Thursday, April 17, 2014

ചുള്ളിക്കാടിന്റെ വിസ്‌കിക്ക് വരേണ്യരുചിയോ?

 
 ടുവിസ്‌കി  എന്ന പ്രയോഗം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേതാണ്. വിസ്‌കിയുടെ രസസിദ്ധാന്തത്തോട് നീതി പുലര്‍ത്തുന്നു എന്നതിനാല്‍ എനിക്കിഷ്ടമാണ് ആ പ്രയോഗം. (കടുവിസ്‌കിക്കു പകരം കടുറമ്മോ കടുവോഡ്കയോ ആയിരുന്നെങ്കില്‍ കൂടുതല്‍ രുചിച്ചേനേ, എങ്കിലും) കാവ്യഭാഷയില്‍ മധുവും മധുരവും മാത്രം രുചിച്ചുമടുത്ത മലയാളിക്ക് വാക്കിന്റെ കോക്‌ടെയില്‍ സമ്മാനിക്കുകയാണ് എം.എസ്.ബനേഷ് എന്ന കവി. കവിതയുടെ അമ്ലരുചിയിഷ്ടപ്പെടുന്ന; അമ്ലം നിവേദിച്ച് ആത്മഹത്യ ചെയ്യുന്ന മിശറിന്റെ സ്വഭാവം എന്നിലുമുണ്ട്, ഒരല്പം. രക്തത്തില്‍ രാഷ്ട്രീയലഹരിയുടെ അളവേറിയാല്‍ അതും കത്തും; കലര്‍പ്പറ്റ സ്പിരിറ്റ് പോലെ. ഈ കത്തലും കാളലുമാണ് ബനേഷിന്റെ കവിതയ്ക്കും എനിക്കും തമ്മിലെന്ത്? എന്ന ചോദ്യത്തിന്, ഒറ്റവാക്കിലുള്ള എന്റെ ഉത്തരം.

     
സജയ് കെ.വി
രു വാക്കിന്റെ അര്‍ത്ഥത്തെ കൊന്നുതിന്നുന്ന അ(ന)ര്‍ത്ഥം ആ വാക്കിലുണ്ടെന്ന തിരിച്ചറിവ് ഇതെഴുതുന്നയാള്‍ക്ക് കൈവന്നത് ഭാഷാധ്യാപനത്തില്‍ നിന്നാണ്; മറ്റുചിലപ്പോള്‍ നാവില്‍ ഗുളികന്‍ വിളയുന്ന, വിളങ്ങുന്ന നെറികെട്ട നേരങ്ങളിലും. ചെന്നായില്‍ നിന്ന് 'ചെ'യെ (ചെഗുവേരയെ എന്നുമാകാം) ആട്ടിയോടിച്ചാല്‍ അത് നായയായി വാലാട്ടിനില്‍ക്കും. 'ഹായ്' എന്ന ആസ്വാദനവിജൃംഭണത്തില്‍ നിന്ന് രണ്ടാമക്ഷരം കൊഴിഞ്ഞുപോയാല്‍ അത് ഹാ (പുഷ്പമേ) എന്ന വിലാപശ്രുതിയിലാവും. 'ഹാവൂ' എന്നായാല്‍ ആശ്വാസം എന്നൊക്കെ ബനേഷ് എഴുതുന്നു. കടുവിസ്‌കിക്കായല്ല,
'കുറഞ്ഞ ജീവിത'ലഹരിക്കായുള്ള ക്യൂനില്‍ക്കലാണ് തനിക്കു കവിത എന്ന് ആദ്യസമാഹാര ('നെഞ്ചുംവിരിച്ച് തലകുനിക്കുന്നു')ത്തിന്റെ ആമുഖത്തില്‍ ബനേഷ്. ഈ 'അനോളജി' (analogy) എനിക്ക് നന്നേ ബോധിച്ചു; കടുവിസ്‌കി എന്ന ചുള്ളിക്കാടന്‍ പ്രയോഗത്തിന്റെ വരേണ്യരുചിയേക്കാള്‍. കാരണം, രാഷ്ട്രീയകവിതയുടെ ഗന്ധകാമ്ലം (sulphuric acid) നിറച്ചുവെച്ചിട്ടുണ്ട് ബനേഷിന്റെ വരികളില്‍, വരികള്‍ക്കിടയിലെ വിടവില്‍. സ്‌ഫോടകമായ ഈ നിര്‍മ്മമത തന്നെയാണ് ബനേഷിന്റെ കവിതയുടെ മുഖമുദ്രയും അകമുദ്രയും. അടക്കാനാവാത്ത ഒരുതരം ധൃഷ്ടത, ധിക്കാരം, നിഗ്രഹോത്സുകത ഇവ ഒളിഞ്ഞിരിപ്പുണ്ട് ബനേഷിന്റെ കവിതയില്‍ എന്ന് ആദ്യസമാഹാരത്തിന്റെ പൂമുഖത്ത് 'നെഞ്ചും വിരിച്ച് തലകുനിച്ച്' നില്‍ക്കുന്ന (കവിയുടെ) നില്‍പ്പു കണ്ടാലറിയാം. കൂച്ചുവിലങ്ങിട്ട കൊമ്പന്റെ, (അ)സഹ്യന്റെ മകന്റെ നില്പാണത് എന്നതിനാല്‍
'…ഉത്സവത്തിന്റെ ഉത്കണ്ഠങ്ങളില്‍
ഉയരല്ലേ ഒരു ജിറാഫായും…'
എന്നെഴുതാന്‍ ഭാഷയുടെ ഈടറിഞ്ഞ ഒരാള്‍ക്കേ കഴിയൂ.


