്രീകളുടെ ക്യൂവിനരികിലൂടെ മുറിക്കകം ലക്ഷ്യമാക്കി നടക്കുകയാണ് ടോം ശര്‍മ്മ. ഇംഫാല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വോട്ടെടുപ്പാണ്. തകരമേല്‍ക്കൂരയുള്ള ആ ഒറ്റനിലക്കെട്ടിടം മണിപ്പൂര്‍ സംസ്‌കൃത കോളേജാണെന്ന് വരാന്തയിലെ സൈന്‍ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.  തൊട്ടുമുന്നിലെ ബ്ലാക്‌ബോര്‍ഡില്‍ മണിപ്പൂരിയിലും ഇംഗ്ലീഷിലുമായി തിയ്യതി, സ്ഥലം, സമയം എന്നിങ്ങനെ വോട്ടെടുപ്പിന്റെ വിശദാംശങ്ങളെല്ലാമുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന മുറിയുടെ അകം. കറുത്ത ബാലറ്റ് പെട്ടിക്കരികിലേക്ക് നീങ്ങുന്ന ഒരാള്‍.  പെട്ടിക്കരികില്‍ നില്‍ക്കുന്ന അയാളില്‍ നിന്ന് വാതിലിലേക്ക് തിരിയുന്ന കാമറ, വനിതാസുരക്ഷാഗാര്‍ഡിനെ കടന്ന് മുറിയിലേക്ക് വരുന്ന ടോം ശര്‍മ്മയെ കാണിച്ചുതരുന്നു. നീണ്ടൊരു മരമേശയ്ക്കിപ്പുറം ഇരിക്കുന്ന മധ്യവയസ്‌കനായ ഒരാളെ കാണാം. അയാള്‍ക്കപ്പുറം മറ്റുചില പുരുഷന്മാരും ഇരിക്കുന്നുണ്ട്. മേശയ്ക്കു പിന്നില്‍ ഇരിക്കുന്നവരില്‍ ഒരാളുടെ മുമ്പിലേക്ക് വോട്ടിംഗ് മഷി പുരട്ടാന്‍ വിരല്‍ നീട്ടിക്കൊടുക്കുന്ന ഒരു സ്ത്രീ.  മധ്യവയസ്‌കന്‍ ഒരു നമ്പര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട്..കറുത്ത ടീ ഷര്‍ട്ട് ധരിച്ച് വരുന്ന ടോം ശര്‍മ്മ മേശയ്ക്കരികിലെത്തി വിരല്‍ നീട്ടിക്കൊടുക്കുന്നു. കാമറ ആ വിരലുകളിലേക്ക് സൂക്ഷ്മം നീങ്ങുന്നു. സ്വന്തം വിരലിലെ മഷി നോക്കുന്ന ടോം ശര്‍മ്മ, മധ്യവയസ്‌കനില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വാങ്ങി ബൂത്തിലേക്ക് നീങ്ങുന്നു. കാമറ അനുഗമിക്കുമ്പോള്‍ നാം കാണുന്നത് ഫീമെയില്‍ എന്നെഴുതിയൊട്ടിച്ച സൈന്‍ ബോര്‍ഡിനരികിലൂടെ  ബുത്തിലെത്തുന്ന ടോമിനെയാണ്. ഇപ്പോള്‍ ടോം ശര്‍മ്മയുടെ ദൃശ്യത്തിന് മുകളിലൂടെ ഇങ്ങനെ അക്ഷരങ്ങള്‍ തെളിയുന്നു: 'ടോം ശര്‍മ്മയ്ക്ക് ഇഷ്ടമുള്ള ഒരു ബൂത്ത് തെരഞ്ഞെടുക്കാം, ഒന്നുകില്‍ മെയില്‍ ബൂത്ത്, അല്ലെങ്കില്‍ ഫീമെയില്‍ ബൂത്ത്' 

വോട്ടെടുപ്പ് നടന്ന കെട്ടിടത്തിന്റെ മുന്‍വശത്തേയ്ക്ക് നമ്മള്‍ തിരികെയെത്തുമ്പോള്‍ പെണ്‍കുഞ്ഞിനെ മാറിന്റെ പിന്‍ഭാഗത്ത് രസകരമായി കെട്ടിവച്ചിരിക്കുന്ന ഒരമ്മയെ കാണാം. കുഞ്ഞിന്റെ കവിള്‍ താലോലിക്കുന്ന കൈകള്‍ ടോം ശര്‍മ്മയുടേതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. ടോമും കുഞ്ഞിന്റെ അമ്മയും തമ്മില്‍ മണിപ്പൂരി ഭാഷയില്‍ നടക്കുന്ന സ്‌നേഹകുശലം:

'സുന്ദരിപ്പെണ്‍കുട്ടി'
'ഇവള്‍ ഇവളുടെ അച്ഛനെപ്പോലെ സുന്ദരിയാണ്'.

ടോം ശര്‍മ്മയുടെ മുഖം ഇപ്പോള്‍ ഒരു കുടയ്ക്കു താഴെയാണ്. മഴ പെയ്യുന്നുണ്ട്. മഴപ്പെയ്ത്തിന്റെയും ഇടിവെട്ടിന്റെയും ശബ്ദത്തിമിര്‍പ്പ്. അമ്മയും ടോമുമായുള്ള സംഭാഷണം പരാപരാ കേള്‍ക്കാം:

'കുഞ്ഞിനെത്ര വയസ്സായി'
'ആറ് മാസമാവുന്നതേയുളളൂ'.

രംഗം മാറുമ്പോള്‍ ഒരു ചെറിയ കട. നീല സ്‌കാര്‍ഫ് ധരിച്ച ഒരു സ്ത്രീ അടയ്ക്ക മുറിച്ച് മുറുക്കാന്‍ ഉണ്ടാക്കുകയാണ്. കടയ്ക്കുമുന്നിലുള്ള രണ്ടുപേരുടെ സംഭാഷണം അടയ്ക്ക നുറുക്കുന്ന സ്ത്രീയുടെ ദൃശ്യത്തിന് മുകളിലൂടെ കേള്‍ക്കാം:

'എവിടെ എന്റെ സിഗരറ്റ്?'
'ഹൊ, ഇയാള്‍ക്ക് സിഗരറ്റ് ഭ്രാന്താ'

സംഭാഷണം ടോമുമായിട്ടാണെന്ന് വ്യക്തമാവുന്നു. കാരണം, കടയ്ക്കുമുന്നില്‍ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ടോം കടക്കാരിയില്‍ നിന്ന് അവര്‍ തയ്യാറാക്കിയ മുറുക്കാന്‍ വാങ്ങുന്നത് കാണാം. അരികിലുള്ളയാളും ടോമുമായാണ് സംഭാഷണം. അയാള്‍ ടോമിനോട് പറയുന്നുണ്ട്:
'സിഗരറ്റിന്റെ പൈസ നിന്റെ കീശയില്‍ നിന്നല്ല...'
'നിനക്ക് ഇതിനുള്ള പണം വോട്ടിംഗില്‍ നിന്നല്ലേ കിട്ടിയത്.'

ഒരു പാക്കറ്റ് സിഗരറ്റ് അയാള്‍ക്ക് നല്‍കുന്നുണ്ട് ടോം. അത് വാങ്ങിക്കൊണ്ട് അയാളുടെ 'താങ്ക് യു, താങ്ക് യു.'

രംഗം പാടേ മാറുന്നു. പക്ഷേ മഴ തുടരുന്നുണ്ട്. പ്രകാശിക്കുന്ന ഒരു വിളക്ക് കാണാം. ഉയരത്തിലിരിപ്പുണ്ട് സുവര്‍ണ്ണമായ ഒരു താമ്പാളം. അതില്‍ വെങ്കലത്തിന്റെ ഒരു വിളക്കും. (ചിലപ്പോള്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതാവാം. അല്ലെങ്കില്‍ അലങ്കാരമെന്ന നിലയില്‍) പശ്ചാത്തലത്തില്‍ കാണുന്ന പിന്‍മുറ്റത്ത് ഒരു മാരുതി വാന്‍, മഴ നനഞ്ഞുകിടക്കുന്നുണ്ട്. നമ്മള്‍ കേള്‍ക്കുന്നത് ഒരു സ്ത്രീശബ്ദമാണ്:

'ഞങ്ങള്‍ കുട്ടികളായിരുന്നപ്പോളത്തെ.....ഒരു സംഭവം ഞാനോര്‍ക്കയാ.'

മഴയില്‍ തല നനയാതിരിക്കാന്‍ കാമറയുടെ ലെന്‍സിനരികിലോളം ഓടിവരുന്ന ടോം ശര്‍മ്മയെ നമ്മള്‍ക്ക് കാണാം. നീല ഷര്‍ട്ടും പൈജാമയുമാണ് വേഷം. ഇപ്പോള്‍ ഒരു യുവതിയോടൊപ്പം വരാന്തയില്‍ ചാരിയിരുന്ന്  മുറ്റത്തേക്ക് നോക്കുകയാണ് ടോം. ഇരുവരും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. കേള്‍ക്കുന്ന സ്ത്രീശബ്ദം ടോമിന്റെ കൂടെയുള്ള യുവതിയുടേതുതന്നെയാവണം:

 
'രസകരമായ സംഭവമായിരുന്നു അത്....വീടിനുതൊട്ടുമുമ്പിലെ കുളം...വെള്ളമെടുക്കാന്‍  അവിടെയായിരുന്നു ഞങ്ങള്‍ പോയിരുന്നത്...ഒരിക്കല്‍ വീട്ടില്‍ നിന്ന് എന്തോ വാങ്ങാന്‍ കുറേ ആണ്‍പിള്ളേര് വന്നു...അവരെല്ലാം അന്ന് ടോമിനെ കളിയാക്കുകയായിരുന്നു...അവന്‍ ഓടി നേരേ ഞങ്ങടെ വീട്ടിലേക്ക് വന്നു....വല്ലാതെ നാണിച്ച് തലതാഴ്ത്തിയിരുന്നു...ലജ്ജ കൊണ്ട് അന്ന് വെള്ളമെടുക്കാതെയാ അവന്‍ പോയത്...'

ദൃശ്യങ്ങളില്‍ ഇപ്പോള്‍ യുവതിയുടെ പുരികങ്ങള്‍ നൂലുപയോഗിച്ച് ടോം ഭംഗിയാക്കുകയാണ്. കൂടുതല്‍ അടുത്തു നിന്ന് മറ്റൊരുവശത്തുകൂടെ ഈ പുരികച്ചമയം നമ്മള്‍ക്ക് കാണാം. യുവതിയുടെ ശബ്ദം തുടരുന്നുണ്ട്:

'എന്നെ ആണ്‍പിള്ളേരെല്ലാം കളിയാക്കുന്നേന്നും പറഞ്ഞ് പാത്രങ്ങള്‍ കുളക്കരയില്‍ വച്ച് അവന്‍ വീട്ടിലേക്കോടി വന്നു...എന്നോടൊപ്പം വരണേ, നാണമാവുന്നു, എന്നൊക്കെയാ അവന്‍ അന്ന് പറഞ്ഞത്. ഞാന്‍ ആശ്വസിപ്പിച്ചു, ശരി, നമുക്ക് ഒരുമിച്ചുപോകാം, ആരാണാ പിള്ളേര്‍?'

യുവതിയുടെ ശബ്ദം നിലയ്ക്കുമ്പോള്‍ ഇരുവരും ചിരിക്കുകയാണ്. ഇപ്പോള്‍ ഈ ചിരിദൃശ്യങ്ങല്‍ക്കുമേല്‍ എഴുതിക്കാണിക്കുന്ന അക്ഷരങ്ങളിലൂടെ നമ്മള്‍ക്ക് പിടി കിട്ടുന്നു ടോമിന്റെ അരികിലുള്ള യുവതിതന്നെയാണ് ആ പ്രിയ ബാല്യകാലസഖിയെന്ന്.  നിലക്കണ്ണാടിയുള്ള ഒരു മുറിക്കകത്ത് ടോമും ഈ യുവതിയും ഇരിക്കുകയാണ്. സെല്‍ഫോണിലൂടെ എന്തോ സംസാരിക്കുന്നുണ്ട് ടോം. പക്ഷേ നമ്മള്‍ കേള്‍ക്കുന്നത് നേരത്തേ കേട്ട യുവതിയുടെ ഓര്‍മ്മശബ്ദമാണ്:

'എല്ലാ സായാഹ്നങ്ങളിലും ഞങ്ങള്‍ കുളക്കരയില്‍ പോയി ഇരിക്കുമായിരുന്നു... ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും  കളിയാക്കുമായിരുന്നു...പല തമാശകളും  കാണിക്കാറുണ്ടായിരുന്നു...'

ഇപ്പോള്‍ ഒരൊറ്റ നിമിഷത്തെ കാഴ്ച്ചയില്‍ യുവതിയുടെ തൊട്ടുപിറകില്‍ ചേര്‍ന്നുനിന്നുകൊണ്ട് പുരികത്തില്‍ നൂല്‍ച്ചമയം ചെയ്യുന്ന ടോം. ഇടയ്ക്ക് ചരടുകളുടെ വിന്യാസം തെറ്റുമ്പോള്‍ ടോം എന്ന് പറഞ്ഞ് ഭാവം മാറുന്നുണ്ട് യുവതിയുടെ. രംഗം പെട്ടെന്ന് മാറുമ്പോള്‍ നേരത്തേ കണ്ട മുറിയില്‍ ടോമും യുവതിയും ഇരിക്കുകയാണ്. മൊബൈല്‍ഫോണ്‍ സ്‌ക്രീന്‍ നോക്കി എന്തോ വായിക്കുന്നുണ്ട് ടോം:
'92202799...ഓ...ഇംഫാലില്‍ നിന്ന്...ഓ...മയാങ് ഇംഫാല്‍...?'
'യെസ്...ഓകെ.'

നമ്മള്‍ വീണ്ടും യുവതിയുടെ ശബ്ദം കേട്ടുതുടങ്ങുന്നു:
' എന്നെ എപ്പോഴെല്ലാം ഒരാണ്‍കുട്ടി പ്രേമിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ,...അപ്പോഴൊന്നും, കാര്യം നേരിട്ട് എന്നോട് പറഞ്ഞിട്ടില്ല...'

