എ.അയ്യപ്പന്
മരിച്ചാല്‍ ഫാക്സ് ചെയ്യാന്‍ പാകത്തില്‍ അനുസ്മരണക്കുറിപ്പുകളും
അനുഭവകഥകളും തയ്യാറാക്കിവച്ചിരുന്ന എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട്
കവിതയുടെ പുലിപ്പുറത്തുനിന്ന് അയാള്‍ വീണുമരിച്ചിരിക്കുന്നു. ഇനി
അടുക്കുംചിട്ടയും നിറഞ്ഞ നമ്മുടെ യൂണിഫോംജീവിതങ്ങളിലേക്ക്
അലോസരപ്പെടുത്തുന്ന ഇടപെടലുകളുമായി അയാള്‍ വരില്ലല്ലോ എന്ന് നമ്മള്‍
ആശ്വസിക്കുന്നു. ജീവിതത്തിന്റെ അയവും തെളിവുമില്ലാത്ത അക്കാദമിക്
ബലംപിടിത്തങ്ങള്‍ക്കിടയില്‍ കവിത പോലുള്ള എതിര്‍ജീവിതംകൊണ്ട് അതിനെ
അട്ടിമറിക്കാന്‍ അയാള്‍ ഇനി ഇടിച്ചുകയറില്ലല്ലോ എന്ന് നമ്മുടെ
പ്രയോഗശീലങ്ങള്‍ സന്തോഷിക്കുന്നു.

ഭാര്യയുടെയോ,
മക്കളുടെയോ, സര്‍ക്കാരിന്റെയോ, പുലകുളിയോ വായ്ക്കരിയോ വേണ്ടാതെ,
ബന്ധങ്ങളുടെ എല്ലാ ബന്ധനങ്ങളും ത്യജിച്ച് തെരുവില്‍
സര്‍വതന്ത്രസ്വതന്ത്രനായി മരിച്ചുവീണ ഒരു കവിയെ ഔദ്യോഗിക അവമതിയുടെ
ബയണറ്റ് അടക്കത്തിനുവേണ്ടി ശവമുറിയില്‍ ഊഴം കാത്തുകിടത്താം എന്ന പുതിയതരം
കാവ്യനീതികള്‍ ഇപ്പോള്‍ പിറക്കുന്നു. ആശാന്‍പുരസ്കാരം വാങ്ങാന്‍
പോകുമ്പോളും ഒരുകവിക്ക് വീണുമരിക്കാം എന്ന് തെളിയിച്ചുകൊണ്ട് മരണത്തെയും
ഒരു കവിതയാക്കിയ വീരമരിപ്പിലാണ് നാം ഈ മൃതമൃഗയ നടത്തിയത്. ദിവസങ്ങളോളം
മരിച്ചവരുടെ മുറിയില്‍ ഇട്ടതിലൂടെ മരണാനന്തരമായ അനുഭവപ്പെരുക്കം അയ്യപ്പന്‍
അങ്ങനെയും നേടി എന്ന് വേണമെങ്കില്‍ കരിഞ്ചിരി ചിരിക്കാം.
നരകത്തിലിരുന്നും അയ്യപ്പന് കവിതകളുടെ തീ കൊളുത്താന്‍ മോര്‍ച്ചറിയിലെ
കിടപ്പ് ഇടനല്‍കിയേക്കും. സ്വര്‍ഗം ലഭിച്ചാലും നരകത്തെ പുല്കുന്നവന്
മോര്‍ച്ചറിയുടെ ദിനങ്ങള്‍ നല്‍കിയ ശവപാഠങ്ങള്‍ എത്ര വിലപ്പെട്ടതായിരിക്കും.

ഇതോടൊപ്പമുള്ള
ഫോട്ടോ പോലെ എത്രമേല്‍ അര്‍ത്ഥശൂന്യം അനുഭവ കഥകള്‍ പറയുന്നവരുടെ ബന്ധ
തീഷ്ണത. അതുകൊണ്ട് തിരിച്ചു ചോദിയ്ക്കാന്‍ അയ്യപ്പന്‍ വരില്ലല്ലോ എന്ന
പമ്മുന്ന ധൈര്യത്തില്‍ നാം പല പോസിലുള്ള കഥകള്‍ മെനയാന്‍ തുടങ്ങുന്നു.
