ഛെന്നായ
ചെന്നായയോടു നീ
ക്രൂരഭാവത്തില്‍
ഛെയെന്നു തന്നെ-
യൊന്നാട്ടി.
തുമ്മിത്തെറിച്ചു ചെ-
പോയി നീ നോക്കുമ്പോള്‍
വാലാട്ടി നില്‍ക്കുന്നു
നാവടക്കിക്കൊണ്ട്
നമ്മുടെ മുറ്റത്തു നായ.
എം എസ്
ബനേഷിന്റെ കവിതകള്‍ പലപ്പോഴും സംസാരിക്കുന്നത് മൃഗപക്ഷിരൂപങ്ങളിലൂടെയാണ്;
വാക്കുകളുടെ ആദിരൂപങ്ങള്‍ക്ക് ജന്തുച്ഛായയാണ് എന്ന് തോന്നുംവിധം.
എന്നാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ രേഖപ്പെടുത്തുന്നത് കാനനാന്തരമോ
മൃഗശാലാവളപ്പോ അല്ല, നാം പെരുമാറുന്ന ഇടങ്ങള്‍ തന്നെയാണ്. സമകാലത്തില്‍
നിന്ന് ഒരിഞ്ചുപോലും ഒരു സെക്കന്റ് പോലും അകലാന്‍ അത് ആഗ്രഹിക്കുന്നില്ല.
സമകാല കാനനത്തിന്റെ, ആര്‍ത്തികൊണ്ട് വലുതെന്നു തോന്നിപ്പിക്കുന്ന, എന്നാല്‍
ഇടുങ്ങിയ സ്ഥലം തന്നെയാണ് അതിന്റെ സ്ഥലവും. വേഗംകൊണ്ട്
വലിച്ചുനീട്ടിയിട്ടും വിലയില്ലാതായ നിമിഷങ്ങളില്‍ തന്നെയാണ് അതിന്റെ
കാലവും.
മനുഷ്യജീവിതം
മുഖംമൂടി മാത്രമായിപ്പോകുമ്പോള്‍ മുഖം മൃഗത്തിന്റേതാവുക സ്വാഭാവികം.
അതിനാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ മുന്‍പ് കവിതകളില്‍ കണ്ടപോലെ ചിന്തയുടെ
രൂപകങ്ങളല്ല. പരിണാമത്തില്‍ ചതഞ്ഞരഞ്ഞുപോയ, ചവിട്ടിത്താഴ്തപ്പെട്ട ജീവന്റെ
പദവികളുമല്ല. വര്‍ത്തമാനം ആണത്. ചിന്തയിലും കര്‍മത്തിലും വികാരത്തിലും
ഉള്ള വര്‍ത്തമാനം. വര്‍ത്തമാനത്തിന്റെ വിരൂപത വര്‍ത്തമാനത്തില്‍ തന്നെ
കാണിച്ചുതരുന്നത്. അതിനാല്‍ ഈയല്‍ 'വരുന്നതും പോകുന്നതും അറിയുന്നില്ല, അറിയിക്കുന്നുമില്ല.' ഉറുമ്പ്, 'അരി നിലത്തുവച്ചൊരു കടിതരാം കാലില്‍, അതാണുത്തരം' എന്ന് പറയുന്നു. ആന 'പകല്‍ക്കിനാവില്‍ പതയാതെ പതഞ്ഞുകിടക്കുന്നു. ' നാവടക്കിക്കൊണ്ട് ചെന്നായ 'നായായ് മുറ്റത്ത് നില്‍ക്കും.' ഒച്ച് കുളിമുറികളെയും നനഞ്ഞ ചുമരുകളെയും വിട്ട്, 'ആത്മചിന്ത തന്‍ തുറസ്സിലേക്കിഴയും.'
എല്ലാറ്റിനെയും
പതച്ചു ചിരിയാക്കാന്‍ എം എസ് ബനേഷിന് ഇഷ്ടം കൂടും.അകവും പുറവും
തമ്മിലുള്ള അഗാധമായ ഈ വിടവില്‍ നിന്നാണ് ഇന്ന് ചിരി ജനിക്കുന്നത്.
കുട്ടികളുടെ നിഷ്കളങ്കമായ ചിരിയല്ല അത്. ശുഭാപ്തിയുടെ തിളക്കവുമല്ല.
നഷ്ട്ടപ്പെട്ടവന്റെ നഷ്ട്ടപ്പെടായ്കയാണ് ഈ ചിരി. അതൊരു ഭാഷയാണ്. ഉടലിന്റെ
ഭാഷയല്ല. സ്വന്തം ഉടലിനെപ്പോലും അവിശ്വസിക്കുന്ന മനസ്സിന്റെ ഭാഷ. ആ മനസ്സ്
തന്റെ സ്വാര്‍ത്ഥത്തിലോ കൌശലത്തിലോ ഹിംസയിലോ ഇരിക്കാന്‍
കൂട്ടാക്കുന്നില്ല. അത് കവിതയുടെ മനസ്സാണ്. സംസ്കാരത്തിന്റെ മനസ്സാണ്.
സ്വത്വത്തിന്റെ മനസ്സാണ്.
ഈ
മനസ്സിന്റെ വെളിച്ചമാണ് എം എസ് ബനേഷിന് കവിത. അതിനാല്‍ ചിലപ്പോഴൊക്കെ
സെന്‍സേഷണലിസത്തിലേക്കോ ഞെട്ടിക്കുന്ന കൌതുകങ്ങളിലേക്കോ കുതിക്കാന്‍
ശ്രമിക്കുമ്പോളൊക്കെ ആ മനസ്സ് കവിതയെ പിടിച്ചുവലിക്കും. ചിലപ്പോള്‍
ദോഷൈകദൃക്കിനെപ്പോലെ ആ മനസ്സ് പെരുമാറുന്നുണ്ടാകാം. അത് കാമുകിയെ
മാത്രമല്ല, കാമത്തെയും വിശ്വസിക്കുന്നില്ല. തന്നെത്തന്നെയും
വിശ്വസിക്കുന്നില്ല.
No comments:
Post a Comment