 
ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന യുവതിയെ പിന്നില്‍ നിന്ന് ഇപ്പോള്‍ കാണാം. ആരുടെയോ ഫോട്ടോ കയ്യിലുണ്ട്. കാമറ ആ ഫോട്ടോയിലേക്ക് എത്തിനോക്കുന്നു. മറ്റൊരു നോട്ടത്തിലേക്ക് ഈ ദൃശ്യം തെന്നിമാറുന്നു. അതേ മുറി. മുന്‍ പശ്ചാത്തലത്തില്‍ ടോം അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുകയാണ്; യുവതിയാകട്ടെ, ഇരുന്നുകൊണ്ട് കാമറയ്ക്ക് അരികിലുള്ള ആരോടോ സംസാരിക്കുകയും:

'എപ്പോഴും ടോമിലൂടെയായിരുന്നു അവര്‍ അത് പറഞ്ഞിരുന്നത്'
ഇരുവരുടെയും മുഖത്ത് ഇപ്പോള്‍ ശബ്ദത്തോടെയുള്ള ചിരി.
'ഞങ്ങള്‍ നല്ല അടുപ്പത്തിലാണെന്ന് അവര്‍ക്കറിയാമായിരുന്നു...എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ ആദ്യം ടോമിന്റെ അടുത്ത് പോകും...പിന്നെയാണ് എനിക്കരികില്‍ വരിക'.

'ഇത് എന്റെ കാര്യം മാത്രമല്ലാട്ടോ...എല്ലാ പെണ്‍കുട്ടികള്‍ക്കും ഇവനെ ഇഷ്ടമായിരുന്നു...ഈ പ്രദേശത്തുകാരായ അന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഒരു ആണ്‍കുട്ടിയെ വേണമെന്ന് തോന്നിയാല്‍...അവര്‍ ആദ്യം ഇവന്റെയടുത്തുവരും...ഹംസം പോലെയോ...ദൂതന്‍ പോലെയോ ഒക്കെ...'

ടോം ഇപ്പോള്‍ മുറിയിലെ കിടക്കയില്‍ കാണാന്‍ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനോടൊപ്പം ഇരിക്കുകയാണ്. അവരില്‍ നിന്ന് കാമറ നീങ്ങുമ്പോള്‍ ടിവിയില്‍ ഉച്ചസ്ഥായിയിലുള്ള സംഗീതത്തോടൊപ്പം ഏതോ ഫാഷന്‍ ഷോയുടെ ദൃശ്യങ്ങള്‍. ഇപ്പോള്‍ നമ്മള്‍ക്ക് മനസ്സിലാവുന്നു ടോമിനോടൊപ്പം കിടക്കയില്‍ ഇരിക്കുന്ന അതേ ചെറുപ്പക്കാരനാണ് ടിവിയിലെ ഫാഷന്‍ ഷോയില്‍ റാമ്പിലൂടെ നടക്കുന്നതെന്ന്. സംഗീതം തെല്ലുകുറയുമ്പോള്‍  കേള്‍ക്കുന്നത് ടോമിന്റെ കൂട്ടുകാരിയായ യുവതിയുടെ ശബ്ദത്തുടര്‍ച്ച തന്നെ:

'എന്നിട്ട് ഇവന്‍ വില പേശുകയും ചെയ്യും...ആണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും...'

യുവാവും ടോമും ഇപ്പോള്‍ ഫാഷന്‍ ഷോയിലേക്ക് നോക്കിയിരിക്കുകയാണ്. പെട്ടെന്ന് ടിവിയിലേക്ക് നോക്കി യുവാവ് ആവേശം കൊള്ളുന്നു, 'ദാ, അത് ഞാനാണ്'

വീണ്ടും നമ്മള്‍ കേള്‍ക്കുന്നത് യുവതിയുടെ ശബ്ദം തന്നെ:

'എല്ലാവര്‍ക്കുമറിയാം അവന്‍ ഒരു ആണാണെന്ന്, പക്ഷേ...'

നമ്മള്‍ തൊട്ടുമുമ്പു കണ്ട രംഗത്തിലേക്ക് വരുന്നു, മുറിയുടെ മുന്‍ പശ്ചാത്തലത്തില്‍  അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുന്ന ടോമും,. ഇരുന്നുകൊണ്ട് കാമറയ്ക്ക് അരികിലുള്ള ആരോടോ സംസാരിക്കുന്ന യുവതിയും.

'അവന്റെ പെരുമാറ്റമെല്ലാം പെണ്ണുങ്ങളെപ്പോലെയാ...കൂട്ടുകാരെല്ലാം പെണ്ണുങ്ങളും...എപ്പോ നോക്കിയാലും പെണ്‍കുട്ടികളുടെ കൂടെ...എല്ലാവര്‍ക്കും അവന്റെ കൂടെ കൂടാന്‍ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു'

ഇപ്പോള്‍ ഇതാദ്യമായി, കാമറയ്ക്കരികിലെ ആരോടാണോ യുവതി ഇത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് അയാളുടെ ശബ്ദം നാം കേള്‍ക്കുന്നു:
'അപ്പോള്‍ തനിക്കും ഇവനോട് ഇടപഴകുന്നതില്‍ പ്രയാസമൊന്നുമില്ല?'

യുവതിയുടെ കൃത്യ മറുപടി:
'ഇല്ലേയില്ല. ഒരു ബുദ്ധിമുട്ടുമില്ല'.

ഈ ഘട്ടത്തില്‍ കാമറയ്ക്കരികിലെ അജ്ഞാതന്റെ (അയാള്‍ സംവിധായകന്‍ ജോഷി തന്നെ) തകര്‍പ്പന്‍ ചോദ്യം:

'എങ്കില്‍ ടോമിന്റെ മുന്നില്‍ നിന്ന് വസ്ത്രം മാറാന്‍ തനിക്ക് കഴിയുമോ?'

'യെസ് ഒഫ്‌കോഴ്‌സ്. സാരിയും അതുപോലുള്ള വസ്ത്രങ്ങളുമൊക്കെ എങ്ങനെയാണ് ഉടുക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ ഇവന് അതെല്ലാം നല്ല പിടിയാണ്. അതുകൊണ്ട് സാരിയും മറ്റുമുടുത്ത് പോകേണ്ട പരിപാടികള്‍ വരുമ്പോള്‍ ഞാന്‍ ഇവന്റെ സഹായം തേടും. പിന്ന് കുത്തേണ്ടത് എവിടെ സാരിക്കുത്ത് എവിടെ ഇതൊന്നും എനിക്കറിയില്ല. അതിനെല്ലാം ഇവനാണ് നന്നായി സഹായിക്കുന്നത്. ആര്‍ത്തവമടക്കം സ്ത്രീകളുടെ എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ ഇവനോട് സംസാരിക്കും.'

 
ഇപ്പോള്‍ ടോം ശര്‍മ്മ ഒരു മോഡലിനെ വസ്ത്രം മാറാന്‍ സഹായിക്കുകയാണ്. അല്പം അരണ്ട വെളിച്ചത്തില്‍ അത് കാണാം. ധരിച്ചിരിക്കുന്ന ടോപ് മാറ്റി ബ്രായ്ക്ക് മുകളിലൂടെ പുതിയ ബ്ലൗസ് ഇടുന്ന മോഡലിനെ സഹായിക്കുന്ന ടോം ശര്‍മ്മ. പശ്ചാത്തലത്തില്‍ ഉച്ചസ്ഥായിയിലുള്ള ഒരു ബീറ്റ് മ്യൂസിക് കേള്‍ക്കാം. മോഡലിന്റെ ബ്ലൗസിന്റെ സിപ് ഇട്ടുകൊടുക്കുകയാണ് ടോം. ചെറിയൊരു സ്റ്റുഡിയോ പോലെയുള്ള മുറി. നടുക്ക് നില്‍ക്കുന്ന മോഡലിന്റെ തൊട്ടുമുമ്പില്‍ കുന്തിച്ചുനിന്ന് അവളുടെ ഷോര്‍ട്‌സില്‍ കത്രിക കൊണ്ട് മിനുക്കുപണികള്‍ ചെയ്യുന്ന ടോമിലേക്ക് കാമറയുടെ സുഗമസഞ്ചാരം.  ചണവും വൈക്കോലും പോലുള്ള കട്ടിയുള്ള വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതാണ് സ്‌കര്‍ട്ടും ബ്ലൗസും. പനയോല കൊണ്ട് ഉണ്ടാക്കിയ അലങ്കാരത്തൊപ്പിയും മോഡല്‍ വച്ചിട്ടുണ്ട്. പക്ഷേ മോഡലിന്റെ സ്‌കര്‍ട്ടിനോട് ചേര്‍ന്നുനിന്ന് ചരട് മുറിച്ചെടുക്കുന്ന ടോമിലേക്കാണ് കാമറയുടെ സൂക്ഷ്മനോട്ടം. പശ്ചാത്തലത്തില്‍ ഇതെല്ലാം കണ്ട് കിലുകിലെ ചിരിക്കുന്നുണ്ട് മറ്റൊരു മോഡല്‍.

 
പുറത്ത്, വെളുത്ത അലങ്കാര വസ്ത്രം ധരിച്ചുനില്‍ക്കുന്ന മറ്റൊരു മോഡലിനെക്കൂടി നാം കാണുന്നു. മോഡലില്‍ നിന്ന് താഴേക്കെത്തുന്ന കാമറ വീണ്ടും മുറിക്കകത്തേക്കെത്തി ടോം ശര്‍മ്മയെ കാണിച്ചുതരുന്നു. മോഡലിന്റെ അരക്കെട്ടിനോട് ചേര്‍ന്ന് സ്‌കര്‍ട്ടിലെ മിനുക്കുപണി കഴിഞ്ഞ് തള്ളിനില്‍ക്കുന്ന ചരടില്‍ മുഖം ചേര്‍ത്ത് കടിച്ചുകളയുകയാണ് ടോം ശര്‍മ്മ. നേരത്തേ കേട്ട ബീറ്റ് മ്യൂസിക് ഉച്ചസ്ഥായിയില്‍ തുടരുകയാണ്. ഇവിടെ നിന്ന് നേരേ മറ്റൊരു ദൃശ്യത്തിലേക്ക്. മുറിക്കകത്ത്, ജാലകത്തിലൂടെ വരുന്ന തെളിഞ്ഞ വെയിലിന്റെ പശ്ചാത്തലത്തില്‍ കിടക്കയില്‍ ഇരിക്കുന്നു ടോം ശര്‍മ്മ. മുക്കാലും നഗ്നന്‍. അരക്കെട്ടില്‍ ചുറ്റിയിരിക്കുന്ന ബ്രൗണ്‍ തുണി മാത്രമാണ് വേഷം. ഇതാദ്യമായി ടോമിന്റെ അഴിച്ചിട്ട മുടി നമ്മള്‍ കാണുന്നു. അരക്കെട്ടോളം നീണ്ടുകിടക്കുകയാണ് കോലന്‍ മുടി. കൊലുന്നനെയുള്ള ശരീരത്തില്‍ തോളിനുമുന്നിലേക്ക് വീണുകിടക്കുന്ന മുടി മുഖചലനം കൊണ്ടും കൈകള്‍ കൊണ്ടും പിന്നിലേക്ക് നീക്കുന്നുണ്ട് ടോം. ഒരു കയ്യില്‍ മൊബൈല്‍ ഫോണുമുണ്ട്.

 
മറ്റൊരു പുറംദൃശ്യം. മുഖത്തൊരു ചിരിയുമായി നില്‍ക്കുകയാണ് ടോം. ചുറ്റും കുറച്ചുപേര്‍ കൂടിനില്‍ക്കുന്നുണ്ട്. അടുത്തുനില്‍ക്കുന്ന ആരോടോ, നമ്മള്‍ക്ക് കാണാന്‍ കഴിയാത്ത ആരോടോ, സംസാരിച്ചുകൊണ്ട് ഒരു യുവാവ് സ്വന്തം കഴുത്തിലെ നെക്ലക്‌സ് നേരാംവണ്ണം ഇടുന്നുണ്ട്. ടോമിനരികില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയിലേക്ക് കാമറ താഴ്ന്നുവരുന്നുണ്ടെങ്കിലും അവള്‍ ടോമിന് കൈമാറുന്ന മൊബൈല്‍ഫോണിലേക്കാണ് കാമറയുടെ നോട്ടം.
സെല്‍ഫോണ്‍ കാണിച്ചുതരുന്ന മുറയ്ക്ക് ടോം ശര്‍മ്മയിലേക്ക് കാമറ തിരിയുന്നു. തൊട്ടടുത്ത നിമിഷം തന്നെ, നമുക്ക് കാണാന്‍ കഴിയാത്ത, എന്നാല്‍ തൊട്ടരികില്‍തന്നെയുള്ള ആരോടോ കളിയായി ചൂടാവുന്നുണ്ട് ടോം. ലാഘവത്തോടെയുള്ള ഒരന്തരീക്ഷത്തിലാണ് ഈ രംഗങ്ങളെല്ലാം നമ്മള്‍ക്ക് മുന്നിലെത്തുന്നത്.

മഴയില്‍ തണുത്ത ഒരു ഗ്രാമീണ റോഡ്. ഒരു സ്‌കൂട്ടിയോടിച്ചുകൊണ്ട് വരികയാണ് ടോം ശര്‍മ്മ. ചുവന്നൊരു മഴക്കോട്ടും ധരിച്ചുള്ള ശീതയാത്ര. നേരത്തേ കേട്ട പശ്ചാത്തലസംഗീതം  ഒരു തരം ജംബ്ള്‍ഡ് ടോണില്‍ ഈ യാത്രയിലും ടോമിനെ പിന്തുടരുന്നുണ്ട്. പക്ഷേ ഇപ്പോള്‍ അത് പെട്ടെന്ന്, മണിപ്പൂരി ഭാഷയില്‍ പെണ്‍ശബ്ദത്തിലുള്ള ഒരു ഭാവാത്മകഗാനമായി പരിണമിക്കുന്നു.

ഇതേ ഗാനം അവതരിപ്പിക്കപ്പെടുന്ന ഒരു സ്റ്റേജ് ഇപ്പോള്‍ തെളിയുകയാണ്. കറുത്ത സാല്‍വാറും കുര്‍ത്തയും ധരിച്ച ഒരു യുവതി പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നുണ്ട്. മുന്നില്‍ സ്റ്റേജിനുമുകളില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന മൈക്രോഫോണുകളും കാണാം. ഈ ദൃശ്യങ്ങള്‍ക്കുമേല്‍ ടൈപ്പ്‌റൈറ്ററില്‍ നിന്നെന്നപോലെ ഇങ്ങനെ അക്ഷരങ്ങള്‍ തെളിയുന്നു.
'സുമംഗ്-ലില' (ഗ്രാമീണ തിയ്യറ്റര്‍)
'പെണ്‍വേഷങ്ങള്‍ ചെയ്യുന്നത് ആണുങ്ങള്‍...'