'…സ്വന്തവൃത്തം പൂര്‍ത്തിയാക്കാന്‍
കഴിയാ ശ്ലഥക്കാലമിത്…'
എന്ന്, ഗദ്യ-പദ്യഭേദങ്ങളുടെ ഇടവരമ്പില്‍ ഇടറിനില്‍ക്കുന്നു ഈ കവി. ചിലപ്പോള്‍ അത് 'ഇടയ്ക്കുവച്ച് വൃത്തത്തിലാകുന്നു'. (പഴയൊരു സംജ്ഞ കടമെടുത്തുപറഞ്ഞാല്‍, സഹജാപ്രതിഭയുടെ ലക്ഷണമാണത്).

    എംഎസ് ബനേഷിന്റെ പുതിയ കവിതാസമാഹാരത്തിന്റെ ശീര്‍ഷകശിഖരത്തിലും വിരുദ്ധോക്തി (irony) വിളയുന്നു; 'കാത്തുശിക്ഷിക്കണേ' എന്നാണ്, മറിച്ചല്ല, കലികാലദൈവങ്ങളോടുള്ള കവിയുടെ അര്‍ത്ഥന. അത് തൊട്ടടുത്ത വരിയില്‍ 'കാത്ത്‌കൊല്ലണേ' (ലളയോരഭേദ:) എന്നാകുമ്പോള്‍ ഏതു കഠിനഹൃദയനും ഒന്നയയും, അലിയും, ചിരിയില്‍ കുതിരും. 'ശബ്ദബോധം' എന്ന പേരില്‍ ഒരു കവിതയുണ്ട്, അക്കിത്തത്തിന്റേതായി. തെറ്റിപ്പിരിയുന്ന, പരസ്പരം പോരടിക്കുന്ന അര്‍ത്ഥങ്ങള്‍ കൊണ്ട് ക്രീഡിക്കുന്ന ഒരു ഗുരുവും ശിഷ്യനുമാണ് ആ കവിതയില്‍. അരിയെന്നാല്‍ അരി മാത്രമല്ല ശത്രുവുമല്ലേ എന്ന ശിഷ്യന്റെ ചോദ്യത്തിനുമുന്നില്‍ ഗുരുവിന് ഉത്തരംമുട്ടുന്നില്ല; പകരം, അദ്ധേഹം അതിനെ 'അരിവാളാ'ല്‍ അരിയപ്പെടുന്നതാക്കുന്നു. 'അരിവാള്‍' പിന്നെ 'അറിവാളാ'യും മാറുന്നു. ഇത്തരം സാര്‍ത്ഥകപദലീലകള്‍ നല്‍കുന്ന ഉന്മേഷം നിരുത്തരവാദപരമായ ഒരുത്തരാധുനിക കാവ്യലക്ഷണമൊന്നുമല്ലെന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇവിടെ ഇത്രയും കുറിച്ചത്.