ഒരിക്കലും അരാജകവാദിയാകാന്‍ കഴിയാത്ത മധ്യവര്‍ഗമലയാളി അതിനുവേണ്ടി
പ്രതീകവത്കരിച്ച സ്നേഹാകാരം ചാരമാകുമ്പോള്‍ ഇനി ബാക്കിയുള്ളത് നമ്മുടെ അതേ
പഴയ പ്രതികരണ ശൂന്യമായ മരവിച്ച യൂണിഫോം ജീവിതം.
പക്ഷേ,
കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനകള്‍ അയ്യപ്പന്‍റെ ശവശരീരത്തെ
മുന്‍നിര്‍ത്തി ഉണ്ടായ നിമിഷങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നു. എ
അയ്യപ്പന്‍റെ കവിതകളേക്കാള്‍, ആ വ്യക്തിയെ വാഴ്ത്തിക്കൊണ്ട് ആ കവിതയെ
വീഴ്ത്താന്‍ ശ്രമിക്കുക എന്ന ദുരന്തം. അതുകൊണ്ട് അയ്യപ്പന്‍ എന്ന വ്യക്തിയെ
മാറ്റി നിര്‍ത്തിക്കൊണ്ട്, ആ കവിതയെ വിപുലമായ തലത്തില്‍ സ്നേഹിക്കാനും
എതിര്‍ക്കാനും നമ്മള്‍ക്ക് കഴിയുന്നുണ്ടോ എന്നതാവണം ഇനി പ്രധാനം.
അരനൂറ്റാണ്ടു
കാലത്തെ അയ്യപ്പകവിതകളെ, ആ കവിതകളെഴുതിയ വ്യക്തിയുടെ ജീവിതം, നടപ്പ്,
ഇരിപ്പ്, കഴിപ്പ്, കിടപ്പ് എന്നിവയുമായി ചേര്‍ത്ത് ഇനിയും
വായിക്കേണ്ടതില്ല. അതല്ലാത്ത കര്‍ക്കശവും നിശിതവുമായ ഒരു സമ്പൂര്‍ണവായന എ
അയ്യപ്പന്‍ എന്ന ബൃഹത്കവിവ്യക്തിത്വം അര്‍ഹിക്കുന്നുണ്ട്.
വ്യക്തിജീവിതത്തിലെ സമരോന്മുഖവും സര്‍ഗ്ഗാത്മകവുമായ അരാജകത്വം, മാളം
ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെയുള്ള അലച്ചിലുകള്‍, കേരളത്തിലെ ഏറ്റവും
വിലക്കൂടുതലുള്ള ദ്രാവകത്തിന്റെ നിരന്തരമായ ഉപയോഗം, പരിച മുന്നില്‍
വയ്ക്കാത്ത സംഭാഷണ പ്രകൃതം, വിശപ്പ്, സ്നേഹ-പ്രണയ നഷ്ടങ്ങള്‍, എകാകിത്വം,
എന്നിങ്ങനെ വ്യക്തിതന്നെ സ്വന്തം ജീവിതരീതി കൊണ്ട് ഉണ്ടാക്കുന്ന
എഴുതപ്പെടാത്ത കവിതയാണ് എ അയ്യപ്പന്റേത്. കടലാസില്‍ എഴുതിയില്ലെങ്കിലും
ജീവിതം തന്നെ കവിതയായി സ്വയം ശരീരവല്‍ക്കരിക്കുന്ന അവസ്ഥ അയ്യപ്പനില്‍
ഉള്ളതുകൊണ്ട്, അയ്യപ്പന്‍ കടലാസ്സില്‍ എഴുതുന്ന കവിതകള്‍ എപ്പോഴും
വായിക്കപ്പെടുന്നതും അനുഭവിക്കപ്പെടുന്നതും അയ്യപ്പന്‍റെ വ്യക്തിജീവിതം
സമാന്തരമായി ഉണ്ടാക്കുന്ന കവിതകളുടെ അനുഭൂതികളോട് ചേര്‍ത്തുവച്ചുകൊണ്ടാണ്.