കാമറ ഇപ്പോള്‍ ഇതെല്ലാം കണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് തിരിയുന്നു. ഇടയ്ക്കിടെ സ്റ്റേജിന്റെ വിദൂരദൃശ്യങ്ങളില്‍ പാട്ടിനൊപ്പം അഭിനയിക്കുന്ന 'സ്ത്രീ' കലാകാരിയേയും' 'പുരുഷ' കലാകാരനേയും കാണാം. സ്ത്രീകലാകാരിയുടെ ദൃശ്യങ്ങള്‍ക്കുമേലെ വീണ്ടും ടൈപ്പ്‌റൈറ്ററില്‍ നിന്നെന്ന പോലെ തെളിയുന്ന അക്ഷരങ്ങള്‍:
'ഇവള്‍ ഒരു പുരുഷ ആര്‍ട്ടിസ്റ്റാണ്'

 
പ്രേക്ഷകരുടെ വിവിധതരം കോണുകള്‍ക്കിടയില്‍ നിന്ന് ചടുലമായാണ് കാമറയും ഇപ്പോള്‍ സ്റ്റേജിലേക്ക് നോക്കുന്നത്. അപ്രതീക്ഷിതമായി, നമ്മള്‍ ടോം ശര്‍മ്മയുടെ ബാല്യകാല ചങ്ങാതിയായ സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നു.

'ഞങ്ങളുടെ മെയ്തി സമൂഹത്തിന്, സുമംഗ് ലില എന്നത് അങ്ങേയറ്റം പ്രാക്തനവും സമാനതകളില്ലാത്തതുമാണ്'.

ആര്‍ട്ടിസ്റ്റുകളെല്ലാം ഇപ്പോള്‍ അരങ്ങില്‍ നിന്നിറങ്ങി, ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയാണ്. നടന്നുപോവുന്ന അവരുടെ ദൃശ്യങ്ങള്‍ക്കുമേലെ തൊട്ടുമുമ്പുകേട്ട ശബ്ദം നാം വീണ്ടും കേള്‍ക്കുന്നു:
'ആദ്യകാലങ്ങളില്‍ പെണ്‍വേഷങ്ങള്‍ ചെയ്തിരുന്ന ആണുങ്ങളൊന്നും ടോമിനെപ്പോലെയുള്ളവരായിരുന്നില്ല. അവര്‍ മറ്റ് ഏത് നടന്മാരെയും പോലെ പ്രൊഫഷണല്‍ നടന്മാരായിരുന്നു...' 

ഇപ്പോളിതാ അരങ്ങില്‍ മറ്റൊരു പ്രകടനം. മറ്റൊരു 'പെണ്‍'കലാകാരി ചുവന്ന വസ്ത്രം ധരിച്ച് കലാപ്രകടനം നടത്തുകയാണ്. മെല്ലെ ഈ പ്രകടനത്തില്‍ നിന്ന് ഇതേ കലാകാരിയുടെ മേക്കപ്പില്ലാത്ത സാധാരണവേഷത്തിലുള്ള നില്പിലേക്ക് കാമറ മാറുകയാണ്. ഒരു ബുഷ് ടീ ഷര്‍ട്ടിട്ടാണ് ആര്‍ട്ടിസ്റ്റിന്റെ നില്പ്. ഇപ്പോള്‍ നമ്മള്‍ക്ക് മനസ്സിലാവുന്നു, നേരത്തേ ചുവന്ന വസ്ത്രം ധരിച്ച് കലാപ്രകടനം നടത്തിയ പെണ്‍കുട്ടി സ്‌ത്രൈണ മനോഭാവമുള്ള ഒരു യുവാവാണെന്ന്. അയാള്‍ എന്തോ വറവുപലഹാരങ്ങള്‍ കൊറിക്കുന്നുണ്ട്. ഇതിനെല്ലാമിടയിലും പശ്ചാത്തലത്തില്‍ നാം ടോം ശര്‍മ്മയുടെ ബാല്യകാല സുഹൃത്തായ യുവതിയുടെ ശബ്ദം കേള്‍ക്കുന്നു:
'എങ്കിലും ഈയിടെയായി ഇത്തരത്തില്‍ പെണ്‍കുട്ടികളെപ്പോലെ പെരുമാറുന്നവര്‍ക്കും...ഇങ്ങനെ നാടകത്തിലും മറ്റും അവസരങ്ങളുണ്ട്...കാരണം, ഇവര്‍ ശരിക്കും പെണ്ണുങ്ങളെപ്പോലെത്തന്നെയാണ്...സ്ത്രീവേഷങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളുമുണ്ട്. അങ്ങനെയാണ്, മൂന്നാംലിംഗം എന്നതും സുമംഗ്-ലിലയും ഒരേ തലത്തില്‍ വരുന്നത്'

ഈ ഘട്ടത്തില്‍ നേരത്തേ കണ്ട ഒരു ദൃശ്യം വീണ്ടും തെളിയുന്നു. അതേ മുറി. മുന്‍ പശ്ചാത്തലത്തില്‍ ടോം അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുകയാണ്; ടോമിന്റെ ബാല്യകാല സഖിയായ യുവതിയാകട്ടെ, ഇരുന്നുകൊണ്ട് കാമറയ്ക്ക് അരികിലുള്ള ആരോടോ സംസാരിക്കുകയും:

'ആദ്യമൊക്കെ ഞങ്ങളുടെ സമൂഹത്തിലും ഇത്തരം ആളുകള്‍ ജീവിക്കുന്നുണ്ടെന്ന് ജനം അറിഞ്ഞിരുന്നില്ല. അഥവാ ആരെങ്കിലുമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ത്തന്നെ ആളുകള്‍ അയാളെക്കുറിച്ചുമാത്രമേ പറഞ്ഞുനടക്കുമായിരുന്നുള്ളൂ, അവനേയ്, ഒരു പെണ്ണനാണെന്നും മറ്റുമൊക്കെ, കാതില്‍ കമ്മലൊക്കെ ധരിച്ച്,....ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും വരെ ഞങ്ങളോട് അത്തരക്കാരെക്കുറിച്ച് പറഞ്ഞിരുന്നു, പെണ്ണിനെപ്പോലെ ജീവിക്കുന്ന ഒരാളുണ്ടെന്നും മറ്റും മറ്റും...പക്ഷേ, ഇപ്പോള്‍ ഇതൊക്കെ ഞങ്ങളുടെ സമൂഹത്തിലെ തുറന്ന കാര്യങ്ങളാണ്...അതുകൊണ്ട് ഇത്തരം കാര്യങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള ജനങ്ങളുടെ സന്നദ്ധത വര്‍ധിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്...'

ഒരുപറ്റം പെണ്‍മോഡലുകളുടെ മാദകമായ പോസ്റ്ററുകളില്‍ കണ്ണുറപ്പിച്ചുകൊണ്ട് താഴേക്കുവരുന്ന കാമറ ഇപ്പോള്‍ കാണിച്ചുതരുന്നത് ടോം ശര്‍മ്മയുടെയും ടോമിനെപ്പോലെ തന്നെ ഉഭയലിംഗസ്വഭാവമുള്ള ചിലരുടെയും ദൃശ്യങ്ങളാണ്. അവരിലൊരാളുടെ നീണ്ട മുടിയിഴകളെ വാത്സല്യത്തോടെ ചീകിയൊതുക്കുന്നുണ്ട് ടോം. ചുറ്റുമുള്ളവര്‍ ആരൊക്കെയന്ന് കാമറ കൗതുകപ്പെടുമ്പോള്‍ അവര്‍ നില്‍ക്കുന്നത് ഒരു സലൂണിലാണെന്ന് നാമറിയുന്നു. ആനന്ദത്തിന്റേതായ അന്തരീക്ഷം. സന്തോഷകരമായി പരസ്പരം സംസാരിക്കുകയാണ് എല്ലാവരും. ഈ ഉന്മേഷദായകദൃശ്യങ്ങള്‍ക്കുമേല്‍ ഒരു വിവരണപാഠം ഇങ്ങനെ മിണ്ടിത്തുടങ്ങുന്നു:

'മണിപ്പൂരിലെ കര്‍ക്കശസ്വഭാവമുള്ള പരമ്പരാഗത മെയ്തി സമൂഹത്തില്‍ ഉഭയലിംഗസ്വഭവത്തിലുള്ള ആളുകളെ പ്രത്യക്ഷത്തില്‍ കണ്ടുതുടങ്ങിയിട്ട് ഏകദേശം ഒരു ദശാബ്ദമേ ആയിട്ടുള്ളൂ. ഇവരില്‍ പലരും ഇപ്പോള്‍ സൗന്ദര്യവര്‍ധക ശാലകളടക്കമുള്ളവയില്‍ പ്രൊഫഷണലുകളായി ജോലി ചെയ്യുകയാണ്. കല്ല്യാണ സീസണുകളില്‍ ടോം ശര്‍മ്മ ദിവസവും സമ്പാദിക്കുന്നത് രണ്ടായിരം രൂപയോളമാണ്. പരമ്പരാഗത മെയ്തി സമൂഹത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ ചട്ടക്കൂടുകള്‍ക്കകത്ത് തുടരുമ്പോളും ഉഭയലിംഗസ്വഭാവമുള്ള ഇത്തരം ആളുകള്‍ തങ്ങളുടേതായ ഒരു ചുറ്റുവട്ടമുണ്ടാക്കിക്കൊണ്ട്, അതിനകത്തുനിന്ന് ജീവിക്കാന്‍ പഠിക്കുന്നു.'

നേരത്തേ കണ്ട ദൃശ്യങ്ങളുടെ തുടര്‍ച്ചയില്‍ ഇപ്പോള്‍ നാം കാണുന്നത് ഒരു മുറിയിലെ കിടക്കയുടെ വക്കിലിരിക്കുന്ന ഉഭയലിംഗസ്വഭാവമുള്ള ചെറുപ്പക്കാരെയാണ്. ഇതേ ചെറുപ്പക്കാര്‍ വീടിനുപുറത്തെ വരാന്തയില്‍ നിലത്തിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ കീഴ്‌ക്കോണിലുള്ള ദൃശ്യവും കാണാം. ചോറും ഇറച്ചിയും കൊണ്ട് നിറഞ്ഞതാണ് മുന്നിലെ പാത്രങ്ങളില്‍ മിക്കവയും. ഒരു പ്രത്യേകകൂട്ടായ്മയിലെന്ന പോലെ എല്ലാവരും സംസാരിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ അന്നപാനഭാഷണങ്ങള്‍ക്കിടയില്‍ ഇങ്ങനെ വിവരണപാഠം ഉയരുകയും ചെയ്യുന്നു:

'അങ്ങനെ വലിയൊരളവില്‍ വിശാലമായ സമൂഹത്തിന്റെ വിപുലസഞ്ചയത്തിനകത്ത്, ഇവര്‍ തങ്ങളുടേതുമാത്രമായ ഒരു സൂക്ഷ്മവിഭാഗം ഉണ്ടാക്കാന്‍ പഠിക്കുന്നു.'

 
ടോം ഇപ്പോള്‍ ഒരു കുഷ്യനില്‍ അമര്‍ന്ന് കിടക്കുകയാണ്. കണ്‍മഷി നിറഞ്ഞ ടോമിന്റെ മുഖത്തേക്ക് ഊന്നുവാന്‍ ശ്രമിക്കുകയാണ് കാമറ. പക്ഷേ കണ്ണുകള്‍ പോലും നനഞ്ഞ പഞ്ഞികൊണ്ട് മറഞ്ഞിരിക്കുകയാണ്. ആകെ കാണാന്‍ കഴിയുന്നത് ചുണ്ടുകള്‍ മാത്രമാണ്. ആരോടോ സംസാരിക്കുന്നുണ്ട് ടോം:
'മുഖം ഇപ്പോഴും തയ്യാറല്ല.'...

ടോമിനെ ആരോ മേക്കപ്പ് ചെയ്യുകയാണെന്ന് ഇപ്പോഴാണ് നമ്മള്‍ക്ക് മനസ്സിലാവുന്നത്. മേക്കപ്പ് ചെയ്യുന്നയാളിന്റെ മുഖത്താണ് ഈനിമിഷം കാമറ.  അയാളും  ഉഭയലിംഗസ്വഭാവമുള്ളയാളാണ്. നീളം കുറഞ്ഞ ചുവന്ന മുടി, മൂക്കുകുത്തി, പിന്നെ ഒരു വെള്ള ടോപ്പും. നാം വീണ്ടും ടോം ശര്‍മ്മയുടെ മുഖം കാണുന്നു. കണ്‍മഷി ഭാഗികമായി നീക്കം ചെയ്യപ്പെട്ട മുഖത്ത് മേക്കപ്പ് കലാകാരന്റെ കൊലുമ്പന്‍ കൈകള്‍ വേഗത്തില്‍ മസ്സാജ് ചെയ്യുകയാണ്. വിരല്‍ച്ചലനങ്ങള്‍ ചടുലമാവുന്ന മുറയ്ക്ക് കാമറയ്ക്ക് കൂടുതല്‍ അടുത്തേയ്ക്ക് പോകാനുള്ള കൗതുകവുമുണ്ട്. ഇപ്പോള്‍ അല്പം താഴ്ന്ന ഒരു കോണില്‍ നിന്ന്, എന്നാല്‍ തെല്ലുകൂടി അടുത്തേക്ക് ചെന്നുകൊണ്ട്, നമ്മള്‍ക്ക് കാണാന്‍കഴിയുന്നു നനഞ്ഞ പഞ്ഞികൊണ്ട് കണ്‍മഷി നീക്കുന്ന അതേ വിരലുകളെ. മുകളില്‍ നിന്നും ഇതേ രംഗത്തിന്റെ തുടര്‍ച്ചയില്‍ മുഖം തുടച്ച് വൃത്തിയാക്കുകയാണ് കൈകള്‍. ഈ മുഖച്ചമയദൃശ്യസമൃദ്ധിക്കുമേല്‍ നാം കേള്‍ക്കുന്ന വിവരണപാഠം ഇങ്ങനെ:

'പ്രശ്‌നകലുഷിതമായ മണിപ്പൂരിലെ സാമൂഹ്യ ചാലകശക്തികളുടെ കേന്ദ്രസ്ഥാനത്തുനിന്ന്  നോക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ പ്രബലമാണ്. അംഗീകരിക്കപ്പെടാനുള്ള വ്യക്തികളുടെ ആവശ്യകതയും തിരസ്‌കരിക്കപ്പെടുമോ എന്ന ഭയവും. അതുകൊണ്ട്, ഒരു മുഖം മറഞ്ഞിരിക്കെത്തന്നെ മറ്റൊരു മുഖം നിര്‍മ്മിക്കപ്പെടേണ്ടിയുമിരിക്കുന്നു. എവിടെയാണ് ചമയം ഒടുങ്ങുന്നതെന്നും എവിടെയാണ് മുഖംമൂടി ഉയരുന്നതെന്നുമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരാള്‍ നിര്‍ബന്ധിതമാവുന്നത് അങ്ങനെയാണ്. ടോം ശര്‍മ്മയുടെ ലോകത്തില്‍, സൗന്ദര്യവത്കരണത്തിനും വേഷപ്രച്ഛന്നതയ്ക്കും ഇടയ്ക്കുള്ള വിഭജനരേഖ ദുര്‍ബ്ബലമാണ്.'
 