  
'കാത്തുശിക്ഷിക്കണേ' പ്രകാശനച്ചടങ്ങില്‍ മഹാശ്വേതാദേവി
വീണ്ടും നമുക്ക് ബനേഷിന്റെ കവിതയിലേക്കുതന്നെ മടങ്ങാം. 'ആന്‍ ഒക്കറന്‍സ് അറ്റ് ദ ഔള്‍ക്രീക്ക് ബ്രിഡ്ജ്' എന്ന അംബ്രോസ് ബിയേഴ്‌സിന്റെ കഥയെ/സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു' എന്ന കവിതയില്‍ ബനേഷ് ഇങ്ങനെ എഴുതുന്നു:

'…എനിക്കൊന്നു കുളിക്കണം
കുളിച്ചൊന്നിരിക്കണം.
ജ്ഞാനപ്പാന പാടണം,
അവനെച്ചെന്നുകൊല്ലണം.

കട്ടന്‍ചായ കുടിച്ചവര്‍
തിരിച്ചെത്തും മുമ്പുതന്നെ
കയറില്‍ച്ചെന്നു കുരുങ്ങണം,
കാര്യങ്ങള്‍ ശരിയാക്കണം'…
ഇത് ബനേഷിന്റെ തന്നെ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ 'ഡ്രാക്കുളയന്‍ കോമഡി'യാണ്. 'പരിത്യക്തന്റെ രാത്രി' എന്ന കവിതയിലേതാണ് ഈ കിടിലന്‍ പ്രയോഗം. അതെന്നെ, എനിക്കു പ്രിയപ്പെട്ട ഷാരണ്‍ ഓള്‍ഡ്‌സിന്റെ (Sharon Olds) 'മര്‍ലിന്‍ മണ്‍റോയുടെ മരണം' എന്ന കവിതയെക്കുറിച്ചോര്‍മ്മിപ്പിച്ചു. മര്‍ലിന്‍ മണ്‍റോ ആത്മഹത്യ ചെയ്തപ്പോള്‍ ആ ശവം ആംബുലന്‍സിലേക്കെടുക്കാന്‍ ചെന്ന നാല്‍വരെപ്പറ്റിയാണ് കവിത. അവരെ അതിനുശേഷം നിദ്രാരാഹിത്യവും വിഷാദരോഗവും ഷണ്ഡത്വവും വേട്ടയാടിയത്രേ. സൗന്ദര്യത്തിന്റെ ജഡമായിത്തീര്‍ന്ന നഗ്നശരീരം ഒരിക്കല്‍ കണ്ടവന്റെ വിഹ്വലതകള്‍ എണ്ണിയാലോ, പറഞ്ഞാലോ തീരില്ല. അത്തരമൊരു വിഹ്വലതയുടെ 'കിടിലം' അനുഭവപ്പെട്ടു എനിക്ക് 'പരിത്യക്തരുടെ രാത്രി' എന്ന കവിത വായിച്ചപ്പോള്‍.-അതിലെ ഇരുണ്ട ചിരിയുടെ മൂര്‍ച്ച എന്റെ ഇടംകൈത്തണ്ടയിലെ പഴയൊരു വടുവില്‍ വീണ്ടും പതിയെ ഒന്നു പാളിയതുപോലെ, അതില്‍ വീണ്ടും ചോര പൊടിഞ്ഞതുപോലെ.


മര്‍ലിന്‍ മണ്‍റോ
'ലോര്‍ണാ ക്രോസിയര്‍' എന്ന, കല്‍പ്പറ്റ നാരായണന്‍ എന്ന പക്വവാനായ 'പുതു'കവിയെ മലയാളത്തിലെ പുതുകവിപ്പട്ടികയില്‍ നിന്ന് പുറത്താക്കാനായി ഒരു യുവകവി സമീപകാലത്ത് ബ്ലോഗിലവതരിപ്പിച്ച മികച്ച പെണ്‍കവിയുടേതായി ഒരു കവിതയുണ്ട്, 'ലാസ്റ്റ് ടെസ്റ്റമെന്റ്‌സ്' (Last Testaments) എന്ന പേരില്‍. മരണം മുന്നില്‍ക്കണ്ട മൂന്നുപേര്‍, രണ്ടു സ്ത്രീകളും ഒരാണും, നടത്തിയ മുന്നൊരുക്കങ്ങളാണതില്‍. ബനേഷിന്റെ കവിതയിലെ വക്താവിന്റെ ആത്മഹത്യാശ്രമം പക്ഷേ, അത്രമേല്‍ അകാല്പനികമായി ഒരു ആന്റി-ക്ലൈമാക്‌സില്‍ പര്യവസാനിക്കുന്നു.:

