Wednesday, April 16, 2014

അക്ഷരം തെറ്റിയ പ്രാര്‍ത്ഥനകള്‍
   എം.എസ് ബനേഷിന്റെ കാത്തുശിക്ഷിക്കണേ എന്ന കവിതാസമാഹാരം കയ്യിലെടുക്കുമ്പോള്‍ കവിതയുടെ സൗന്ദര്യലഹരിക്ക് സംഭവിച്ച രുചിമാറ്റം വളരെ വ്യക്തതയോടെ അറിയാനാവും. കൗണ്ട് ഡൗണ്‍ എന്ന ആദ്യകവിതയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍തൃത്വമുണ്ട്. തന്നെത്തന്നെ ബലി കൊടുത്ത് വായനക്കാരുടെ സഹാനുഭൂതിക്കും സന്താപത്തിനും പാത്രമാവുന്ന ആധുനികകാവ്യകര്‍തൃത്വത്തിന്റെ ആത്മഹത്യ പോലെയല്ല. ഇവിടെ തന്റെ ആത്മഹത്യ അതിന്റെ ഒടുക്കത്തില്‍ തന്നെ അപ്രസക്തമാകുന്ന/ സ്വത്വത്തെ പ്രതീകവല്‍ക്കരിക്കാത്ത ഒരു കേവലമരണമായി മാറുന്നതുകാണാം. ഒരര്‍ഥത്തില്‍ ബനേഷിന്റെ കവിതകളുടെ പൊതുവീക്ഷണത്തെ തന്നെ ഈ കവിത പ്രകാശിപ്പിക്കുന്നുണ്ട്. പ്രകീര്‍ത്തിക്കപ്പെട്ട സൗന്ദര്യത്തെ (അത് വേദനയുടേതായാലും, ആനന്ദത്തിന്റേതായാലും) അതിന്റെ വിരുദ്ധകോണിലൂടെ നോക്കിക്കാണുന്ന പ്രതിഭാവന ഈ കവിയെ കാത്തുരക്ഷിക്കണേ എന്നതിനുനുപകരം കാത്തുശിക്ഷിക്കണേ എന്ന് മാറ്റി പ്രാര്‍ത്ഥിപ്പിക്കുന്നു.അക്ഷരം തെറ്റിയ ഈ പ്രാര്‍ത്ഥന വിനയാന്വിതമായ ഭക്തിയുടെയല്ല, വിഭക്തിയുടെ പ്രാര്‍ഥനകളാവുന്നു.
സ്വര്‍ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു എന്ന കവിതയിലേതു പോലെ;
എനിക്കൊന്ന് കുളിക്കണം
കുളിച്ചൊന്നിരിക്കണം
ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം
എന്ന് എളുപ്പസ്വരത്തില്‍ കാഠിന്യപ്പെടുന്നു.ന്നുപുതുകവിതയുടെ പ്രഖ്യാപിത സൗന്ദര്യശാസ്ത്രത്തോടും ഈ കവിക്ക് അനല്‍പമായ വിമര്‍ശമുണ്ട്. അത് കുറ്റാലം നിശ്ചലം സായാഹ്നം എന്ന കവിതയില്‍ ഇങ്ങനെ സംഗ്രഹിക്കുന്നുമുണ്ട്;
തടാകത്തിന്റെ കണ്ണാടി
മുഖം നോക്കുന്ന കൊറ്റികള്‍
ലാവണ്യത്തിന്റെ സാരാംശം
പഠിക്കയാം നവ കാല്‍പനികര്‍
മല്‍സ്യങ്ങള്‍ വംശമറ്റതാം
ജഡജലത്തിന്റെ ലാവണ്യം
പുതുകവിതയുടെ (കുറ്റാലം ക്യാമ്പ്) പ്രത്യയങ്ങളെ ബനേഷ് ഈ കവിതയില്‍ കുറ്റാരോപിതനാക്കുന്നു. ജഡജലത്തിന്റെ ലാവണ്യപാഠം മാത്രമാണ് അതെന്നും അയാള്‍ വിശ്വസിക്കുന്നു.


ആദര്‍ശജീവിതത്തിന്റെ വിപരിണാമങ്ങളും സ്വത്വനഷ്ടത്തിന്റെ പലകാല യുവത്വങ്ങളും പ്രമേയമാവുന്ന മറ്റുകവിതകളിലും കവി മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത നേരനുഭവത്തിന്റെ റിപ്പോര്‍ട്ടര്‍ ആവുന്നതുകാണാം. ശേഖരേട്ടന്റെ മരണം: എക്‌സ്ട്രാ പവര്‍ എന്ന കവിതയില്‍ ഉദ്ധൃതലിംഗവുമായി മരിച്ച ഒരു വിപ്ലവഭൂതകാലം കല്ലിച്ചു കിടക്കുന്നു.കാല്‍പനികതയുടെ ഓരോ സന്ദര്‍ഭത്തെയും ഈ കവി കടന്നാക്രമിക്കുന്നുണ്ട്. കാനനത്തിലേക്ക് വിനോദയാത്ര പോകുമ്പോള്‍ അവിടെ ആട്ടിടയന്മാര്‍ക്കായി വിചാരപ്പെടേണ്ടതില്ലെന്നും ആട് ഒരു പ്രതീകമാവുകയും ആ പ്രതീകത്തെ വേവിച്ചു തിന്നുകയും ചെയ്യുന്ന പിക്‌നിക്കായി ആ യാത്ര മാറുകയും ചെയ്യുന്നു.
സുഖമുള്ള അസുഖം (ഉള്ളം കാല്‍മേഘങ്ങള്‍) എന്ന് ദാര്‍ശനികപ്പെടുന്ന കര്‍തൃത്വമാണ് ബനേഷിലെ കവിയെ വിരുദ്ധോക്തികളിലൂടെ ഭാവന ചെയ്യിക്കുന്നത്.
സുന്ദരിയാണു നീ
യെങ്കിലും ക്ലോസറ്റില്‍
വെള്ളമൊഴിക്കാന്‍
മറന്നുവല്ലോ’എന്ന് കണ്ടെത്തുന്നു അയാള്‍. സൗന്ദര്യത്തിന്റെ മറുപാഠങ്ങളിലുള്ള ഈ കണ്ണ് എല്ലായിടത്തും സഞ്ചരിക്കുന്നു. അതാകട്ടെ പുതുകവിതയുടെ വ്യത്യസ്തവും ശക്തവുമായ എതിരെഴുത്തിന്റെ സൗന്ദര്യശാസ്ത്രധാരയില്‍ കണ്ണിചേരുകയും ചെയ്യുന്നു.

- സുധീഷ് കോട്ടേമ്പ്രം

(തോര്‍ച്ച മാസിക, മെയ് 2013)
Post a Comment