ഓടുന്ന ഒരു റിക്ഷയുടെ മുന്‍സീറ്റിലിരിക്കുന്നയാളുടെ ദൃശ്യമാണ് ഇപ്പോള്‍ മുന്നില്‍. താഴ്ന്ന ഒരു കോണില്‍ നിന്ന് അയാളെ കാണാം. കണ്ണുകളൊഴികെ മുഖം മുഴുവന്‍ പച്ചനിറമുള്ള തുണികൊണ്ട് മറച്ചിരിക്കുന്നു. മുഖത്ത് ചുറ്റിയിരിക്കുന്ന പച്ചത്തുണിയെ പശ്ചാത്തലത്തിലെ ഇളം കുഞ്ഞുമേഘങ്ങള്‍ നിറഞ്ഞ നീലാകാശം സാക്ഷിയാക്കി കാണാം. ആ മുഖത്തേക്കാണ് കാമറയുടെ സൂക്ഷ്മനോട്ടം. ഒപ്പം ഇങ്ങനെ വിവരണപാഠവും:

 
'മറഞ്ഞിരിക്കുക എന്നത് ആനന്ദകരവും ആന്തരികവുമായ ഒരനുഭവമാണ്. ജീവഹാനി തന്നെ വരുത്തിയേക്കാവുന്ന സംഘര്‍ഷങ്ങള്‍ കൊണ്ട് രേഖപ്പെടുത്തപ്പെട്ട ഒരു സാമൂഹ്യതുറസ്സില്‍ പ്രത്യക്ഷമായ ഒരു ലയത്തോടെ ജീവിക്കുക എന്ന അനുഭവം.'

ഇവിടെ നമ്മള്‍ മറ്റൊരു സൈക്കിള്‍റിക്ഷയുടെ മുന്‍സീറ്റിലിരിക്കുന്ന ഒരാളെക്കൂടി കാണുന്നു. ഇയാളുടെ മുഖവും പ്രച്ഛന്നമാണ്. വെള്ളത്തുണികൊണ്ടാണ് ഇയാളുടെ പ്രച്ഛന്നത. ഈ നിമിഷം നാം മനസ്സിലാക്കുന്നു ഇയാളും തൊട്ടുമുമ്പ് കണ്ടയാളും സൈക്കിള്‍ റിക്ഷക്കാരാണെന്ന്. ഇപ്പോള്‍ കാണുന്ന റിക്ഷാവാലയുടെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് ഇംഗ്ലീഷില്‍ ഡെയര്‍ എന്നാണ്. കാമറ ഇപ്പോള്‍ ഇംഫാലിലെ തിരക്കേറിയ ഒരു തെരുവിന്റെ വിദൂരദൃശ്യത്തിലാണ്. മധ്യഭാഗത്തുള്ള ബാനറില്‍ ഇംഫാല്‍ എന്നെഴുതിയിരിക്കുന്നതില്‍ നിന്ന് സ്ഥലമേതാണെന്ന് വ്യക്തം. യാത്രികരെക്കൊണ്ട് നിറഞ്ഞതാണ് തെരുവ്. അവര്‍ക്കിടയിലൂടെ, തെളിഞ്ഞ സൂര്യപ്രകാശത്തില്‍ കണ്ണുകളൊഴികെ മുഖം പൂര്‍ണ്ണമായും മറച്ച് സൈക്കിള്‍ റിക്ഷകളോടിക്കുന്ന എണ്ണമറ്റ റിക്ഷാവാലകളെയും കാണാം.

തെരുവിലെ തകര മേല്‍ക്കൂരയുള്ള ഒരു ചെറിയ വീടിനുമുന്നില്‍ തൂങ്ങിക്കിടക്കുന്ന തുണികൊണ്ടുള്ള ബാനറില്‍ ഒരു നാടകസംഘത്തിന്റെ പേര് എഴുതിയിരിക്കുന്നു. ബാനറില്‍ നിന്ന് കാമറ താഴെയെത്തുമ്പോള്‍ വീട്ടിനുമുന്നിലെ ബെഞ്ചില്‍ ഇരിക്കുകയാണ് ടോം ശര്‍മ്മ. തൊട്ടരികില്‍ മധ്യവയസ്‌കരായ മണിപ്പൂരി സ്ത്രീയും പുരുഷനുമുണ്ട്. ടോം തൊപ്പിവച്ചിട്ടുണ്ട്. മണിപ്പൂരി സ്ത്രീയെയും ടോമിനെയും ഒരുമിച്ചുകാണാം. ഇരുവരും വെറ്റിലകളില്‍ ചുണ്ണാമ്പുതേയ്ക്കുകയാണ്. മണിപ്പൂരി യുവതിയോട് സംസാരിക്കുന്നതിനിടയില്‍ത്തന്നെ വെറ്റിലക്കൂട്ട് വായിലിട്ട് ചവയ്ക്കുന്നുണ്ട് ടോം ശര്‍മ്മ. ഇതിനിടയില്‍ നമ്മള്‍ നേരത്തേ കണ്ട രണ്ടാമത്തെ റിക്ഷാവാലയോടൊപ്പം പശ്ചാത്തലത്തില്‍ ഇങ്ങനെ വിവരണപാഠവും കേള്‍ക്കാം:

 
'സാമൂഹ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പെരുമാറ്റ രീതികളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളെ ലളിതമായി നമ്മള്‍ക്ക് സമീപിക്കാം, ചിലപ്പോള്‍ അത്തരം കാര്യങ്ങള്‍ മര്യാദയില്ലാത്ത തരം തമാശകള്‍ കൂടി ചേര്‍ത്ത് കൈകാര്യം ചെയ്യാം. പക്ഷേ, ഗുരുതരമായ ഉഭയ ലൈംഗികതയുടെ കാര്യത്തില്‍ ഇതൊരിക്കലും സാധ്യമായിരുന്നില്ല.' 

ടോം ശര്‍മ്മയുടെയും മണിപ്പൂരി മധ്യവയസ്‌കയുടെയും സമീപത്തിരിക്കുന്നയാളിന്റെ ശബ്ദം നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്നു, ഒപ്പം മറ്റ് ചിലരുടെയും:

'ടോം ശര്‍മ്മയുടെ ഗ്രാമമാണല്ലേ ഇത്?'
'ഇവന്‍ എന്റെ അയല്‍വാസിയാ...സഹോദരനെപ്പോലെയാ'
'ടോം ശര്‍മ്മ വല്ല്യ പ്രശസ്തനാണല്ലോ...ഇതെങ്ങനെ?'
'ഇവന്‍ എല്ലാം തെകഞ്ഞവനല്ലേ...'

ഈ ഘട്ടത്തില്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുകയായിരുന്ന മധ്യവയസ്‌കനെ നാം കാണുന്നു: 'ആദ്യമൊക്കെ ഇവനെ ഹോമോസെക്‌സ്വല്‍ ഗേ എന്നാണ് പലരും വിളിച്ചിരുന്നത്...എങ്കിലും അത്തരക്കാരില്‍ പലരും ചെയ്യുന്ന മോശം കാര്യങ്ങളൊന്നും ഇവന്‍ ചെയ്തിരുന്നില്ല...പക്ഷേ വീട്ടുകാര്‍ ഇവന്റെ ഈ പ്രകൃതം അംഗീകരിക്കുന്നില്ല...'

ചിതറിയ ഇംഗ്ലീഷില്‍ ഇങ്ങനെ സംസാരിക്കുന്നതിനിടെ അയാളുടെ വാക്കുകള്‍ക്കുമേല്‍ വിവരണപാഠം ആരംഭിക്കുന്നു: 'മിക്കവാറും ഒരുതരം ആഘോഷകരമായ തലത്തില്‍ നിന്നുകൊണ്ട് ടോം ശര്‍മ്മയുടെ ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ, ശര്‍മ്മയുടെ അയല്‍ക്കാരോട് ആരായുമ്പോള്‍ നമ്മള്‍ക്ക് ലഭിക്കുന്നത് കേവലം ആനന്ദത്തേക്കാള്‍ കൂടുതല്‍ വേദന തന്നെയുള്ള സൂചനകളാണ്.'

ബെഞ്ചിലിരുന്ന് വെറ്റില മുറുക്കുന്ന മധ്യവയസ്‌കയായ മണിപ്പൂരി സ്ത്രീയില്‍ നിന്ന് കാമറ ടോമിലേക്ക് തിരിയുകയാണ്. ടോമിന്റെ മുഖത്ത് പക്ഷേ നമ്മള്‍ കേള്‍ക്കുന്നത്, നേരത്തേ സംസാരിച്ചയാളുടെ ശബ്ദമാണ്: 'ടോമിന് സഹോദരങ്ങള്‍ ധാരാളം പേരുണ്ട്....പത്ത് സഹോദരങ്ങള്‍...'

ഇപ്പോള്‍ ടോമിനെയും മധ്യവയസ്‌കയായ സ്ത്രീയെയും നാം വീണ്ടും കാണുന്നു. പശ്ചാത്തലത്തില്‍ മറ്റ് ചിലര്‍കൂടിയുണ്ട്. ഒരു സ്ത്രീ, ഒരാണ്‍കുട്ടി, ഒരു പുരുഷന്‍. മിക്കവാറും എല്ലാവരും അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ളവരാവാം. അവരുടെ ദൃശ്യങ്ങള്‍ക്കുമേല്‍, നേരത്തേ കേട്ടയാളുടെ ശബദ്ത്തുടര്‍ച്ച: 'പ്രശ്‌നം....അച്ഛന്റെയും അമ്മയുടെയും സമീപനമാണ്..'

ഈ സമയം ടോമിനരികിലിരിക്കുകയായിരുന്ന മധ്യവയസ്‌കയായ സ്ത്രീ മണിപ്പൂരി ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുന്നു, ടോമിന്റെ മുഖത്തുനിന്ന് കാമറ അവരിലേക്ക് ആകാംക്ഷപ്പെടുന്നു:
'മേക്കപ്പ് ജോലികള്‍ പെണ്‍കുട്ടികള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് ആണ്‍കുട്ടികള്‍ ചെയ്യുന്നതാണ്...അവരാകുമ്പോള്‍ ഏത് സമയത്തും ചെയ്‌തോളും...രാത്രിയായാലും പകലായാലും...ഇപ്പോള്‍ അത് സര്‍വ്വസാധാരണമാണ്...'

മറ്റു ചിലരുടെ ശബ്ദങ്ങള്‍ കൂടി നമ്മള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ മുഖങ്ങള്‍ കാണാന്‍ കഴിയുന്നില്ല. മണിപ്പൂരി സ്ത്രീയുടെ മുഖത്തുനിന്ന് കാമറ തിരികെ ടോമിന്റെ മുഖത്തേക്ക് വരുന്നു. മണിപ്പൂരിയിലുള്ള സംഭാഷണങ്ങള്‍ തുടരുന്നുമുണ്ട്:
'സത്യത്തില്‍ അവന് ഒരു ചോദ്യം ചോദിക്കണമെന്നുണ്ട്...'
മറ്റൊരു ശബ്ദം:
'ഒരു കാര്യം ചോദിച്ചാല്‍ പറയുമോ...എന്താ ഇതുവരെ കല്ല്യാണം കഴിക്കാത്തേ?'
വ്യാകുലവും വിചാരഗ്രസ്തവുമായ മുഖഭാവത്തോടെയാണ് ടോം മറുപടി പറയുന്നത്:
'ശതമാനക്കണക്ക് വച്ച് പറയുകയാണെങ്കില്‍...എനിക്ക് തോന്നുന്നത് ഞാന്‍ ഒരാണിനേക്കാള്‍ കൂടുതല്‍ പെണ്ണിനെപ്പോലെയാണെന്നാണ്.... പിന്നെ എങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കും?'

പഴയൊരു വീടിന്റെ മരച്ചുമരിനുപിറകിലിരിക്കുന്ന ഒരു പൂച്ചയെ കാണിച്ചുതന്നിട്ട് പെട്ടെന്നുതന്നെ കാമറ ടോം ശര്‍മ്മയിലേക്ക് തിരികെ വരുന്നു. നേരത്തേ ടോമിനോട് ചോദ്യങ്ങള്‍ ചോദിച്ച അതേ ശബ്ദം മറ്റ് ചോദ്യങ്ങള്‍ നിരത്തുകയും ടോം ഉത്തരം പറയുകയും ചെയ്യുന്നുമുണ്ട്:
'അപ്പോള്‍ നീ വിചാരിക്കുന്നത് നീ പെണ്ണാണെന്നാണോ?'
ടോം:
'അതെ. പക്ഷേ നമ്മുടെ സമൂഹത്തില്‍ ഞാനീപ്പറഞ്ഞത് വിലപ്പോവില്ല....ഞാന്‍ ഒരു വ്യത്യസ്തതയാണെങ്കില്‍പ്പോലും...എനിക്ക് എന്റെ വികാരങ്ങള്‍ പോലും പ്രകടിപ്പിക്കാന്‍ കഴിയില്ല...'
പുരുഷന്റെ ശബ്ദം:
'ചുരുങ്ങിയപക്ഷം നീ അങ്ങനെ ചിന്തിക്കുകയെങ്കിലും ചെ...'
ടോം അത് തലകുലുക്കിക്കൊണ്ട് സമ്മതിക്കുന്നു, 'യെസ്'
'എപ്പോള്‍, എത്ര വയസ്സില്‍?' അയാള്‍ വിടാന്‍ ഭാവമില്ല.
ലജ്ജയോടെ ചിരിച്ചുകൊണ്ടാണ് ടോമിന്റെ മറുപടി:
'എന്റെ കൂട്ടുകാര്‍ക്കിടയില്‍ നിന്ന്...എനിക്ക് ഒരു പങ്കാളിയുണ്ടായിരുന്നെങ്കില്‍പ്പോലും അത് ശരിയായിരുന്നില്ല....ഇപ്പോളെനിക്കറിയാം, എന്താണെന്നുവച്ചാല്‍ ഞങ്ങളുടെ സമൂഹത്തിനും അപ്പുറത്താണത്'
'ഒരിക്കല്‍ നീയും ദെബ്ജിത്തും ഒരുമിച്ച് ജീവിച്ചിരുന്നതല്ലേ...'

ടോം സമ്മതിച്ച് തല കുലുക്കുന്നു. ഇപ്പോളാണ് ഇത്രയും നേരം ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നയാളിലേയ്ക്ക് കാമറ നീങ്ങുന്നത്. ടോം ഇരിക്കുന്നതിനരികില്‍ ഒരു മരപ്പലകയോട് ചേര്‍ന്നിരിക്കുകയാണ് ഈ മണിപ്പൂരി യുവാവ്. അയാള്‍ ചോദ്യങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ല:

'നിങ്ങളിരുവര്‍ക്കും തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു...നീ പലപ്പോഴും അവന്റെ വീട്ടില്‍പ്പോലും താമസിച്ചിരുന്നില്ലേ...ഇപ്പോള്‍, ദെബിജിത് വിവാഹിതനാണ്...അവന്‍ നല്ല ഹാപ്പിയുമാണ്. അവന്‍ ഇപ്പോ ഇങ്ങനെ പറയുകയാണെന്ന് വിചാരിക്കുക...നിന്നെ ഇനി എനിക്ക് ആവശ്യമില്ലെന്ന്...നീയും ആ വീട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നു...പക്ഷേ വേറെയാരെയെങ്കിലും പങ്കാളിയാക്കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?'

ടോം ഇതിന് ഉത്തരം പറയുമ്പോള്‍ കാമറ ടോമിന്റെ പിറകിലേക്ക് നീങ്ങുന്നു:
'ഇല്ല...അങ്ങനെയല്ല....പിന്നെ ഞങ്ങളുടെ സമൂഹത്തില്‍....'

ടോമിന്റെ ഹൃദയത്തിലേക്കാണ് ഇപ്പോള്‍ അയാളുടെ ചോദ്യം:
'അപ്പോള്‍ നീ ആകെ തകര്‍ന്നിരിക്കയാണല്ലേ...?'

'അതെ, തരിപ്പണമായവന്‍'

ഈ പറച്ചിലിനൊപ്പം ഇത് ചോദിച്ച യുവാവിനോട് ചേര്‍ന്ന് ചിതറിയ ഒരു ചിരി ചിരിക്കുന്നുണ്ട് ടോം. പക്ഷേ അധികം നീണ്ടുനില്‍ക്കുന്നില്ല ചിരി. മനസ്സാന്നിധ്യം വീണ്ടെടുത്ത് കുറച്ചുകൂടി ഉറച്ചസ്വരത്തില്‍ ടോം ഊന്നിപ്പറയുന്നു:
'ഇപ്പോള്‍ ഞാനത് ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നില്ല...ഒറ്റയ്ക്ക് ജീവിക്കാനാണ് എനിക്കിഷ്ടം'

'നീയിപ്പോള്‍ സംസാരിക്കുന്നത് ഒരു പെണ്ണിനെപ്പോലെയാണ്'. അയാളുടെ വാക്കുകള്‍.

'അതെ എനിക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്... സമൂഹത്തിന് വേണ്ടി...'

'പക്ഷേ ഈ സമൂഹത്തിലാണ് നീ ജീവിക്കുന്നത്...ഏതെങ്കിലും സംഘത്തില്‍ ജീവിക്കാനാണോ അതോ ഒറ്റയ്ക്ക് പുലരാനാണോ നീ ആഗ്രഹിക്കുന്നത്?'അയാളുടെ വാക്കുകള്‍.

'സമൂഹത്തിന് വേണ്ടി നമുക്ക് ചെയ്യാന്‍ ശ്രമിക്കാവുന്ന എന്തും...ഞങ്ങളുടെ കുടുംബങ്ങളുടെ പിന്തുണയില്ലാതെ...മോശം അര്‍ത്ഥത്തിലല്ല...ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ട് സമൂഹത്തില്‍ അവബോധം ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ അത് നന്നായിരിക്കും...' ടോമിന്റെ ഈ വാക്കുകള്‍ സശ്രദ്ധം കേട്ടിരിക്കുന്ന യുവാവിനെ കുറച്ചുനേരത്തേക്ക് നമ്മള്‍ കാണുന്നു.

അടുത്ത രംഗം. ആദ്യം കാണുന്നത് ഏതോ ശബ്ദത്തിലേക്ക് കാതുകള്‍ കൂര്‍പ്പിക്കുന്ന അലസനായ ഒരു ചാരപ്പൂച്ചയുടെ സമീപദൃശ്യമാണ്. ടോമിന്റെ ബാല്യകാല സുഹൃത്തായ യുവതിയുടെ ശബ്ദം ഇവിടം മുതല്‍ വീണ്ടും കേട്ടുതുടങ്ങുന്നു. നേരത്തേ ഇതേ യുവതിയോടൊപ്പം ടോം ഇരുന്ന മുറി. സെല്‍ഫോണില്‍ നിന്ന് ഹിന്ദിയില്‍ എന്തോ വായിക്കുകയാണ് യുവതി. ചുവന്ന ഒരു തലയിണയില്‍ ചാഞ്ഞുകിടന്നുകൊണ്ട് ടോം അവള്‍ വായിക്കുന്നത് ശ്രദ്ധിക്കുന്നുണ്ട്::

'ഡിയര്‍ ടോം, കാത്തിരിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍...നീയെന്റെ അരികിലില്ലാത്തപ്പോള്‍...ഞാന്‍ അവളുടെ സ്‌നേഹത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങുന്നു...ഈ പാവം ആത്മാവിന് ആരാണ് ആശ്വാസം പകരുക?'

ഇരുവരും ഇപ്പോള്‍ ചിരിക്കുകയാണ്. ചിരിക്കുതൊട്ടുപിറകേ മുറിയുടെ മുകളില്‍ നിന്ന് താഴെ, തയ്യാറായിരിക്കുന്ന വിഭവങ്ങളുടെ കാഴ്ച്ച. വലിയ സ്റ്റീല്‍ പാത്രം നിറയെ വെന്തുപാകമായിരിക്കുന്ന ചോറും പച്ചക്കറികളും ധാന്യങ്ങളും കറികളും. 
പൊക്കിവച്ചിരിക്കുന്ന ഒരു ലോഹത്തട്ടിലാണ് ഭക്ഷണപ്പാത്രം. പശ്ചാത്തലത്തില്‍ പൂച്ച മണപ്പിച്ച് നടക്കുന്നുണ്ട്. ഈ നടപ്പിനിടയ്ക്ക് ദൃശ്യങ്ങളില്‍ ടൈപ്പ് റൈറ്ററില്‍ നിന്നെന്നപോലെ ഇങ്ങനെ തെളിയുന്നു അക്ഷരങ്ങള്‍:

'തന്റെ ബന്ധത്തെക്കുറിച്ച് ടോം'

പ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഛായാരൂപം പോലെയാണ് ഇപ്പോള്‍ ടോമിനെ കാണാന്‍ കഴിയുക. ബാല്യകാലസുഹൃത്തായ യുവതിയോട് കിടന്നുകൊണ്ട് സംസാരിക്കുകയാണ് ടോം. കേട്ടിരിക്കുന്ന അവളുടെ ശരീരത്തില്‍ പകല്‍വെളിച്ചം വന്നുവീഴുന്നുണ്ട്. ടോം പറയുകയാണ്:
'ഞങ്ങളൊരുമിച്ച് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്...ഞാന്‍ കുറേ ത്യാഗങ്ങളും ചെയ്തിട്ടുണ്ട്...പക്ഷേ അതിനുശേഷം അവന്‍ കല്ല്യാണം കഴിച്ചുപോയി. എല്ലാം വെറുതേയായി'

ഈ ദു:ഖസംഭാഷണങ്ങള്‍ക്കിടയ്ക്ക് കാമറ ഇരുവരേയും വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണിച്ചുതരുന്നു. അല്പം താഴ്ന്ന്‌നിന്ന് ടോമിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ തന്നെ പശ്ചാത്തലത്തില്‍ ബാല്യകാലസഖിയുടെ മുഖം കാണാവുന്ന രീതിയില്‍. ടോം സംസാരം തുടരുകയാണ്:

'എനിക്കറിയില്ല...ശരിക്കുമൊരു തലവേദനയാണത്.'

കാമറ കുറച്ചുകൂടി അടുത്തേക്ക് ചെല്ലുന്നു. ഇരുവരേയും കാണാം: 'കല്ല്യാണത്തിന്റെയന്ന്...ശരിക്കും കരയണമെന്ന് കൊതിച്ചുപോയി...പക്ഷേ കരയാനും കഴിഞ്ഞില്ല...പിന്നെ ഞാന്‍ കണ്ടമാനം കുടിച്ചു...അതിലുമധികം ഛര്‍ദ്ദിച്ചുംകളഞ്ഞു...'

ആദ്യം നമ്മള്‍ കണ്ട പ്രകാശപശ്ചാത്തലത്തിലെ ഛായാരൂപം പോലെയുള്ള ദൃശ്യത്തിലേക്ക് നമ്മള്‍ തിരിച്ചെത്തുന്നു. ടോം വിചാരപ്പെടുകയാണ്:
'എന്തുചെയ്യണമെന്ന്...എനിക്കറിയില്ല...'

ടോമിനെ ഇപ്പോള്‍ കാണുന്നില്ല. കാണുന്നത് ബാല്യകാലസഖിയായ യുവതിയെയാണ്. അല്പം താഴ്ന്നിരിക്കുന്ന കാമറ നോക്കി അവള്‍ സംസാരിക്കുകയാണ്:
'എനിക്കറിയാം, ഇപ്പോള്‍ ഇവന് വേണ്ടത് എന്തെങ്കിലും സഹായമാണ്...ആ അവസ്ഥയില്‍ നിന്ന് പുറത്തുവരാനുള്ള ഒരു മാര്‍ഗ്ഗം...കല്ല്യാണത്തിന് ശേഷം അയാളുമായുള്ള ബന്ധം മുമ്പുണ്ടായിരുന്നത്രയും ഇഴുകിച്ചേര്‍ന്നതല്ലെന്നാണ് അവന്‍ എന്നോട് പറയുന്നത്...'

യുവതിയുടെ ഈ സംസാരത്തിനിടെ കാമറ പുറത്തേയ്ക്ക് എത്തിനോക്കുന്നു. സിമന്റിട്ട നിലത്തിന്റെ അങ്ങേയറ്റത്തെ പശ്ചാത്തലം മരം കൊണ്ടുള്ള ഭിത്തിയാണ്. ഈ മരച്ചുമരിനോട് ചേര്‍ന്ന് പശ്ചാത്തലത്തില്‍ ഒരു കാര്‍ കിടക്കുന്നുണ്ട്. കാറിനുമുമ്പില്‍ രണ്ട് പെണ്‍ മോഡലുകള്‍ക്കൊപ്പം ക്യാറ്റ് വാക്ക് പരിശീലനത്തിനൊരുങ്ങുകയാണ് ടോം ശര്‍മ്മ. ഇറക്കം കുറഞ്ഞ കുര്‍ത്തകളും ജീന്‍സുകളുമാണ് എല്ലാവരുടേയും വേഷം. ഒപ്പം ഇടത്തേ തോളില്‍ ഷാള്‍ പോലെയുള്ള അലങ്കാരപ്പണികളുള്ള സുതാര്യമായ ദുപ്പട്ടകള്‍ താഴേയ്ക്ക് തൂക്കിയിട്ടിട്ടുണ്ട്.  രണ്ട് മോഡലുകളുടെയും നടുക്കാണ് ടോം. പെട്ടെന്ന് ആരംഭിക്കുന്ന ഒരു സംഗീതവും അതിനൊപ്പിച്ച് ക്യാറ്റ് വാക്ക് നടത്തുന്ന മൂവരും. മൂന്നുപേരില്‍ ഏറ്റവും അനായാസം ക്യാറ്റ് വാക്ക് നടത്തുന്നത് ടോമാണ്. മറ്റ് രണ്ട് പേരെയും റാംപ് വാക്ക് നടത്താന്‍ പരിശീലിപ്പിക്കുകയാണ് ടോമെന്ന് ഈ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. കാമറയുടെ നേരേ മുന്നിലേക്ക് നടന്നുവരികയാണ് മൂവരും. ഇതെല്ലാം കണ്ടിരിക്കുന്ന രണ്ട് കുട്ടികളുടെ മുഖഭാവങ്ങളും ഇവരുടെ ഈ നടത്തയ്ക്കിടയ്ക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് കാമറ കാണിച്ചുതരുന്നു. കുട്ടികള്‍ ഈ ക്യാറ്റ് വാക്ക് കാണുന്നത് ലാഘവത്തോടെയും ഇടയ്ക്ക് കോട്ടുവായിട്ടും വലിയ താത്പര്യമില്ലാത്ത മട്ടിലാണ്. ടോം ശര്‍മ്മ ഇപ്പോള്‍ തിരിച്ചുനടന്ന് മറ്റൊരു നട പരിശീലിപ്പിക്കുകയാണ്. മുന്നോട്ടേക്ക് വരുന്ന ടോമിന്റെ കൈകള്‍ നമസ്‌തേ ശൈലിയില്‍. മോഡലുകള്‍ അതേ ശൈലി ആവര്‍ത്തിക്കുന്നു. മുന്നിലേക്ക് വന്നും പിന്നിലേക്ക് നടന്നും അവര്‍ പരിശീലനം തുടരുന്നു. ഒരു ഫാഷന്‍ നടത്തത്തിന്റെ എല്ലാ ചടുലതയോടെയും കാമറ വ്യത്യസ്ത കോണുകളിലൂടെ അവരെ പിന്തുടരുന്നു. ഇടയ്ക്കുവച്ച് മോഡലുകളുടെ വസ്ത്രങ്ങളില്‍ മാറ്റം വരുന്നുണ്ട്. ഒരുവള്‍ നീല സ്‌കര്‍ട്ടും ബ്ലൗസും ധരിക്കുമ്പോള്‍, കൂടെയുള്ളവള്‍ ചണംകൊണ്ടും വൈക്കോല്‍ കൊണ്ടുമുണ്ടാക്കിയവയാണ് ധരിക്കുന്നത്. ഒപ്പം അവള്‍ ഒരു അലങ്കാരത്തൊപ്പിയും ചാര്‍ത്തുന്നുണ്ട്. നേരത്തേ നമ്മള്‍ ഈ വസ്ത്രം കണ്ടിട്ടുണ്ട്. ഇതേ മോഡല്‍ ഈ വസ്ത്രം ധരിക്കുമ്പോള്‍ ടോം അവളുടെ ഷോര്‍ട്ട് സ്‌കര്‍ട്ടില്‍ കത്രിക കൊണ്ട് ചില മിനുക്കുപണികള്‍ ചെയ്തത് നമ്മള്‍ കണ്ടതാണ്. പിന്നെയും ക്യാറ്റ് വാക്ക് പരിശീലനത്തില്‍ മുഴുകുകയാണ് അവര്‍. ഇപ്പോള്‍ ഇതാ നമ്മള്‍ അവരെ അവരുടെ ആദ്യത്തെ ദുപ്പട്ട വേഷത്തില്‍ കാണുന്നു. ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്കായി മുന്നോട്ടുവന്ന് പ്രത്യേകശൈലിയില്‍ ദുപ്പട്ട തങ്ങള്‍ക്കുചുറ്റും വീശുകയാണ്. സംഗീതം തുടരുന്നു.    

അല്പനേരത്തിന് ശേഷം, മറ്റൊരു രംഗം. ഒരു യുവാവിന്റെ മുഖത്തിന്റെ സമീപദൃശ്യം. പിന്നെ, അയാളുടെ തോളിന്റെ മുകളിലൂടെ പശ്ചാത്തലത്തില്‍ കാണാവുന്ന ടോം ശര്‍മ്മ. ത്രോണ്‍ ഓഫ് ഗോഡ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന തരം നിരവധി ദേവീദേവന്മാരുടെ വിഗ്രഹങ്ങളും പൂജാസാധനങ്ങളുമുള്ള ആരാധനാകേന്ദ്രത്തില്‍ ഒരു വിഗ്രഹത്തിനോട് ചേര്‍ന്ന് കാലുകള്‍ നീട്ടിവച്ചിരിക്കുകയാണ് ടോം. യുവാവിനോട് ചേര്‍ന്ന ഈ ദൃശ്യത്തിന്റെ മുകളില്‍ ടൈപ്പ് റൈറ്ററില്‍ നിന്നെന്ന പോലെ തെളിഞ്ഞുവരുന്ന അക്ഷരങ്ങള്‍:

'ടോമിന്റെ മുന്‍ പങ്കാളി' 

ഇപ്പോള്‍ ഈശ്വരപീഠവും അതിലുള്ള വിഗ്രഹങ്ങളും മുന്‍വശത്തുനിന്ന് കാണാം. പിന്നെ, താഴെ നിന്നുള്ള കാഴ്ച്ച. തീപ്പെട്ടി തുറന്ന് എണ്ണവിളക്ക് കൊളുത്തുകയാണ് ടോംശര്‍മ്മ. സംഗീതം തുടരുന്നുണ്ട്. കണ്ണുകളടച്ച് ഒരു കൈകൊണ്ട് വിഗ്രഹങ്ങളില്‍ ആരതിയുഴിയുകയും മറുകൈകൊണ്ട് മണി മുഴക്കുകയുമാണ് ടോം. അടഞ്ഞ കണ്ണുകളുടെ സമീപ ദൃശ്യം കാണാം; അല്പസമയത്തിനകം കുറച്ച് പിന്‍മാറി മറ്റൊരു വീക്ഷണകോണില്‍ കണ്ണുകള്‍ തുറക്കുന്ന ടോമിനെയും. നേരത്തേ കേട്ട സംഗീതത്തിനൊപ്പം ഇപ്പോള്‍ ഈ മണിമുഴക്കവും കൂടിച്ചേരുമ്പോള്‍ വിചിത്രമായ സംഗീതപശ്ചാത്തലമുയരുന്നുണ്ട്.

ഇവിടെ നിന്ന് ടോം ശര്‍മ്മ ചില യുവാക്കളെയും യുവതികളെയും മേക്കപ്പ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളിലേക്ക് മാറുന്നു. ഭൂരിപക്ഷവും യുവതികളാണ്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഇടകലര്‍ന്ന കൈകളുടെ മേക്കപ്പ് പരിശീലനപ്പെരുമാറ്റം. സംഗീതം തുടരുന്നതിനിടെ, മോഡലിന്റെ മുഖത്ത് ബ്രഷ് സ്‌ട്രോക്കുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളിലൊരാളുടെ മുഖത്തിന്റെ സമീപദൃശ്യം. മോഡലിനും വിദ്യാര്‍ത്ഥിക്കുമിടയ്ക്ക് ടെക്‌നിക്കുകള്‍ പറഞ്ഞുകൊടുത്തുകൊണ്ട് നില്‍ക്കുന്ന ടോമിനെ പശ്ചാത്തലത്തില്‍ കാണാം. പരമ്പരാഗത മണിപ്പൂരി ശൈലിയില്‍ മുഖത്ത് വെള്ളനിറത്തില്‍ തനത് ഡിസൈനുകള്‍ ഒരുക്കുന്ന ബ്രഷ് സ്‌ട്രോക്കുകളാണ് ഇപ്പോള്‍ അടുപ്പക്കാഴ്ച്ചയില്‍. ഇപ്പോള്‍ മുറിയുടെ  വിദൂരദൃശ്യം. മൂന്നോ നാലോ ജോടി മോഡലുകളും വിദ്യാര്‍ത്ഥികളും അവിടവിടെയായി ഇരുന്ന് മേക്കപ്പ് പരിശീലനം നടത്തുന്നതും ടോം അവരെ ശ്രദ്ധിക്കുന്നതും കാണാം. ടോം തന്നെ ബ്രഷ് എടുത്ത് ഒരു മോഡലിന്റെ ചുണ്ടില്‍ മേക്കപ്പിടുന്നത് നോക്കിനില്‍ക്കുകയാണ് മറ്റൊരു വിദ്യാര്‍ത്ഥി. ഇനിയുമൊരു മോഡലിന്റെ മുടി ഒരുക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്നു മറ്റൊരു രംഗത്തില്‍ ടോം ശര്‍മ്മ. ഓരോ ഷോട്ടും ഒന്നിനുപിറകെ ഒന്നായി വ്യത്യസ്ത കോണുകളിലാണ് പ്രത്യക്ഷപ്പെടുന്നത്, ചിലപ്പോള്‍ അങ്ങേയറ്റം സമീപദൃശ്യങ്ങളായി, മറ്റു ചിലപ്പോള്‍ മിഡ് ഷോട്ടുകളായി. സംഗീതം തുടരുകതന്നെയാണ്.

മെല്ലെ സംഗീതം കീഴ്സ്ഥായിയിലാകുമ്പോള്‍, ഒരടുക്കളയുടെ ഉള്‍വശം. പൊക്കംകുറഞ്ഞ  സ്റ്റൂളിലിരിക്കുകയാണ് ടോം. മുന്‍പിലെ തുറന്ന വാതിലൂടെ തെളിവെയില്‍ കടന്നുവരുന്നുണ്ട്. കൊലുന്നനെയുള്ള സുന്ദരിയായ ഒരു യുവതി കാല്‍ തുണിയില്‍ തുടച്ച് അകത്തേക്ക് വരികയാണ്. നീലലോഹിത നിറമുള്ള ഉടുപ്പും ബ്ലൗസുമാണ് വേഷം. അവള്‍ കടന്നുവരുമ്പോള്‍ ദൃശ്യങ്ങള്‍ക്കുമേല്‍ ഇങ്ങനെ തെളിയുന്നുണ്ട് അക്ഷരങ്ങള്‍:
'ടോമിന്റെ മുന്‍ പങ്കാളിയുടെ ഭാര്യ'
അടുക്കളയില്‍ പലതരം വീട്ടുപണികള്‍ ചെയ്യുന്ന ടോമിനെയും യുവതിയെയും വിവിധ കാഴ്ച്ചപ്പാടുകളില്‍ കാണാം. താഴ്ന്ന ഒരു കാഴ്ച്ചക്കോണില്‍ ടോം ഒരു ഓവനരികില്‍ നിന്ന് അത് പ്രവര്‍ത്തിപ്പിച്ച് ഭക്ഷണം പാകം ചെയ്യാന്‍ ഒരുങ്ങുകയാണ്. യുവതി നിലത്തിരുന്ന് വലിയൊരു ഗ്രൈന്‍ഡറില്‍ എന്തോ അരച്ചെടുക്കുന്നു. പിന്നെ അവള്‍ ഒരു പാത്രത്തില്‍ പച്ചക്കറികള്‍ കഴുകുന്നുണ്ട്. പച്ചക്കറികള്‍ മുറിച്ച് പാകം ചെയ്യുന്നതിനിടയ്ക്ക് ഇരുവരും പരസ്പരം സംഭാഷണങ്ങളില്‍ മുഴുകുന്നതും കാണാം. ഈ അടുക്കളദൃശ്യങ്ങള്‍ക്കുമേല്‍ ഇങ്ങനെ കേള്‍ക്കാം വിവരണപാഠം:

'ടോമിന്റെ മുന്‍ പങ്കാളിയായ പുരുഷന്‍ കല്ല്യാണം കഴിച്ചുവെന്നത് ടോമിന്റെ ജോലിയിലെ പ്രൊഫഷണലിസത്തെയോ, ഫാഷന്‍ പ്രദര്‍ശനങ്ങളിലെയും മേക്കപ്പിലെയും ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനങ്ങളെയോ ബാധിച്ചിട്ടില്ല. എന്നുമാത്രമല്ല, മുന്‍പങ്കാളി വിവാഹം കഴിച്ച് ജീവിക്കുന്ന വീട്ടില്‍ അയാള്‍ക്കും അയാളുടെ ഭാര്യക്കുമൊപ്പം സ്വന്തം ജീവിതത്തിന്റെ ചില നിമിഷങ്ങള്‍ അയാള്‍ പങ്കുവയ്ക്കുന്നു. ജീവിതത്തെ അത് വരുന്നതുപോലെ സ്വീകരിക്കാനുള്ള സുതാര്യമായ ഒരു കഴിവ് അയാള്‍ പ്രകടിപ്പിക്കുന്നു. ലോകത്തിന്റെ നേരെയും ചിലപ്പോള്‍ തന്നോടുതന്നെയും ചിരിക്കാന്‍ അയാള്‍ക്ക് കഴിയുമെന്ന് തോന്നുംവിധം.' 

ഇവിടെ നിന്ന് നമ്മള്‍ ഒരു പുറംകാഴ്ച്ചയിലേക്ക് പോകുന്നു. തുറസ്സായ സ്ഥലത്ത് മരംകൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂടിനകത്ത് പാചകം പൊടിപൊടിക്കുകയാണ്. താഴ്ന്ന ഒരു കാഴ്ച്ചപ്പാടില്‍ ഒരലുമിനിയം പാത്രത്തിലേക്ക് എണ്ണ ഒഴിക്കപ്പെടുമ്പോള്‍, പശ്ചാത്തലത്തില്‍ ടോമിന്റെ കുറച്ച് പിറകില്‍ നില്‍ക്കുന്ന മുന്‍ പങ്കാളിയായ ദെബ്ജിത്തിനെ കാണാം. ദെബ്ജിത്തിന്റെ ഭാര്യ ഈ രംഗത്തിലേക്ക് കടന്നുവരുമ്പോള്‍ മുകളില്‍ തൂങ്ങിക്കിടക്കുന്ന മരക്കഷണത്തില്‍ തല ചെറുതായൊന്ന് തട്ടുന്നുണ്ട്. രംഗം പെട്ടെന്ന് മാറുകയും ടോമും യുവതിയും അടുക്കളയില്‍ ഇരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ടോമിനെ നാം കാണുന്നത് മറ്റൊരു രൂപത്തിലാണ്. കുറച്ചുദൂരെ, തകരമേല്‍ക്കൂരകളുള്ള വീടുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അരയില്‍ തോര്‍ത്തുമാത്രമുടുത്ത് കുളിക്കുകയാണ് ടോം ശര്‍മ്മ. ഈ കുളിസീന്‍ കാണുന്ന ദെബ്ജിത്തിന്റെ ഭാര്യയുടെ മുഖത്തെ ചിരിയുടെ സമീപദൃശ്യവും  കാണാം. കുളി കഴിഞ്ഞ് കുറച്ചുകൂടി സമീപക്കാഴ്ച്ചയില്‍ ശരീരം തോര്‍ത്തുകയാണ് ടോം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ദെബ്ജിത്ത് ടോമിനെ ഒന്ന് നോക്കി പുറത്തേക്ക് പോവുകയാണ്. ഇതെല്ലാം കണ്ട് നില്‍ക്കുന്ന ദെബ്ജിത്തിന്റെ ഭാര്യയുടെ മുഖത്തിന്റെ സമീപദൃശ്യം ഒരിക്കല്‍ക്കൂടി നമ്മള്‍ കാണുന്നതിനിടെ പശ്ചാത്തലത്തില്‍ കേള്‍ക്കാവുന്ന വിവരണപാഠം ഇങ്ങനെ:

'പക്ഷേ, ഇയാളുടെ ഭാവവികാരങ്ങളിലെ അനായാസതയും, വാക്ചാതുര്യവുമെല്ലാം ഒരുപക്ഷേ മറ്റുചിലകാര്യങ്ങളിലേക്കുള്ള സൂചനകളാകാം; ഒരുപക്ഷേ, ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ആഴമേറിയതും ഇരുണ്ടതുമായ വികാരങ്ങളുടെ.'