  '…മലമൂത്രങ്ങളാല്‍ അളിഞ്ഞും
തുടകള്‍ മാന്തിപ്പൊളിഞ്ഞും
നാവു തുറിച്ചും തൂങ്ങി
അരാഷ്ട്രീയമായി
ഒരറുപത്തൊന്നുകിലോ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ്
എന്ന്
ആകാശവാണി മാത്രം
ആനന്ദം കൊണ്ടുവോ…'?
                                                    (കൗണ്ട് ഡൗണ്‍).

     മരണത്തെപ്പോലും (മെലോ) ഡ്രമാറ്റൈസ് ചെയ്യാന്‍ സാധിക്കാത്ത സാധുക്കള്‍ നമ്മള്‍ എന്ന് ഞെട്ടിക്കുന്ന  ഭാരരാഹിത്യമുളള നമ്മുടെ അസ്തിത്വത്തിന് അടിവരയിടുന്നു ഈ രചന. ഇതിന്റെ മറുപുറമാണ് പുഴുപ്പടയുടെ കൊത്തേറ്റ് എണ്‍പത്തിയെട്ടിലും തുടരുന്ന അമ്മൂമ്മയുടെ നിശ്ശബ്ദസഹനം/ശയനം. അതിനിടയില്‍ ഇങ്ങനെയും, ആത്മനിന്ദയുടെ കഫവും തുപ്പലും പുരണ്ട, ചില വരികള്‍:

'…നാല്‍പ്പതാം വയസ്സില്‍
ആത്മഹത്യ ചെയ്യാന്‍
തീരുമാനിച്ചവരാണ് ഞങ്ങള്‍.
ലോണ്‍, ഫ്‌ളാറ്റ്, ഏസി
സുഖം സുഖം സുഖം എന്ന്
യൗവ്വനാന്ത്യത്തുമ്പത്ത്
ഒടുങ്ങാന്‍ നിശ്ചയിച്ചവര്‍.
നാലോ അഞ്ചോ വര്‍ഷം മാത്രം
ഇനി ബാക്കിയുള്ള
കൃത്യ നിശ്ചിതനിസ്സംഗര്‍...'
                                                            (ശയനം).

     'എന്‍കെ ആശാസ്യകുമാര്‍ ഐപിഎസ്' എന്ന കവിതയില്‍ ആത്മഹത്യപോലെ ജീവിതവും അനാശാസ്യമായി മാറുന്ന കെടുകാലക്കെടുതിയെക്കുറിച്ചാണ് ബനേഷ് എഴുതുന്നത്. 'ത്രിശങ്കു അസ്തിത്വവാദമറിഞ്ഞ നിലയില്ലാക്കയത്തില്‍' നമ്മില്‍ പലരെയും പോലെ-ഈ കവിയും സ്ഥിരതാമസം.

'…വിജയപ്രകടനങ്ങളുടെയും
പരസ്യക്കുരുക്കുകളുടെയും
നാല്‍ക്കവലയില്‍
ഭാഷയുടെ പോസ്റ്ററുകളില്‍
ഒട്ടിനിന്നു
ഈ നിലയില്ലാനിമിഷംവരെ
നമ്മള്‍:
കെ.ജി. ഗ്രിഗര്‍സാംസ
ഒ.എന്‍. ഗ്രിഗര്‍സാംസ
ഡി. ഗ്രിഗര്‍ സാംസ
ടിപി ഗ്രിഗര്‍ സാംസ
വിഎന്‍എന്‍ ഗ്രിഗര്‍സാംസ
എ ഗ്രിഗര്‍സാംസ

ന്നി
ങ്ങ
നെ'
എന്ന് ബനേഷ് എഴുതുമ്പോള്‍ ആ ഗ്രിഗര്‍സാംസമാരില്‍ പലരുടെയും ഇനിഷ്യലുകള്‍ക്ക് നമ്മുടെ ചില പ്രസിദ്ധകവികളുടെ ഇനിഷ്യലുകളുമായി, സ്വാഭാവികമെന്നോണം, കൈവരുന്ന ചാര്‍ച്ച/ചേര്‍ച്ച മറ്റൊരു കറുത്ത ചിരിക്ക് ഇടനല്‍കുന്നു.