അതുകൊണ്ടാണ് അയ്യപ്പന്‍ കടലാസിലെഴുതുന്ന കവിതകളില്‍ ഒന്നുപോലും
വായിക്കാത്തവര്‍ കൂടിയും അയ്യപ്പന്‍റെ ശരീരം എഴുതുന്ന കവിതകളില്‍
ആകൃഷ്‌ടരാവുന്നതും അയ്യപ്പഭക്തരാകുന്നതും. അതുകൊണ്ട് ആ ഭക്തിയുടെ ലോകത്തെ
മറന്നുകൊണ്ടുവേണം അയ്യപ്പകവിതകളുടെ കാവ് തീണ്ടുവാന്‍.
വ്യക്തിജീവിതവും
കാവ്യജീവിതവും തമ്മില്‍തമ്മില്‍ പൂരകങ്ങളാണെന്നൊക്കെ പറയാമെങ്കിലും അത്തരം
സമൃദ്ധവായനകള്‍ ധാരാളം നടന്നുകഴിഞ്ഞ സ്ഥിതിക്ക് അമ്പതുവര്‍ഷത്തെ
അയ്യപ്പന്റെ കാവ്യജീവിതത്തെ, എഴുതപ്പെട്ട കവിതകള്‍ മാത്രം അടിസ്ഥാനമാവുന്ന
രീതിയില്‍ വായിക്കാനും പഠിക്കാനുമുള്ളത്ര നിഷ്ഠയും ചുമതലയും അയ്യപ്പനെ
സ്നേഹിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും ആ കവിതയുടെ പതിനെട്ടാംപടി
കയറുന്നവര്‍ക്കും ഉണ്ടാകണം.
മോര്‍ച്ചറിയിലെ
അനാഥശവങ്ങളെക്കുറിച്ച് ഞാൻ സംവിധാനം ചെയ്ത 'ശവമുറിയില്‍
നിങ്ങളെയുംകാത്ത്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്
രണ്ടായിരത്തിനാലിലെ ഒരു സായാഹ്നത്തില്‍ കോഴിക്കോട്ടെ മെഡിക്കല്‍കോളേജ്
ആശുപത്രിമോര്‍ച്ചറിയുടെ പരിസരത്ത് നില്‍ക്കുമ്പോള്‍ ഷൂട്ടിംഗ് ദിനത്തിന്റെ
മോര്‍ച്ചറിമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അയ്യപ്പനെയും കൂട്ടി
കോഴിക്കോട്ടെ ഒരു ബാറില്‍ പോയതിന്റെ ബുള്ളറ്റ് മണം ഇപ്പോഴും എന്റെ
ഓര്‍മയിലുണ്ട്. (നോക്കൂ, അതേ അനുഭവകഥാ കഥനത്തിലേക്ക് ഞാനും ഭീകരമായ
ഹിപ്പോക്രാറ്റ് മനസ്സോടെ കടക്കുന്നു ) അന്ന് ചെയ്ത ആ ഡോക്യുമെന്ററിക്ക്
അടുത്തവര്‍ഷം സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടിയപ്പോള്‍
തിരുവനന്തപുരത്ത് അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷമുള്ള രാത്രിയിലെ വിരുന്നില്‍
അയ്യപ്പനെ വീണ്ടും കണ്ടു. ഒരു തുള്ളി കുടിക്കാതെ, നിരാഹാരനും
നിര്‍ദ്രവനുമായി. അയ്യപ്പനിലെ ആ നിര്‍ദ്രവമനസ്സിനെ, പിടികിട്ടാപ്പുള്ളിയെ
ഏത് നിരൂപകര്‍ കണ്ടെടുക്കും? ഏത് വായനക്കാരന്‍/രി കണ്ടെടുക്കും? കവിതയുടെ
തുറസ്സില്‍ അയാള്‍ നില്‍ക്കുന്നു, നമ്മള്‍ കണ്ടെത്താത്ത ഭൂഖണ്ഡങ്ങളുമായി,
നിങ്ങളെയും കാത്ത്.
----------------------------------------------------------------------------------
No comments:
Post a Comment