ഒരു മുന്‍രംഗം തെളിയുന്നു. മുന്‍വശത്ത് അര്‍ധവൃത്താകൃതിയില്‍ കിടക്കുന്ന ടോം ശര്‍മ്മയും കാമറക്കരികിലുള്ള ആരെയോ നോക്കി സംസാരിക്കുന്ന ടോമിന്റെ ബാല്യകാലസുഹൃത്തായ യുവതിയും. സംസാരിച്ചുതുടങ്ങുന്ന യുവതിയെയാണ് നമ്മള്‍ ആദ്യം കാണുന്നത്:

'വിവാഹം കഴിഞ്ഞ്....അയാള്‍ എന്നോട് പറഞ്ഞു, പിന്നെ ഒരു രാത്രി പോലും അയാള്‍ ടോമിനൊപ്പം കഴിഞ്ഞിട്ടില്ലെന്ന്...'

ഇപ്പോള്‍ ദെബ്ജിത്തിന്റെ ഭാര്യക്കും മറ്റുചില സ്ത്രീകള്‍ക്കുമിടയില്‍ തവളയെപ്പോലെ മുട്ടിലിരിക്കുകയാണ് ടോം ശര്‍മ്മ. സ്ത്രീകളില്‍ ഓരോരുത്തരുടെയും നിറുകയില്‍ വിശുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെളുത്ത തിലകം ചാര്‍ത്തിക്കൊടുക്കുകയാണ് ടോം. ഓരോ നിറുകയിലേക്കുമുള്ള അയാളുടെ ചലനങ്ങളെ കാമറ അനുഗമിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തൊട്ടുമുമ്പുകണ്ട രംഗത്തില്‍ സംസാരിച്ച ടോമിന്റെ ബാല്യകാലസുഹൃത്തായ യുവതിയോട് അതുവരെ കാമറയ്ക്കപ്പുറത്ത് നില്‍ക്കുകയായിരുന്നയാള്‍ ചോദിക്കുന്ന ഒരു ചോദ്യം ഉയരുന്നുണ്ട്. ഈ ചോദ്യത്തിനൊപ്പം കാമറ ടോമും ബാല്യകാലസഖിയും ഒരുമിച്ചുവരുന്ന ഒരു രംഗത്തിലേക്ക് ദത്തശ്രദ്ധമാവുന്നു. പശ്ചാത്തലത്തില്‍ സംഗീതം കീഴ്സ്ഥായിയിലുമാവുന്നു.

ചോദ്യം: 'പക്ഷേ, അതേ വീട്ടില്‍ പിന്നെയും കഴിയുക എന്നത് സത്യത്തില്‍ സങ്കടകരമല്ലേ...'

ഈ ചോദ്യം കേട്ടതും മുഖം കൈകള്‍ കൊണ്ട് പൊത്തി ഉറക്കെ പൊട്ടിക്കരയുകയാണ് യുവതി. നിമിഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ രംഗത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട് അവള്‍. ഏകദേശം ഒരു മിനിറ്റിനുശേഷം ടോം മണിപ്പൂരി ഭാഷയില്‍ ആശ്വസിപ്പിക്കുന്നുണ്ട്:

'അതു പോട്ടെന്നേ...'

പക്ഷേ ഇപ്പോള്‍ ടോം ശര്‍മ്മയും സ്വന്തം മുഖം കൈകൊണ്ട് മറയ്ക്കുകയാണ്. ഇതിനിടയില്‍ വിവരണപാഠം ആരംഭിക്കുന്നു. ആ വിവരണപാഠത്തിനിടയില്‍ത്തന്നെ മറ്റൊരു രംഗം തെളിയുന്നു. നീലാകാശത്തിനു കീഴില്‍, റിക്ഷ വലിക്കുന്ന ഒരുറിക്ഷാവാലയുടെ പിന്‍വശം. . ഇതേ റിക്ഷാവാലയെ താഴ്ന്ന ഒരു കാഴ്ച്ചപ്പാടില്‍ ഇപ്പോള്‍ മുന്‍വശത്തുനിന്നും കാണാം. ഹാന്‍ഡിലില്‍ മുറുകെപ്പിടിച്ച് പെഡല്‍ ചവിട്ടുമ്പോള്‍ പിറകിലെ സീറ്റിലിരിക്കുന്നത് ടോമാണെന്ന് നാമറിയുന്നു. തൊപ്പി വച്ച് കറുത്ത കണ്ണടയും ധരിച്ചാണ് ഇരിപ്പ്. വിവരണപാഠം തുടരുന്നതിനിടയില്‍ പെഡലുകള്‍ ചവിട്ടുന്ന റിക്ഷാവാലയുടെ കാലുകളും പിന്നെ, ടോമിനെയും കൊണ്ട് ഗ്രാമവഴിയിലൂടെ പോകുന്ന റിക്ഷയുടെ വിദൂരദൃശ്യവും കാണാം.

വിവരണപാഠം:
'വ്യത്യസ്തയോടെയിരിക്കുക എന്നത് എവിടെയും എളുപ്പമുള്ള കാര്യമല്ല. പക്ഷേ മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ പല പല കാരണങ്ങള്‍ കൊണ്ടും കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ടോം ശര്‍മ്മയ്ക്ക് അയാള്‍ എന്തോ അതായിരിക്കാനുള്ള അവസരം സൃഷ്ടിച്ചുനല്‍കുമായിരുന്ന സ്വകാര്യസ്ഥലത്തെ തുടച്ചുനീക്കുകയാണ് മണിപ്പൂരിലെ പ്രശ്‌നകലുഷിതമായ സാമൂഹ്യ രാഷ്ട്രീയാവസ്ഥ. എന്നിട്ടുപോലും അയാള്‍ തനിക്ക് ജീവിക്കണമെന്ന് തോന്നുന്ന ജീവിതത്തിലേക്കെത്തിപ്പെടാന്‍ കഴിയുന്നത്ര വ്യക്തമായും സ്വതന്ത്രനാണ്. പ്രശ്‌നം ആരംഭിക്കുന്നത് അയാളുടെ വളര്‍ന്നുവരുന്ന സമുദായത്തിലേക്ക് മറ്റുള്ളവര്‍ കൂടി ചേര്‍ക്കപ്പെടുമ്പോളാണ്.'

രണ്ടുനിരകളിലായിരിക്കുന്ന അലുമിനിയം പാത്രങ്ങളുടെ ദൃശ്യങ്ങള്‍ക്കിടയില്‍ വൃദ്ധനായ ഒരാള്‍ ഒറ്റയ്ക്കിരിക്കുന്നത് നാം കാണുന്നു. പാത്രങ്ങളും തവികളുമടക്കമുള്ള വകകള്‍ വില്‍ക്കുന്നതെന്നു തോന്നിപ്പിക്കുന്ന കടയില്‍ ഇരിക്കുന്ന വൃദ്ധന്റെ മറ്റൊരു വീക്ഷണകോണ്‍ തെളിയുന്നു. അയാള്‍ക്കരികില്‍ നിന്ന് എന്തോ സംസാരിക്കുകയാണ് ടോം. ടൈപ്‌റൈറ്ററില്‍ നിന്നെന്ന പോലെ ദൃശ്യങ്ങളില്‍ ഇങ്ങനെ തെളിയുന്ന അക്ഷരങ്ങള്‍: 'ടോമിന്റെ അച്ഛന്‍'. പിന്നെ നമ്മള്‍ ടോമിനെ കാണുന്നത് ടോമിന്റെ തോളിന് മുകളിലൂടെയുള്ള കാഴ്ചയില്‍ ഒരു കമ്പോളത്തില്‍ പ്രായമുള്ള ഒരു സ്ത്രീയോട് സംസാരിക്കുന്നതായാണ്. രണ്ടു തൂണുകള്‍ താങ്ങിനിര്‍ത്തിയിട്ടുള്ള മേല്‍ക്കൂരക്ക് താഴെ, സാധനങ്ങള്‍ വില്‍ക്കുന്ന സ്ത്രീകള്‍ക്കിടയിലാണ് പ്രായമുള്ള ഈ സ്ത്രീയും. ഒരു തനത് ഇന്ത്യന്‍ ചന്ത. ഇവിടെയും ദൃശ്യങ്ങള്‍ക്കുമേല്‍ അക്ഷരത്തെളിച്ചം: 'ടോമിന്റെ അമ്മ.' ഇതിനിടയില്‍ കേള്‍ക്കാം വിവരണപാഠവും:

'ഇപ്പോഴും വേര്‍തിരിവ് തുടരുകയാണെങ്കിലും ഉഭയലിംഗ സ്വഭാവമുള്ളവരുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നത് സമൂഹത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് ഇയാള്‍ എന്ന കാര്യം അംഗീകരിക്കുകയെന്നത് ഇയാളുടെ അച്ഛനമ്മമാര്‍ക്കും അസാധ്യമാണ്.'

ടോമിന്റെ പിന്‍വശത്തെയും കാമറയ്ക്കുനേരേ നോക്കുന്ന അമ്മയെയും ഇപ്പോള്‍ കാണാം.  ടോം സെല്‍ഫോണിലൂടെ സംസാരിക്കുകയാണ്. പശ്ചാത്തലസംഗീതം  ഉച്ചസ്ഥായിയിലാവുന്നുണ്ട്. അമ്മ ഇപ്പോള്‍, ഒരു ഭരണിയില്‍ നിന്ന് അരിയുണ്ടകളെടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി ഉപഭോക്താവിന് കൊടുക്കുകയാണ്. അയാളെയും കാണാം. പിന്നില്‍ നിന്ന് ടോം ഇത് കാണുന്നുണ്ട്. അമ്മയുടെ മുന്നില്‍ വച്ച് ടിന്‍ ഭരണിയില്‍ നിന്ന് അരിയുണ്ടയെടുക്കുകയാണ് ടോമും. വായിലേക്ക് നീങ്ങുന്ന ടോമിന്റെ കൈകളേയും വായില്‍വച്ചുള്ള കടിയെയും കാണിച്ചുതരുന്നുണ്ട് കാമറ. ഒരു സ്ത്രീയുടെ ചുളിവുവീണ തൊലിയുള്ള കൈകള്‍ തിരുപ്പിടിച്ചിരിക്കുന്ന കറന്‍സി നോട്ടുകള്‍. ഇപ്പോള്‍ ആ നോട്ടുകളെണ്ണുന്ന സ്ത്രീയെ മിന്നായം പോലെ കാണാം. കാരംസ് പോലെ കളിക്കാവുന്ന ലുഡോ ബോര്‍ഡിന്റ ഇരുവശവുമിരുന്ന് കളിക്കുകയാണ് രണ്ട് സ്ത്രീകള്‍. അവരുടെ കൈകളും, നീല-മഞ്ഞ നിറങ്ങളുളള വസ്ത്രങ്ങളുടെ ചില ഭാഗങ്ങളും മാത്രമാണ് നമ്മള്‍ കാണുന്നത്. വയസ്സായ ഒരു സ്ത്രീയില്‍ നിന്ന് പച്ചക്കറി വാങ്ങുകയാണ് ടോം ഇപ്പോള്‍. ദൃശ്യത്തിന്റെ മുന്‍വശത്ത് ആ സ്ത്രീയും പശ്ചാത്തലത്തില്‍ ടോമുമാണ്. സ്ത്രീക്ക് പൈസ കൊടുക്കുന്ന ടോമും പ്ലാസ്റ്റിക് ബാഗില്‍ പച്ചക്കറി കൈമാറുന്ന സ്ത്രീയും. ടോമിന്റെ മറ്റേ കയ്യില്‍ പച്ച നിറമുള്ള മറ്റൊരു ബാഗ് കൂടിയുണ്ട്. സ്ഥലം അതേ കമ്പോളം തന്നെയാണ്. പശ്ചാത്തലസംഗീതം തുടരുന്നുമുണ്ട്. ലുഡോ കളിക്കുന്ന രണ്ടുസ്ത്രീകളെയും  വിദൂരദൃശ്യമായി കാണാം. അവര്‍ക്കു പിറകില്‍ നിരനിരയായിരുന്ന് വിവിധതരം ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുകയാണ് സ്ത്രീകള്‍. ഇതിനിടയില്‍ മുകളില്‍ നിന്ന് ഒരു കാഴ്ച: അലുമിനിയം പാത്രത്തില്‍ നിന്ന് ഗ്ലാസ്സുകളിലേക്ക് ചായ പകരുന്ന സ്ത്രീ. അവരുടെ കൈകളും ബ്ലൗസിന്റെയും സ്‌കര്‍ട്ടിന്റെയും ചില ഭാഗങ്ങളും മാത്രമാണ് കാഴ്ചയിലുള്ളത്. ചായ നിറഞ്ഞിരിക്കുന്ന ഗ്ലാസുകളോരോന്നിന്റെയും സമീപ ദൃശ്യത്തില്‍ സ്പൂണ്‍ ഇളക്കുകയാണ് ഒരു കൈ. പശ്ചാത്തല സംഗീതവുമായി ഇഴചേരുന്നുണ്ട് സ്പൂണുകളുടെ ഈ ഇളക്കക്കിലുക്കം. അവ്യക്തമായി പശ്ചാത്തലത്തില്‍ മാര്‍ക്കറ്റും കാണാം. നിലത്തിരുന്ന് ചായ ഊതിക്കുടിക്കുന്ന ടോം ശര്‍മ്മയിലേക്കാണ് കാമറയുടെ തിരിച്ചില്‍. ചായ കുടിച്ച് ഒഴിഞ്ഞ ഗ്ലാസ് അയാള്‍ നിലത്ത് വയ്ക്കുന്നുണ്ട്.  തീ പടരുന്ന അടുപ്പിന് മുകളില്‍ മണിപ്പൂരിലെ ഫ്രൈയിംഗ് പാനായ കാഡി ഇരിപ്പുണ്ട്. കാഡിയിലെ തിളയ്ക്കുന്ന എണ്ണയില്‍ പകോട പലഹാരങ്ങള്‍ പൊരിയുകയാണ്. വലിയൊരു തവിയുപയോഗിച്ചാണ് ഇളക്കല്‍.