     നിലനില്‍പ്പിന്റെ സങ്കടങ്ങളാണിവ; അത് സ്ത്രീക്കും പുരുഷനും രണ്ടുതരത്തില്‍. 'അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും'?, 'ഹരിതക്കൊടി', 'ബ്ലൂഫിലിം' എന്നീ കവിതകള്‍ ഒരേ പ്രമേയം തന്നെ-ദമിതലൈംഗികത എന്ന ഗുഹ്യരോഗം ബാധിച്ച മലയാളിപുരുഷന്റെ ജീര്‍ണ്ണിച്ച അന്ത:കരണത്തെ-ഭിന്നരീതികളില്‍ പരിചരിക്കുന്നു. 'ഇടയ്ക്ക് വച്ച് വൃത്തത്തിലാകുന്നത്', 'ഹരിതക്കൊടി' എന്നീ കവിതകളിലും സ്ത്രീയെ, അവളുടെ നഗ്നമേനിയെ അലിവോടെ, ആര്‍ദ്രതയോടെ കാണുന്ന ഉപഗുപ്തദൃഷ്ടിയുടെ ഗുപ്തസാന്നിദ്ധ്യവുമുണ്ട്. അതിനാല്‍ ആഹ്‌ളാദകരമായ, സമകാലത്ത് അപൂര്‍വ്വമെന്നുതന്നെ പറയാവുന്ന വായനാജനുസ്സില്‍പ്പെടുന്നു ആ കവിതകള്‍. 'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ആ സഹാനുഭൂതിയുടെ ദീപ്തിയാല്‍ അവളുടെ മുഖം മാലാഖമാകുന്നു.

     'മരിച്ചവരുടെ നമ്പറുകള്‍' എന്നെ ഏറെ പൊള്ളിച്ച രചനയാണ്. 'കല്ല്യാണക്കാസെറ്റ് വീണ്ടും കാണു'ന്നതിനെക്കുറിച്ച് ആദ്യസമാഹാരത്തിലെഴുതിയ ബനേഷിനെപ്പോലൊരു കവിക്കേ ഇങ്ങനെയൊന്ന് സങ്കല്പിക്കാനാകൂ. 'മരിച്ചവരുടെ നമ്പറുകള്‍ എളുപ്പം വെട്ടിമാറ്റാനാവില്ല' എന്ന കവിതയുടെ വിരാമതിലകമായ വരികള്‍ വായിച്ചപ്പോള്‍ ഇനിയും ഡിലീറ്റു ചെയ്യാനാവാതെ മൊബൈലിലും വെട്ടിമാറ്റാനാവാതെ ഫോണ്‍ബുക്കിലും ബാക്കിയായ ചില നമ്പറുകളെയോര്‍ത്ത്, കണ്ണേ മടങ്ങുക എന്ന് ഞാനും കണ്ണടച്ചു.

     രാഷ്ട്രീയലഹരിയും കലഹവും ധൂര്‍ത്തും ധൃഷ്ടതയും ഈ കവി/തയുടെ ഉടലില്‍ ഉടനീളം പച്ചകുത്തിയിട്ടുണ്ട്.

'…ജലാംശമില്ലാത്ത
കനല്‍ദിനങ്ങളാ-
ണിലകളോരോന്നു
പൊഴിയുന്നെങ്കിലും
എരുക്കുപോലിതാ
ഉറച്ച വേരുമായ്
ശിരസ്സുയര്‍ത്തിയി-
ന്നിവിടെ നില്‍ക്കുന്നു…' (ഉരുക്കല്ലെങ്കിലും എരുക്കെങ്കിലുമാകാനാവുന്നുണ്ട് ഈ കവിക്ക്) ബനേഷും ബനേഷിന്റെ കവിതയും -പുതുകവികളായി ഞെളിയുന്ന ഒട്ടുചെടികളുടെ നടുവില്‍ നെഞ്ചുംവിരിച്ച് തലകുനിച്ച്..








 






                 

No comments: