Friday, January 10, 2014

'അമ്മ' അറിയാന്‍ക്ഷാമങ്ങളുടെ കാലത്ത് മനുഷ്യര്‍ പുസ്തകങ്ങള്‍ അട്ടിയട്ടിയായിട്ട് അതിനുമുകളില്‍ കയറിനിന്ന്  അലമാരയിലെ അവസാനത്തെ അപ്പത്തിനുവേണ്ടി കൈനീട്ടും എന്ന് 'പുസ്തകങ്ങളുടെ പ്രയോജനം'എന്ന കവിതയില്‍ സച്ചിദാനന്ദന്‍ എഴുതിയത് ഈയുള്ളവന്‍ വായിക്കുന്നത് പ്രീഡിഗ്രിക്കാലത്താണ്. അന്ന് അത് വായിക്കുമ്പോളും എന്റെ വില കുറഞ്ഞ അലമാരയില്‍ എനിക്കരികില്‍ ഉണ്ടായിരുന്ന പുസ്തകമാണ് റഷ്യന്‍ ഐതിഹാസിക എഴുത്തുകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'. അന്ന് 'അമ്മ'യെ മടിയിലെടുത്തുവച്ച് മനസ്സില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏത് ദാരിദ്ര്യകാലത്തും ഗോര്‍ക്കിയുടെ മാത്രമല്ല മുഴുവന്‍ മനുഷ്യരുടെയും ഈ അമ്മയുടെ ചങ്കില്‍  ഞാന്‍ ചവുട്ടില്ല എന്ന്.

ന്ന് ഫെയ്‌സ്ബുക്കുകളുടെയും ഇ വായനാ പ്രതീതി യാഥാര്‍ത്ഥ്യങ്ങളുടെയും 'ഇ'ക്കാലത്ത്, വീട്ടുമുറിയില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുക എന്നത് അറുപഴഞ്ചന്‍ നടപ്പുദീനമായി പരിഹസിക്കപ്പെടാന്‍ ഇടയുള്ള ഇന്നാളുകളില്‍ പുസ്തകങ്ങളെല്ലാം ഡാറ്റകളായി സംസ്‌കരിക്കപ്പെട്ടാലും എഴുപതുകളിലെ കടുപ്പന്‍ ഹാഡ്‌ബോഡ് കവറില്‍ കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തകനായിരുന്ന ടിഎന്‍ കുമാരന്‍ എനിക്ക് സമ്മാനമായി തന്ന 'അമ്മ'യെ നൂലിടറിയ താളുകളും മഷിപ്പടരലുകളും റഷ്യന്‍ ബയന്‍ഡിംഗിന്റെ കാര്‍ക്കശ്യവും  കടലാസുപുഴുക്കളുടെ ഒളിസങ്കേതങ്ങളുമുള്ള അതേ കട്ടിപ്പുസ്തകം തന്നെയായി ഞാന്‍ സൂക്ഷിക്കും. കാരണം, റഷ്യ, സോഷ്യലിസത്തിലേയ്ക്ക് അസംഖ്യം തൊഴിലാളിയുവാക്കളുടെ ചോരയും കൈത്തയമ്പും വിയര്‍പ്പും കൊണ്ട് പടുത്ത കല്‍ക്കെട്ടുകളിലൂടെ മുന്നേറിയപ്പോള്‍ അന്നവും വാത്സല്യവും ആത്മധൈര്യവും ചങ്കുറപ്പും ലഘുലേഖാവിതരണങ്ങളും കൊണ്ട് വിപ്ലവമനസ്സുകള്‍ക്ക് സഫലമായ മാതൃകയൊരുക്കിയത് പോരാളിയായ പാവെലിന്റെ ഈ അമ്മയായിരുന്നു.


ദ്യപനായ ഭര്‍ത്താവിന്റെ നിരന്തര ഹസ്തതാഡനങ്ങളാല്‍ തലതാഴ്ത്തപ്പെട്ട് റഷ്യയിലെ പതിവുമൂടല്‍മഞ്ഞില്‍ അപ്രസക്തമായി പുതഞ്ഞുപോകേണ്ടിയിരുന്ന ഒരമ്മയെ, റഷ്യന്‍ വിപ്ലവത്തിന്റെ യുവമനസ്സറിയുന്ന മഹാമാതൃത്വമായി ഗോര്‍ക്കി വളര്‍ത്തിയെടുക്കുകയാണ് ഈ പുസ്തകത്തില്‍. അതുകൊണ്ട് അമ്മ വായിക്കുമ്പോള്‍, പലപ്പോഴും പാവെലിന്റെ വിപ്ലവ വഴികളിലേക്ക് ഇറങ്ങിപ്പോകാന്‍ പ്രിയപ്പെട്ടിരുന്ന എന്റെ വിപ്ലവമനസ്സ്, അതിനേക്കാള്‍ ആഴത്തില്‍ എനിക്കും ഇതേ പോലുള്ള ഒരമ്മയായാല്‍ മതിയെന്ന് നിഷ്‌കളങ്കപ്പെടും എപ്പോഴും. ചിലപ്പോള്‍ തോന്നും ജീവിതത്തിന്റെ കഷ്ടക്കടലുകളില്‍ ഉലയുമ്പോള്‍, ബൈബിളും ഭഗവദ്ഗീതയും ഖുര്‍ആനും നല്‍കുന്നതിനേക്കാള്‍ നേര്‍ത്തെളിച്ചം നല്‍കുന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ അടക്കമുള്ള കൃതികളിലേതിനേക്കാള്‍ ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നല്‍കുന്നത് അമ്മയുടെ താളുകള്‍ മറിയുമ്പോളാണെന്ന്.

പില്‍ക്കാലത്ത്, ടിഎന്‍ കുമാരന്‍ സ്മാരകവായനശാല എന്ന കവിത എഴുതിയ വേളയില്‍ ഗോര്‍ക്കിയുടെ ഈ അമ്മ എന്റെ കവിതയിലേക്കുകൂടി വിരുന്നുവന്നു. ടിഎന്‍ കുമാരന്‍മാസ്റ്റര്‍ എനിക്ക് കൗമാരത്തില്‍ അമ്മയെന്ന പുസ്തകം തന്നതിനെക്കുറിച്ച് ഇങ്ങനെയായിരുന്നു ഞാന്‍ എഴുതിയത്:

…അടുക്കും ചിട്ടയുമില്ലാത്ത
എന്റെ അരാജകമുറിയിലേക്ക്
ഗോര്‍ക്കിയുടെ അമ്മയെ
ചിതല്‍ കരണ്ട സാരിയുടുപ്പിച്ച്
പറഞ്ഞയച്ചിരുന്നു…

ന്നും ചില അപൂര്‍വ്വ രാത്രികളില്‍ തീരുമാനങ്ങളെടുക്കായ്കകളുടെ അസ്വസ്ഥ മൂഹൂര്‍ത്തങ്ങളില്‍ എനിക്കായി പ്രതീക്ഷകളുടെ ഏതെങ്കിലും ലഘുലേഖകള്‍ ശത്രുക്കളറിയാതെ വിതരണം ചെയ്യണോ മോനേ എന്നു ചോദിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട് പാവെലിന്റെ ആ വളരെ പഴയ അമ്മ. അതിജീവനങ്ങളുടെ വാത്സല്യവും മുലപ്പാലും ചോരയും കാര്‍ക്കശ്യവുമായി.

  -(സ്മാര്‍ട്ട് ഫാമിലി മാസികയുടെ കോളമായ ഹോം ലൈബ്രറിയില്‍ 2012 ഡിസംബറില്‍ എഴുതിയത്)
Post a Comment