നല്ല വട്ടപ്പിടിയുള്ള പ്ലേറ്റുകളിലേക്ക് പകോടകള്‍ മാറ്റുകയാണ്. പൊരിഞ്ഞ ചൂടന്‍ പകോടകള്‍ ഒരു പ്ലേറ്റിലാക്കി ടോമിന് കൊടുക്കുകയാണ് ഒരു സ്ത്രീ. അവരുടെ കാലുകള്‍ മാത്രമാണ് ആദ്യം നാം കാണുന്നത്. കാമറ മുകളിലേക്കുയരുമ്പോള്‍, വായിലേക്ക് ചൂടുപകോട എടുത്ത് ചവച്ച് പൊള്ളിയ ടോമിന്റെ ചൂടന്‍ഭാവം. ഇതെല്ലാം കണ്ട് പൊട്ടിച്ചിരിക്കുകയാണ് സമീപദൃശ്യത്തില്‍ ചുളിഞ്ഞമുഖവുമായി ഒരു വൃദ്ധ. ചിരി അവരുടെ അവശേഷിക്കുന്ന പല്ലുകളിലെ കറവീണ പല്ലുകളെയും കാണിച്ചുതരുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ മേലെയുള്ള വിവരണപാഠം ഇങ്ങനെയാണ്:

 
'തന്റേതുമാത്രമായ രൂപരഹിതവും ക്രമരഹിതവുമായ ഒരു ലോകത്താണ് ടോമിന്റെ ജീവിതം. നല്ലതിന്റെയും ചീത്തയുടേയും വൃത്തികെട്ടതിന്റെയുമൊക്കെ ഒരു സങ്കരത്തില്‍. കാരണം, അയാള്‍ക്ക് മറ്റൊരു മാര്‍ഗ്ഗമില്ല'

ബനിയനുകള്‍ മാത്രം ധരിച്ച് മുറിയില്‍ കിടക്കുകയാണ് രണ്ട് പുരുഷന്മാര്‍. ഒരു ബള്‍ബ് പ്രകാശിക്കുന്നുണ്ട്. അവരിലൊരാള്‍ കാമറയ്ക്കരികിലുള്ള ആരോടോ സംസാരിക്കുകയാണ്:
'വാനമ്പാടികള്‍ എന്നാണ് അവരെ വിളിക്കുന്നത്'
'എവിടെ, ഇംഫാലിലോ?'
'അതെ ഇംഫാലില്‍...ചില കമാന്‍ഡോകളാണ് അങ്ങനെ  വിളിക്കുന്നത്...എല്ലാവരുമല്ല...ഭീകരന്മാരായ കമാന്‍ഡോകള്‍....സത്യത്തില്‍ അവര്‍ സ്ത്രീകളല്ല...പക്ഷേ ഹോമോ സെക്ഷ്വലുകളാണ്...കമാന്‍ഡോസ് അവരെ പിടികൂടും...എന്നിട്ട് ലൈംഗികമായി അവഹേളിക്കും...കോണ്ടമൊന്നും ഉപയോഗിക്കാതെ...'

സംഭാഷണത്തിന്റെ ഈ ഘട്ടത്തില്‍ പച്ചപ്പുനിറഞ്ഞ ഒരു പ്രദേശത്ത് പാറി നടക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ നമ്മള്‍ക്ക് കാണാം. അയാള്‍ സംഭാഷണം തുടരുകയാണ്:

'പകരം അവര്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ബാഗുകളാണ്...'
'ആര്...കമാന്‍ഡോകളോ?'
'അതെ കമാന്‍ഡോകള്‍...ഹൊ...എത്ര ഭീകരമാണത്...'

ദൃശ്യങ്ങളില്‍ ഇപ്പോള്‍ മുറിയില്‍ കിടക്കുകയായിരുന്ന രണ്ടുപേരില്‍ ഒരാള്‍ അത് അവതരിപ്പിച്ചുകാണിക്കുകയാണ്. പ്ലാസ്റ്റിക് ഉറയില്‍ പെരുവിരല്‍ കടത്തിക്കൊണ്ട്, കമാന്‍ഡോകള്‍ അത് എങ്ങനെ കോണ്ടമായി ഉപയോഗിക്കുന്നുവെന്ന് കാണിച്ചുകൊണ്ട്.. എല്ലാവരും ഈ അവതരണം കണ്ട് ചിരിക്കുകയാണ്.

അടുത്ത രംഗത്തില്‍ കഴുത്തില്‍ മണിപ്പൂരി ഡ്രമ്മുകള്‍ തൂക്കിയിട്ട് തിമിലകളുടെയും പെരുമ്പറകളുടെയും സംഗീതത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നവരുടെ ഒരു മിന്നായമാണ്.  സംഗീതം തുടരുമ്പോള്‍തന്നെ ദൃശ്യങ്ങള്‍ പുറത്തെ ഒരു തുറന്ന സ്റ്റേഡിയത്തിലേക്ക് സംക്രമിക്കുന്നു. ഒന്നിനുപിറകെ ഒന്നായി ദൃശ്യങ്ങള്‍. ആദ്യം നമ്മള്‍ കാണുന്നത് ഇറുകിയ വെള്ള പൈജാമകളും ചെരുപ്പുകളും ധരിച്ച ഒരു പറ്റം കാലുകള്‍ കോണിപ്പടികള്‍ കയറുന്നതാണ്. തൊട്ടുപിറകേ, വിദൂരദൃശ്യത്തില്‍ സ്റ്റേഡിയത്തിലെ നനഞ്ഞ ട്രാക്കിലൂടെ രണ്ടുപേര്‍ ഓടുന്നതും കാണാം. ഇവിടെ നിന്ന് സ്റ്റേഡിയത്തിലെ ഗാലറിയിലെത്തുമ്പോള്‍ ട്രാക്ക് ചിത്രീകരിക്കുന്ന ഒരു കാമറാമാനെയും അയാള്‍ക്ക് പിറകില്‍ തന്റെ നീണ്ട മുടി മാടിയൊതുക്കുന്ന ടോമിനെയും കാണുന്നു. ചുറ്റിലും മറ്റ് ചിലര്‍ കൂടിയുണ്ട്. അവിടെ ഒരു
ഷൂട്ടിംഗ് നടക്കുകയാണെന്ന് വ്യക്തമാവുന്നു. വീഡിയോ കാമറയുമായി നില്‍ക്കുന്ന കാമറാമാനെയും അയാള്‍ക്കു ചുററും നിന്ന് നോക്കുന്ന ടോം അടക്കമുള്ളവരെയും താഴ്ന്ന കോണില്‍ നമ്മള്‍ക്ക് കാണാം. ചിത്രീകരണം നടക്കുന്ന സിനിമയിലെ നടിയാണെന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ മേക്കപ്പ് ടച്ച് ചെയ്യുകയാണ് ടോം ശര്‍മ്മ. മുന്‍പശ്ചാത്തലത്തില്‍ ഇരിക്കുന്ന മറ്റൊരു നടനു ചുറ്റും ചിലര്‍ നില്‍ക്കുന്നുണ്ട്.

 
ദൃശ്യങ്ങള്‍ ഇപ്പോള്‍ ഘനത്തില്‍ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളുടെ സമീപമാണ്. ചുണ്ടുകളില്‍ നിന്ന് കാമറ അവളുടെ കണ്ണുകളിലേക്ക്, അതിനിടയില്‍ അവളുടെ കവിളില്‍ വന്നുവീഴുന്ന അനുസരണയില്ലാത്ത ചില മുടിനാരുകള്‍. പെട്ടെന്നുതന്നെ ഈ ദൃശ്യങ്ങള്‍ മാറുന്നു. ഇപ്പോള്‍ ഒരു മുറിക്കകത്ത് ചെറിയൊരു മേശയ്ക്ക് മുകളിലിരുന്ന് ഒരു വധുവിന് മേക്കപ്പ് ചെയ്യുകയാണ് ടോം. ഇരുണ്ട നീല കുര്‍ത്തയും വെള്ള പൈജാമയുമാണ് വേഷം. തൊട്ടുമുന്നില്‍ കസേരയിലിരിക്കുകയാണ് വധു. ഇതേ രംഗം തന്നെ വധുവിന്റെ പിറകില്‍ നിന്നും കാമറ പകര്‍ത്തുന്നുണ്ട്.    

അടുത്തതായി നാം കാണുന്നത് ടോമും ടോമിന്റെ മുന്‍ പങ്കാളിയായ ദെബ്ജിത്തും ഒരു കല്ല്യാണച്ചടങ്ങില്‍ ഒരുമിച്ചിരിക്കുന്നതാണ്. ദെബ്ജിത് ടോമിനോട് എന്തോ പറയുന്നുണ്ട്. അത് കേട്ട് വധുവിനരികിലേക്ക് നീങ്ങുകയാണ് ടോം. വധുവിന്റെ ശിരോലങ്കാരം ഒന്നുകൂടി ക്രമീകരിക്കുന്നുണ്ട് ഇപ്പോള്‍ ടോം. ടോമിന്റെ ഈ മിനുക്കുപണിയെയും സ്‌ററില്‍ കാമറയില്‍ അത് ചിത്രീകരിക്കുന്ന ദെബ്ജിത്തിനെയും വധുവിന്റെ ശിരസ്സിന്റെ പിന്നിലൂടെ നമ്മള്‍ക്ക് കാണാം. ഇവിടം മുതല്‍ വിവിധ വിവാഹവേദികളില്‍ ടോം വധുക്കളെ അണിയിച്ചൊരുക്കുന്നതിന്റെ ഒന്നിനുപിറകെ ഒന്നായുള്ള അലിഞ്ഞലിഞ്ഞുള്ള ദൃശ്യങ്ങള്‍ തെളിയുന്നു. ഒപ്പം അവയ്ക്കുമേലേ ഇങ്ങനെ വിവരണപാഠവും:

'തൊഴില്‍പരമായി ടോമും അയാളുടെ മുന്‍പങ്കാളിയും ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയിലും സ്റ്റില്‍ ഫോട്ടാഗ്രാഫറെന്ന നിലയിലും ഒരേ കല്ല്യാണവേദികളില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. ടോം ഇപ്പോഴും ഷോ ബിസിനസിന്റെ ഭാഗമാണ്. മന്ദീഭവിച്ചിരിക്കാന്‍ അയാള്‍ക്ക് സമയമില്ല. പകരം, താന്‍ ചായം കൊടുക്കുന്ന മുഖങ്ങള്‍ പോലെയുള്ള നാനാതരം മുഖങ്ങളെ അയാള്‍ അണിനിരത്തിക്കൊണ്ടേയിരിക്കുന്നു.'

താളവാദ്യസംഗീതം തുടരുകയാണ്. മണിപ്പൂരി ആചാരപ്രകാരം വെള്ള ശിരോവസ്ത്രവും വെള്ള ഉടുപ്പും ധരിച്ച ഒരു വധുവിനെ കാണാം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പുരുഷന്മാര്‍ കൂട്ടമായി ഇരിക്കുന്ന മൈതാനത്തിലൂടെ കാമറയുടെ സുഗമസഞ്ചാരം. പശ്ചാത്തലത്തിലെ വരാന്തയിലാണ് സ്ത്രീകളുടെ ഇരിപ്പ്. താളവാദ്യങ്ങള്‍ക്കൊപ്പിച്ച് നൃത്തം ചെയ്യുന്ന കലാകാരന്മാരിലേക്ക് വീണ്ടും നമ്മളെത്തുന്നു. സംഗീതാനുസാരിയായി വട്ടംകൂടി ഉന്മാദത്തോടെ നൃത്തം ചെയ്യുകയാണ് കഴുത്തില്‍ ധോല്‍ തൂക്കിയിട്ട രണ്ട് പുരുഷന്മാര്‍. അവര്‍ക്കരികില്‍ നിന്ന് സ്ത്രീകള്‍ പാട്ട് പാടുന്നുമുണ്ട്. അടുത്തതായി നാം കാണുന്നത് പരമ്പരാഗത അലങ്കാരവസ്ത്രമായ പൊളോയിയിലേക്ക് പ്രവേശിക്കുന്ന രണ്ട് സ്ത്രീകളുടെ രണ്ടുതരം ദൃശ്യരൂപങ്ങളാണ്. ആദ്യത്തെ വധു മുകളില്‍ നിന്ന് പൊളോയിയിലേക്ക് പ്രവേശിക്കുമ്പോള്‍, രണ്ടാമത്തെ വധു താഴെ നിന്ന് ഉയരുകയാണ്.

അടുത്തരംഗത്തില്‍ ഒരു സ്ത്രീക്ക് മുന്നില്‍ നിലത്ത് മുട്ടുകുത്തിയിരിക്കുകയാണ് ടോം. ടോമിനുമുന്നിലുള്ള പച്ച ഇലയിലേക്ക് അഞ്ഞൂറിന്റെ ഏതാനും നോട്ടുകള്‍ വച്ചുകൊടുക്കുകയാണ് സ്ത്രീ. മറ്റൊരു സ്ത്രീയും ടോമിന്റെ മുന്നില്‍ മുട്ടുകുത്തിയിരിക്കുന്നുണ്ട്. കറന്‍സി നോട്ടുകള്‍ കയ്യിലെടുത്ത ശേഷം മുന്നില്‍ മുട്ടുകുത്തിയിരിക്കുന്ന സ്ത്രീക്ക് പുഞ്ചിരിയോടെ പത്തുരൂപയുടെ ഒരു നോട്ട് നല്‍കുന്നുണ്ട് ടോം. ഈ ദൃശ്യത്തിനുമേലെ വിവരണപാഠവും കേള്‍ക്കാം. അവസാനരംഗത്തില്‍ സാന്ധ്യപ്രകാശത്തിലെ മേഘാവൃതമായ ആകാശത്തിനുകീഴെ ഒരു ചതുപ്പുഭൂമിയുടെ വക്കിലൂടെ ടോം ശര്‍മ്മ നടന്നുപോവുകയാണ്. പശ്ചാത്തലത്തില്‍ അവ്യക്തമായി കാണാം ഒരു നീല പര്‍വ്വതത്തെ.

 
വിവരണപാഠം ഇങ്ങനെ: 'തന്റെ സേവനങ്ങള്‍ക്ക് സമൂഹം ആഴത്തില്‍ വില കല്പിക്കുന്ന, ബഹുമാനിക്കുന്ന, പ്രശസ്തനായ ഒരു പ്രൊഫഷണലാണ് ടോം ശര്‍മ്മ.' 

സായാഹ്നവെളിച്ചത്തിലെ ആകാശത്തിന്റെ മങ്ങുന്ന ദൃശ്യത്തില്‍ സുതാര്യമായി ഇപ്പോഴും കാണാം വധുവിനെ അണിയിച്ചൊരുക്കുന്ന ടോം ശര്‍മ്മയുടെ നിഴല്‍രൂപം.


 
 

    

     
 

    


2 comments:

CINEMAKKARAN ratheesh said...

nanni baneshetta...ratheeshvasudevan

CINEMAKKARAN ratheesh said...

nanni baneshetta...ratheeshvasudevan